Wednesday, February 25, 2009

പാഠം ഒന്ന് -വൃദ്ധസദനങ്ങള്‍ ഉണ്ടാകുന്നത്

എല്ലാവരും പറയുന്നു ഞാന്‍ സ്വാര്‍ത്ഥനാണത്രെ..കണ്ണില്‍ ചോരയില്ലാത്തവന്‍..പെറ്റമ്മയെ നോക്കാന്‍ പറ്റാതെ വൃദ്ധസദനത്തില്‍ കൊണ്ടു ചെന്നാക്കിയവന്‍ ...എനിക്കെന്റെ കാര്യം നോക്കണ്ടേ? നോക്കണം ...

എന്നെ കുറ്റപ്പെടുത്തുന്നവര്‍ക്കായി ..അറിയാമോ..ഞാനിങ്ങനെ ആയിരുന്നില്ല...എന്റെ അമ്മ എന്നെ ആദ്യം പഠിപ്പിച്ച കാര്യമാ .."നീ നിന്റെ കാര്യം നോക്ക് ..". എനിക്കോര്‍മ്മയുണ്ട്...ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോ ഒരിക്കല്‍ ഞാനൊരു മിട്ടായി നേറെ കൂട്ടുകാരന്‍ രാഗേഷിനു കൊടുക്കാന്‍ മാറ്റി വച്ചത് അമ്മ കണ്ടു.. അമ്മ പറഞ്ഞു, "അവന്‍ നിനക്കെന്തേലും തരോ? നീ ഒരു മണ്ടന്‍ ആണ്..മിട്ടായീം കൊണ്ടു നടക്കാണ്..നീ നിന്റെ കാര്യം നോക്കാന്‍ പഠിക്കു "..ഞാനത്ര കാര്യമാക്കി എടുത്തില്ല..പിന്നീടിത് പലപ്പോഴായി അമ്മ ആവര്‍ത്തിച്ചിരുന്നു ...കുറ്റിയും കോലും കളിച്ചു വിയര്‍ത്തൊഴുകി കേറി വന്നപ്പോള്‍ അമ്മ ഓര്‍മ്മിപ്പിച്ചു "നീയിങ്ങനെ കളിച്ചു നടന്നോ..അവന്മാരൊക്കെ പരീക്ഷ വരുമ്പോ ഒന്നാമതാവും ..അവര്‍ക്കൊക്കെ സ്വന്തം കാര്യം നോക്കാനറിയാം ..നീ വെറും മണ്ടന്‍ "...

സ്വന്തം കാര്യം നോക്കാനറിയാത്തത് ഇത്ര വല്യ പാപമാണെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി...പരീക്ഷക്ക്‌ മാര്‍ക് കുറയുമ്പോ..അയലത്തെ ജീവന് എന്നേക്കാള്‍ മാര്‍ക്ക് കിട്ടുമ്പോള്‍ , പനി പിടിച്ചു ക്ലാസ്സില്‍ വരാന്‍ സാധിക്കാത്ത വിശ്വന് നോട്ട് പകര്‍ത്ത്തിയെഴുതി കൊടുക്കുമ്പോള്‍ , ഞാനീ "സ്വന്തം കാര്യം" പുരാണം കേട്ടുകൊണ്ടെയിരുന്നു ..എന്തിനേറെ അമ്മാവന്റെ മകന്റെ കല്യാണ സമയത്ത് വെയില് കൊണ്ടു ഓരോ ആവശ്യങള്‍ക്ക് വേണ്ടി ഓടി നടന്നപ്പോഴും ഇതോര്‍മ്മിപ്പിക്കാന്‍ അമ്മ മറന്നില്ല ...

എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട് , ആദ്യമായി കിട്ടിയ ശമ്പളത്തില്‍ ഒരു വിഹിതം തൊട്ടടുത്തുള്ള ഒരു അനാഥാലയത്തിനു സംഭാവന നല്കിയത് സന്തോഷപൂര്‍വ്വം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയുടെ പ്രതികരണം .."ഇവിടെ ജീവിക്കാന്‍ തന്നെ കാശ് തികയണില്ല ..അപ്പോഴാ..സ്വന്തം കാര്യം ആദ്യം നോക്ക് ..ഒരു ദാനധര്‍മ്മി വന്നിരിക്കുന്നു "

ശരിയാ ..ഓര്‍മ്മ വച്ച നാള്‍ മുതല്‍ കേട്ടു തഴമ്പിച്ച വാചകങ്ങള്‍ക്ക് ഒരു പ്രത്യേക അര്‍ത്ഥം തോന്നിത്തുടങ്ങി ..ഞാനൊരു പാടു വൈകി...പിന്നെ എന്റെ ബാങ്ക് ബാലന്‍സ് കൂടി..വിലപേശാന്‍ പഠിച്ചു ..പിച്ചക്കാരനിലെ മനുഷ്യനെ കാണാനുള്ള കാഴ്ച നശിച്ചു ..സത്യത്തില്‍ അതില്‍ സന്തോഷിക്കാന്‍ തുടങ്ങി ..വിവാഹം...കുട്ടികള്‍..ഞാനിന്നു ബാധ്യതകളെ കുറിച്ചു ചിന്തിക്കാന്‍ പ്രാപ്തനായിരിക്കുന്നു ...അല്ല എന്നെ എന്റെ അമ്മ പ്രാപ്തനാക്കിയിരിക്കുന്നു..നന്ദി ...


---------------------------------------------------------------------------------------------------------------

ഇതു എന്റെ ചുറ്റും നടക്കുന്ന കാഴ്ചകളില്‍ നിന്നുണ്ടായ ഒരു കുഞ്ഞു പ്രതികരണം ...ഉമ്മ്മ ഉമ്മ ...ഈ കാഴ്ചകള്‍ കാണാന്‍ എന്നെ പഠിപ്പിച്ച , എന്റെ പുന്നാര അമ്മക്ക്

0 comments: