Thursday, July 29, 2010

കുടജാദ്രിയിൽ - സൌപർണികാമൃതവീചികൾ തേടി…



( ഇതൊരു യാത്രയുടെ കഥയാണു. എഴുതി ഫലിപ്പിക്കാൻ എന്നെക്കൊണ്ടാവില്ല എന്ന സത്യം ഉൾക്കൊണ്ടത് കൊണ്ട് എഴുതാൻ മടിച്ചു. പക്ഷെ എഴുതാതെ വയ്യ..ഒന്നും തിരുത്തലുകൾക്കോ വെട്ടിച്ചുരുക്കലുകൾക്കോ വിധേയമാക്കുന്നില്ല. ഇതു വരെ കേൾക്കാത്ത ഒരു പാട് ശബ്ദങ്ങൾ.. മുന്നോട്ടുള്ള കാഴ്ച്ചയെ മറച്ച് കൊണ്ട് നമ്മെ പൊതിഞ്ഞ കോടമഞ്ഞ്.. തുള്ളിക്കൊരുകുടം എന്ന പോലെ പെയ്തിരുന്ന പേമാരി.. പാദങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് തഴുകിയൊഴുകിയിരുന്ന കുഞ്ഞരുവികൾ.. നയനമനോഹരമായ പുൽമേടുകൾ...മലഞ്ചെരിവുകൾ...ഒറ്റയടിപ്പാതകൾ... ഒരു കൈ താങ്ങ് വേണ്ടി വന്ന, പരസ്പരസ്നേഹത്തിന്റെ നിമിഷങ്ങൾ...കോടമഞ്ഞിൽ കുളിച്ചു നിന്ന് താഴ്വരകൾ..മൃഗങ്ങളുടെ ശബ്ദങ്ങൾ..കുത്തനെയുള്ള കയറ്റങ്ങൾ..വഴികളിൽ പതുങ്ങിയിരുന്ന അപകടങ്ങൾ, മണ്ണിടിച്ചിൽ, ജീവൻ വച്ച് പന്താടിയ നിമിഷങ്ങൾ.. ആകസ്മികതകളുടെ കുത്തൊഴുക്കുകൾ..ഭക്തിനിർഭരമായ ദർശനം... മനസ്സുപോലെ കുത്തിയൊഴുകുന്ന സൌപർണ്ണിക... ചിന്തകളുടെ കിരണമായി സൂര്യാജി, ഗായകരായ നിമിഷങ്ങൾ... മണ്ടത്തരങ്ങൾ....തമാശകൾ..)

കുടജാദ്രി യാത്ര നിശ്ചയിച്ചതു മുതൽ വല്ലാതെ എക്സൈറ്റഡ് ആയിരുന്നു ഞാൻ. ട്രയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ഉറപ്പായതോടെ അതു അതിന്റെ മൂർദ്ധന്യത്തിലെത്തി. അവസാനനിമിഷം മൂകാംബികയിൽ നിന്നു കേട്ട വാർത്തകൾ അത്ര സുഖകരമായിരുന്നില്ല. കനത്ത മഴ മൂലം കുടജാദ്രിയിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുകയാണു എന്നാണ് കേൾക്കാൻ കഴിഞ്ഞത്. എന്റെ അമിതമായ ‘ആവേശം’ അറിയാമായിരുന്നതു കൊണ്ടായിരിക്കാം സിജീഷ് ഒരു മുൻകരുതലെന്നവണ്ണം ഒരു മെയിൽ അയച്ചു.

മൂകാമ്പികയിലേക്ക്.. (ശിവദാസ്)
അങ്ങനെ 23നു വൈകീട്ട് ഉള്ള ഓക്ക എക്സ്പ്രസ് ട്രെയിനിൽ ഞങ്ങൾ (സിജീഷ്, ഞാൻ, രാജീവ്, ശിവദാസ്, സൂരജ്) യാത്രയായി. പുലർച്ചെ എണീറ്റപ്പോൾ തീവണ്ടി എവിടെയോ പിടിച്ചിട്ടേക്കുകയാണു. കുന്ദാപുരത്തേക്കാണു ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതു. എന്നാൽ ബിണ്ടൂർ മൂകാംബിക റോഡ് സ്റ്റേഷനിൽ ഇറങ്ങുകയാണെങ്കിൽ അമ്പലത്തിലേക്ക് പോകാൻ ദൂരം വളരെ കുറവാണു എന്നറിഞ്ഞത്. ടി.ടി.ആറിന്റെ കയ്യിൽ ഒരു നൂറു രൂപ പിടിപ്പിച്ച് രാജീവ് കാര്യം സാധിച്ചു.പക്ഷെ, ഉഡുപ്പിയിൽ വീണ്ടും വണ്ടി 45 മിനിറ്റ് പിടിച്ചിട്ടു. ടി.ടിആർ ഞങ്ങളെ വേറൊരു പാസഞ്ചർ തീവണ്ടിയിൽ കയറ്റി വിട്ടു (100 രൂപയുടെ ഉപകാരസ്മരണ).

ബൈണ്ടുർ‌ സ്റ്റേഷനിൽ‌ നിന്ന് കാൽനടയായി
ഉഡുപ്പിയിൽ നിന്നും ബൈണ്ടൂർ വരെ യാത്ര ചെയ്തത് ഒരു തുക്കടാച്ചി ട്രെയിനിലായിരുന്നു.ഞങ്ങളഞ്ചുപേരും രണ്ടു ഡോറുകളിലായി സ്ഥാനം ഉറപ്പിച്ചു. കുന്ദാപുരം കഴിഞ്ഞപ്പോൾ രണ്ടു ഹിജഡകൾ കൈകൊട്ടിക്കളിയുടെ നാനോ വേർഷനുമായി പിരിവിനു വന്നു. പത്തു രൂപകൊടുത്ത് ഞങ്ങൾ തടിയൂരിയത് പുറത്തേക്ക് നോക്കി കാഴ്ചകളും കണ്ട് നിന്നിരുന്ന രാജീവ് അറിഞ്ഞില്ല. ഇവർ രാജീവിന്റെ വയറിനു നോക്ക് കൈ വച്ചൊരു കുത്ത്. വിശന്നാലും വേദനിച്ചാലും രാജീവിന്റെ കണ്ട്രോൾ പോവും. അടി വീഴാനുള്ള സമയം രാജീവിനു കൊടുക്കാതെ ഏതോ ഭാഷയിൽ തെറി വിളിച്ച് അവർ അടുത്ത കമ്പാർട്ട്മെന്റിലേക്ക് പോയി (അല്ലേലും പ്രണയത്തിനും പച്ചത്തെറിക്കും ഭാഷ ഒരു പ്രശ്നമല്ലല്ലോ).കുന്ദാപുരത്തു നിന്നു ഏകദേശം അമ്പത് കിലോമീറ്റർ ദൂരമുണ്ട് ബൈണ്ടൂർ-മൂകാംബിക റോഡ് സ്റ്റേഷനിലോട്ട്. വളരെ ചെറിയ ഒരു സ്റ്റേഷൻ. ചെന്നിറങ്ങിയപ്പോൾ തന്നെ ഓട്ടോറിക്ഷ-ടാക്സിക്കാർ യാത്രക്കാരെ കാത്ത് നിൽപ്പുണ്ടായിരുന്നു. അവിടെ നിന്നു ഒന്നര കിലോമീറ്റർ ചെന്നാൽ മൂകാംബികയിലോട്ട് ബസ് ലഭിക്കും. മുപ്പത് രൂപയാണു സാധാരണ ചാർജ്ജ്. ഞങ്ങളെ കണ്ടപ്പോൾ ഓട്ടോക്കാരൻ അമ്പത് രൂപ വേണം എന്നു പറഞ്ഞു. അമ്പത് രൂപകൊടുത്ത് ഒന്നരകിലോമീറ്റർ പോകേണ്ട എന്ന തീരുമാനത്തിന്റെ ഫലമായി ഞങ്ങൾ ബസ്സ്റ്റോപ്പിലോട്ടുള്ള വഴി ചോദിച്ചു മനസ്സിലാക്കി, നടത്തം ആരംഭിച്ചു.


അങ്ങനെ ബൈണ്ടൂരിൽ നിന്നു സോപ്പ് പെട്ടി പോലൊരു കുഞ്ഞു ബസിൽ കയറി. സീറ്റൊന്നും കിട്ടിയില്ല. അവിടെ നിന്നു 40 കിലോമീറ്റർ ദൂരമുണ്ട് മൂകാംബികയിലേക്ക്. അവിടെ വരെ നിൽക്കേണ്ടി വന്നു. മൂകാംബിക ദേവീ സന്നിധിയിൽ കാലുകുത്തിയപ്പോൾ സമയം 11. കാരേക്കട്ട് വഴിയുള്ള ബസ് (ഷിമോഗയിലേക്ക്) 12 മണിക്ക് പുറപ്പെടും എന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു. അപ്പോഴേക്കും ശക്തമായ മഴ ആരംഭിച്ചു. വേഗം ചെന്ന് എല്ലാവരും കുളിച്ച്,ഭക്ഷണം കഴിച്ച് റൂം വെക്കേറ്റ് ചെയ്ത് തിരിച്ചെത്തിയപ്പോൾ സമയം 12.15. ഞങ്ങളെ കൊണ്ട്പോവാതെ ബസ് പോയിക്കഴിഞ്ഞിരുന്നു.

അങ്ങനെ കോരിച്ചൊരിയുന്ന മഴയത്ത് ഇതികർത്തവ്യമൂഡരായി ഇനിയെന്തു ചെയ്യും എന്നതിനെക്കുറിച്ച് ആലോചനതുടങ്ങി. രണ്ട് മണിക്കാണു അടുത്ത ബസ്. എന്നാൽ അമ്പലത്തിൽ പോയി തൊഴുതുവരാം എന്ന് ശിവദാസ്, ജീപ്പ് വിളിച്ച് കാരേക്കട്ട്/നാഗോഡ് വരെ പോവാം എന്നു സിജീഷ്.. വല്ലാത്ത നിരാശയോടെ ഞാൻ.. എന്തായാലും ഭക്ഷണം പാഴ്സൽ വാങ്ങണം എന്ന് തീരുമാനിച്ച് നിൽക്കുമ്പോൾ ഒരു ബസ് അടുത്തു വന്ന് ചവിട്ടി നിർത്തി. കുടജാദ്രിയിലേക്കാണു എന്നു പറഞ്ഞപ്പോൾ കയറിക്കോളാൻപറഞ്ഞു. തിരുപ്പതിയിലോട്ടുള്ള ബസ് ആണു. ട്രിപ്പിന്റെ ഭാഗമായിട്ട് വന്നതല്ല. ഞങ്ങളല്ലാതെ വേറെ യാത്രക്കാർ ഇല്ല. പോകുന്ന വഴി ബസ് രണ്ടു തവണ മറ്റു വാഹനങ്ങളുമായി കൂട്ടി മുട്ടേണ്ടതായിരുന്നു. അമ്മാതിരി വളവും തിരിവുമാണു. നല്ല കാടാണു ചുറ്റും. ഒരു മനുഷ്യ ജീവിയില്ല. അരമണിക്കൂറത്തെ യാത്ര കഴിഞ്ഞപ്പോൾ ബസ് നിർത്തി, കണ്ടക്ടർ ഞങ്ങളോട് ഇറങ്ങിക്കോളാൻ പറഞ്ഞു.


യാത്ര തുടങ്ങുന്നു.. ദാ ഇതാണു ഞങ്ങളുടെ വഴികാട്ടി
ആവേശത്തോടെ ഇറങ്ങിയ ഞങ്ങളെ വരവേറ്റത് ‘കുടജാദ്രി -10കിലോമീറ്റർ’ എന്നെഴുതി, വച്ച ഒരു പഴയ ബോർഡ് മാത്രമായിരുന്നു. അവിടെ ഞങ്ങളല്ലാതെ വേറാരുമില്ല. നിബിഡവനത്തിനുള്ളിലേക്ക് ചൂണ്ടിയിരിക്കുന്ന ബോർഡ്… കാട്ടിനുള്ളിലേക്ക് അൽപ്പം നിരപ്പാക്കിയ (നിരപ്പൊക്കെ ആദ്യത്തെ അര കിലോമീറ്ററേ ഉള്ളൂ) വഴി.. ഞങ്ങളഞ്ചുപേർക്കും വഴി അറിയില്ല എന്നൊരു ഭാഗ്യം കൂടി ഉണ്ട്. ആ വഴിയിലേക്ക് കയറി നിന്നപ്പോൾ ഒരു നായ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. എനിക്കാണേൾ ഈ ഐറ്റത്തിനെ തീരെ ഇഷ്ടമല്ല (പേടിയാണു എന്ന് പറഞ്ഞാൽ മോശമല്ലേ).ഞങ്ങൾ അതിനെ ആട്ടിയകറ്റാൻ ശ്രമിച്ചു. നടന്നില്ല എന്നു മാത്രമല്ല, ഞങ്ങളുടെ കൂടെ, മിക്കപ്പോഴും മുന്നിട്ട്, അവൻ നടന്നു തുടങ്ങി. നിബിഡ വനത്തിന്റെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട് നടന്നു തുടങ്ങി.. അവിടെ നിന്നു തുടങ്ങിയ കനത്ത മഴ തിരിച്ച് റൂമിൽ എത്തുന്നതു വരെ ഉണ്ടായിരുന്നു. ഒരൽപ്പം നടന്നു തുടങ്ങിയപ്പോൾ തന്നെ അട്ടകൾ ആക്രമണം തുടങ്ങി. ഒന്നിനു പുറകേ ഒന്നായി എല്ലാവരുടെ കാലുകളും അട്ടകൾ വന്നു പൊതിഞ്ഞു. കൂട്ടത്തിൽ മിസ്റ്റർ.പ്ലാനർ രാജീവ് വീട്ടിൽ നിന്നു പുകയില കൊണ്ടു വന്നിരുന്നു. അതു നനച്ച് അട്ടകളെ തുടച്ച് കളഞ്ഞു. കൃത്യമായ ഇടവേളകളിൽ ഇതാവർത്തിക്കേണ്ടി വന്നു. സീസൺ അല്ലാത്തതിനാൽ ഞങ്ങളല്ലാതെ വേറാരും ഇല്ല.


മഞ്ഞു വിരിച്ച പുൽമേടുകൾ
കുടജാദ്രി വനാന്തരങ്ങളുടെ ഒരു പ്രത്യേകതയായി തോന്നിയതു വനത്തിന്റെ ഇടയിൽ ഉണ്ടാവുന്ന മനോഹയ പുൽമേടുകളാണു. നടന്ന് അൽപ്പം കഴിഞ്ഞപ്പോഴേക്കും കോടമഞ്ഞ് ഇറങ്ങിത്തുടങ്ങി. ആദ്യമൊക്കെ നേർത്ത മഞ്ഞായിരുന്നു എങ്കിൽ പിന്നീടങ്ങോട്ട് തൊട്ടുമുന്നെ നടക്കുന്ന കൂട്ടുകാരനെപ്പോലും കാണാനാവത്ത വിധം മഞ്ഞ് ശക്തമായിത്തുടങ്ങി. അപ്പോഴേക്കും കൂടെ നടന്നു കൊണ്ടിരിക്കുന്ന നായയുമായി ഞങ്ങൾ ഇണങ്ങിക്കഴിഞ്ഞിരുന്നു. ഞങ്ങൾ റസ്റ്റ് എടുക്കുമ്പോൾ അവൻ ഒരൽപ്പം ദൂരെ മാറി ഞങ്ങളെ കാത്തിരിക്കും. ഇടക്കൊക്കെ കാട്ടിലേക്കൊക്കെ പോയി തിരിച്ചു വരും. നല്ല പച്ചപ്പുല്ലു നിറഞ്ഞ പുൽമേടുകൾ മഞ്ഞുമൂടി നിൽക്കുന്ന കാഴ്ച്ച കാണേണ്ടതു തന്നെയാണു. നല്ല വിശപ്പ് തോന്നിത്തുടങ്ങിയിരുന്നു, കയ്യിലാണേൽ രണ്ടു കുപ്പി മിനറൽ വാട്ടറുണ്ട്. അങ്ങനെ അഞ്ചു കിലോമീറ്ററോളം യാത്ര ചെയ്തപ്പോൾ, ഞങ്ങൾ കേട്ടറിഞ്ഞ, വനത്തിലെ ‘മലയാളി ചായക്കട ‘ കണ്ടു.

കോതമംഗലംകാരനായ തങ്കപ്പൻ ചേട്ടന്റെയാണു ആ ചായക്കട. അവിടെ നിന്നു ഇഡ്ഡലിയും ചായയും കഴിച്ച് അൽപ്പനേരം വിശ്രമിച്ച് യാത്ര തുടർന്നു. അതിനിടെ ഞങ്ങളുടെ കൂടെ ചായക്കടയിലേക്ക് വന്ന നായയെ തങ്കപ്പൻ ചേട്ടൻ ആട്ടിയോടിച്ചു. അഭിമാനം വ്രണപ്പെട്ടതുകൊണ്ടോ എന്തോ അവനെങ്ങോട്ടോ ഓടിമറഞ്ഞു. എന്തായാലും അവനു വാങ്ങിക്കൊടുക്കാൻ നിശ്ചയിച്ച ഭക്ഷണം ഞങ്ങൾ പാഴ്സലായി വാങ്ങി കയ്യിൽ പിടിച്ചു.
അവിടന്നങ്ങോട്ട് യാത്ര ദുർഘടമായിത്തുടങ്ങുകയായിരുന്നു. വഴി മുന്നോട്ട് പോവുന്തോറും ചുരുങ്ങി ചുരുങ്ങി ഒരാൾക്ക് കഷ്ടി നടക്കാം എന്ന നിലയിലേക്ക് മാറുകയായിരുന്നു. പിന്നെ പിന്നെ വഴി തന്നെ ഇല്ലാതായി..കനത്ത മഴ മൂലം വഴി ഏതാണ്ട് നശിച്ച നിലയിലാണു. പലപ്പോഴും വെള്ളം കുത്തിയൊലിച്ച ചാലുകളായിരുന്നു വഴി. മരങ്ങളും മറ്റും വീണു വഴിയിലാകെ പ്രതിബന്ധങ്ങളൂം. കൂടാതെ വലിയകുഴികളും നീർച്ചാലുകളും. പലകയറ്റങ്ങളും കയറാൻ കാലുകൾക്ക് പുറമേ കൈകളും ഉപയോഗിക്കേണ്ടി വന്നു. ചെറിയ നീർച്ചോലകൾ ഇടക്കിടക്കുണ്ടായിരുന്നു. കനത്ത മഴയെ നിഷ്പ്രഭമാക്കിയ അതിന്റെ തണുപ്പ് ഇപ്പോഴും കാലിൽ അനുഭവിച്ചറിയാം. പിന്നെയും മനോഹരമായ പുൽമേടുകൾ.. അവിടെ നിന്നങ്ങോട്ട് ചെങ്കുത്തായ കയറ്റം ആരംഭിച്ചു. കയറുവാനുള്ള ഒറ്റയടിപ്പാത പലയിടത്തും നശിച്ചു പോയിട്ടുണ്ട്. അതിശക്തമായ കോടമഞ്ഞു. വീശിയടിച്ച കാറ്റ്..പലപ്പോഴും എന്റെ ബാലൻസ് പോവുന്നുണ്ടായിരുന്നു. ഒരു വശത്ത് താഴ്വാരം കാണാൻ സാധിക്കാത്തത്ര വലിയ കൊക്കയാണു. പാതയുടെ വശങ്ങൾ പലയിടത്തും ഇടിഞ്ഞു പോയിട്ടുണ്ട്.

സൂരജ്
കയറിയെത്തുമോ എന്ന് സംശയിച്ച നിമിഷങ്ങൾ.. സിജീഷും സൂരജും മുന്നേ പോയിട്ടുണ്ടായിരുന്നു. പക്ഷെ കനത്ത മൂടൽ മഞ്ഞ് മൂലം അവരെ കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. രാജീവ് പലപ്പോഴും കിതച്ചു കൊണ്ട് വിശ്രമിക്കുന്നുണ്ടായിരുന്നു. പുൽമേടുകൾ നിറഞ്ഞ, വളരെ ചെങ്കുത്തായ, ആകാശവും ഭൂമിയും ഒന്നിച്ചപോലെ അനുഭവപ്പെട്ട ഒരു മലയിൽ വച്ച് ശിവദാസിന്റെ കാലിൽ പേശിവലിവ് അനുഭവപ്പെട്ടു, അതിശക്തമായ വേദനയാൽ പുളഞ്ഞ അവന്റെ കാലിൽ കോളേജ് ദിനങ്ങളിലെ എൻ.എസ്.എസ് ട്രക്കിങ്ങ് ദിനങ്ങളിലെ പരിചയം ഉപയോഗിച്ചു. അവന്റെ ഭാഗ്യത്തിനു പെട്ടെന്നു തന്നെ ശരിയായി. വീണ്ടും മലകയറ്റം. മലയിറങ്ങി ഒരു കൊക്കയുടെ അരികിലൂടെ വീണ്ടും കാടിനുള്ളിലേക്ക്. പല കയറ്റങ്ങളും കയറാൻ കാട്ടുവള്ളികളുടേയും വേരുകളുടേയും സഹായം ശരിക്കും പ്രയോജനപ്പെട്ടു. പരസ്പരം കൈ കൊടുത്തും, താങ്ങ് നൽകിയും ഞങ്ങൾ മുന്നോട്ട് പോവുകയായിരുന്നു. പെട്ടെന്നായിരുന്നു ഞങ്ങളുടെ വഴികാട്ടിയായിരുന്ന നായ വീണ്ടും വന്നതു..വേഗം അവനായി കരുതിയ ഭക്ഷണപ്പൊതി അവനു കൊടുത്തു.


മഞ്ഞു പുതച്ച പാതകൾ..ഒരു വശത്ത് കൊക്കയാണു
പിന്നേയും കുറെ കയറ്റങ്ങൾ.. കാട്ടുപാതകൾ, ഇടിഞ്ഞ് വീണ വഴികൾ..പെട്ടെന്നാണു മുന്നെ നടന്നിരുന്ന സിജീഷും സൂരജും എത്തി എന്നു വിളിച്ചു പറഞ്ഞത്. അങ്ങനെ നാഗതീർത്ഥം എത്തി. അവിടെ രണ്ട് ക്ഷേത്രങ്ങളുണ്ട്. കൂടാതെ വർഷത്തിൽ 365 ദിവസവും ഭക്ഷണവും താമസവുമൊരുക്കി ഭട്ടിന്റെ ഭവനവും. ഞങ്ങളെ സ്വീകരിക്കാനായി ഭട്ട് അവിടെയുണ്ടായിരുന്നു. അവിടെയുള്ള അമ്പലത്തിൽ തൊഴുത് അദ്ദേഹത്തിന്റെ സ്ഥലത്തോട്ടു പോയി. ഒരു ചെറിയ റൂമുകളോട് കൂടിയ ഒരു ഭവനം. ഒരു കുഞ്ഞുറൂം ഞങ്ങൾക്കായി അനുവദിച്ചു. ഡ്രസ് ഒക്കെ പിഴിഞ്ഞു ഷർട്ട് ഒക്കെ ഊരിയിട്ട് വന്ന ഞങ്ങൾക്കായി ഒരു നല്ല ഊണു ഭട്ട് ഒരുക്കിയിട്ടുണ്ടായിരുന്നു. കുത്തരിയുടെ ചോറൂം ഇഞ്ചിക്കറിയും തക്കാളിക്കറിയും തോരനുമൊക്കെയായി ഒരു സ്വാദിഷ്ഠമായ ഉച്ചയൂണു.


ശിവദാസ്..
മഞ്ഞ് കൂടുതൽ കനക്കുകയായിരുന്നു. ഞങ്ങൾ നേരെ ശങ്കരാചാര്യരുടെ സർവ്വജ്ഞപീഠത്തെ ലക്ഷ്യമാക്കി നടന്നു. നല്ല ഭംഗിയുള്ള പ്രദേശം. അങ്ങനെ കളിച്ചും ചിരിച്ചും മുന്നോട്ട് പോയ്ക്കൊണ്ടിരുന്ന ഞങ്ങൾ ശിവദാസന്റെ ഉറക്കെയുള്ള ശബ്ദം കേട്ട് നിന്നു.. ഒരൽപ്പം ദൂരെയായി (ഒരു ഇരുപത് മീറ്റർ അകലം കഷ്ടി) ഒരു വലിയ കാട്ടുപോത്ത്. മഞ്ഞ് കാറ്റിൽ നേർത്തു പോയതോടെ ചിത്രം വ്യക്തമായി. ഒരു പടുകൂറ്റൻ കാട്ടുപോത്ത് ഞങ്ങളെ നോക്കിക്കൊണ്ട്..എല്ലാവരും നിശ്ചലരായി നിന്നുപോയി.. അതു ഞങ്ങളുടെ നേരെ നോക്കി മുക്രയിട്ട്, കാലുകൊണ്ട് നിലത്ത് ഒന്നു കുത്തി, കുതിക്കാൻ തയ്യാറെടുക്കുന്നു. ശരീരത്തിനൊക്കെ ഭാരമില്ലാതായ പോലെ തോന്നി. സിജീഷ് പഴ്ശിരാജാ സിനിമയിൽ മമ്മൂട്ടി ശരത്കുമാറുമായി ആയുധപരിശീലനം നടത്തുമ്പോൾ എടുത്ത സ്റ്റെപ്പിൽ കാട്ടുപോത്തിന്റെ കണ്ണുകളിൽ നോക്കി സ്റ്റെപ് എടുത്ത് നിൽക്കുന്നു. ശിവദാസ് താഴെയുള്ള ഒരു പാറക്കഷണം എടുത്തു നിൽക്കുന്നു. രാജീവിന്റെ മുഖം വിളറിയിരിക്കുന്നു. സൂരജിനു വലിയ ഭാവവ്യത്യാസമില്ല. മരണത്തെ മുന്നിൽകണ്ട നിമിഷങ്ങൾ.. അതൊന്നു മുന്നോട്ട് കുതിച്ച്, പെട്ടെന്ന് വെട്ടിത്തിരിഞ്ഞു പുറകോട്ട് കുതിച്ചു പോയി. ഞങ്ങൾ പെട്ടെന്നു തന്നെ തോഴോട്ടിറങ്ങി. വാർത്തയറിഞ്ഞപ്പോൾ അങ്ങോട്ട് ഇനി പോവണ്ട എന്നാണു ഭട്ട് പറഞ്ഞത്. ഒറ്റക്കുള്ള കാട്ടുപോത്തിന്റെ മുന്നിൽ ചെന്ന് പെട്ട് രക്ഷപ്പെട്ടത് തന്നെ ഭാഗ്യമാണത്രെ. ഒറ്റക്കാവുമ്പോൾ അത് വളരെ ആക്രമണകാരിയാവുമത്രെ. മഴക്കാലമാവുമ്പോൾ പുൽമേട്ടിൽ കൂട്ടമായി അവ പുല്ല് തിന്നാനെത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാത്രി അവിടെ താമസിക്കാനുള്ള പ്ലാൻ മാറ്റി വൈകീട്ട് തന്നെ ഞങ്ങൾ തിരിച്ചിറങ്ങാൻ തീരുമാനിച്ചു. പെട്ടെന്നു തന്നെ ഇറങ്ങിത്തുടങ്ങി. ഞങ്ങളുടെ കൂടെ ഇറങ്ങാൻ മറ്റൊരു സംഘം കൂടി ഉണ്ടായിരുന്നു. ഇറങ്ങുമ്പോൾ കൃത്യമായ ഇടവേളകളിൽ രാജീവും ശിവദാസും വീണുകൊണ്ടേയിരുന്നു. ചെരിപ്പ് ശരിയല്ലാത്തതിനാൽ ശിവദാസിനു ചെരിപ്പിടാതെ മലയിറങ്ങേണ്ടി വന്നു. ഓരോ ഇറക്കമിറങ്ങി പുറകിലോട്ട് നോക്കുമ്പോൾ ഒന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇരുട്ടും മഞ്ഞും വന്നു ഞങ്ങളുടെ കാഴ്ചകളെ മറച്ചുകളഞ്ഞു. കൂടണയുന്ന പക്ഷി മൃഗാദികളുടെ ശബ്ദം കൊണ്ട് അന്തരീക്ഷം മുഖരിതമായിരുന്നു. ഇരുട്ടിയാൽ പുലിയിറങ്ങും എന്ന തങ്കപ്പേട്ടന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നതു കൊണ്ട് ഇറക്കം മാക്സിമം സ്പീഡിലായിരുന്നു.

തങ്കപ്പേട്ടന്റെ ചായക്കട എത്തിയപ്പോഴേക്കും ശരിക്കും ഇരുട്ടി. മുന്നോട്ട് പോവുന്നത് വളരെ റിസ്കാണു എന്ന് മനസ്സിലായപ്പോൾ തങ്കപ്പേട്ടന്റെ സഹായത്തോടെ ഒരു ജീപ്പ് മൂകാമ്പികയിൽ നിന്നും വിളിച്ചു. അവിടെ ഇരുന്നു ചായകുടിച്ചു ഒന്നു വിശ്രമിച്ചപ്പോഴേക്കും ജീപ്പ് എത്തി. ജീപ്പ് ഡ്രൈവർ വരുന്ന വഴി പുലി കുറുകെ പോയി എന്നൊക്കെ തങ്കപ്പേട്ടനോട് പറയുന്നത് കേട്ടു.ശക്തമായ മൂടൽമഞ്ഞിൽ ജീപ്പിന്റെ ഹെഡ്ലൈറ്റ് പ്രയോജനരഹിതമായിരുന്നു. അദ്ദേഹം തലപുറത്തേക്കിട്ട് വളരെ സാഹസികമായാണു ജീപ്പ് ഓടിച്ചതു. അങ്ങനെ ഒരു 9 മണിയോടെ ഞങ്ങൾ മൂകാമ്പികയിലെത്തി. (ജീപ്പിനു 600 രൂപയായി) ഡ്രൈവറുടെ സഹായത്തോടെ രണ്ട് ഡബ്ബിൾ റൂം എടുത്തു. അധികം സംസാരിക്കാനൊന്നും നിൽക്കാതെ എല്ലാവരും ഉറക്കമായി.
സൂര്യാജി
പിറ്റേന്ന് പുലർച്ചെ സൌപർണികയിൽ കുളികഴിഞ്ഞ് മൂകാംബികാദേവീദർശനത്തിനു പുറപ്പെട്ടു. സൌപർണികക്ക് ഞാൻ മുന്നെ കണ്ട രൂപമായിരുന്നില്ല.. അലതല്ലി,കലങ്ങിയൊഴുകി, ഒരു വല്ലാത്ത ഭാവം..ദേവീ ദർശനത്തിനായി ഒരു മണിക്കൂറോളം നീണ്ട ക്യൂ ഉണ്ടായിരുന്നു.


അതു കഴിഞ്ഞു ഭക്ഷണം കഴിച്ച് റൂംവെക്കേറ്റ് ചെയ്ത് ഞങ്ങൾ കുന്ദാപുരം സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ബസിൽ വച്ച് ആകസ്മികമായി സൂര്യയോഗ് ആശ്രമത്തിലെ സൂര്യാജിയെ കണ്ടു. ചെറിയ ചർച്ചകൾ.. വാഗ്വാദങ്ങൾ..കുന്ദാപുരത്തിറങ്ങി ഓട്ടോറിക്ഷയിൽ സ്റ്റേഷനിലെത്തിയപ്പോഴാണു ട്രെയിൻ കൊങ്കൺ പാളത്തിൽ മണ്ണിടിച്ചിൽ മൂലം ഒരു ദിവസം ലേറ്റ് ആണെന്ന് അറിയാൻ സാധിച്ചത്. ലേറ്റായി വന്ന മറ്റൊരു ട്രെയിനിൽ ടിക്കറ്റെടുത്തു. അവിടെ അതിനു വേണ്ടിയുള്ള കാത്തിരിപ്പിൽ സൂര്യാജിയുടെ ഒരു പ്രസന്റേഷൻ കണ്ടു. പിന്നെയും ചില തർക്കങ്ങൾ..അങ്ങനെ ട്രെയിനിൽ (ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പറിൽ ഒരു യാത്ര) പാട്ടും ബഹളവുമായി തിരിച്ച് കൊച്ചിയിലോട്ട്…….



ഒരു പഴയ യാത്രാ വിവരണം : മലയാറ്റൂർ യാത്ര - ഒരു കുറിപ്പ്


സിജീഷിന്റെ കുടജാദ്രി പോസ്റ്റ് ഇവിടെ വായിക്കാം