Tuesday, November 05, 2013

മുന്തിരിത്തോപ്പിലേക്കൊരു യാത്ര

(ചിത്രങ്ങളെല്ലാം എടുത്തത് സിജീഷ് ബാലകൃഷ്ണൻ - ഒരു ബൈക്ക് യാത്രയിൽ നിന്ന്  )

കാലം ഒരു പൂവാക പോലെ പൂത്തുനിൽക്കുകയും, മെല്ലെ പൂക്കൾ കൊഴിഞ്ഞ് ഭാവിയ്ക്കായി വഴികൾ ചുവപ്പിക്കുകയും ചെയ്യും.. ഈ വഴികൾക്ക് സുഗന്ധമില്ലെങ്കിലും, സ്വപ്നങ്ങളാൽ, സമരം ചെയ്ത ചിന്തകളാൽ വർണങ്ങൾ ചാലിച്ച ഒരു ദൃശ്യഭംഗിയുണ്ട്.  യാത്ര ചെയ്യുക, കഴിഞ്ഞകാലം വീണുപൊഴിഞ്ഞ ഈ വഴികളിലൂടെ, നാളേയിലേക്ക് യാത്ര തുടങ്ങുക ...മലകൾക്കപ്പുറം, മലകൾക്കുള്ളിലൂടെ, തണുത്ത കാറ്റിൽ,  പെയ്തിറങ്ങുന്ന കോടമഞ്ഞിൽ .. എവിടെയെങ്കിലും വച്ച് തിരിച്ച് കിട്ടാൻ മാത്രം എന്തോ നഷ്ടപ്പെട്ടിട്ടുണ്ട് എന്നുറപ്പ് ... ചിലപ്പോ യാത്രകളിലെവിടെയെങ്കിലും വച്ച് കിട്ടിയാലോ? 
ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിൽ,  ക്യാമറക്കണ്ണുകളുടെ മുന്നിൽ,  പണംകൊടുത്ത് വാങ്ങിയ ഗുരുത്വത്തിന്റെ കൃപയിൽ മാത്രം കണ്ട് ശീലിച്ച അഭ്യാസങ്ങൾക്ക് വരേണ്യതയുടെ വെള്ളിവെളിച്ചമാണെങ്കിൽ, നിത്യത്തൊഴിലാളിയുടെ ജീവിതസമരങ്ങൾക്ക് നിസ്സംഗതയുടെ പരിവേഷം മാത്രമായിരിക്കും

കമ്പം താഴ്വരയിലെ ഒരു ഗ്രാമവഴിയിലെ അഭ്യാസിയായ യാത്രക്കാരൻ :)
ഉണങ്ങാനിട്ട വസ്ത്രങ്ങളുടെ വർണങ്ങളേക്കാളും,  ആകർഷിക്കാറുള്ളത് തിളച്ച് മറിയുന്നവെയിലിൽ കാറ്റിനോടുള്ള അവയുടെ കിന്നാരം പറച്ചിലാണു.. മറ്റൊരുവന്റെ ശരീരത്തേറും മുന്നെയുള്ള ഇടവേളയിലെ പ്രണയം :)
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും. (കമ്പം താഴ്വരയിലെ ഒരു മുന്തിരിത്തോട്ടത്തിൽ നിന്ന്)
കാഴ്ചകളുടെ അതിരുകൾ പരിമിതപ്പെടുമ്പോൾ .. രാമക്കൽമേടിൽ നിന്നും ഉള്ള തമിഴ്നാടിന്റെ ദൃശ്യം കേരളത്തിന്റെ  കാറ്റാടിപ്പാടംപലവക :) 


യാത്രികൻ
Tuesday, March 05, 2013

ലേലു അല്ലു ലേലു അല്ലു !!

യെമനിലൊരു വല്ല്യ മെച്ചമുണ്ട്, അറബി അല്ലാതെ വേറൊരു ഭാഷ അവര്‍ക്കറിയില്ല എന്നാണു മറ്റുള്ളവര്‍ പറയുന്നതെങ്കിലും അവര്‍ക്ക് തൃശ്ശൂര്‍ ഭാഷകൂടി അറിയാം. അത് ഞാന്‍ ചെന്നട്ട് രണ്ടാമത്തെ ദിവസം തന്നെ കണ്ടുപിടിച്ചതാണു. അവര്‍ അറബീലും ഞാന്‍ "ഒരു ജ്യാതി പെടഷ്ടാ" എന്ന സ്റ്റൈലില്‍ മലയാളത്തിലും പറഞ്ഞാലും കാര്യങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടൂം മനസ്സിലായിരുന്നത് കൊണ്ട് കഞ്ഞികുടി മുട്ടാറില്ല.

അങ്ങനെ ശ്ശൂര്‍ - യെമനി നയതന്ത്രങ്ങള്‍ വല്ല്യ കോട്ടങ്ങളില്ലാതെ പോവുകയായിരുന്നു. ഫ്ലാറ്റിന്റെ ഓണര്‍ ഒരു എത്യോപ്യന്‍ വംശജയാണു. കറന്റ് ബില്‍ മൂന്ന് മാസമായി (കറന്റില്ലേലും ബില്‍ കൃത്യമായി തരും) കിട്ടാഞ്ഞതുകൊണ്ട് ഒന്നു അന്വേഷിച്ചുകളയാം എന്നുകരുതി ചെന്നു. അവരെ വിളിച്ച് വരുത്തി കാര്യങ്ങള്‍ പറഞ്ഞു. അവര്‍ കണ്ണും മിഴിച്ചു നിന്നു, മനസ്സിലായില്ലാ !! ന്നാപ്പിന്നെ അറബി ആയിക്കളയാം.. അതും മനസ്സിലായില്ലാ... അവസാനം ഞാന്‍ ആംഗ്യത്തിലായി, സീലിങ്ങിലെ ബള്‍ബും പുറത്തെ ജനറേറ്ററുമൊക്കെ ചൂണ്ടിക്കാട്ടി വിശദീകരിച്ചു. അതേറ്റു!! ചിരിച്ചുകൊണ്ട് "മാഫി മുശ്കിലാ" എന്നും പറഞ്ഞ് അഞ്ഞൂറ് റിയാലും വാങ്ങി പോയി.

ഒരു പത്ത് മിനിറ്റു കഴിഞ്ഞുകാണും ഡോറില്‍ മുട്ട് കേട്ട് തുറന്ന് നോക്കുമ്പോ ഓണര്‍ ചേച്ചീടെ മോന്‍. കയ്യില്‍ ഒരു വല്ല്യ ബള്‍ബും ബാക്കി കുറച്ച് ചില്ലറയും .. അതെന്റെ കയ്യില്‍ തന്നേച്ച് അവന്‍ സ്ഥലം കാല്യാക്കി !!! ഒന്നുകൂടെ വിശദീകരിച്ചാലോ എന്ന് വിചാരിച്ചതാ, ബട്ട് ഇനി കിട്ടണത് ഒരു ജനറേറ്റര്‍ ആയാല്‍ കാശ് കൊടുക്കാന്‍ ഞാന്‍ തെണ്ടിപ്പോവും!!!

ലേലു അല്ലു ലേലു അല്ലു !!

Wednesday, January 02, 2013

സര്‍‌വ്വശക്തന്‍പച്ചമാംസത്തിന്റെ ആര്‍ത്തനാദം
ഇരുമ്പ് ദണ്ഡിലൊടുങ്ങിക്കൊണ്ടിരിക്കുമ്പോള്‍
ക്ഷമിക്കണം, ദൈവം ഉറക്കത്തിലായിരുന്നു

തീണ്ടാപ്പാടകലെ കുടിവെള്ളം ദാഹത്തെ
കൊഞ്ഞനം കൊത്തുമ്പോള്‍,
ദളിതന്റെ ദൈവത്തിനു കണ്ണിക്കേടായിരുന്നു

ബാല്യവും യൗവനവും വച്ച്മാറേണ്ടിവന്ന
പൈതങ്ങളുടെ കണ്ണില്‍ ചോരനിറഞ്ഞപ്പോള്‍
ദൈവം ലോകനന്മയ്ക്കായ് ധ്യാനത്തിലായിരുന്നു

നൂറ്റിയിരുപത്തിയാറാമത്തെ പ്രതി അറസ്റ്റിലായത്രെ!!!
യാ അല്ലാ, ഹല്ലേലുയാ, റാം റാം ..
നോക്കൂ!!! ദൈവം എത്ര വലിയവന്‍!!!

Tuesday, September 18, 2012

ജന്മഭൂമി പത്രാധിപര്‍ അറിയാന്‍

പത്രാധിപര്‍,
ജന്മഭൂമി


Sir,

ഞാന്‍ ഒരു സ്വയംസേവക് ആണു (ഞാന്‍ മനസ്സിലാക്കിയടത്തോളം.) വിശ്വസിക്കുന്ന ആദര്‍ശത്തിനുവേണ്ടി നിലകൊള്ളുന്നതിന്റെ ഭാഗമായാണു വീട്ടില്‍ ജന്മഭൂമി വരുത്തുന്നത്. സത്യത്തില്‍ അതൊരു ഐക്യപ്പെടലോ പ്രോത്സാഹനമോ എന്നതിലുപരി മറ്റൊന്നും ആയിരുന്നില്ല. ബൌദ്ധികനിലവാരത്തില്‍ അത്രയൊന്നും ഔന്നത്യം അവകാശപ്പെടാനില്ലാത്ത എന്നെപ്പോലെ ആയിരക്കണക്കിനു സാധാരണസ്വയംസേവകരും (അങ്ങനെയൊരു ക്ലാസിഫിക്കേഷന്‍ കൊടുക്കുന്നത് തെറ്റായിരിക്കാം) ഒരു പക്ഷെ, അങ്ങനെയൊരു ഐക്യപ്പെടലിന്റെ ഭാഗമായായിരിക്കും ജന്മഭൂമി വരിക്കാരായതും.

എനിക്കുറപ്പുണ്ട്, ജന്മഭൂമി എന്ന പ്രസ്ഥാനത്തിന്റെ ഗതിവിഗതികളില്‍, ഗ്രാമാന്തരങ്ങളില്‍ അതിനു വേരുറപ്പിക്കാനുള്ള പരിശ്രമത്തില്‍, സംഘടനാപ്രവര്‍ത്തകര്‍ വ്യക്തിപരമായ കാര്യങ്ങള്‍ മാറ്റി വച്ച് മുന്നോട്ടിറങ്ങിയിരുന്നത്, ജന്മഭൂമി 'സംഘകാര്യം' എന്ന നിലയില്‍ കാണാന്‍ ശ്രമിച്ചതുകൊണ്ടായിരിക്കും. ആ ഒരു സ്നേഹത്തെ, അവരുടെ പ്രവര്‍ത്തനങ്ങളെ  ബഹുമാനിച്ചു ശീലിച്ചതു കൊണ്ടാണു കേസരിക്കൊപ്പം തന്നെ ഇന്നും പലരും ജന്മഭൂമിയെ കാണാന്‍ ശ്രമിക്കുന്നതും. പറഞ്ഞ് വന്നത്, ഇത് നിങ്ങളെ സംബന്ധിച്ചിടത്തോളം "ഒരു ബിസിനസ്" മാത്രമായിരിക്കാം, എന്നാല്‍ അടിത്തട്ടില്‍ അതല്ല.രണ്ടായിരത്തിനിപ്പുറം ഹിന്ദുഐക്യവേദിയുള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ കേരളമൊട്ടാകെ പ്രക്ഷോഭപരിപാടികളില്‍ നിതാന്തം പരാമര്‍ശിക്കുന്ന ഒരു പേരുണ്ട്, കെ.പി യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ബിലീവേഴ്സ് ചര്‍ച്ച്. കേരളത്തിലെ മതപരിവര്‍ത്തനശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു എന്ന് കരുതപ്പെടുന്ന, കോടികള്‍ വിദേശസഹായം ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന് വെളിപ്പെട്ടിട്ടുള്ള അതേ ബിലീവേഴ്സ് ചര്‍ച്ച്. ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ നിരന്തരം അവിടേക്ക് മാര്‍ച്ച് നടത്തുകയും അന്വേഷണം വേണം എന്നാവശ്യപ്പെടുകയും ചെയ്യാറുണ്ട്.

From an Old article from Janmabhumi
ഇപ്രാവശ്യത്തെ ജന്മഭൂമി ഓണപ്പതിപ്പ് ലഭിച്ചു. അതു വായിക്കാനുള്ള ആഗ്രഹം കാരണം, സുഹൃത്തുവഴി കയ്യിലേക്കെത്തിക്കുകയായിരുന്നു. വളരെ സന്തോഷത്തോടുകൂടി ആദ്യപേജ് മറച്ചപ്പോള്‍ കണ്ടത്, കെ.പി യോഹന്നാന്റെ ചാനലിന്റെ ഒരു മുഴുവന്‍ പേജ് കളര്‍ പരസ്യമാണു. ആശയറ്റവര്‍ക്ക് പ്രത്യാശയേകാന്‍ ക്ഷണിക്കുന്ന നല്ല ഒന്നാന്തരം പരസ്യം.  വിദേശത്ത് നിന്നായാലും സ്വദേശത്ത് നിന്നായാലും ലഭിക്കുന്ന പണത്തിനു വില ഒന്നാണല്ലേ സര്‍? പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് പരസ്യം നല്‍കിയ സഖാവ് കൊടിയേരിയും കെ.പി യോഹന്നാനെ നെഞ്ചിലേറ്റിയ ജന്മഭൂമിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പിടികിട്ടിയില്ല.  ഇനിയും ഈ പത്രം വരുത്തിയാല്‍ ഞാന്‍ ഏത് ആദര്‍ശത്തിനുവേണ്ടിയാണോ നിലകൊണ്ടത്, അതിനോടു ചെയ്യുന്ന വഞ്ചനയാവും, അത് ആത്മഹത്യാപരവും. അതിനാല്‍ ജന്മഭൂമിയും ഞാനുമായുള്ള ബന്ധം ഇവിടെ അവസാനിക്കട്ടെ.
From Janmabhumi Onappathipp


എന്നിരുന്നാലും ഒന്നു ചോദിക്കട്ടെ, പൊരിവെയിലത്ത് ആദര്‍ശവും മുറുക്കിപ്പിടിച്ച് സമ്പര്‍ക്കവുമായി വീടുവീടാന്തരം കയറിയിറങ്ങുന്ന ഒരു പ്രവര്‍ത്തകനു നിങ്ങളിട്ടിരിക്കുന്ന വില എത്ര ആയിരമാണു?

Tuesday, June 26, 2012

കേള്‍‌വിക്കാരന്റെ മോക്ഷം

ഗര്‍ഭപാത്രത്തിന്റെ ബാലന്‍സ് ഷീറ്റ് ടാലിയാക്കാന്‍
തുളസിയിലയില്‍ മുക്കി നാലിറ്റു വെള്ളം ..

മൂക്ക് പിഴിഞ്ഞ് , കണ്ണു തുടച്ച് സഭയിലേക്ക്

വെട്ടാനുള്ള മൂവാണ്ടന്‍ മാവ് കഴിഞ്ഞവര്‍ഷവും കായ്ച്ചതാണു
ഭാഗത്തില്‍ അത് എനിക്ക് കിട്ടിയതോണ്ട് പറഞ്ഞതല്ല

ഇന്നുണ്ടായാല്‍ , അടിയന്തരം ഞായറാഴ്ച്ച
രാമേശ്വരത്ത് ബലിയിട്ടാല്‍ വര്‍ഷാവര്‍ഷം ശ്രാദ്ധവും വേണ്ട

വടക്കേലെ തൊടി കച്ചോടായത് സെന്റിനു രണ്ട് വച്ചാത്രെ
പാലം വന്നാല്‍ ഇതിനു അതിലും കൂടും

അടിയന്തരത്തിന്റെ വിഹിതം ഞാന്‍ കുറച്ചേ തരൂ,
നോക്കിണ്ടാക്കിയ ചിലവ് നിക്കും കുട്ട്യോള്‍ടച്ഛനേ അറിയൂ


മുറ്റത്തെ തുളസി വേരുകള്‍ പയ്യെ പുറത്തെടുത്തു,
കാശിക്കുള്ള ട്രെയിന്‍ പിടിക്കാന്‍ യാത്രയായി.

Thursday, May 17, 2012

വില്‍‌പ്പനച്ചരക്കുകള്‍

സമര്‍പ്പണം :

കേവലം പദവികള്‍ക്കായി ഭാഷയെ കൂട്ടിക്കൊടുത്ത് , ബുദ്ധിപരമായ നിശബ്ദത വിറ്റു കാശാക്കിയ സാംസ്കാരികനപുംസകങ്ങള്‍ക്ക് .. കൊലക്കത്തികള്‍ക്ക് മൂര്‍ച്ചകൂട്ടി നടക്കുന്നവരുടെ മനസ്സാക്ഷിയേക്കാളും ക്രൂരമാണു ഇവരുടെ നപുംസകവേഷങ്ങള്‍ക്ക് എന്ന് തിരിച്ചറിവ് ഇല്ലാത്തവര്‍ക്ക് ..


വില്‍‌പ്പനച്ചരക്കുകള്‍

പഴയരംഗം

മനുഷ്യത്വം വിറങ്ങലിച്ചൊരീ നിമിഷങ്ങളില്‍
അഗ്നിനാളമായ് പെയ്തിറങ്ങട്ടെയെന്‍ തൂലിക
രേഖപ്പെടുത്താന്‍ ഒരു ഞെട്ടലും, തീരാനഷ്ടവും
വിറങ്ങലിക്കാനിനിയും മനസ്സാക്ഷിയും ബാക്കി

പുതിയരംഗം

നിശബ്ദതയില്‍ നേടുന്ന പദവികളമൂല്യം
അക്കാദമിയംഗത്വം സുന്ദരം സമ്മോഹനം
ചാനലില്‍ , പത്രത്തില്‍ പുകഴ്ത്തലും വശ്യം
ഇന്നിന്‍ സാംസ്കാരികനായകപദവിയും കേമം.

 രത്നച്ചുരുക്കം : ത്ഫൂ!!!!

Wednesday, May 02, 2012

യെമൻ ഡയറി


From Net
ആയിരക്കണക്കിനു വർഷങ്ങളായി ഒരു സംസ്കാരം മുറുകെപ്പിടിച്ചുകൊണ്ട്, തലമുറകളായി ഒരേ രീതിയിൽ വസ്ത്രം ധരിച്ചുകൊണ്ട്, ജീവിക്കുന്ന ഒരു ജനതയുള്ള രാജ്യം ..

വിവാഹം തെരുവുകളിൽ ആഘോഷമായികൊണ്ടാടുന്നവരുടെ രാജ്യം ...

ലോകത്തെ ഏറ്റവും നല്ല തേനും കാപ്പിയും ഉള്ള ഒരു രാജ്യം ..

മണ്ണുകൊണ്ട് ഉണ്ടാക്കിയ, ശിൽപ്പചാതുരി നിറഞ്ഞുനില്ക്കുന്ന, വൈദ്യുതദീപങ്ങളാലലങ്കരിക്കപ്പെട്ട ആകാശഗോപുരങ്ങളുടെ രാജ്യം ...

ഈ രാജ്യത്തെക്കുറിച്ചാണു ഇറ്റാലിയൻ കവിയും സംവിധായകനുമായ പിർ പൊലോ പസോളിനി “ലോകത്തെ ഏറ്റവും സുന്ദരമായ രാജ്യം “ എന്ന് വിശേഷിപ്പിച്ചത്.

ഞാൻ പറഞ്ഞ് വരുന്നത്, യെമനെക്കുറിച്ചാണു. മാധ്യമങ്ങളിലൂടെ നമ്മൾ “ഭീകരരാജ്യമായി” കേട്ടറിഞ്ഞ റിപബ്ലിക് ഓഫ് യെമനെക്കുറിച്ച്...

ജീവിതത്തന്റെ ആകസ്മികതളിൽപ്പെട്ട് യെമനിലേക്ക് വണ്ടികയറുമ്പോൾ, നല്ലതൊന്നും ഈ നാടിനെക്കുറിച്ച് കേട്ടിരുന്നില്ല. ആഭ്യന്തരയുദ്ധം കത്തിനിൽക്കുന്ന സമയമായതിനാൽ കേട്ട വാർത്തകൾക്കെല്ലാം മരണത്തിന്റെ ഗന്ധവുമുണ്ടായിരുന്നു. സനാ ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ രാജ്യത്തെ അരക്ഷിതാവസ്ഥയുടെ ഏകദേശരൂപം പിടികിട്ടി. നമ്മുടെ നാട്ടിലെ ഒരു ഇടത്തരം ബസ്റ്റാന്റിന്റെ നിലവാരം മാത്രമുള്ള ഒരു എയർപോർട്ട്. ആഭ്യന്തരയുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥയിലായതിനാൽ എയർപോർട്ടിൽ അധികം പേരില്ല. കമ്പനി ഏർപ്പാടാക്കിയിരുന്ന ഡ്രൈവറുടെ കൂടെ താമസസ്ഥലത്തേക്കുള്ള യാത്ര തന്നെ നല്ലൊരു അനുഭവമായി.

A Mobile Picture , From My window
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം ഏഴായിരത്തിയഞ്ഞറടി ഉയരത്തിലാണു സന എന്ന നഗരത്തിന്റെ സ്ഥാനം. നാലുപാടും വരണ്ടമലനിരകളാൽ ചുറ്റപ്പെട്ട ഈ നഗരത്തിനു ഒരുപാട് പ്രത്യേകതകളുണ്ട്. പഴയസന നഗരം യുണെസ്കോയുടെ പൈതൃകനഗരമാണു. ഒറ്റവാക്കിൽ പറഞ്ഞാൽ സന ഒരു തുറന്ന മ്യൂസിയമാണു. ചരിത്രാപഠിതാക്കളെ സംബന്ധിച്ചിടത്തോളം ഒരു തുറന്ന പുസ്തകം.  താമസസ്ഥലത്തേക്കുള്ള യാത്രയിൽ ചുറ്റും കണ്ട കാഴ്ചകൾ എന്നെ സ്വപ്നങ്ങളിലെവിടെയോ കണ്ട്മറന്ന ഒരു അറബിക്കഥയിലെ നഗരത്തെ ഓർമ്മിപ്പിച്ചു. മണ്ണുകൊണ്ടുണ്ടാക്കിയ ചുവന്ന കെട്ടിടങ്ങൾ ... മുഷിഞ്ഞ തെരുവുകൾ ... ഏതോ പുരാതനകാലഗുഹാമനുഷ്യരെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വസ്ത്രം ധരിച്ച തദ്ദേശവാസികൾ .. എങ്ങും ആയുധമേന്തിയ ആളുകൾ റോന്ത് ചുറ്റുന്നു....  തുറന്ന വാഹനങ്ങളിൽ അത്യന്താധുനിക മെഷീൻ ഗണ്ണുകളേന്തി പരസ്യമായി യാത്ര ചെയ്യുന്ന അപരിഷ്കൃതരായ ജനങ്ങൾ എനിക്കൊരൂ പുതിയ കാഴ്ചയായിരുന്നു.

Mobile picture
ആഭ്യന്തരയുദ്ധം പാടെ തകർത്തുകളഞ്ഞ ഒരു നഗരത്തിലേക്കായിരുന്നു ഞാൻ കടന്നു ചെന്നത്. ഏകദേശം ഒരു വർഷമായി ഇലക്ട്രിസിറ്റി ഇല്ലാതെ ഇരുട്ടിലാണ്ടുകിടക്കുന്ന ഒരു തലസ്ഥാനനഗരം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ? യാതൊരു വിധത്തിലുള്ള വിനോദോപാധികളില്ലാത്ത ഒരു നഗരം. ഇവിടെ ഒരു സിനിമാതീയേറ്ററോ, മദ്യശാലകളോ  നല്ല ക്ലബ്ബുകളോ ഒന്നുമില്ല. ഇടുങ്ങിയ തെരുവുകളും, തെരുവുകളിലെ ചെറുകിട വ്യാപാരികളും അതില്‍ തിങ്ങിനിറഞ്ഞൊഴുകുന്ന സാധാരണക്കാരന്റെ ജീവിതവും മാത്രം. മതവും രാഷ്ട്രീയവും സമ്മാനിച്ച വേലിക്കെട്ടുകൾക്കുള്ളിൽ തൃപ്തരായി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നവര്‍.

ശരണമന്ത്രങ്ങളൊഴുകി വന്നിരുന്ന പ്രഭാതങ്ങൾക്ക് പകരം എന്നെക്കാത്തിരുന്നത് വെടിയൊച്ചകള്‍ നിറഞ്ഞ പുലർ‌വേളകളായിരുന്നു. ചുറ്റുമുള്ള മലനിരകളില്‍ അങ്ങോട്ടുമിങ്ങോട്ടും ചേരിതിരിഞ്ഞ് വെടിവെപ്പും ആക്രമണങ്ങളും. ഇവിടെ ഒരു പക്ഷെ ഏറ്റവും വിലകുറവായി അവര്‍കണക്കാക്കുന്നത് മനുഷ്യജീവനാണെന്ന് തോന്നിപ്പോയ നാളുകള്‍. ദീര്‍ഘകാലത്തെ ഭരണത്തിനുശേഷം ജനങ്ങളാല്‍  നിഷ്കാസിതനായ ഒരു പ്രസിഡന്റിന്റെ അപദാനങ്ങള്‍... അദ്ദേഹത്തെ എതിര്‍ത്തുകൊണ്ട് ആഭ്യന്തരയുദ്ധത്തിനിറങ്ങിപ്പുറപ്പെട്ടവരുടെ ചെയ്തികള്‍ .. പരസ്പരമുള്ള പോര്‍‌വിളികള്‍ക്കിടയില്‍ നഷ്ടമായത് നൂറുകണക്കിനു സാധാരണക്കാരുടെ ജീവിതങ്ങളാണു.

Sometime bullets misses its destination....Window..
ഇവിടത്തെ പലകെട്ടിടങ്ങളും ഇവിടെനിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ ജീവിക്കുന്ന സ്മാരകങ്ങളാണു, വെടിയുണ്ടകള്‍ തറഞ്ഞ്, റോക്കറ്റ് ലോഞ്ചേഴ്സിന്റെ ആഘാതമേറ്റ് പകുതി തകര്‍ന്ന നിലയില്‍ നില്‍ക്കുന്ന അനേകം കെട്ടിടങ്ങള്‍ കാണാം. അടുത്തുവരുന്ന വെടിയൊച്ചകളെ പേടിച്ച് ഒരുവയസ്സുകാരി കുഞ്ഞിനെ നെഞ്ചോടടുക്കിപ്പിടിച്ച് നടുത്തളത്തില്‍ ഉറങ്ങാതെ കഴിച്ചു കൂട്ടിയ രാത്രിയെപറ്റി സഹപ്രവര്‍ത്തകന്‍ പറഞ്ഞത്, ഈ കെട്ടിടങ്ങളിലൊക്കെ അടുത്ത നിമിഷത്തെക്കുറിച്ച് വേവലാതിപ്പെട്ട് കഴിഞ്ഞിരുന്ന ജീവനുകളെപ്പറ്റി ചിന്തിക്കാനിടയാക്കി..

സമുദ്രനിരപ്പിൽ നിന്നും ഇത്രയും ഉയരത്തിൽ സ്ഥിതിചെയ്യുന്നതുകൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും ഇവിടെ തണുപ്പാണു പൊതുവെ. ഡിസമ്പർ ജനുവരി മാസങ്ങളിൽ പൂജ്യത്തിനും താഴെപോവും. ബാക്കി ദിവസങ്ങളിൽ വളരെ നല്ല കാലാവസ്ഥയും. നിറയെ ആലിപ്പഴം വീഴുന്ന മഴക്കാലം ... കോച്ചിവലിയുന്ന തണുപ്പുകാലം .. അത്രയധികം ചൂടില്ലാത്ത വേനൽ മാസങ്ങൾ ... ഭൂരിഭാഗം വീടുകളിലും മുന്തിരിവള്ളികൾ വളര്‍ത്തിയിരിക്കുന്നത് കാണാം. ആഭ്യന്തരപ്രശ്നങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും ഇല്ലായിരുന്നെങ്കിൽ  'ടൂറിസത്തിന്റീ' അനന്തമായ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്ന രാജ്യം. 

വിദ്യാഭ്യാസപരമായി വളരെ പിന്നിൽ നില്‍ക്കുന്നവരാണു ഇവിടത്തെ ജനത. എന്നാല്‍ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ ഉന്നതിയിൽ നില്‍ക്കുന്നവർ. ഇവിടത്തെ ആഭ്യന്തര/രാഷ്ട്രീയ പ്രശ്നങ്ങളെ മാറ്റി നിർത്തിയാൽ, ഇവരുടെ നമ്മളോടുള്ള പെരുമാറ്റം അതിശയാവഹമാണു. വഴിയിലൂടെ നടന്നുപോവുമ്പോൾ, ഉച്ചസമയമാണെങ്കിൽ, പലരും നമ്മളെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കും. വഴിയിലൂടെ നടന്നുപോകുമ്പോൾ നമ്മളെകടന്നു പോവുന്ന ഒരാൾപോലും സ്നേഹപൂര്‍‌വ്വം ചിരിച്ചുകൊണ്ട് 'അസ്സലാമു അലൈക്കും' എന്ന് ആശംസിക്കാതിരിക്കില്ല.  നിങ്ങൾക്ക് ഭാഷ അറിയില്ലെങ്കിൽ പോലും, എവിടെയും കയറിച്ചെല്ലാം, അവർ അനുതാപപൂർവ്വം നമ്മളെ ശ്രദ്ധിക്കുകയും നമ്മളുടെ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യും. ഇവർക്ക്  ജന്മം കൊണ്ട് ഈ നാടുകൊടുക്കുന്ന സംസ്കാരമുണ്ട്, ആത്മാർത്ഥമായിത്തന്നെ അതിനുമുന്നിൽ പ്രണമിക്കുന്നു...

Another picture, through my window
യെമനികൾക്ക്  മറ്റു അറബ് ജനതയില്‍ നിന്നും വ്യത്യസ്തമായി ഒരുപാട് പ്രത്യേകതകളുണ്ട് . സ്വഭാവത്തിൽ, സംസ്കാരത്തിൽ, ഇടപെടലുകളിൽ അങ്ങനെ .. ഇവർ നിരത്ത് വക്കത്ത് ഒരുമിച്ച് വട്ടം കൂടിയിരുന്നു ഒരു പാത്രത്തിൽ നിന്നാണു ഭക്ഷണം കഴിക്കുക. ആദ്യമൊക്കെ അയ്യേ എന്നു തോന്നിയെങ്കിലും, ആ കൂട്ടായ്മ നല്‍കുന്ന ഒരു സന്ദേശത്തെക്കുറിച്ചാലോചിച്ചപ്പോൾ സന്തോഷം തോന്നി. ഇവരുടെ ശാപം എന്നത് 'കാത്ത്' എന്ന ഒരു ഇലയാണു. കഞ്ചാവിന്റെ ഒരു നാനോ വേര്‍ഷൻ എന്ന് വേണമെങ്കില്‍ നമുക്കതിനെ പറയാം.  ഉച്ചക്ക് ശേഷം എല്ലാവരും ഇത് ചവക്കുകയും, വായില്‍ ഒരു ഉണ്ടയാക്കീ വക്കുകയും ചെയ്യും. അത് ഇവരുടെ  ജീവിതചര്യയുടെ ഭാഗമാണു. ഈയടുത്ത് കൃഷിഭൂമികളെല്ലാം കാത്ത് കൃഷിക്കായി ഉപയോഗപ്പെടുത്തത് സാമ്പത്തികവ്യവസ്ഥയെ ബാധിക്കുന്നു എന്ന രീതിയില്‍ ഒരു ലേഖനം വായിച്ചിരുന്നു.

ആയുധമേന്തി റോന്ത് ചുറ്റുന്നവരോട് ആദ്യമൊക്കെ തോന്നിയ അപരിചിതത്വത്തില്‍ നിന്ന്, കണ്മുന്നിൽ നടന്ന തെരുവുയുദ്ധത്തോടെ 'ഭയമായി'മാറി. ജീവനും പൊക്കിപ്പിടിച്ചോടുന്നവന്റെ വികാരം രസകരമാണു, ആ ഓട്ടത്തില്‍ നമ്മള്‍ കൂട്ടിവച്ച അഭിമാനവും, ജാഡകളും, അഹങ്കാരങ്ങളും, കണക്കുകൂട്ടലുകളും ഒന്നും കൂടെയുണ്ടാവില്ല. :)

ഈ രാജ്യം കുറച്ച് ദിവസങ്ങളിലെ ശാന്തതക്ക് ശേഷം, കൂടുതൽ ഭയാനകമായ അവസ്ഥയിലേക്ക് പോകുന്നു..ആഭ്യന്തരപ്രശ്നങ്ങള്‍ക്കുപരിയായി ഗവണ്മെന്റും അല്‍‌ക്വൈദയും തമ്മിൽ  രക്തരൂക്ഷിതമായ പോരാട്ടങ്ങൾ ആരംഭിച്ചിരിക്കുന്നു. യെമനെ ചോരക്കളമാക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു ... കഴിഞ്ഞ മാസങ്ങളില്‍ ചാവേറാക്രമണങ്ങളടക്കം ശക്തമായ ആക്രമണപ്രത്യാക്രമണങ്ങൾ .. അസ്വസ്ഥതയുടെ നാളുകൾ.. ഇവിടെ വീശുന്ന കാറ്റിനുപോലും അനിശ്ചിതത്വത്തിന്റെ നാദം ...എല്ലാം ദൈവത്തിലർപ്പിച്ച്, നഷ്ടങ്ങളേയും നേട്ടങ്ങളേയും ഒക്കെ അവനു സമർപ്പിച്ച ഒരു ജനത ..

നഷ്ടങ്ങളുടെ ആകെക്കണക്കെടുപ്പിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ലെന്ന തിരിച്ചറിവായിരിക്കാം .. ഒരുപക്ഷെ മുന്നോട്ട് ഇവിടെ നയിച്ചുകൊണ്ടിരിക്കുന്നത് .. എന്നിരുന്നാലും ... നാളെയെക്കുറിച്ച് ചിന്തകളില്ലാത്ത ഈ രാജ്യത്തിലെ ഇടുങ്ങിയ തെരുവുകൾ എന്നെ ഓര്‍ക്കില്ലെങ്കിലും, ഒന്നെനിക്കുറപ്പുണ്ട്, അത് തിരിച്ചൊരിക്കലും സംഭവിക്കില്ല.  അപരിചിതത്വം എന്തെന്നറിയാത്ത, സ്നേഹത്തോടെ ചിരിക്കുന്നവർ ഇവിടെ എന്നെ അറിയാതെശീലിപ്പിച്ച വാക്കേ ഈ നാടിനെക്കുറിച്ചാലോചിക്കുമ്പോൾ മനസ്സിലിപ്പോഴുള്ളൂ ... "അല്‍‌ഹം ദുലില്ലാ...."