Monday, December 13, 2010

ഡെര്‍ട്ടി ഫെല്ലോ

(ഒരു ബ്ലോഗര്‍ എന്നതില്‍ ഉപരി ഞാനൊരു ബോറനാണ്..മാത്രമല്ല അപരിഷ്കൃതനും ..അപ്പോള്‍ എന്റെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും തീർ‌ച്ചയായും നിങ്ങളുടെ അത്ര നിലവാരം പുലര്‍ത്താന്‍ സാധിക്കുകയുമില്ല..ക്ഷമിക്കുക)

ഇന്നലെ ഓഫീസ് കഴിഞ്ഞു സഹമുറിയനായ ശിവദാസിനെയും കൊണ്ടു തൃകാക്കര സഹകരണ ആശുപത്രിയില്‍ പോവേണ്ടി വന്നു. ലവന്‍ ഒരു ദിവസം മുമ്പ് ബൈക്കില്‍ നിന്നൊന്നു വീണു..വരാപ്പുഴ ഭാഗത്തെ റോഡിലെ കുഴിയില്‍ വീണതാണ്..കയ്യും കാലും ഒക്കെ പൊട്ടി..ഡ്രസ്സ്‌ ചെയ്യാന്‍ പോയതാണ്.. മഴക്കാലം തുടങ്ങിയതോടെ നമ്മുടെ ആശുപത്രികളില്‍ ഒക്കെ നല്ല തിരക്കാണല്ലോ...കുറെ നേരം പുറത്തു കാത്തു നില്‍ക്കേണ്ടി വന്നു.. മഴ ആയതു കൊണ്ടു അടുത്തുള്ള ബില്‍ടിങ്ങില്‍ കയറി നിന്നു..ആശുപത്രിയില്‍ സൌകര്യം കുറവാണ് .. കുറച്ചു സ്ഥലത്തു ഒരുപാടു പേര്‍ ഉണ്ട്..

എന്റെ അടുത്ത് തന്നെ രണ്ടു ചേച്ചിമാര്‍ (അമ്മായി ?) നില്‍പ്പുണ്ട്‌..നല്ല ടൈറ്റ് ജീന്‍സ്‌ , കറുത്ത ടീഷര്‍ട്ട്, കയ്യില്‍ കൂടിയ തരം മൊബൈല്... മുഖത്തെ ചുളിവുകളും കുഴികളും ഒക്കെ എന്തൊക്കെയോ തേച്ചു മൂടിയിട്ടുണ്ട്‌.. നമ്മുടെ നാട്ടിലെ ഒരു  പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ടാഗ് കഴുത്തില്‍ തൂക്കിയിട്ടുണ്ട്.. വളരെ ബുദ്ധിമുട്ടി മലയാളത്തില്‍ ഉറക്കെ (തെറ്റിദ്ധരിക്കണ്ട..മലയാളി അമ്മച്ചിമാര്‍ തന്നെ ) സംസാരിക്കണുണ്ട്..ഒരു പാവം മലയാളി എന്ന നിലയില്‍ മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കേണ്ടത് എന്റെ മൌലികാവകാശം ആയതുകൊണ്ടും കടമകള്‍ മറന്നാലും അവകാശം ചത്താലും കൈവിടില്ലാത്തത് കൊണ്ടും ഞാന്‍ അത് ശ്രദ്ധിച്ചു..അതവര്‍ക്കും മനസ്സിലായി..

പാവങ്ങള്‍..കിട്ടുന്ന പതിനായിരങ്ങള്‍ കൊണ്ടു കഷ്ടി ഒരുമാസം തള്ളി നീക്കാന്‍ പെടുന്ന 'പാടിനെക്കുറിച്ചും' ഒബെറോണ്‍ മാളിലെ പുതിയ ഐറ്റംസിനെക്കുറിച്ചും കുറിച്ചും ഒക്കെ ആണ് സംസാരം..
പെട്ടെന്ന് ഒരു വയസ്സായ ഒരു ആളെ കാഷ്വാലിറ്റിയില്‍ നിന്നു പുറത്തേക്ക് കൊണ്ടു വന്നു..ഷര്‍ട്ട്‌ ഇട്ടട്ടില്ല..നെഞ്ചിലും കയ്യിലും ഓകെ പ്ലസ്റെര്‍ ആണ്..രക്തം പുരണ്ട ഒരു ഷര്‍ട്ട്‌ ചുരുക്കി വലത്തേ കക്ഷത്ത്‌ പിടിച്ചിട്ടുണ്ട്..( തെങ്ങില്‍ നിന്നും സ്ലിപ്‌ ആയതാണ് എന്നറിഞ്ഞു ) അറ്റെണ്ടറും പിടിച്ചു ഓട്ടോറിക്ഷയില്‍ കേറ്റാനാണ് ശ്രമം ..അങ്ങിനെ കൊണ്ടു വരുന്നതിനിടയില്‍ അറ്റണ്ടര്‍ക്ക് ബാലന്‍സ് കിട്ടുന്നില്ല. പരിക്ക് പറ്റിയ ചേട്ടന്‍ അത്യാവശ്യം തടിച്ചിട്ടാണ് .. പെട്ടെന്ന് അദ്ദേഹം ഒന്നു വീഴാന്‍ പോയി..നമ്മുടെ ചേച്ചിമാര്‍ ഒരു ചാട്ടം ചാടി പിന്നോട്ടോടി..ഓടുമ്പോള്‍ ഒരു ഗംഭീര ആംഗല പദവും .." Dirty fellow!!"

ഞാനും ഓട്ടോറിക്ഷക്കാരനും കൂടി അദ്ദേഹത്തെ ഓട്ടോയില്‍ കയറ്റുമ്പോള്‍ സാമാന്യം നല്ലൊരു ചവിട്ടു എന്റെ കാലിന്മേല്‍ കിട്ടി ..പക്ഷെ അതിന്റെ വേദനയെക്കാള്‍ വിഷമിപ്പിച്ചത് "ഡെര്‍ട്ടി ഫെല്ലോ " ആയിരുന്നു.. അസ്വസ്ഥതകള്‍ നിറഞ്ഞ ഒരു രാത്രി കൂടി കടന്നു പോയി..അത്ര മാത്രം

ചുറ്റും ഒരുപാടു കാഴ്ചകളുണ്ട്‌ ...വേദനിക്കുന്ന മനസ്സുകളുണ്ട്‌..തലോടല്‍ ഏറ്റു വാങ്ങാന്‍ വെമ്പുന്ന കുരുന്നുകളുണ്ട്..നമുക്കെവിടാ അതിനൊക്കെ സമയം? നമുക്കു മറ്റുള്ളവന്റെ അമ്മക്ക് വിളിക്കണം..ജാതിക്കോമരങ്ങളുടെ വേഷങ്ങള്‍ കെട്ടിയാടണം..പരസ്പരം തെറി വിളിക്കണം..ഒരുമിക്കാന്‍ എന്തെങ്കിലും സാധ്യതകള്‍ ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ അഹോരാത്രം ശ്രമിക്കണം..ഈ വെയിലത്തും മഴയത്തും കിടന്നു സാമൂഹ്യ സേവനം കളിക്കുന്നതിലും എത്രയോ എളുപ്പമാണ് 'ജാതിയും മതവും പരസ്പര വിദ്വേഷവും ദേവതകളുടെ മുലകളുടെ കണക്കെടുപ്പും എല്ലാം '..നമ്മുടെ വേവലാതികള്‍ ഈയിടെയായി സഹജീവികളെ ഓര്‍ത്തല്ല...മറിച്ചു ജാതിയും മതവും വംശവും വര്‍ണ്ണവും തിരിച്ചുള്ള സ്ഥിതി വിവരപ്പട്ടികകളെ ഓര്‍ത്താണല്ലൊ..ജയിക്കാനുള്ള വ്യഗ്രതയില്‍, ബന്ധങ്ങള്‍ വെട്ടി നുറുക്കി മുന്നോട്ടുള്ള യാത്രയില്‍ നമുക്ക് പരസ്പരം വെട്ടി മരിക്കാം..

Tuesday, November 23, 2010

മന്ദബുദ്ധികൾ‌ക്ക് മതമില്ല : ഭാഗം‌ മൂന്ന്

“ഒരു വ്യക്തിക്ക് മനോവിഭ്രാന്തിയുണ്ടാവുമ്പോൾ‌ അതിനെ ഭ്രാന്ത് എന്നു വിളിക്കുന്നു. ഒരു സമൂഹത്തിനു മുഴുവൻ‌ മനോവിഭ്രാന്തിയുണ്ടാവുമ്പോൾ‌ അതിനെ മതവിശ്വാസം‌ എന്നു വിളിക്കാം‌.“- റോബർട്ട് പിർസിഗ്



മതേതരത്വം‌ എന്നൊക്കെ വച്ചാ ഇതാണണ്ണാ!!!!

‘മന്ദബുദ്ധികൾക്ക് മതമില്ല’ സീരീസിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ ഇവയാണു

ഭാഗം ഒന്ന്: കൊടുങ്ങല്ലൂർ ഭഗവതി വക

ഭാഗം രണ്ട്: വേളാങ്കണ്ണി മാതാവു വക

മൂന്നാംഭാഗത്തിനു കടപ്പാട് : രാമചന്ദ്രൻ വെട്ടിക്കാട്

Monday, November 08, 2010

തോമസ്മാഷ്ക്കൊരു പ്രണയലേഖനം‌

പ്രിയപ്പെട്ട എന്റെ തോമസ് മാഷേ,

ഇന്ന് നമ്മുടെ പ്രണവല്ലരിയിലൊരു പുഷ്പം കൂടി പൂവണിഞ്ഞത് എന്റെ പ്രാണേശ്വരൻ അറിഞ്ഞിരിക്കുമല്ലോ? ഒരൽപ്പം വൈകിയാണെങ്കിലും(ക്ഷമിക്കുക, അതെന്റെ തെറ്റല്ല, ഞാൻ ശ്രമിച്ചിരുന്നു) പള്ളത്തടുക്കയിലെ കവിതയും നമ്മുടെ പ്രണയഹാരത്തിലെ വാടാമലരായി മാറി.

ഇവിടെ എന്നെ എതിർക്കുന്നവരുടെ പോരാട്ടവീര്യത്തിനുമുന്നിലെനിക്ക് മുട്ടുമടക്കി മരണത്തെ വരിക്കേണ്ടി വന്നേക്കാം.ഞാൻ മരിച്ചാലും അങ്ങെനിക്ക് വാഗ്ദാനം ചെയ്തപോലെ, നമ്മുടെ പ്രണയത്തിനൊരു സ്മാരകം തീർക്കണം. കാസർഗോട് എരിഞ്ഞ് തീർന്നവരുടെ അസ്ഥിയിൽ തീർത്ത അതിന്റെ അടിത്തറ, നമ്മുടെ പ്രണയത്തിന്റെ ശക്തി വിളിച്ചോതുന്നതായിരിക്കും എന്നെനിക്കുറപ്പുണ്ട്. നാലുപാടുമുള്ള ഗോപുരങ്ങൾ, ജീവിതം വിടരും മുന്നേ കൊഴിഞ്ഞു വീണ കുഞ്ഞുങ്ങളുടെ വലിയ തലയോട്ടികൾ കൊണ്ട് അലങ്കരിക്കണം. മുന്നിലെ വലിയ തടാകത്തിൽ നിറക്കാൻ, കാസർകോട്ടെ അമ്മമാരുടെ വിലയില്ലാത്ത കണ്ണീർ തന്നെ ധാരാളം. സന്ദർശർക്ക് കണ്ണിനു കുളിരേകാൻ വേണമെങ്കിൽ ജീവിച്ചിരിക്കുന്ന ശവശരീരങ്ങളിൽ ചിലതിനെ കൂട്ടിലടച്ച് പ്രദർശിപ്പിക്കാം
അങ്ങനെ പ്രണയത്തിന്റെ ഉദാത്തമായ മാതൃകയായി ആ സ്മാരകം കാലാകാലം നിലനിൽക്കട്ടെ..

വരും തലമുറ അങ്ങയെ ചതിയനെന്നും കൊലപാതകിയെന്നും വിളിച്ചേക്കാം. പക്ഷെ നമ്മളൊരുമിച്ച നല്ല നാളുകൾ അങ്ങേക്കാ പ്രതിഷേധങ്ങളെ കാറ്റിൽപ്പറത്തി ഒരുപാട് കാസർഗോടുകളെ സൃഷ്ടിക്കാനുള്ള ശക്തി നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചുകൊണ്ട്.

അങ്ങയുടെ പ്രാണേശ്വരി,
എൻഡോസൾഫാൻ

Tuesday, October 26, 2010

ഡോക്ടർ‌ ഏലിയാസ് ബ്ലോഗർ‌

നമസ്കാരം വട്ടപ്പറമ്പാ,

നമസ്കാരം ഡോക്ടർ, എന്തുണ്ട് വിശേഷംസ്?
ഞാനിപ്പോ തൃപ്പൂണിത്തറ ഗവ:ആയുർവേദിക് കോളേജിൽ ചാർജ്ജെടുത്തു.
ആണോ, ആദരാജ്ഞലികൾ..
എന്ത്??
അയ്യോ ഡോക്ടറെ ഉദ്ദേശിച്ചല്ല, കോളേജിനെ ഉദ്ദേശിച്ചാ..
ഹും, ഈ ശനിയാഴ്ച്ച ഒന്നു കാണാം..
ശരി, എന്റെ ഫ്ലാറ്റിൽ കൂടാം. മനുവിനേം നന്ദേട്ടനേം യൂസഫിക്കായേം കിട്ടുമോ എന്നു നോക്കാം.

കടയിൽ ഈച്ചയാട്ടിയിരിക്കുകയാണെങ്കിലും ഇക്കക്ക് 8 മണികഴിയാതെ വരാൻ പറ്റില്ലത്രെ. നന്ദേട്ടൻ ആസ് യൂഷ്വൽ സിനിമാ തീയേറ്ററിൽ. മനുവിനേം കൂട്ടി റൂമിലെത്തി ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ജയൻ ഡോക്ടറെത്തി.വാതിൽ തുറന്ന് അകത്തേക്ക് വന്നതും ജനാലയിൽ “ഇതു ഈ ഫ്ലാറ്റിന്റെ ഐശ്വര്യം“ എന്ന് വിളിച്ച് പറയുന്ന പോലെ നിരത്തിയിട്ടിരിക്കുന്ന ജട്ടികളിൽ ഡോക്ടറുടെ കണ്ണുകളുടക്കി.

എന്താദ് പ്രവീണേ?
ങ്ങേ?? ഞാനൊന്നു ഞെട്ടി. ഇതറിയാത്ത ആളോ? ഒരു പക്ഷെ ആയുർവേദ ഡോക്ടർമാർക്ക് ഇതൊന്നും ഉപയോഗിക്കാൻ പാടില്ലായിരിക്കും.

അതു ഡോക്ടറേ, ഇത് ജട്ടീന്ന് പറയും..പാന്റിനടിയിലൊക്കെ ഇടുന്ന..
പോടെ, ഇതൊക്കെ നിരത്തി ഇടാൻ വേറെ സ്ഥലമൊന്നുമില്ലേ…ങ്ങാ, ഇത് ഞാനെടുക്കുന്നു.ആവശ്യം കഴിഞ്ഞ് തിരിച്ചു തരാം

ങ്ങ്ഹേ!!! ഇങ്ങോർക്ക് ഇതു വാങ്ങിക്കാനുള്ള ശമ്പളമൊന്നു ഗവൺമെന്റ് കൊടുക്കണില്ലേ ദൈവേ…

അത് മാഷേ, വേറൊന്നും വിചാരിക്കല്ലേ..
(ജനാലക്കിലിരിക്കുന്ന പുസ്തകത്തിനു നേരെ വിരൽ ചൂണ്ടിക്കൊണ്ട്)പ്രവീൺ മറുത്തൊന്നും പറയരുത്, ഈ പുസ്തകം ഞാനിത് വരെ വായിച്ചട്ടില്ല. വായിച്ചിട്ടു തരാം..
അങ്ങനെ!!! ശരി..:)

പെട്ടെന്നാണു മേശപ്പുറത്ത് നിറച്ച് വച്ചിരുന്ന ഗ്ലാസ് ഡോക്ടർ കണ്ടത്. മുഖത്ത് നിന്നു രണ്ട് കണ്ണുകൾ ഗ്ലാസിനു ചുറ്റു ആഹ്ലാദ നൃത്തം ചവിട്ടി തിരിച്ചകത്തേക്ക് കയറിയതും ഗ്ലാസ് ചാടിയെടുത്തതും മോന്തിയതും നിമിഷനേരം കൊണ്ടായിരുന്നു. എന്നിട്ട് ഞങ്ങളെ ഒന്നു നോക്കി, ചെറുതായൊന്നു ആടി, മുന്നിൽ വച്ച് മിക്സ്ചർ എടുത്ത് വായിലിട്ട് ചോദിച്ചു,

സ്വയമ്പൻ സാധനമാണല്ലോടേ, വാറ്റാണോ? ഉള്ളൊക്കെ കത്തുന്നു.

ഹെന്ത്!!! ഞാൻ കുടിക്കാനുണ്ടാക്കിയ കട്ടൻ ചായയാ ഡോക്ടറേ അതു!!! (ഇങ്ങോർ ഈ കണക്കിനു രോഗികൾക്ക് ദശമൂലാരിഷ്ടത്തിനു പകരം കൊക്കോക്കോള എഴുതിക്കൊടുക്കുമല്ലോ ഈശ്വരാ…)

ഡോക്ടർ വേഗമൊരു നോട്ട്ബുക്കും പേനയുമെടുത്തൊരു ഗ്രാഫ് വരച്ചു. എന്നിട്ട് ഗൌരവത്തിൽ ഞങ്ങളെ ഒന്നു നോക്കി.

നിങ്ങൾക്ക് ഇതാ ഒരു സുവർണാവസരം..

ഞാനും മനുവും ആകാംക്ഷയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.
നമ്മളെപ്പോലുള്ള ചെറുപ്പക്കാർ (ചെറുപ്പമേ!!! റിട്ടയറാവാറായി ) കുറച്ചുകൂടി ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യണം. നിങ്ങൾ ചെയ്യേണ്ടതു ഇത്രമാത്രം. കൂട്ടം എന്ന വെബ്സൈറ്റിലേക്ക് 10 മെമ്പർമാരെ ചേർക്കുക. കമന്റുകൾ നിങ്ങൾക്ക് ജീവിതകാലം മുഴുവൻ വന്നുകൊണ്ടേയിരിക്കും. വിശദമാക്കാം. നിങ്ങളാദ്യം ചേർത്ത ആളെ ‘എ‘ എന്നു വിളിക്കാം. രണ്ടാമത്തെ ആളെ ‘ബി’ എന്നും. ഇതിൽ ‘എ’ അഞ്ചുപേരെക്കൂടി ചേർക്കുന്നു. ‘ബി’യും അഞ്ചു പേരെ ചേർക്കുന്നു. അവർ നിങ്ങളൂടെ പോസ്റ്റിൽ ഓരോ കമന്റ് ഇടുന്നു. പിന്നീട് നിങ്ങൾ പോസ്റ്റിട്ടില്ലെങ്കിൽ കൂടി നിങ്ങൾക്ക് ആയുഷ്കാലം കമന്റ് ലഭിക്കും
ആവേശത്തോടെ പറഞ്ഞു നിർത്തി മുഖമുയർത്തിയ ഡോക്ടർ കണ്ടത് കസേരയിൽ തലചായ്ച്ചുറങ്ങുന്ന മനോരാജിനെയായിരുന്നു.


സമയംകൊല്ലികളായ ഗൂഗിൾ ബസിന്റേയും റ്റ്വിറ്ററിന്റേയും കുത്തൊഴുക്കിൽപെട്ട് സർഗവാസനകളെ മാറ്റിവക്കുന്ന ഇന്നത്തെ ട്രെൻഡിനെക്കുറിച്ച് ബൂലോകത്തിന്റെ സ്വന്തം വൈദ്യന്റെ പ്രതികരണമിവിടെ വായിക്കാം, വായിക്കണം.

Monday, September 27, 2010

കൊച്ചി മാരത്തോണും‌ ഞാനും

ജെ-ക്വറിയേയും പ്രാകിയിരിക്കുന്ന നേരത്താണു ഫയർഫോക്സിലെ ട്വിറ്റർ ആഡോൺ ആയ ‘എക്കോഫോണിൽ’ ഒരു ട്വീറ്റ് കണ്ടത്. ലോക ഹൃദയദിനത്തിൽ കൊച്ചിയിൽ മാരത്തോൺ ഓട്ടം സംഘടിപ്പിക്കുന്നു. ശ്ശൂർ പൂരോം റൌണ്ടും സ്വന്തായി ഉള്ളോണ്ട് ഞങ്ങൾ ശ്ശൂർക്കാർക്കാരെ വെല്ലാനൊരു ശവ്യോളും ജനിച്ചിട്ടില്ല എന്ന തൃശ്ശൂർക്കാരന്റെ അഹങ്കാരം സടകുടഞ്ഞെണീറ്റു.. ഓടിക്കളയാം.. ബട്ട് ഒറ്റക്കോടാനൊരു മടി..രാത്രി ഓരോരുത്തരെയായി വിളി തുടങ്ങി.

യൂസഫ്പാ യെ ഒന്നു വിളിച്ചേക്കാം..പുള്ളി ഉണ്ടാവാൻ ചാൻസ് ഉണ്ട്

ബെല്ലടിക്കുന്നുണ്ട്…

ങ്ങാ പ്രവീ..എന്തൊക്കെയുണ്ട് വിശേഷംസ്..
അതെ ഇക്കാ, മാരത്തോൺ ഓട്ടത്തെ പറ്റി ഇക്കക്കെന്താ അഭിപ്രായം?
നല്ല അഭിപ്രായം. പ്രവിക്കറിയോ.. ഞാൻ ഗുരുവായൂരും ചാവക്കാടും നടന്നിരുന്ന മാരത്തോണുകളിലെ സ്ഥിരം വിന്നറായിരുന്നു.
(അപ്പൊ ആളായി..ജയ് യൂസഫിക്ക) അപ്പോ ഇക്കാ, ഞാൻ പറയാൻ വന്നതു..
പ്രവി ആരോടും പറയരുത്, ഉസൈൻ ബോൾട്ട് എന്ന് കേട്ടട്ടുണ്ടാ,,
(എന്നോട്, ഉസൈൻ ബോൾട്ട്..!!!) അതിക്കാ, കോമഡി സിനിമേലൊക്കെ ഉള്ള?
ന്റെ പ്രവ്യേ!!! ബല്യ ഓട്ടക്കാരനാ, നമ്മട പയ്യനാർന്നു..അവനെന്റെ കൂടെ ഓടി തോറ്റ്..തോറ്റ്.. ഒന്നും പറയണ്ട,,, പാവം..
ഇക്കാ, ഈ വരണ ഞായറാഴ്ച്ച കൊച്ചിൻ മാരത്തോൺ ഉണ്ട്.. ജസ്റ്റ് 21 കിമീ മാത്രം. ഇക്കയുടെ കഴിവു ഉസൈൻ ബോൾട്ട് മാത്രം അറിഞ്ഞാൽ പോരാ.. നമുക്ക് പേരു രജിസ്റ്റർ ചെയ്യാം?
ഹലോ….പ്രവീ…അവിടെ ഉണ്ടോ? ഹലോ.. ഹലോ..
ഇക്കാ, കേൾക്കുന്നില്ലേ…മാരത്തോൺ..ഓട്ടം..കൊച്ചി…21 കി.മി…ഇക്കാ..
ഹലോ..ഹലോ..ഈ ചെക്കന്റെ ഒരുകാര്യം..മുഴുവൻ പറയുമ്പോഴേക്കും ഫോൺ വച്ചുകളയും.

സുന്ദരനായ കഥാകൃത്തിന്റെ മോന്തയാണു പിന്നെ മനസ്സിൽ തെളിഞ്ഞത്. അവനുണ്ടാവും…

ഹലോ..മനോരാജേ, പ്രവീണാ…
ഞാൻ നിന്റെ വിളി പ്രതീക്ഷിച്ചിരിക്കായിരുന്നു.. പ്രവീണയുടെ ശബ്ദമെന്താ മാറിയിരിക്കുന്നെ? ജലദോഷം പിടിച്ചോ? അതോ എന്റെ കഥകൾ വായിച്ചു കരഞ്ഞു കരഞ്ഞു ശബ്ദം പോയതാണോ? ഗള്ളി..ഒരു പിച്ചു വച്ചു തരും ഞാൻ..
ഡാ കോപ്പേ, ഞാനാ അന്തിക്കാട്ടുകാരൻ പ്രവീൺ..
അയ്യേ, നീയോ?
മനോ, കൊച്ചി മാരത്തോണിൽ നമുക്ക് ഓട്യാലോ…
വക്കടാ ഫോൺ.
.ക്ടിങ്ങ്..പി..പീ..പീ…

നിരാശനായിരിക്കുമ്പോൾ ജിമെയിലിൽ സജിച്ചേട്ടൻ (നിസ്സഹായൻ) .. പുള്ളിയെ മുട്ടാം…
ചേട്ടോ…
എന്താ പ്രവീണേ…
നമുക്ക് ഓട്യാലോ…
ജീവിതം തന്നെ ഒരു ഓട്ടമല്ലേ.. പ്രവീണേ.. പ്രാരാബ്ദങ്ങളൂടെ തീക്ഷ്ണമായ കരാളഹസ്തങ്ങൾക്കിടയിലൂടെ കൊഴിഞ്ഞു വീഴുന്ന നിമിഷങ്ങളെ വാരിപ്പിടിച്ചു നമ്മളുടെ ഈ ജീവിതയാത്രയുടെ തിരശ്ശീല വീഴുന്ന നാൾ നമ്മളേ തെക്കോട്ടെടുക്കില്ലേ പ്രവീണേ
ചേട്ടാ..അതു…ഞാൻ…
എന്താ പ്രവീൺ പറയാൻ വന്നതു??
അതു ചേട്ടാ..അതായതു…പറ്റിച്ചേ..എനിക്ക് പറയാൻ ഒന്നുമില്ല്യാർന്നു… പറ്റിച്ചേ..

അവസാന പ്രതീക്ഷയായി ബ്ലോഗ് അക്കാദമി പ്രവർത്തകൻ സിജീഷിനെ വിളിച്ചേക്കാം..

ഹലോ..സിജീഷേ..
ന്താണ്ട്രാ? ഞാനങ്ങട് വിളിക്കാൻ നിക്കാർന്നു..മ്മക്കങ്ങട് ഓട്യാലാ?
ങ്ങേ!!!!
ഹാ, കൊച്ചിൻ മാരത്തോണിലേ..ഒരു ചാമ്പങ്ങട് ചാമ്പാടാ..
അപ്പോ ഓടാലേ?..
ദെന്തൂട്ടണ്ടണ്ടാത്ര ആലോചിക്കാൻ.. രാവിലെങ്ങട് പോരേ..

രാവിലെ അഞ്ചിനു അലാറം വച്ചെണീറ്റു, പാവങ്ങൾ മുണ്ടിനടിയിലിടുന്നതും ബൂർഷകൾ മുണ്ടുടുക്കാതെയിടുന്നതുമായ ഐറ്റംസ് ധരിച്ച് ബൈക്കിൽ സിജീഷിനേം പൊക്കി ഡർബാർ ഹാളിലോട്ട്..

ഓസിനു കിട്ടുന്ന ടീ-ഷർട്ട് വാങ്ങാനവിടെ ഒടുക്കത്തെ ഇടി..ക്യൂ…ഒരു വിധത്തിൽ അതു വാങ്ങി ഇട്ടു വന്നപ്പോഴേക്കും സുരേഷ് ഗോപി കൊടി വീശി ..

നഗരത്തിലെ സകലമാന കൊച്ചമ്മമ്മാരും കൊച്ചമ്മിണികളും ഓടിത്തുടങ്ങി..പിന്നാലെ ഞങ്ങളും.. ആദ്യം ഓടി എത്താൻ അവർക്ക് തിരക്കില്ലാത്തതുകൊണ്ട് ഞങ്ങളും (സിജീഷ് ആളു ഡീസന്റായോണ്ട് ദൈവം എനിക്കൊരുത്തനെ കൂട്ടിനു അവിടേക്ക് പറഞ്ഞയച്ചിട്ടുണ്ടായിരുന്നു..) സാവധാനത്തിലായിരുന്നു. (തെറ്റിദ്ധരിക്കരുതേ, ലേഡീസ് ഫസ്റ്റ് എന്നാണല്ലോ.)

.ഓരോ കിലോമീറ്ററിലും വെള്ളം പാക്കറ്റിലാക്കി സിംഹങ്ങൾ നിൽപ്പുണ്ടായിരുന്നു. അവരവിടെ കിടന്നു ‘അപ് അപ്’ എന്ന് കാറിവിളിക്കുന്നതു കേട്ടപ്പോൾ എനിക്കെന്തോ ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിയാണു ഓർമ്മ വന്നത്. അപ്പുപ്പന്മാർക്ക് ഓടുന്നവന്റെ മാനദണ്ഡമറിയില്ലല്ലോ (മാനദണ്ഡം = മനസ്സിന്റെ ദണ്ഡം . ക.ട് : മഹി എന്ന മായാവി).

പിന്നാലെ ഉണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറും അതിലെ അസിസ്റ്റന്റും ഓടിക്കൊണ്ടിരുന്ന എന്നെ ഒരുപാട് പ്രതീക്ഷയോടെ നോക്കി അടക്കം പറഞ്ഞു.. “ഇവനീ ആംബുലൻസിലേക്കൊരു വാഗ്ദാനമാണു മോനെ.. ഏതു ? “

കാറ്റ് അനുകൂലമായതു കൊണ്ടാണോ മുന്നിലെ ച്യാച്ചിമാർ ഓട്ടം നിർത്താതതുകൊണ്ടാണോ എന്നറിയില്ല., രണ്ടു കിലോമീറ്ററോളം വലിയ പ്രശ്നമില്ലാതെ ഓടി.. സിജീഷ് മാത്രം ഓട്ടം തുടർന്നു (ഞങ്ങളൂടെ ടീമിൽ).. ഒരു വിധത്തിൽ ഏന്തി വലിഞ്ഞു ഫിനിഷിങ്ങ് പോയന്റിൽ ചെന്നു തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ വിജനമായ പാതമാത്രം. മുന്നിൽ ലയൺസിന്റെ വളണ്ടിയേഴ്സ് അവിടത്തെ പന്തലൊക്കെ അഴിക്കുന്നു.. അവന്മാരൊരു ആശ്ചര്യം നിറഞ്ഞ നോട്ടം..ആരാ?
അതു ഞാൻ വെറുതെ.. ഈ വഴി… ചുമ്മാ ..നല്ല ചീര വിത്ത് കിട്ടുമെന്നു കേട്ടു....!!


ഞാനും സുഹൃത്തുക്കളും

  
സിജീഷ്

ലോക ഹൃദയദിന തിരിച്ചറിവ് : ആയ സമയത്ത് രാവിലെ എണീറ്റോട്യാൽ‌, വയസ്സാം‌ കാലത്ത് നിക്കറിട്ടോടണ്ട.

Saturday, September 25, 2010

ബോം സബാഡോ , നിനക്കായ്

(ഒരു മയത്തിലൊക്കെ ചീത്തവിളിച്ചോളൂ... പതിവുപോലെ, ദീ പോസ്റ്റും‌ ആരേം‌ ഉദ്ദേശിച്ചട്ടില്ലാ...)



പ്രിയ ബോം സബാഡോ,
എനിക്കറിയാം ഇതു കേൾക്കാൻ നീയുണ്ടാവില്ല..
അവർ നിന്നെ കൊന്നുകഴിഞ്ഞിരിക്കും..
അല്ലെങ്കിലും അവർ, സവർണതയുടെ മൊത്തക്കച്ചവടക്കാർ എന്നും അങ്ങനെയാണല്ലോ..


നിനക്കറിയാമോ …ലോകം നിന്നെ വെറുക്കുമ്പോഴും ,
ശപിക്കപ്പെട്ടവളെന്നും, വിരൂപയെന്നും വിളിച്ചാക്ഷേപിക്കുമ്പോഴും..
എന്റെ ഹൃത്തിലെ ഓരോ സ്പന്ദനവും നിനക്കുവേണ്ടിയായിരുന്നു..

നിന്നിലേക്കലിയുന്ന നിമിഷങ്ങൾ എന്റെ സ്വപ്നങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു..
പക്ഷെ, പ്രിയ ബോം..ഞാൻ വൈകിപ്പോയിരുന്നല്ലേ?

നിന്റെ കൊലപാതകികളോട് നമുക്ക് പൊറുക്കാം..
കാരണം അവരാരും "കർക്കറയെ കൊന്നതാരു" എന്ന പുസ്തകം വായിച്ചട്ടില്ലല്ലോ..

ഇനി ഉയർത്തെഴുന്നേൽപ്പ്.. എനിക്ക് വേണ്ടി..
അവരുടെ വംശപരമ്പരകൾക്ക് നേരെ നമുക്കൊരുമിച്ചു തുണിപൊക്കേണ്ടതുണ്ട്..
നാണിക്കരുത്, കാരണം, ഇതൊരു സാമൂഹ്യ ദൌത്യമാണു.
അവരുടെ അച്ഛനമ്മമാരെ നമുക്ക് തെറിവിളിച്ചു കളിക്കാം…അവർ ചമ്മിപ്പോവട്ടെ..

പ്രിയ സബാഡോ..നിനക്കു മരണമില്ല..
കോടതി വിധി കാതോർത്തിരിക്കുന്നവരുടെ, അടഞ്ഞ കണ്ണുകൾക്കിടയിലൂടെ
ഒട്ടിയ വയറുകൾ തളർന്നുറങ്ങുന്ന തെരുവോരങ്ങളിലേക്ക് നമ്മുക്കാഴ്ന്നിറങ്ങാം…

ബിരിയാണിയുടെ പ്രത്യയശാസ്ത്ര രുചിയിൽ നമുക്ക് യുക്തിവാദിയായി പാറിപ്പറക്കാം‌
പ്രിയ(Dear) സബാഡോ, നീ (You) എന്റേതാണു , എന്റെ മാത്രം(only)….

(ക്ഷമിക്കൂ ബോം, ഇടക്ക് ബ്രാക്കറ്റിൽ ഇംഗ്ലീഷിൽ എഴുതണമത്രെ..കാപാലികർ)

Monday, September 20, 2010

മന്ദബുദ്ധികൾ‌ക്ക് മതമില്ല : ഭാഗം‌ രണ്ട്

“ഒരു വ്യക്തിക്ക് മനോവിഭ്രാന്തിയുണ്ടാവുമ്പോൾ‌ അതിനെ ഭ്രാന്ത് എന്നു വിളിക്കുന്നു. ഒരു സമൂഹത്തിനു മുഴുവൻ‌ മനോവിഭ്രാന്തിയുണ്ടാവുമ്പോൾ‌ അതിനെ മതവിശ്വാസം‌ എന്നു വിളിക്കാം‌.“- റോബർട്ട് പിർസിഗ്



ലഭിച്ചത് : യൂണിയൻ‌ ബാങ്ക്, പനമ്പിള്ളിനഗർ‌ ബ്രാഞ്ച് (കാഷ് ഡിപോസിറ്റ് സ്ലിപ്പ് വച്ചിരിക്കുന്നതിനോടൊപ്പം ഒരു ബണ്ടിൽ ആയി വച്ചിരിക്കുന്നു)




മന്ദബുദ്ധികൾ‌ക്ക് മതമില്ല ഭാഗം‌ ഒന്ന് ഇവിടെ കാണാം .


എന്തരു കൂടുതൽ‌ പറയാൻ‌ !!!

Monday, September 13, 2010

യുവർ ചോയ്സ്



അവനെ കൊല്ലണം

മൂന്നുപേർക്കും അതിൽ‌ മാത്രം തർ‌ക്കമുണ്ടായിരുന്നില്ല.

ആർ‌ക്കാണു കൊല്ലാൻ‌ അവകാശം‌?

ഇവനെന്റെ ദൈവത്തിനെ‌ കളിയാക്കി..അതുകൊണ്ട് കൊല്ലേണ്ടതെന്റെ കടമ..ഒന്നാമൻ‌

ഇവനെന്റെ പാർ‌ട്ടിയുടെ ശത്രു.. ഇവന്റെ രക്തം‌ എനിക്ക് ..രണ്ടാമൻ‌

ഇവനെന്റെ‌ അമ്മയുടെ വയറ്റിൽ‌ പിറന്നവൻ‌..എന്റെ സ്വത്തിന്റെ ഞാനിഷ്ടപ്പെടാത്ത അവകാശി ..മൂന്നാമൻ‌

അവസരം‌ ആർ‌ക്ക് എന്നതിനെ ചൊല്ലി തർ‌ക്കമായി.. തീരുമാനമാവാതെ അവർ‌ വിഷമിക്കുമ്പോൾ‌ അവൻ പറഞ്ഞു..

പക്ഷെ എനിക്ക് വീട്ടിലേക്കൊന്നു എനിക്ക് വിളിച്ച് യാത്ര പറയണം..

സമ്മതിച്ചു...

പക്ഷേ റിയാലിറ്റി ഷോക്ക് എസ്.എം‌.എസ് അയക്കുന്ന തിരക്കിലായതുകൊണ്ട് അമ്മയും ഭാര്യയും‌ ഫോണെടുത്തില്ല..

അവർ മൂന്നുപേർ‌ക്കും നിരാശപ്പെടേണ്ടി വന്നു.. ഹൃദയം‌ പൊട്ടി അവൻ‌ മരിച്ചു കഴിഞ്ഞിരുന്നു..

Tuesday, September 07, 2010

വാത്സല്യം

(വെറുതെ..വാത്സല്യത്തിന്റെ ചില കാണാപ്പുറങ്ങൾ ഒരുപാട് അസ്വസ്ഥമാക്കിയിട്ടുണ്ട്….അത്തരത്തിലൊന്നു…)

“എങ്ങനെയുണ്ട്?“ ചുവരിൽ പുതുതായി ഒട്ടിച്ച വാൾപേപ്പറിൽ നോക്കി വലിയ ഒരു കാര്യം ചെയ്തു തീർത്ത സംതൃപ്തിയോടെ അവൾ ചോദിച്ചു. കമഴ്ന്നു കിടന്നു, പാൽപുഞ്ചിരി തുകുന്ന ഉണ്ടക്കവിളുകളോടു കൂടിയ ഒരു കുഞ്ഞിന്റെ ചിത്രം. ഇതടക്കം ബെഡ്റൂമിലെ അഞ്ചാമത്തെ ചിത്രം. എല്ലാം കുഞ്ഞുങ്ങളുടെ വ്യത്യസ്ത ചിത്രങ്ങൾ.

“ഇനി ഇറങ്ങാം?“ അവളുടെ ചോദ്യമാണു അവനെ ചിന്തകളിൽ നിന്നുണർത്തിയത്. പുറത്തേക്കിറങ്ങുമ്പോൾ മരുമകളുടെ കുഞ്ഞുങ്ങളോടുള്ള വാത്സല്യത്തെക്കുറിച്ച് അമ്മയും അച്ഛനും പറയുന്നുണ്ടായിരുന്നു.

“അമ്മാ..എന്തെങ്കിലും തരണേ….“

കാറിലോട്ട് കയറാൻ തുടങ്ങുമ്പോഴാണു ഒക്കത്തൊരു കുഞ്ഞുമായി ഒരു ഭിക്ഷക്കാരി കയറി വന്നത്.

“അമ്മേ, ഞങ്ങളിറങ്ങാ.. ടി.വിയുടെ മുകളിൽ ഒരു ചെപ്പിൽ ചില്ലറ ഉണ്ട്. അതെടുത്തിവർക്ക് കൊടുത്തേക്കൂ.” അവൾ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് കാറിന്റെ അടുത്തേക്ക് വന്നു. അവൾ സാരി നേരെയാക്കാൻ എടുക്കുന്ന സമയത്താണു അവൻ ആ ഭിക്ഷക്കാരിയുടെ കുഞ്ഞിനെ ശ്രദ്ധിച്ചത്. എണ്ണമയമില്ലാത്ത ജഡപിടിച്ച തലമുടി, അഴുക്ക് പുരണ്ട മുഖം, അവിടവിടെ മുറിഞ്ഞ പാടുകൾ. കയ്യിലുള്ള ഒരു ഉജാലക്കുപ്പി കൊണ്ട് അതെന്തൊക്കെയോ കളിക്കുന്നുണ്ട്.

ഡോർ തുറന്നു കാറിലോട്ട് കയറാൻ തുടങ്ങിയപ്പോഴാണു ആ കുഞ്ഞു ഭിക്ഷക്കാരിയുടെ ഒക്കത്തിരുന്നു, കയ്യിലെ ഉജാലക്കുപ്പി ദൂരെക്കളഞ്ഞ് അവളുടെ തലമുടിയിൽ കയറിപ്പിടിച്ചതു. ‘ച്ചീ..’ അറപ്പാണോ വെറുപ്പാണോ അവളുടെ മുഖത്തെ ഭാവം എന്ന് മനസ്സിലാക്കാനാവാതെ വണ്ടി മുന്നോട്ടെടുക്കുമ്പോളവന്റെ മനസ്സിൽ ആ വാൾപേപ്പറിലെ വെളുത്ത് തുടുത്ത കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു.

Sunday, August 29, 2010

ടോം ആന്റ് ജെറി : ഹിന്ദുത്വ-സയണിസ്റ്റ് ഭീകരതയുടെ അന്തർ‌ക്കാഴ്ചകൾ‌



ഡിസ്ക്ലൈമർ : കൊമേഴ്സ്യൽ സിനിമകളിലെ വില്ലൻമാരുടെ മതവും ജാതിയും തിരിച്ച് കണക്കെടുത്ത് വിഷം വമിപ്പിക്കാനുള്ള ആഗോള ടെൻഡറെടുത്തിരിക്കുന്ന ബു.ജികളുമായോ, ദാ ഈ പോസ്റ്റുമായോ ഈ ലേഖനത്തിനു യാതൊരു വിധത്തിലുമുള്ള ബന്ധം ഇല്ല.


ഒരു സമൂഹത്തിന്റെ സമഗ്രമായ പുരോഗതിയെ ഹൈജാക്ക് ചെയ്യുക എന്നത് സവർണ വർഗീയത എക്കാലവും ഇവിടെ നടപ്പിലാക്കിയ, നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തന്ത്രമാണു. അതിന്റെ ഭാഗമായി മുഖ്യധാരാ മാധ്യമങ്ങളിൽ മാത്രമല്ല, വിനോദമെന്ന പേരിൽ, നിർദ്ദോഷമെന്നു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, പുതു തലമുറയിലേക്ക് ന്യൂനപക്ഷ വിദ്വേഷം പകർത്തിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെ ഇവിടെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ‘ടോം ഏന്റ് ജെറി’ പോലും സംഘപരിവാര-സയണിസ്റ്റ് ലോബിയുടെ തന്ത്രമാണു എന്നു തിരിച്ചറിയുമ്പോൾ, നാം എത്തി നിൽക്കുന്ന സമൂഹത്തിൽ ന്യൂനപക്ഷസമുദായങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുകയാണു.


ടോം ആന്റ് ജെറിയുടെ ഹിഡൻ അജണ്ടയെക്കുറിച്ച് പറയുന്നതിനു മുന്നെ, അതിനു പിന്നിൽ പ്രവർത്തിക്കുന്ന ‘അന്തർധാര’ എത്രമാത്രം സജീവമാണു എന്നു വിലയിരുത്തേണ്ടി വരും. ടോം ആന്റ് ജെറിയുടെ ആദ്യകാല എഡിറ്റർമാരിലൊരാളുടെ വകയിലെ അമ്മായിയുടെ പറ്റു ബുക്കിൽ ഒരു ഇസ്രായേലി പട്ടാള ഉദ്യോഗസ്ഥന്റെ പേർ കണ്ടെത്തി എന്നു കേരളത്തിലെ ഏക മാനവികപക്ഷപത്രമായ ‘ഓജസ്’ വെളിപ്പെടുത്തുമ്പോൾ നമ്മുടെ കുരുന്നുകളെ ഇന്നു നിയന്ത്രിക്കുന്നതാരു എന്ന അത്യന്തം ഭീതിദായകമായ സന്ദേഹം സമൂഹമനസ്സാക്ഷിക്കു മുന്നിലെനിക്ക് അവതരിപ്പിക്കാതെ വയ്യ. സാങ്കേതികമായി പറഞ്ഞാൽ പ്രതിക്രിയാവാദികളും വർഗീയഫാസിസ്റ്റുകളും തമ്മിലുള്ള അന്തർധാരയേക്കാൾ, ടോം ആന്റ് ജെറിയെ വ്യത്യസ്ഥമാക്കുന്നതു അതിന്റെ ഇസ്രയേൽ-നാഗ്പൂർ കണക്ഷനെ അതിമനോഹരമായി മറക്കുന്നതിൽ അവർ വിജയിച്ചു എന്നതാണു.

ടോം ഏന്റ് ജെറിയിലൂടെ സമൂഹത്തിലേക്ക് കുത്തിവെക്കാൻ ശ്രമിക്കുന്ന (മൃദു)ഹൈന്ദവ വർഗീയതയുടെ വിഷവിത്തുക്കൾ, ഏതൊക്കെ സങ്കേതങ്ങളാണു ഉപയോഗിക്കുന്നതു എന്നതിനെ നമുക്കു താത്വികമായി ഒന്നു വിശകലനം ചെയ്തു നോക്കാം. അതിനാദ്യം വേണ്ടതു തികച്ചും പുരോഗമനാത്മകവും മതനിരപേക്ഷവുമായ (സവർണവൽക്കരിക്കപ്പെടാത്ത) ഒരു മനസ്സാണു. ‘ടോം’ എന്ന പേരും സവർണ ബ്രാഹ്മണിക ചിഹ്നമായ ‘ഓം’ തമ്മിലുള്ള സാദൃശ്യം കേവലം യാദൃശ്ചികമല്ല എന്നു മനസ്സിലാക്കുകയാണ് മാനവിക പക്ഷത്ത് നിൽക്കുന്ന ബുദ്ധിജീവികളായ നമ്മൾ ആദ്യം തിരിച്ചറിയേണ്ട വസ്തുത. ടോം ആന്റ് ജെറിയിലെ പല സീക്വൻസുകളിലും തന്ത്രപൂർവ്വം ഫലവർഗങ്ങൾ നിറച്ച ഡൈനിങ്ങ് ടേബിൾ ഒരാവശ്യവുമില്ലാതെ കാണിക്കുന്നുണ്ട്. അവിടെയാകട്ടെ, ഓറഞ്ച് (ഓറഞ്ചിൽ നിന്നും കാവിയിലേക്കുള്ള ദൂരം വളരെ കുറവാണു എന്നുമാന്യ വായനക്കാർക്ക് അറിയാമല്ലോ) , മുന്തിരി, ആപ്പിൾ തുടങ്ങിയ മൃദുഹൈന്ദവ ഫലങ്ങൾ നിറച്ചു വച്ചിരിക്കുന്നു. എന്തുകൊണ്ട് അവിടെ കാരക്ക, അത്തിപ്പഴം, ഞാവൽപ്പഴം,ഞൊട്ടിക്കായ തുടങ്ങിയ കീഴാള-ന്യൂനപക്ഷ പഴങ്ങൾ വക്കുന്നില്ല?? തിരക്കഥാകൃത്തിന്റെ ഹൈന്ദവവൽക്കരിക്കപ്പെട്ട മസ്തിഷ്കം നടത്തുന്ന ഗൂഡാലോചനയുടെ ഫലമാണു ഇത്തരം പേക്കൂത്തുകൾ എന്ന് തിരിച്ചറിയാൻ നാം ബുദ്ധിജീവികളെങ്കിലും ഇനിയും തയ്യാറാവണം.


സവർണതയുടെ പ്രതീകമായ ടോമിന്റെ ഭക്ഷണം അനർഹമായി തട്ടിയെടുക്കാൻ വരുന്ന ജെറിയെ ചിത്രീകരിച്ചുകൊണ്ട് അവഹേളിക്കപ്പെടുന്നതു ഇവിടത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗമാണു എന്നു നിസ്സംശയം പറയാം. അധസ്ഥിത സമൂഹം എന്നും വരേണ്യവർഗത്തിന്റെ ഔദാര്യത്തിൽ കഴിഞ്ഞുകൊള്ളണം എന്ന ഫാസിസ്റ്റ് പൊതുബോധത്തിന്റെ സൃഷ്ടിയായിട്ടേ ഇതിനെ കാണാൻ സാധിക്കൂ


എന്തിനേറെ പറയുന്നു, പാത്രസൃഷ്ടി പോലും വൈദിക വിഷമായ ‘asa ‘Tom’a sathgamaya എന്നതിൽ നിന്നാവുന്നത് അതിന്നു പിന്നിൽ പതുങ്ങിയിരിക്കുന്ന ദുർഗ്രാഹ്യമായ ആസൂത്രണത്തെ അനാവരണം ചെയ്യുന്നു. റ്റു ഹരിഹർ നഗറിൽ ന്യൂനപക്ഷ സമുദായക്കാരനായ തോമസ്കുട്ടിയെ ക്രുരനാക്കി അവതരിപ്പിച്ച മലയാളത്തിലെ സവർണ വർഗീയ ലോബിയുടെ ഇടപെടലുകളുമായി ഇതിനുള്ള സാദൃശ്യം അങ്ങനെ അവഗണിക്കാവുന്നതാണോ?

(പഴശ്ശിരാജയേയും എടച്ചേനകുങ്കനേയും ചെറുപ്പമായി അവതരിപ്പിച്ച എം.ടി ക്യാപ്റ്റൻ രാജു അവതരിപ്പിച്ച ന്യൂനപക്ഷകഥാപാത്രത്തിന്റെ മുടി നരച്ചതായാണു ചിത്രീകരിക്കുന്നതു എന്നതും ഓർക്കുക)


കേരളത്തിന്റെ പൊതുബോധം സവർണമാണെന്നിരിക്കെ, അന്താരാഷ്ട്രതലത്തിൽ കൂടി ഈ ബോധത്തെ പ്രതിഷ്ഠിക്കാനുള്ള രഞ്ജിത്, ഷാജികൈലാസ്, എം.ടി ലോബിയുടെ ഇത്തരം ശ്രമങ്ങളെ നഖശിഖാന്തം എതിർക്കേണ്ടതു ഒരു മതനിരപേക്ഷ സമൂഹം സൃഷ്ടിക്കാൻ പ്രയത്നിക്കുന്ന നമ്മളുടെ കടമയാണു

Thursday, July 29, 2010

കുടജാദ്രിയിൽ - സൌപർണികാമൃതവീചികൾ തേടി…



( ഇതൊരു യാത്രയുടെ കഥയാണു. എഴുതി ഫലിപ്പിക്കാൻ എന്നെക്കൊണ്ടാവില്ല എന്ന സത്യം ഉൾക്കൊണ്ടത് കൊണ്ട് എഴുതാൻ മടിച്ചു. പക്ഷെ എഴുതാതെ വയ്യ..ഒന്നും തിരുത്തലുകൾക്കോ വെട്ടിച്ചുരുക്കലുകൾക്കോ വിധേയമാക്കുന്നില്ല. ഇതു വരെ കേൾക്കാത്ത ഒരു പാട് ശബ്ദങ്ങൾ.. മുന്നോട്ടുള്ള കാഴ്ച്ചയെ മറച്ച് കൊണ്ട് നമ്മെ പൊതിഞ്ഞ കോടമഞ്ഞ്.. തുള്ളിക്കൊരുകുടം എന്ന പോലെ പെയ്തിരുന്ന പേമാരി.. പാദങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് തഴുകിയൊഴുകിയിരുന്ന കുഞ്ഞരുവികൾ.. നയനമനോഹരമായ പുൽമേടുകൾ...മലഞ്ചെരിവുകൾ...ഒറ്റയടിപ്പാതകൾ... ഒരു കൈ താങ്ങ് വേണ്ടി വന്ന, പരസ്പരസ്നേഹത്തിന്റെ നിമിഷങ്ങൾ...കോടമഞ്ഞിൽ കുളിച്ചു നിന്ന് താഴ്വരകൾ..മൃഗങ്ങളുടെ ശബ്ദങ്ങൾ..കുത്തനെയുള്ള കയറ്റങ്ങൾ..വഴികളിൽ പതുങ്ങിയിരുന്ന അപകടങ്ങൾ, മണ്ണിടിച്ചിൽ, ജീവൻ വച്ച് പന്താടിയ നിമിഷങ്ങൾ.. ആകസ്മികതകളുടെ കുത്തൊഴുക്കുകൾ..ഭക്തിനിർഭരമായ ദർശനം... മനസ്സുപോലെ കുത്തിയൊഴുകുന്ന സൌപർണ്ണിക... ചിന്തകളുടെ കിരണമായി സൂര്യാജി, ഗായകരായ നിമിഷങ്ങൾ... മണ്ടത്തരങ്ങൾ....തമാശകൾ..)

കുടജാദ്രി യാത്ര നിശ്ചയിച്ചതു മുതൽ വല്ലാതെ എക്സൈറ്റഡ് ആയിരുന്നു ഞാൻ. ട്രയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ഉറപ്പായതോടെ അതു അതിന്റെ മൂർദ്ധന്യത്തിലെത്തി. അവസാനനിമിഷം മൂകാംബികയിൽ നിന്നു കേട്ട വാർത്തകൾ അത്ര സുഖകരമായിരുന്നില്ല. കനത്ത മഴ മൂലം കുടജാദ്രിയിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുകയാണു എന്നാണ് കേൾക്കാൻ കഴിഞ്ഞത്. എന്റെ അമിതമായ ‘ആവേശം’ അറിയാമായിരുന്നതു കൊണ്ടായിരിക്കാം സിജീഷ് ഒരു മുൻകരുതലെന്നവണ്ണം ഒരു മെയിൽ അയച്ചു.

മൂകാമ്പികയിലേക്ക്.. (ശിവദാസ്)
അങ്ങനെ 23നു വൈകീട്ട് ഉള്ള ഓക്ക എക്സ്പ്രസ് ട്രെയിനിൽ ഞങ്ങൾ (സിജീഷ്, ഞാൻ, രാജീവ്, ശിവദാസ്, സൂരജ്) യാത്രയായി. പുലർച്ചെ എണീറ്റപ്പോൾ തീവണ്ടി എവിടെയോ പിടിച്ചിട്ടേക്കുകയാണു. കുന്ദാപുരത്തേക്കാണു ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതു. എന്നാൽ ബിണ്ടൂർ മൂകാംബിക റോഡ് സ്റ്റേഷനിൽ ഇറങ്ങുകയാണെങ്കിൽ അമ്പലത്തിലേക്ക് പോകാൻ ദൂരം വളരെ കുറവാണു എന്നറിഞ്ഞത്. ടി.ടി.ആറിന്റെ കയ്യിൽ ഒരു നൂറു രൂപ പിടിപ്പിച്ച് രാജീവ് കാര്യം സാധിച്ചു.പക്ഷെ, ഉഡുപ്പിയിൽ വീണ്ടും വണ്ടി 45 മിനിറ്റ് പിടിച്ചിട്ടു. ടി.ടിആർ ഞങ്ങളെ വേറൊരു പാസഞ്ചർ തീവണ്ടിയിൽ കയറ്റി വിട്ടു (100 രൂപയുടെ ഉപകാരസ്മരണ).

ബൈണ്ടുർ‌ സ്റ്റേഷനിൽ‌ നിന്ന് കാൽനടയായി
ഉഡുപ്പിയിൽ നിന്നും ബൈണ്ടൂർ വരെ യാത്ര ചെയ്തത് ഒരു തുക്കടാച്ചി ട്രെയിനിലായിരുന്നു.ഞങ്ങളഞ്ചുപേരും രണ്ടു ഡോറുകളിലായി സ്ഥാനം ഉറപ്പിച്ചു. കുന്ദാപുരം കഴിഞ്ഞപ്പോൾ രണ്ടു ഹിജഡകൾ കൈകൊട്ടിക്കളിയുടെ നാനോ വേർഷനുമായി പിരിവിനു വന്നു. പത്തു രൂപകൊടുത്ത് ഞങ്ങൾ തടിയൂരിയത് പുറത്തേക്ക് നോക്കി കാഴ്ചകളും കണ്ട് നിന്നിരുന്ന രാജീവ് അറിഞ്ഞില്ല. ഇവർ രാജീവിന്റെ വയറിനു നോക്ക് കൈ വച്ചൊരു കുത്ത്. വിശന്നാലും വേദനിച്ചാലും രാജീവിന്റെ കണ്ട്രോൾ പോവും. അടി വീഴാനുള്ള സമയം രാജീവിനു കൊടുക്കാതെ ഏതോ ഭാഷയിൽ തെറി വിളിച്ച് അവർ അടുത്ത കമ്പാർട്ട്മെന്റിലേക്ക് പോയി (അല്ലേലും പ്രണയത്തിനും പച്ചത്തെറിക്കും ഭാഷ ഒരു പ്രശ്നമല്ലല്ലോ).കുന്ദാപുരത്തു നിന്നു ഏകദേശം അമ്പത് കിലോമീറ്റർ ദൂരമുണ്ട് ബൈണ്ടൂർ-മൂകാംബിക റോഡ് സ്റ്റേഷനിലോട്ട്. വളരെ ചെറിയ ഒരു സ്റ്റേഷൻ. ചെന്നിറങ്ങിയപ്പോൾ തന്നെ ഓട്ടോറിക്ഷ-ടാക്സിക്കാർ യാത്രക്കാരെ കാത്ത് നിൽപ്പുണ്ടായിരുന്നു. അവിടെ നിന്നു ഒന്നര കിലോമീറ്റർ ചെന്നാൽ മൂകാംബികയിലോട്ട് ബസ് ലഭിക്കും. മുപ്പത് രൂപയാണു സാധാരണ ചാർജ്ജ്. ഞങ്ങളെ കണ്ടപ്പോൾ ഓട്ടോക്കാരൻ അമ്പത് രൂപ വേണം എന്നു പറഞ്ഞു. അമ്പത് രൂപകൊടുത്ത് ഒന്നരകിലോമീറ്റർ പോകേണ്ട എന്ന തീരുമാനത്തിന്റെ ഫലമായി ഞങ്ങൾ ബസ്സ്റ്റോപ്പിലോട്ടുള്ള വഴി ചോദിച്ചു മനസ്സിലാക്കി, നടത്തം ആരംഭിച്ചു.


അങ്ങനെ ബൈണ്ടൂരിൽ നിന്നു സോപ്പ് പെട്ടി പോലൊരു കുഞ്ഞു ബസിൽ കയറി. സീറ്റൊന്നും കിട്ടിയില്ല. അവിടെ നിന്നു 40 കിലോമീറ്റർ ദൂരമുണ്ട് മൂകാംബികയിലേക്ക്. അവിടെ വരെ നിൽക്കേണ്ടി വന്നു. മൂകാംബിക ദേവീ സന്നിധിയിൽ കാലുകുത്തിയപ്പോൾ സമയം 11. കാരേക്കട്ട് വഴിയുള്ള ബസ് (ഷിമോഗയിലേക്ക്) 12 മണിക്ക് പുറപ്പെടും എന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു. അപ്പോഴേക്കും ശക്തമായ മഴ ആരംഭിച്ചു. വേഗം ചെന്ന് എല്ലാവരും കുളിച്ച്,ഭക്ഷണം കഴിച്ച് റൂം വെക്കേറ്റ് ചെയ്ത് തിരിച്ചെത്തിയപ്പോൾ സമയം 12.15. ഞങ്ങളെ കൊണ്ട്പോവാതെ ബസ് പോയിക്കഴിഞ്ഞിരുന്നു.

അങ്ങനെ കോരിച്ചൊരിയുന്ന മഴയത്ത് ഇതികർത്തവ്യമൂഡരായി ഇനിയെന്തു ചെയ്യും എന്നതിനെക്കുറിച്ച് ആലോചനതുടങ്ങി. രണ്ട് മണിക്കാണു അടുത്ത ബസ്. എന്നാൽ അമ്പലത്തിൽ പോയി തൊഴുതുവരാം എന്ന് ശിവദാസ്, ജീപ്പ് വിളിച്ച് കാരേക്കട്ട്/നാഗോഡ് വരെ പോവാം എന്നു സിജീഷ്.. വല്ലാത്ത നിരാശയോടെ ഞാൻ.. എന്തായാലും ഭക്ഷണം പാഴ്സൽ വാങ്ങണം എന്ന് തീരുമാനിച്ച് നിൽക്കുമ്പോൾ ഒരു ബസ് അടുത്തു വന്ന് ചവിട്ടി നിർത്തി. കുടജാദ്രിയിലേക്കാണു എന്നു പറഞ്ഞപ്പോൾ കയറിക്കോളാൻപറഞ്ഞു. തിരുപ്പതിയിലോട്ടുള്ള ബസ് ആണു. ട്രിപ്പിന്റെ ഭാഗമായിട്ട് വന്നതല്ല. ഞങ്ങളല്ലാതെ വേറെ യാത്രക്കാർ ഇല്ല. പോകുന്ന വഴി ബസ് രണ്ടു തവണ മറ്റു വാഹനങ്ങളുമായി കൂട്ടി മുട്ടേണ്ടതായിരുന്നു. അമ്മാതിരി വളവും തിരിവുമാണു. നല്ല കാടാണു ചുറ്റും. ഒരു മനുഷ്യ ജീവിയില്ല. അരമണിക്കൂറത്തെ യാത്ര കഴിഞ്ഞപ്പോൾ ബസ് നിർത്തി, കണ്ടക്ടർ ഞങ്ങളോട് ഇറങ്ങിക്കോളാൻ പറഞ്ഞു.


യാത്ര തുടങ്ങുന്നു.. ദാ ഇതാണു ഞങ്ങളുടെ വഴികാട്ടി
ആവേശത്തോടെ ഇറങ്ങിയ ഞങ്ങളെ വരവേറ്റത് ‘കുടജാദ്രി -10കിലോമീറ്റർ’ എന്നെഴുതി, വച്ച ഒരു പഴയ ബോർഡ് മാത്രമായിരുന്നു. അവിടെ ഞങ്ങളല്ലാതെ വേറാരുമില്ല. നിബിഡവനത്തിനുള്ളിലേക്ക് ചൂണ്ടിയിരിക്കുന്ന ബോർഡ്… കാട്ടിനുള്ളിലേക്ക് അൽപ്പം നിരപ്പാക്കിയ (നിരപ്പൊക്കെ ആദ്യത്തെ അര കിലോമീറ്ററേ ഉള്ളൂ) വഴി.. ഞങ്ങളഞ്ചുപേർക്കും വഴി അറിയില്ല എന്നൊരു ഭാഗ്യം കൂടി ഉണ്ട്. ആ വഴിയിലേക്ക് കയറി നിന്നപ്പോൾ ഒരു നായ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. എനിക്കാണേൾ ഈ ഐറ്റത്തിനെ തീരെ ഇഷ്ടമല്ല (പേടിയാണു എന്ന് പറഞ്ഞാൽ മോശമല്ലേ).ഞങ്ങൾ അതിനെ ആട്ടിയകറ്റാൻ ശ്രമിച്ചു. നടന്നില്ല എന്നു മാത്രമല്ല, ഞങ്ങളുടെ കൂടെ, മിക്കപ്പോഴും മുന്നിട്ട്, അവൻ നടന്നു തുടങ്ങി. നിബിഡ വനത്തിന്റെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട് നടന്നു തുടങ്ങി.. അവിടെ നിന്നു തുടങ്ങിയ കനത്ത മഴ തിരിച്ച് റൂമിൽ എത്തുന്നതു വരെ ഉണ്ടായിരുന്നു. ഒരൽപ്പം നടന്നു തുടങ്ങിയപ്പോൾ തന്നെ അട്ടകൾ ആക്രമണം തുടങ്ങി. ഒന്നിനു പുറകേ ഒന്നായി എല്ലാവരുടെ കാലുകളും അട്ടകൾ വന്നു പൊതിഞ്ഞു. കൂട്ടത്തിൽ മിസ്റ്റർ.പ്ലാനർ രാജീവ് വീട്ടിൽ നിന്നു പുകയില കൊണ്ടു വന്നിരുന്നു. അതു നനച്ച് അട്ടകളെ തുടച്ച് കളഞ്ഞു. കൃത്യമായ ഇടവേളകളിൽ ഇതാവർത്തിക്കേണ്ടി വന്നു. സീസൺ അല്ലാത്തതിനാൽ ഞങ്ങളല്ലാതെ വേറാരും ഇല്ല.


മഞ്ഞു വിരിച്ച പുൽമേടുകൾ
കുടജാദ്രി വനാന്തരങ്ങളുടെ ഒരു പ്രത്യേകതയായി തോന്നിയതു വനത്തിന്റെ ഇടയിൽ ഉണ്ടാവുന്ന മനോഹയ പുൽമേടുകളാണു. നടന്ന് അൽപ്പം കഴിഞ്ഞപ്പോഴേക്കും കോടമഞ്ഞ് ഇറങ്ങിത്തുടങ്ങി. ആദ്യമൊക്കെ നേർത്ത മഞ്ഞായിരുന്നു എങ്കിൽ പിന്നീടങ്ങോട്ട് തൊട്ടുമുന്നെ നടക്കുന്ന കൂട്ടുകാരനെപ്പോലും കാണാനാവത്ത വിധം മഞ്ഞ് ശക്തമായിത്തുടങ്ങി. അപ്പോഴേക്കും കൂടെ നടന്നു കൊണ്ടിരിക്കുന്ന നായയുമായി ഞങ്ങൾ ഇണങ്ങിക്കഴിഞ്ഞിരുന്നു. ഞങ്ങൾ റസ്റ്റ് എടുക്കുമ്പോൾ അവൻ ഒരൽപ്പം ദൂരെ മാറി ഞങ്ങളെ കാത്തിരിക്കും. ഇടക്കൊക്കെ കാട്ടിലേക്കൊക്കെ പോയി തിരിച്ചു വരും. നല്ല പച്ചപ്പുല്ലു നിറഞ്ഞ പുൽമേടുകൾ മഞ്ഞുമൂടി നിൽക്കുന്ന കാഴ്ച്ച കാണേണ്ടതു തന്നെയാണു. നല്ല വിശപ്പ് തോന്നിത്തുടങ്ങിയിരുന്നു, കയ്യിലാണേൽ രണ്ടു കുപ്പി മിനറൽ വാട്ടറുണ്ട്. അങ്ങനെ അഞ്ചു കിലോമീറ്ററോളം യാത്ര ചെയ്തപ്പോൾ, ഞങ്ങൾ കേട്ടറിഞ്ഞ, വനത്തിലെ ‘മലയാളി ചായക്കട ‘ കണ്ടു.

കോതമംഗലംകാരനായ തങ്കപ്പൻ ചേട്ടന്റെയാണു ആ ചായക്കട. അവിടെ നിന്നു ഇഡ്ഡലിയും ചായയും കഴിച്ച് അൽപ്പനേരം വിശ്രമിച്ച് യാത്ര തുടർന്നു. അതിനിടെ ഞങ്ങളുടെ കൂടെ ചായക്കടയിലേക്ക് വന്ന നായയെ തങ്കപ്പൻ ചേട്ടൻ ആട്ടിയോടിച്ചു. അഭിമാനം വ്രണപ്പെട്ടതുകൊണ്ടോ എന്തോ അവനെങ്ങോട്ടോ ഓടിമറഞ്ഞു. എന്തായാലും അവനു വാങ്ങിക്കൊടുക്കാൻ നിശ്ചയിച്ച ഭക്ഷണം ഞങ്ങൾ പാഴ്സലായി വാങ്ങി കയ്യിൽ പിടിച്ചു.
അവിടന്നങ്ങോട്ട് യാത്ര ദുർഘടമായിത്തുടങ്ങുകയായിരുന്നു. വഴി മുന്നോട്ട് പോവുന്തോറും ചുരുങ്ങി ചുരുങ്ങി ഒരാൾക്ക് കഷ്ടി നടക്കാം എന്ന നിലയിലേക്ക് മാറുകയായിരുന്നു. പിന്നെ പിന്നെ വഴി തന്നെ ഇല്ലാതായി..കനത്ത മഴ മൂലം വഴി ഏതാണ്ട് നശിച്ച നിലയിലാണു. പലപ്പോഴും വെള്ളം കുത്തിയൊലിച്ച ചാലുകളായിരുന്നു വഴി. മരങ്ങളും മറ്റും വീണു വഴിയിലാകെ പ്രതിബന്ധങ്ങളൂം. കൂടാതെ വലിയകുഴികളും നീർച്ചാലുകളും. പലകയറ്റങ്ങളും കയറാൻ കാലുകൾക്ക് പുറമേ കൈകളും ഉപയോഗിക്കേണ്ടി വന്നു. ചെറിയ നീർച്ചോലകൾ ഇടക്കിടക്കുണ്ടായിരുന്നു. കനത്ത മഴയെ നിഷ്പ്രഭമാക്കിയ അതിന്റെ തണുപ്പ് ഇപ്പോഴും കാലിൽ അനുഭവിച്ചറിയാം. പിന്നെയും മനോഹരമായ പുൽമേടുകൾ.. അവിടെ നിന്നങ്ങോട്ട് ചെങ്കുത്തായ കയറ്റം ആരംഭിച്ചു. കയറുവാനുള്ള ഒറ്റയടിപ്പാത പലയിടത്തും നശിച്ചു പോയിട്ടുണ്ട്. അതിശക്തമായ കോടമഞ്ഞു. വീശിയടിച്ച കാറ്റ്..പലപ്പോഴും എന്റെ ബാലൻസ് പോവുന്നുണ്ടായിരുന്നു. ഒരു വശത്ത് താഴ്വാരം കാണാൻ സാധിക്കാത്തത്ര വലിയ കൊക്കയാണു. പാതയുടെ വശങ്ങൾ പലയിടത്തും ഇടിഞ്ഞു പോയിട്ടുണ്ട്.

സൂരജ്
കയറിയെത്തുമോ എന്ന് സംശയിച്ച നിമിഷങ്ങൾ.. സിജീഷും സൂരജും മുന്നേ പോയിട്ടുണ്ടായിരുന്നു. പക്ഷെ കനത്ത മൂടൽ മഞ്ഞ് മൂലം അവരെ കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. രാജീവ് പലപ്പോഴും കിതച്ചു കൊണ്ട് വിശ്രമിക്കുന്നുണ്ടായിരുന്നു. പുൽമേടുകൾ നിറഞ്ഞ, വളരെ ചെങ്കുത്തായ, ആകാശവും ഭൂമിയും ഒന്നിച്ചപോലെ അനുഭവപ്പെട്ട ഒരു മലയിൽ വച്ച് ശിവദാസിന്റെ കാലിൽ പേശിവലിവ് അനുഭവപ്പെട്ടു, അതിശക്തമായ വേദനയാൽ പുളഞ്ഞ അവന്റെ കാലിൽ കോളേജ് ദിനങ്ങളിലെ എൻ.എസ്.എസ് ട്രക്കിങ്ങ് ദിനങ്ങളിലെ പരിചയം ഉപയോഗിച്ചു. അവന്റെ ഭാഗ്യത്തിനു പെട്ടെന്നു തന്നെ ശരിയായി. വീണ്ടും മലകയറ്റം. മലയിറങ്ങി ഒരു കൊക്കയുടെ അരികിലൂടെ വീണ്ടും കാടിനുള്ളിലേക്ക്. പല കയറ്റങ്ങളും കയറാൻ കാട്ടുവള്ളികളുടേയും വേരുകളുടേയും സഹായം ശരിക്കും പ്രയോജനപ്പെട്ടു. പരസ്പരം കൈ കൊടുത്തും, താങ്ങ് നൽകിയും ഞങ്ങൾ മുന്നോട്ട് പോവുകയായിരുന്നു. പെട്ടെന്നായിരുന്നു ഞങ്ങളുടെ വഴികാട്ടിയായിരുന്ന നായ വീണ്ടും വന്നതു..വേഗം അവനായി കരുതിയ ഭക്ഷണപ്പൊതി അവനു കൊടുത്തു.


മഞ്ഞു പുതച്ച പാതകൾ..ഒരു വശത്ത് കൊക്കയാണു
പിന്നേയും കുറെ കയറ്റങ്ങൾ.. കാട്ടുപാതകൾ, ഇടിഞ്ഞ് വീണ വഴികൾ..പെട്ടെന്നാണു മുന്നെ നടന്നിരുന്ന സിജീഷും സൂരജും എത്തി എന്നു വിളിച്ചു പറഞ്ഞത്. അങ്ങനെ നാഗതീർത്ഥം എത്തി. അവിടെ രണ്ട് ക്ഷേത്രങ്ങളുണ്ട്. കൂടാതെ വർഷത്തിൽ 365 ദിവസവും ഭക്ഷണവും താമസവുമൊരുക്കി ഭട്ടിന്റെ ഭവനവും. ഞങ്ങളെ സ്വീകരിക്കാനായി ഭട്ട് അവിടെയുണ്ടായിരുന്നു. അവിടെയുള്ള അമ്പലത്തിൽ തൊഴുത് അദ്ദേഹത്തിന്റെ സ്ഥലത്തോട്ടു പോയി. ഒരു ചെറിയ റൂമുകളോട് കൂടിയ ഒരു ഭവനം. ഒരു കുഞ്ഞുറൂം ഞങ്ങൾക്കായി അനുവദിച്ചു. ഡ്രസ് ഒക്കെ പിഴിഞ്ഞു ഷർട്ട് ഒക്കെ ഊരിയിട്ട് വന്ന ഞങ്ങൾക്കായി ഒരു നല്ല ഊണു ഭട്ട് ഒരുക്കിയിട്ടുണ്ടായിരുന്നു. കുത്തരിയുടെ ചോറൂം ഇഞ്ചിക്കറിയും തക്കാളിക്കറിയും തോരനുമൊക്കെയായി ഒരു സ്വാദിഷ്ഠമായ ഉച്ചയൂണു.


ശിവദാസ്..
മഞ്ഞ് കൂടുതൽ കനക്കുകയായിരുന്നു. ഞങ്ങൾ നേരെ ശങ്കരാചാര്യരുടെ സർവ്വജ്ഞപീഠത്തെ ലക്ഷ്യമാക്കി നടന്നു. നല്ല ഭംഗിയുള്ള പ്രദേശം. അങ്ങനെ കളിച്ചും ചിരിച്ചും മുന്നോട്ട് പോയ്ക്കൊണ്ടിരുന്ന ഞങ്ങൾ ശിവദാസന്റെ ഉറക്കെയുള്ള ശബ്ദം കേട്ട് നിന്നു.. ഒരൽപ്പം ദൂരെയായി (ഒരു ഇരുപത് മീറ്റർ അകലം കഷ്ടി) ഒരു വലിയ കാട്ടുപോത്ത്. മഞ്ഞ് കാറ്റിൽ നേർത്തു പോയതോടെ ചിത്രം വ്യക്തമായി. ഒരു പടുകൂറ്റൻ കാട്ടുപോത്ത് ഞങ്ങളെ നോക്കിക്കൊണ്ട്..എല്ലാവരും നിശ്ചലരായി നിന്നുപോയി.. അതു ഞങ്ങളുടെ നേരെ നോക്കി മുക്രയിട്ട്, കാലുകൊണ്ട് നിലത്ത് ഒന്നു കുത്തി, കുതിക്കാൻ തയ്യാറെടുക്കുന്നു. ശരീരത്തിനൊക്കെ ഭാരമില്ലാതായ പോലെ തോന്നി. സിജീഷ് പഴ്ശിരാജാ സിനിമയിൽ മമ്മൂട്ടി ശരത്കുമാറുമായി ആയുധപരിശീലനം നടത്തുമ്പോൾ എടുത്ത സ്റ്റെപ്പിൽ കാട്ടുപോത്തിന്റെ കണ്ണുകളിൽ നോക്കി സ്റ്റെപ് എടുത്ത് നിൽക്കുന്നു. ശിവദാസ് താഴെയുള്ള ഒരു പാറക്കഷണം എടുത്തു നിൽക്കുന്നു. രാജീവിന്റെ മുഖം വിളറിയിരിക്കുന്നു. സൂരജിനു വലിയ ഭാവവ്യത്യാസമില്ല. മരണത്തെ മുന്നിൽകണ്ട നിമിഷങ്ങൾ.. അതൊന്നു മുന്നോട്ട് കുതിച്ച്, പെട്ടെന്ന് വെട്ടിത്തിരിഞ്ഞു പുറകോട്ട് കുതിച്ചു പോയി. ഞങ്ങൾ പെട്ടെന്നു തന്നെ തോഴോട്ടിറങ്ങി. വാർത്തയറിഞ്ഞപ്പോൾ അങ്ങോട്ട് ഇനി പോവണ്ട എന്നാണു ഭട്ട് പറഞ്ഞത്. ഒറ്റക്കുള്ള കാട്ടുപോത്തിന്റെ മുന്നിൽ ചെന്ന് പെട്ട് രക്ഷപ്പെട്ടത് തന്നെ ഭാഗ്യമാണത്രെ. ഒറ്റക്കാവുമ്പോൾ അത് വളരെ ആക്രമണകാരിയാവുമത്രെ. മഴക്കാലമാവുമ്പോൾ പുൽമേട്ടിൽ കൂട്ടമായി അവ പുല്ല് തിന്നാനെത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാത്രി അവിടെ താമസിക്കാനുള്ള പ്ലാൻ മാറ്റി വൈകീട്ട് തന്നെ ഞങ്ങൾ തിരിച്ചിറങ്ങാൻ തീരുമാനിച്ചു. പെട്ടെന്നു തന്നെ ഇറങ്ങിത്തുടങ്ങി. ഞങ്ങളുടെ കൂടെ ഇറങ്ങാൻ മറ്റൊരു സംഘം കൂടി ഉണ്ടായിരുന്നു. ഇറങ്ങുമ്പോൾ കൃത്യമായ ഇടവേളകളിൽ രാജീവും ശിവദാസും വീണുകൊണ്ടേയിരുന്നു. ചെരിപ്പ് ശരിയല്ലാത്തതിനാൽ ശിവദാസിനു ചെരിപ്പിടാതെ മലയിറങ്ങേണ്ടി വന്നു. ഓരോ ഇറക്കമിറങ്ങി പുറകിലോട്ട് നോക്കുമ്പോൾ ഒന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇരുട്ടും മഞ്ഞും വന്നു ഞങ്ങളുടെ കാഴ്ചകളെ മറച്ചുകളഞ്ഞു. കൂടണയുന്ന പക്ഷി മൃഗാദികളുടെ ശബ്ദം കൊണ്ട് അന്തരീക്ഷം മുഖരിതമായിരുന്നു. ഇരുട്ടിയാൽ പുലിയിറങ്ങും എന്ന തങ്കപ്പേട്ടന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നതു കൊണ്ട് ഇറക്കം മാക്സിമം സ്പീഡിലായിരുന്നു.

തങ്കപ്പേട്ടന്റെ ചായക്കട എത്തിയപ്പോഴേക്കും ശരിക്കും ഇരുട്ടി. മുന്നോട്ട് പോവുന്നത് വളരെ റിസ്കാണു എന്ന് മനസ്സിലായപ്പോൾ തങ്കപ്പേട്ടന്റെ സഹായത്തോടെ ഒരു ജീപ്പ് മൂകാമ്പികയിൽ നിന്നും വിളിച്ചു. അവിടെ ഇരുന്നു ചായകുടിച്ചു ഒന്നു വിശ്രമിച്ചപ്പോഴേക്കും ജീപ്പ് എത്തി. ജീപ്പ് ഡ്രൈവർ വരുന്ന വഴി പുലി കുറുകെ പോയി എന്നൊക്കെ തങ്കപ്പേട്ടനോട് പറയുന്നത് കേട്ടു.ശക്തമായ മൂടൽമഞ്ഞിൽ ജീപ്പിന്റെ ഹെഡ്ലൈറ്റ് പ്രയോജനരഹിതമായിരുന്നു. അദ്ദേഹം തലപുറത്തേക്കിട്ട് വളരെ സാഹസികമായാണു ജീപ്പ് ഓടിച്ചതു. അങ്ങനെ ഒരു 9 മണിയോടെ ഞങ്ങൾ മൂകാമ്പികയിലെത്തി. (ജീപ്പിനു 600 രൂപയായി) ഡ്രൈവറുടെ സഹായത്തോടെ രണ്ട് ഡബ്ബിൾ റൂം എടുത്തു. അധികം സംസാരിക്കാനൊന്നും നിൽക്കാതെ എല്ലാവരും ഉറക്കമായി.
സൂര്യാജി
പിറ്റേന്ന് പുലർച്ചെ സൌപർണികയിൽ കുളികഴിഞ്ഞ് മൂകാംബികാദേവീദർശനത്തിനു പുറപ്പെട്ടു. സൌപർണികക്ക് ഞാൻ മുന്നെ കണ്ട രൂപമായിരുന്നില്ല.. അലതല്ലി,കലങ്ങിയൊഴുകി, ഒരു വല്ലാത്ത ഭാവം..ദേവീ ദർശനത്തിനായി ഒരു മണിക്കൂറോളം നീണ്ട ക്യൂ ഉണ്ടായിരുന്നു.


അതു കഴിഞ്ഞു ഭക്ഷണം കഴിച്ച് റൂംവെക്കേറ്റ് ചെയ്ത് ഞങ്ങൾ കുന്ദാപുരം സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ബസിൽ വച്ച് ആകസ്മികമായി സൂര്യയോഗ് ആശ്രമത്തിലെ സൂര്യാജിയെ കണ്ടു. ചെറിയ ചർച്ചകൾ.. വാഗ്വാദങ്ങൾ..കുന്ദാപുരത്തിറങ്ങി ഓട്ടോറിക്ഷയിൽ സ്റ്റേഷനിലെത്തിയപ്പോഴാണു ട്രെയിൻ കൊങ്കൺ പാളത്തിൽ മണ്ണിടിച്ചിൽ മൂലം ഒരു ദിവസം ലേറ്റ് ആണെന്ന് അറിയാൻ സാധിച്ചത്. ലേറ്റായി വന്ന മറ്റൊരു ട്രെയിനിൽ ടിക്കറ്റെടുത്തു. അവിടെ അതിനു വേണ്ടിയുള്ള കാത്തിരിപ്പിൽ സൂര്യാജിയുടെ ഒരു പ്രസന്റേഷൻ കണ്ടു. പിന്നെയും ചില തർക്കങ്ങൾ..അങ്ങനെ ട്രെയിനിൽ (ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പറിൽ ഒരു യാത്ര) പാട്ടും ബഹളവുമായി തിരിച്ച് കൊച്ചിയിലോട്ട്…….



ഒരു പഴയ യാത്രാ വിവരണം : മലയാറ്റൂർ യാത്ര - ഒരു കുറിപ്പ്


സിജീഷിന്റെ കുടജാദ്രി പോസ്റ്റ് ഇവിടെ വായിക്കാം

Tuesday, June 29, 2010

എക്സ്ചേഞ്ച് ഓഫർ* ( * കണ്ടീഷൻസ് അപ്ലൈ)

അധികാരത്തിന്റെ ദണ്ഡ് പുറകിലൊളിപ്പിച്ച് അവർ, ഈശ്വരന്റെ പ്രതിനിധികൾ, ഓഫറുകൾ നിരത്തി..

“സ്വർഗവും മോക്ഷവും ശാന്തിയും തരാം. മാറ്റിയെടുക്കാനെന്തുണ്ട്?“

ഉയർത്താനറിയാത്ത തല കുനിച്ചു തന്നെ മറുപടി പറഞ്ഞു: വിശപ്പ്, അടിമത്തം, രക്തം, അസമത്വം, അവഗണന....

ഓഫർ സ്വീകരിച്ച് നടന്നകലുമ്പോൾ, പിന്നിൽ തന്റെ കൂരക്കുമീതെ, തന്റേതെന്ന് വിശ്വസിച്ചിരുന്ന ഭൂമിക്ക്മീതെ, ഇഴയുന്ന സർവ്വേ ചങ്ങലകളുടെ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.




(സിജീഷിന്റെ ‘ജപ്തി’ എന്ന മനോഹരമായ കവിത വായിച്ചപ്പോൾ‌ മനസ്സിൽ കുറെ കാലങ്ങളായി കൊണ്ടു നടന്നിരുന്ന ചിന്തകൾക്ക് ഒരു രൂപം കൈവന്നപോലെ തോന്നി.. കവി എന്നോട് ക്ഷമിക്കട്ടെ..)

Thursday, June 03, 2010

പ്രായോജകര്‍

അങ്ങനെ ആ ദിവസമെത്തി ..എന്റെ പ്രണയം അവളോട്‌ വെളിപ്പെടുത്താന്‍   തിരഞ്ഞെടുത്ത ദിവസം . അവള്‍ക്കുള്ള പ്രണയ സമ്മാനങ്ങള്‍ നിറച്ച ഭാണ്ഠത്തിന്റെ കെട്ടഴിച്ച് അവള്‍ക്കു മുന്നില്‍ വച്ചു.  ആകാശം  കാണാതെ അവള്‍ക്കു വേണ്ടി കരുതി വച്ച മയിപ്പീലി, നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ ,  ഉടഞ്ഞ വളപ്പൊട്ടുകള്‍ , എന്റെ വെള്ള മന്ദാരത്തിന്റെ പൂക്കള്‍ , കണ്ണീരിന്റെ ഉപ്പുരസമുള്ള ഒരു പിടി യാമങ്ങളുടെ ഓര്‍മ്മകള്‍ ..

അവളുടെ കണ്ണുകളിലെ ജിജ്ഞാസ നിരാശക്കും പിന്നെ അത് ദേഷ്യത്തിനും പുച്ഛത്തിനും വഴി മാറി. അവള്‍ എന്നോട് ചോദിച്ചു .


"ഇതില്‍  ആർച്ചീസിന്റെ വാലന്റൈൻ കാർഡെവിടെ?"



 

Saturday, May 22, 2010

മതമേതായാലും ..

അഞ്ചു വർഷത്തോളം നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്നതുകൊണ്ട് എണ്ണമറ്റ സൌഹൃദങ്ങൾ വിരിച്ച ഒരു പൂക്കാലം മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. യൂണിവേഴ്സിറ്റിയിലെ മറ്റു കോളേജുകളിലായി പരന്നു കിടക്കുന്ന ഒരു വലിയ സൌഹൃദവൃന്ദം എനിക്കു സമ്മാനിച്ചത് എൻ.എസ്.എസ് ക്യാമ്പുകളായിരുന്നു. ക്യാമ്പുകളോടുള്ള ഈ ആക്രാന്തം കാരണം ക്യാമ്പ് തൊഴിലാളികള്‍ എന്നാണു വിളിച്ചിരുന്നത്.

ഇന്റര്‍ യൂണിവേഴ്സിറ്റി ക്യാമ്പുകളിലെ സ്ഥിരം സാന്നിധ്യമാവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതിലെ പ്രധാനഘടകം എൻ.എസ്.എസിലെ സ്ത്രീശക്തി തന്നെയായിരുന്നു. നാടൻപാട്ടുകളും കവിതകളും മറ്റുമായി പഞ്ചാരയുടെ വിവിധതലങ്ങളിലേക്കുള്ള ഗവേഷണം വ്യാപിപ്പിക്കുന്നത്തില്‍ ഞങ്ങൾ കൊടുത്തിരുന്ന ശ്രദ്ധ പഠനത്തില്‍ ഉണ്ടായിരുന്നെങ്കില്‍ റാങ്ക് എപ്പൊ കിട്ടിയേനെ എന്നു ചോദിച്ചാല്‍ മതി ..

ക്യാമ്പുകളില്‍ നിന്നു ലഭിക്കുന്ന സൌഹൃദത്തെ നിലനിർത്തിക്കൊണ്ടു പോവുക എന്നതു ശ്രമകരമായ ജോലിയാണു. കാരണം മൊബൈൽ ഫോൺ ആണെങ്കിൽ പ്രചാരത്തിലായിട്ടില്ല. എന്റെ വീട്ടിലാണേൽ ലാന്റ് ഫോണും ഉണ്ടായിരുന്നില്ല. അതിനു കണ്ടുപിടിച്ച ഒരു പോംവഴിയായിരുന്നു പരസ്പരം കത്തുകൾ അയക്കൽ. എനിക്കു വരുന്ന കത്തുകൾ എല്ലാം അച്ഛന്റെ കയ്യിലാണു പോസ്റ്റ്മാന്‍ കൊടുക്കുക. പുള്ളി അതു എന്നെ ഏൽ‌പ്പിക്കും. കുറ്റം പറയരുതല്ലോ, അതാരുടെ ആണെന്നന്വേഷിക്കുകയോ, തുറന്നു നോക്കുകയോ പിതാജി ചെയ്തിരുന്നില്ല. അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ ഉണ്ടായിരുന്നു.

അച്ഛനും ഞാനും തമ്മിൽ സൌഹൃദത്തിന്റെ നൂല്പാലമൊന്നും ഉണ്ടായിരുന്നില്ല അന്നൊക്കെ. അത്യാവശ്യം സ്ട്രിക്റ്റ് ആയിരുന്നു. ആവശ്യത്തിലധികം ജാഡ കാണിച്ചേ പിതാജി എന്റടുത്ത് സംസാരിക്കാറുള്ളൂ (സംസാരം തന്നെ വളരെ കുറവായിരുന്നു) . അങ്ങനെ ഞങ്ങളുടെ അച്ഛനും മോനും ജാഡകൾ അതിന്റെ വഴിക്ക് പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആയിടക്കാണു വടക്കാഞ്ചേരി വ്യാസ കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് തുടങ്ങിയ കോളേജുകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും ഞങ്ങൾ പഴയ ടീം ഒരുങ്ങിക്കെട്ടി പോകാനും തോന്നിയത്. അതിന്റെ പരിണതഫലമെന്നോണം അടുത്ത രണ്ടാഴ്ചകളിൽ പോസ്റ്റ്മാൻ സ്ഥിരം വീട്ടിൽ തന്നെയായിരുന്നു.

ഒരുദിവസം ഞാൻ കോളേജ് വിട്ടു വീട്ടിൽ ചെല്ലുമ്പോൾ അമ്മ മുഖം വീർപ്പിച്ചിരിക്കുന്നു. അനിയത്തിയുടെ മുഖത്താണേൽ ‘ഫയങ്കര’ സന്തോഷം (ചെല്ല്, ചെല്ല്ല് ഇപ്പൊ കിട്ടും എന്ന ഭാവം).

അമ്മ: അച്ഛൻ വിളിക്കുന്നു

ഞാന്‍ ടെൻഷൻ അടിച്ചു വടക്കേപ്പുറത്ത് ചെല്ലുമ്പോള്‍ അവിടെ പിതാജി ഇരിക്കുന്നുണ്ട്. കയ്യിൽ ഒരു കെട്ട് കത്തും ..ഈശ്വരാ..

വിനീത കുലീനനായി അടുത്തു ചെന്നു നിന്നു. ആരും ഒന്നും മിണ്ടുന്നില്ല. അനിയത്തിയുടെ കണ്ണുകളിൽ അക്ഷമ..

പിതാജി (ഗാംഭീര്യത്തിൽ): നിനക്ക് പതിനെട്ടു വയസ്സു കഴിഞ്ഞു ..


മോൻ-ജി (ആ‍ത്മഗതം) : അച്ഛാ , എനിക്കിപ്പോ കല്ല്യാണം വേണ്ട, ഒന്നു രണ്ടു മാസം കഴിഞ്ഞു നോക്ക്യാൽ മതി…(വിനയം കൊണ്ട് തലകുനിക്കുന്നു)

പിതാജി തുടരുന്നു: കാര്യങ്ങളെ തിരിച്ചറിയാനുള്ള ബോധമൊക്കെയായി.. നീ ആരെ ഇഷ്ടപ്പെടണം എന്നതൊക്കെ നിന്റെ കാര്യമാണു. അതിനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്.


മോൻ-ജി (ആ‍ത്മഗതം) : മോനേ, മനസ്സിലൊരു ലഢു പൊട്ടി!!!

പിതാജി തുടരുന്നു: കുട്ടിയുടെ മതവും ജാതിയും സാമ്പത്തിക സ്ഥിതിയും ഒന്നും എനിക്കൊരു പ്രശ്നമല്ല

മോൻ-ജി (ആ‍ത്മഗതം): മോനേ മനസ്സിൽ രണ്ടാമതും ലഡ്ഡു പൊട്ടീ !! (കുനിഞ്ഞ തല പൊക്കുന്നു)

പിതാജി :പക്ഷെ എനിക്കൊരു കണ്ടീഷൻ ഉണ്ട്..

ടെൻഷൻ!! ടെൻഷൻ!! കുനിക്കണോ ഉയർത്തിപ്പിടിക്കണോ എന്നറിയാതെ തല വിയർക്കുന്നു.

പിതാജി തുടരുന്നു (ട്രെബിൾ കുറച്ചു ബാസ്കൂട്ടുന്നു) : കുട്ടിയുടെ മതവും ജാതിയും സാമ്പത്തിക സ്ഥിതിയും ഒന്നും എനിക്കൊരു പ്രശ്നമല്ല..പക്ഷെ പെൺകുട്ടി നായരായിരിക്കണം..



അതുകഴിഞ്ഞ് ഇത്രയും വർഷമായിട്ടും ആ സന്ദർഭത്തിൽ ഞാൻ ചിരിക്കണമായിരുന്നോ കരയണമായിരുന്നോ എന്ന് ഇതു വരെയും ഒരു തീരുമാനത്തിലെത്താൻ സാധിച്ചട്ടില്ല.

Sunday, May 16, 2010

ചിത്രകാരനു സ്നേഹപൂർവ്വം

തീക്ഷ്ണതയുള്ള അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുക്കുന്ന അഭിപ്രാ‍യങ്ങൾക്ക് രൂക്ഷതയേറും. പക്ഷെ സത്യസന്ധതയുടെ മാറ്റുണ്ടായിരിക്കുകയും ചെയ്യും. അത്തരമൊരു ഗണത്തിലാണു അങ്ങയുടെ അഭിപ്രായങ്ങളെ ഞാൻ വിലവക്കുന്നതു. ആശയസ്വാതന്ത്ര്യത്തിന്റെ അനുപമമായ നിലനിൽ‌പ്പിനുവേണ്ടി താങ്കൾ പലപ്പോഴും നടത്തുന്ന വാദപ്രതിവാദങ്ങളും, സംവാദങ്ങളും ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. പക്ഷെ ഇവിടെ താങ്കൾ എന്നെ ഒരുപാട് നിരാശപ്പെടുത്തിഎന്നെ മാത്രമല്ല, ആദർശം ആമാശയപൂരണത്തിനുള്ള മാർഗമായി മാറ്റാനാഗ്രഹിക്കാത്ത മറ്റു പലരേയും

ഇവിടെ അങ്ങ് “ഷൈനെ” മഹത്വവൽക്കരിക്കാനൊരു ശ്രമം നടത്തുമ്പോൾ മനസ്സിലുയരുന്ന ചോദ്യം വളരെ നിസ്സാരമാണു.. “ആവിഷ്കാരസ്വാതന്ത്ര്യം” എന്നതിനെ ഒരു വേശ്യയുടെ വിഴുപ്പാക്കി മാറ്റേണ്ടതുണ്ടായിരുന്നോ??
  • ·         ഷൈൻ ഉപയോഗിച്ചതു “ജോർജ്ജ് ജോസഫ്” എന്ന കള്ളപ്പേരാണു.
  • ·         ഒരു കൃസ്ത്യൻ നാമം ഉപയോഗിച്ച് ഇത്തരം നടപടികൾക്കദ്ദേഹം മുതിർന്നതു ചരിത്രത്തോടുള്ള ഒടുങ്ങാത്ത സ്നേഹം കൊണ്ടായിരിക്കും!!!
  • ·         മതങ്ങളെ തമ്മിൽ തല്ലിച്ചു ചോരക്കുടിക്കാനിറങ്ങിയ ഒരു “പെയ്ഡ്” കൂട്ടിക്കൊടുപ്പുകാരൻ എന്നതിലുപരിയായി ഇതിലെവിടാ ചിത്രകാരാ അ’ഫി’മാനിക്കത്തക്ക നേട്ടം
  • ·         തീർന്നില്ല, മറ്റൊരു വ്യക്തിയുടെ ചിത്രം തന്നെ ഉപയോഗിച്ചു ഈ കലാപരിപാടി തുടർന്നു. ഇവിടെയും അങ്ങേക്കൊരു തെറ്റും കാണാൻ സാധിക്കുന്നില്ല
  • ·         പിന്നീടദ്ദേഹം “ഹോളി ക്രോസ്” ഉപയോഗിച്ചു
  • ·         റിട്ടയേഡ് ടീച്ചർ എന്ന വ്യാജ ലേബലിൽ ആ പ്രൊഫഷനെ മനപ്പൂർവ്വം കരിവാരിത്തേച്ചു
  • ·         അതിലും ഭീകരമായതു, ഇദ്ദേഹം കൃസ്ത്യനാണെന്നു തെറ്റിദ്ധരിച്ചു പല ബ്ലോഗേഴ്സും ചെളിവാരിയെറിയുന്ന നിലയിലേക്കെത്തി. അക്കാലത്തെ ചിലബ്ലോഗ്ഗ് പോസ്റ്റുകളിൽ കണ്ട കമന്റുകൾ വേദനാജനകം തന്നെയായിരുന്നു. എന്തേ അങ്ങയുടെ അഭിമാനഭാജനം ഇവിടെ തെറ്റിദ്ധാരണ നീക്കിയില്ല?
ഇതിൽ നിന്നൊക്കെ എന്താണു മനസ്സിലാക്കേണ്ടതു? എൽ.എൽ.ബി ബിരുധധാരിയായ അദ്ദേഹം “ഹൈന്ദവസവർണഫാസിസത്തിന്റെ” ക്രൂരതകൾ പൊതുജനങ്ങൾക്ക് മനസ്സിലാവുന്നതിനു വേണ്ടി ചെയ്ത ഒരു ത്യാഗമായിരുന്നെന്നോ ഈ “കൃസ്ത്യൻ പ്രച്ഛന്നവേഷം”??
ചിത്രകാര, ഇദ്ദേഹം പറഞ്ഞതെല്ലാം അങ്ങ് അങ്ങയുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയായിരുന്നെങ്കിൽ, അതിലെ ചരിത്രവസ്തുതകളെ (ഉണ്ടെങ്കിൽ) തെളിയിക്കാനുള്ള അങ്ങയുടെ ശ്രമത്തിൽ കൂടെ നിൽക്കാൻ ഞാനും ഉണ്ടാകുമായിരുന്നു..കാരണം വ്യക്തികൾക്ക് മാത്രമല്ല ആവിഷ്കാരത്തിനും തന്ത വേണം ചിത്രകാരാ..തന്തയെ അറിയാത്തതുകൊണ്ട് വേറൊരു യോഗ്യനെ ചൂണ്ടിക്കാട്ടി മേനി പറയുന്നതാവരുത് ആവിഷ്കാരത്തിന്റെ ഉത്തുംഗത.

ഇവിടെ ബ്ലോഗിലെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ നായകസ്ഥാനത്തു നിന്നിരുന്ന താങ്കൾ അമിതാവേശത്താൽ മറ്റൊരു കാര്യം മനപ്പൂർവ്വമോ അല്ലാതെയോ മനോഹരമായി അവഗണിച്ചു. “റിട്ടയേഡ് ടീച്ചർ” ബ്ലോഗിലെ മിനിമം മാന്യതയയായ കമന്റ് ഇട്ടു പ്രതികരിക്കാനുള്ള ജനാധിപത്യപരമായ അവകാശം പോലും വായനക്കാർക്ക് നിഷേധിച്ചു. ഇവിടെയെന്തേ അങ്ങയുടെ രക്തം തിളച്ചില്ല?
സവർണത ശക്തമായി പ്രതിരോധിച്ചേ പറ്റൂ.അതൊരു മനസ്സാണു എന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാവണം അതിനെതിരെയുള്ള പ്രതിപ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതു. ഇന്നത്തെ ദളിത് രാഷ്ട്രീയം മതമൌലികവാദസംഘടനകളാൽ ഹൈജാക്ക് ചെയ്യപ്പെടുമ്പോൾ ആത്മാർത്ഥതയിൽ ചാലിച്ച ഒരു ശബ്ദമെങ്കിലും ഉണ്ടാകുന്നത് താങ്കളിൽ നിന്നാണു. മതതീവ്രവാദസംഘടനകളുടെ എച്ചിൽക്കഷണങ്ങൾക്കു വേണ്ടി വായും തുറന്നു ഓലിയിട്ട് യജമാനസ്നേഹം കാണിക്കുന്ന സത്വവ്യഭിചാരികൾക്കിടയിൽ താങ്കൾ വേറിട്ടു നിൽക്കുന്നു. ഒന്നുമാത്രം, സവർണത മാത്രമല്ല സാർ ആശയവ്യഭിചാരവും മാനസികരോഗം തന്നെയാണു.

സ്നേഹപൂർവ്വം, അതിലേറെ ബഹുമാനത്തോടെ,
അനുജൻ,
പ്രവീൺ വട്ടപ്പറമ്പത്ത്

====================

ചിത്രകാരന്റെ പോസ്റ്റ് : ബ്ലോഗർ ഷൈനു അഭിവാദ്യങ്ങൾ

Friday, April 02, 2010

ദൈവനിഷേധി !!!

എനിക്ക് ഈയിടെയായി തീരെ ഭക്തി ഇല്ലത്രെ !!! ഭക്തി ഇല്ലാത്തതും പോരാ, ഞാൻ ഈശ്വരന്മാരെ നിന്ദിക്കുകയും ചെയ്യുന്നത്രെ!!! 

ഈ ‘ഫയങ്കര’ കണ്ടുപിടുത്തങ്ങൾ നടത്തിയത് എന്റെ അമ്മയാണു. കാരണം കേൾക്കണ്ടേ.. ഒരുദിവസം വീട്ടീലിരുന്ന് അമ്മ ടി.വി കണ്ടുകൊണ്ടിരിക്കുമ്പോൾ ‘ഭക്തസീരിയൽ‘ സമയത്ത് ഞാൻ ചാനലൊന്നു മാറ്റി. അതിന്റെ പ്രതികരണങ്ങളാണു മുകളിൽ കൊടുത്തവ.

ഈശ്വരന്മാരെ വിഡ്ഡിപ്പെട്ടിക്കുള്ളിലേക്കു ആവാഹിച്ചു മൊത്തമായും ചില്ലറയായും വിൽക്കുന്ന ചാനൽ ചേട്ടന്മാർ പണിതരുന്നത് എന്നെ പോലെ ആഴ്ചയിലൊരിക്കൽ വീട്ടിലെത്തുന്ന ‘മൈക്രോ പ്രവാസികൾക്കാണ് ’. ഒറിജിനൽ പ്രവാസികളേ നിങ്ങളോടെനിക്കു അസൂയ തോന്നുന്നു, കാരണം നിങ്ങൾ രഞ്ജിനി,ശാലുമേനാദി (മൂ)‘തേവി’കളാൽ ‘നിഷേധിപ്പട്ടം’ വാങ്ങേണ്ടി വരുന്നില്ലല്ലോ.. (പോയി പോയി അമ്പലത്തിലെ വിഗ്രഹത്തിനു സീരിയൽദൈവങ്ങളുടെ അത്ര ഗ്ലാമറില്ല എന്നു പറയുമോ എന്തോ)

ഈ ഈശ്വരന്മാർ എനിക്കു ഉണ്ടാക്കുന്ന നഷ്ടമൊരുപാടാണു. മുറ്റത്ത് നിൽക്കുന്ന പാരിജാതത്തെ തഴുകിയെത്തുന്ന ഇളം കാറ്റിന്റെ സുഗന്ധവുമാസ്വദിച്ചു കിഴക്കെ ഇറയത്ത് അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുള്ള പരദൂഷണ സദസ്സുകൾ..മഴക്കാലമാണെങ്കിൽ പറമ്പിലെ കുളത്തിലും അരികെയുള്ള പാടത്തിലുമായി പോക്രോം പോക്രോം ബഹളങ്ങളും ശ്രദ്ധിച്ചുള്ള ആ കിടപ്പിൽ നാട്ടിലെ ഒരാഴ്ച്ചത്തെ വിശേഷങ്ങൾ മുഴുവൻ അമ്മ പറയും.. തിരക്കുപിടിച്ച മറ്റുദിവസങ്ങളുടെ നീരാളിപ്പിടിയിൽ നിന്ന് ഈ സായഹ്നങ്ങൾ എനിക്ക് തന്നിരുന്ന ആശ്വാസം… അതൊക്കെ ഇന്നെനിക്ക് നഷ്ടമായി..എന്തായാലും പുസ്തകങ്ങളുടെ ലോകത്തേക്കൊരു മടക്കയാത്രയ്ക്ക് സീരിയലുകൾ വഴിയൊക്കി എന്നതാണൊരു മെച്ചം.

‘ഓ പെൺകുട്ടി സോഫീടത്ര പോരാ.‘ ഒരു കല്ല്യാണം കൂടി വന്ന അമ്മയുടെ ഒരു കമന്റാണു. ഈ ‘സോഫി’ ഒരു പ്രധാനസീരിയൽ കഥാപാത്രമാണു. പോയി പോയി ഇന്നു വീട്ടിൽ ഒരു ദിവസം കഴിച്ചു കൂട്ടണമെങ്കിൽ അത്യാവശ്യം ‘മാനസപുത്രിയിലേയും’ ‘പാരിജാതത്തിലേയും’ കഥാപാത്രങ്ങളെക്കുറിച്ച് അറിയണം എന്ന അവസ്ഥ. സോഫിയും (അതിന്റെ പേരറിഞ്ഞൂടാ) രഞ്ജിനിയും (അമ്മേ, ആ ഫോർവേർഡ് മെയിലെങ്ങനെ കാണിച്ചു തരും) ഒക്കെ ഒരു കുടുംബത്തിലെ വിഗ്രഹവൽക്കരിക്കപ്പെട്ട കഥാപാത്രങ്ങളാവുകയും ചെയ്യുമ്പോൾ, ധർമ്മസങ്കടത്തിലാവുന്നത് പാവം എന്നെപ്പോലുള്ളവരാണു.

എല്ലാവിധ സീരിയൽ ദൈവങ്ങളോടും ഉള്ള എന്റെ ശക്തമായ പ്രതിഷേധം കാരണം ഞാനൊരു പുസ്തകം വാങ്ങി..’നാസ്തികനായ ദൈവം’ (ശ്രീ സുശീൽകുമാർ ചേട്ടനാണു അതിനെ കുറിച്ചു പറഞ്ഞത്). ഇനി അതൊന്നു വായിക്കണം..അതിനു മുമ്പ് വായിച്ചു കൊണ്ടിരിക്കുന്ന ‘വേദാന്തപരിഭാഷ’ മുഴുവനാക്കണം…എന്നിട്ടൊന്നു വീട്ടിനു മുന്നിൽ ചെന്നു നിന്നു നാലു മുദ്രാവാക്യം വിളിക്കണം..ഹല്ല പിന്നെ, എന്റടുത്താ കളി..

Saturday, March 27, 2010

ആശുപത്രിക്കിടക്കയിൽ നിന്നൊരു പോസ്റ്റ്

ആശുപത്രിക്കിടക്കയിൽ കിടന്നൊരു പോസ്റ്റ് എഴുതാനുള്ള ഒരു ‘ഭാഗ്യം’.. അതെന്തായാലും അപൂർവ്വമായിരിക്കും.. എന്റൊരുകാര്യം


ഇന്നു രാവിലെ തൃശ്ശൂർക്കു പോവേണ്ടി വന്നു. എന്റെ അനിയനു വേണ്ടി ഒരു ബൈക്ക് ബുക്കു ചെയ്യാൻ വേണ്ടി ഇറങ്ങിയതാ..അങ്ങനെ തിരിച്ചു വരുന്ന വഴി ഒളരിയിൽ വച്ച് ഒരു ബൈക്കുകാ‍രൻ വട്ടം ചാടി. തരക്കേടില്ലാത്ത രീതിയിൽ ഒരു ആക്സിഡന്റ്.. വണ്ടി ഓടിച്ചിരുന്നതു ഞാനായിരുന്നു..വന്നിടിച്ച ചേട്ടൻ ഇന്നു സൌദിയിലേക്കു തിരിച്ചു പോവേണ്ടവനാണു. എനിക്കു പിന്നെ ഓർമ്മ വരുമ്പോൾ ഞാൻ ഒളരി മദർ ഹോസ്പിറ്റലിന്റെ ഓപേറേഷൻ കാഷ്വാലിറ്റിയിലാണു. മുഖത്തുള്ള ഒരു ഏരിയ (ഇടത്തെ കണ്ണിനു താഴെ) റോഡിലെവിടെയോ പോയിട്ടുണ്ട്. വലതു കാലിൽ സൈലൻസർ തട്ടി പൊള്ളി, മുട്ട്, തുട തുടങ്ങിയ കുറച്ച് സ്ഥലങ്ങളിൽ തരക്കേടില്ലാതെ പെയിന്റ് പോയിട്ടുണ്ട്.. ആ പിന്നെ എന്റെ ബൈക്ക്, അതിനി മിക്കവാറും വാരിക്കൂട്ടി തൂക്കി വിൽക്കാം എന്നാണു അറിയാൻ കഴിഞ്ഞത്.

വന്ന അരമണിക്കൂറിനുള്ളിൽ ഒരു മുഖത്ത് ചെറിയ സർജ്ജറി നടത്തി. അനിയനു നെറ്റിയിൽ സ്റ്റിച്ച് ഇടേണ്ടി വന്നു.


കേസാക്കിയില്ല. കാരണം അദ്ദേഹത്തിനു പിന്നെ ഇന്നു തിരിച്ചു പോവാൻ പറ്റില്ല. നല്ലൊരു മനുഷ്യൻ.. കുടുംബത്തിന്റെ പ്രാരാബ്ദം കാരണം നാടുവിടാൻ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ ഭാഗ്യത്തിനു ഒരു പോറൽ പോലും പറ്റിയിട്ടില്ല. യാത്രപോകേണ്ടതിന്റെ ടെൻഷൻ കാരണം മനസ്സ് ശരിയല്ലാതിരുന്നതു കൊണ്ട് സംഭവിച്ച അബദ്ധമായിരുന്നു എന്നാണു അദ്ദേഹത്തിന്റെ വിശദീകരണം. ഇന്നു പത്തുമണിയുടെ ഫ്ലൈറ്റിൽ അദ്ദേഹം സൌദിയിലേക്കു പറക്കും..എന്റെ എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളും..അദ്ദേഹം അനിയനെ ഏർപ്പാടാക്കിയിട്ടുണ്ട് ഇവിടത്തെ കാര്യങ്ങൾ ശ്രദ്ധിക്കാൻ..


മുഖത്തു നീരുള്ളതു കൊണ്ട് സംസാരിക്കരുത് എന്ന ഡോക്ടറുടെ കർശന നിർദ്ദേശം നിലനിൽക്കുന്നത് കൊണ്ട് ആകെ ഒരു വീർപ്പുമുട്ടൽ..അമ്മ വന്നപ്പോൾ ലാപ് കൊണ്ട് വന്നു..എന്നാപിന്നെ ഒന്നു പോസ്റ്റിക്കളയാം

ഒരു മൂന്നു ദിവസം ചിലപ്പോൾ കിടക്കേണ്ടി വരും…ഭയങ്കരബോറാ..ഇടക്കിടക്ക് നഴ്സുമാർ വന്നെടുക്കുന്ന ഇഞ്ചക്ഷൻ അതിലും ബോറാ..അപ്പോൾ ഗുഡ്നൈറ്റ്

Monday, March 01, 2010

അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും


(ഒരു ഫോർവേഡ് എസ്.എം.എസ്..)


പ്രശസ്ത എഴുത്തുകാരനും ചിന്തകനും പ്രാസംഗികനുമായ കത്തനാർ അഴുതക്കോട് സച്ചിന്റെ ഡബിൾ സെഞ്ച്വറിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നു…


"ഇതൊന്നും വലിയകാര്യമല്ല.. ഇദ്ദേഹം അമ്പതോവർ ബാറ്റ് ചെയ്തിട്ടാണു 200 അടിച്ചതു..യുവരക്തങ്ങൾക്ക് കളിക്കാൻ അവസരം കിട്ടിയില്ല. 37 വയസ്സായി, എന്നിട്ടും ഹെൽമറ്റ് വച്ചിട്ടാണു കളിക്കുന്നതു. ഹെൽമറ്റ് വച്ചാൽ എനിക്കും കളിക്കാൻ പറ്റും.ബൂസ്റ്റിന്റെ പരസ്യത്തിൽ എന്നെയും വിളിച്ചതാ.. പക്ഷെ പോയില്ല. എന്തു തന്നെയായാലും സച്ചിൻ ഹോക്കിയിൽ നിന്നു വിരമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.”
  
(ഈ കഥാപാത്രത്തിനു ജീവിച്ചിരിക്കുന്നവരുമായോ ‘ശവം‘ പോലെ ജീവിച്ചു കൊണ്ടിരിക്കുന്നവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അതു യാദൃശ്ചികം മാത്രം..അമ്മച്ചിയാണെ സത്യം..)

Sunday, February 07, 2010

കീഴാള വർഗം എന്നൊന്നുണ്ടെങ്കിൽ ഞാൻ അതിൽ ഉൾപ്പെടുന്നു...


വായനയുടെ ലോകത്ത് കൂടിയ്യുള്ള അലച്ചിലിൽ മനസ്സിനെ ഒരുപാട് പിടിച്ചു കുലുക്കിയ പുസ്തകങ്ങളുണ്ട്..ജീവിതത്തെ പാകപ്പെടുത്തിയെടുക്കാൻ എന്നെ സഹായിച്ച വ്യക്തിത്വങ്ങളുണ്ട്.. ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ചിന്താശകലങ്ങളുണ്ട്.. അത്തരത്തിൽ ഒരുപാട് സ്വാധീനിച്ച ഒരു പ്രസംഗം ഇവിടെ പങ്കുവക്കട്ടെ..മാക് ആർതറും, റൂസ് വെൽറ്റും അംബേദ്കറും മാർട്ടിൻ ലൂതർകിങ്ങുമടങ്ങുന്ന മഹാരഥന്മാരുടെ മുന്നിൽ അത്രയൊന്നും അറിയപ്പെടാത്ത ഒരു യൂജിൻ വി ഡെബ്സിന്റെ പ്രസംഗത്തിൽ എന്താണിത്ര പ്രത്യേകത എന്നു ചോദിച്ചാൽ, അറിഞ്ഞുകൂടാ.. പക്ഷെ ഓരോ വരികളും എന്നിലൊരുപാട് ഒരുപാട് ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്.

 (ആദ്യമായി നടത്തുന്ന ഒരു വിവർത്തനശ്രമത്തിന്റേതായ എല്ലാപോരായ്മകളും ഇതിലുണ്ട്..ക്ഷമിക്കുക)

(യൂജിൻ വി ഡെബ്സ് - അമേരിക്കയിലെ തൊഴിലാളി നേതാവ് (1855-1920) അമേരിക്കൻ അപ്പീൽ എന്ന മാഗസിന്റെ എഡിറ്റർ, ലേഖകൻ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വാൾസ് ഏന്റ് ബാർസ് എന്ന പുസ്തകത്തിന്റെ രചയിതാവാണ്.)

ഒന്നാം ലോകമഹായുദ്ധത്തിനെ എതിർത്തതിനാൽ അറസ്റ്റ് വരിക്കപ്പെട്ടതിനെത്തുടർന്ന് 1918 സെപ്റ്റമ്പർ പതിനാലിന് ക്ലൈവ് ലാന്റ് കോടതിയിൽ നടത്തിയ പ്രസംഗം


ആദരണീയ നീതിപീഠമേ, എന്റെ സ്ഥാനം ഭൂമിയിലെ ഏറ്റവും അധസ്ഥിതരിൽ നിന്നും ഒരു വ്യത്യാസവുമില്ല എന്നു വർഷങ്ങൾക്കു മുൻപേ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അതു തന്നെ ഞാൻ വീണ്ടും പറയട്ടെ, കീഴാളവർഗം എന്നൊന്നീ ഭൂമുഖത്ത് ഉണ്ടെങ്കിൽ ഞാൻ അതിൽപ്പെടുന്നു. കുറ്റകരമായ ഒരു ഘടകം എന്നൊന്നിവിടെ ഉണ്ടെങ്കിൽ ഞാൻ ഘടകത്തിന്റേതാണു. അടഞ്ഞുകിടക്കുന്ന കാരാഗൃഹത്തിൽ ബന്ധനസ്ഥനായി ഒരാത്മാവെങ്കിലും ഉണ്ടെങ്കിൽ ഞാൻ സ്വതന്ത്രനല്ല.
ഇവിടെ നിൽക്കുമ്പോൾ എനിക്കെന്റെ ബാല്യകാലമാണു ഓർമ്മ വരുന്നത്. ഭൂതകാലത്തിലെ കഷ്ടപ്പാടുകളും പരാധീനതകളും എന്റെ ഓർമ്മയിൽ നിറയുകയാണു.പതിനാലാം വയസ്സിൽ റെയിൽ റോഡ് പണിക്കാരനായും പതിനാറാം വയസ്സിൽ കൽക്കരി കത്തിക്കുന്ന ജോലിക്കാരനായും പണിയെടുത്തു. അന്നുമുതൽ ഇതാ നിമിഷം വരെ ഞാൻ അദ്ധ്വാനിക്കുന്ന തൊഴിലാളികളോടൊപ്പമാണു. കുറച്ചു കാലം മുന്നെ നിയമനിർമ്മാണ സഭയിൽ ഉണ്ടായിരുന്ന ഞാൻ ഇന്നു തടവിലാക്കപ്പെട്ടിരിക്കുകയാണ്.
എന്റെ ചിന്തകൾ വ്യവസായശാലകളിലും മറ്റു പണിശാലകളിലും ഖനികളിലും ഒക്കെ ഉള്ള മനുഷ്യരെക്കുറിച്ചാണ് പുലരിയിൽ ഇവിടെ നിൽക്കുമ്പോൾ അന്നന്നത്തെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ നിസ്സാരമായ കൂലിക്കു പണിയെടുക്കേണ്ടി വരുന്ന സ്ത്രീകളെക്കുറിച്ചു ഞാൻ ചിന്തിക്കുകയാണ്. ഈ സാമൂഹികവ്യവസ്ഥിതികളാൽ നശിപ്പിക്കപ്പെട്ട ബാല്യവുമായി കാരുണ്യമില്ലാത്ത മുതലാളിത്വത്താൽ മരവിക്കപ്പെട്ട്,പണിശാലകളിലെ ഭീകരയന്ത്രങ്ങൾക്കു ഭക്ഷണമായി, സ്വന്തം ശരീരവും ആത്മാവും മരവിച്ചു മുന്നോട്ട് പോവുന്ന കുരുന്നുകളെപറ്റി ഞാൻ ചിന്തിക്കുകയാണ്.ഈ ഇരുപതാം നൂറ്റാണ്ടിലെ കൃസ്ത്യൻ നാഗരികതയുടെ  ഉച്ചസ്ഥായിയിലും ചോരയേക്കാളും വിയർപ്പിനെക്കാളും പണത്തിനാണു പ്രാമുഖ്യം എന്ന യാഥാർത്ഥ്യം കൊണ്ടാണു ഈ കുഞ്ഞുങ്ങളുടെ ജീവിതം മുരടിച്ചു  അവർ രോഗികളായിത്തീരുന്നതു എന്നു ഞാൻ മനസ്സിലാക്കുന്നു. ബന്ധങ്ങൾ എല്ലാം നിർദ്ദയമായ നിയമങ്ങളാൽ തകർത്തെറിയപ്പെട്ടിരിക്കുകയാണ്.

അസംസ്കൃതവസ്തുക്കളാ സമ്പന്നമായ രാജ്യത്ത് മെച്ചപ്പെട്ട സാമഗ്രികളും ഉത്പാദനക്ഷമതയുള്ള തൊഴിലാളികളും ഉണ്ട്. എന്നിട്ടും ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളും ഇന്നും പട്ടിണിയുടെ പിടിയിലാണെങ്കിൽ, അവരുടെ ജീവിതം മുഴുവൻ ദുരിതപൂർണമാണെങ്കിൽ, അവസാനം അവർക്ക് മരണത്തിൽ അഭയം പ്രാപിക്കേണ്ടിവരുന്നുവെങ്കിൽ, അവർക്ക് സ്വപ്നങ്ങളില്ലാത്ത ഉറക്കമേ വിധിക്കപ്പെടുന്നുവെങ്കിൽ, അതെല്ലാം സർവ്വേശ്വരന്റെ കുറ്റമല്ല. അങ്ങിനെ അതു പ്രകൃതിനിയമങ്ങളുൾക്കു വിട്ടുകൊടുക്കാനുമാവില്ല. തൊഴിലാളിതാല്പര്യങ്ങളെ മാത്രമല്ല, മാനവികമൂല്യങ്ങളെ മുഴുവൻ തുടച്ചുനീക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുന്ന യാഥാസ്ഥിതിക സാമൂഹ്യവ്യവസ്ഥിതി മാത്രമാണു ദുരവസ്ഥക്കു കാരണം.
രാജ്യത്തിനുള്ളിലെ വ്യവസായങ്ങളെ മുഴുവൻ സംരക്ഷിക്കേണ്ടതും നിയന്ത്രിക്കേണ്ടതും ഇവിടത്തെ ഭരണവ്യവസ്ഥ തന്നെയാണു എന്ന് തന്നെയാണു എന്റേയും അഭിപ്രായം. എല്ലാവർക്കും ആവശ്യമുള്ളതായ എല്ലാവസ്തുക്കളും അവകാശം എല്ലാവരിലും ഒരുപോലെ നിക്ഷിപ്തമാണ്.അതു ജനാധിപത്യപരമായി വിനിയോഗിക്കപ്പെടേണ്ടതാണു. അല്ലാതെ, ഒരു ന്യൂനപക്ഷം അതു സ്വകാര്യസ്വത്തായി ഉപയോഗിക്കുന്നതു തീർച്ചയായും തടയേണ്ടതാണ്.

ഒന്നുമില്ല്ലാത്ത ഒരുവനു കോടിക്കണക്കിനു ഡോളർ സമ്പാദിച്ച് ധനികനാവുന്നതിനോടൊപ്പം ആയിരക്കണക്കിനു വരുന്ന ജനങ്ങൾ അവരുടെ ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ചാലും ദുരിതപൂർണമായ ജീവിതം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുവാനും കളമൊരുക്കുന്ന ഇന്നത്തെ സാമുഹ്യക്രമത്തെ ഞാൻ നിരുപാധികം എതിർക്കുന്നു. എന്റെ പരിശ്രമങ്ങളുടെ ബലഹീനതകൾ ഞാൻ തിരിച്ചറിയുന്നതോടൊപ്പം വ്യവസ്ഥ എല്ലാക്കാലവും നിലനിൽക്കുകയില്ല എന്നും ഞാൻ ഓർമ്മിപ്പിക്കട്ടെ. ഞാൻ ഒറ്റക്കല്ല, ജനതക്കു സംസ്കാരസമ്പന്നമായ ജീവിതം ഒരുക്കിക്കൊടുക്കണമെങ്കിൽ കൂട്ടായ പരിശ്രമം വേണമെന്നു തിരിച്ചറിഞ്ഞ അനേകായിരം പേർ ഇന്നെന്റെയൊപ്പമുണ്ട്. ഒരു പൊതുവായ ലക്ഷ്യത്തിനു വേണ്ടി സമർപ്പണത്തോടെ പരിശ്രമിക്കുന്ന ആറുകോടിയിലേറെവരുന്ന സമത്വവാദികൾ ഇന്നുണ്ട്പുതിയ സാമൂഹ്യവ്യവസ്ഥിതിയുടെ സന്ദേശം അവർ തളരാതെ പ്രചരിപ്പിക്കുന്നു.ന്യൂനപക്ഷമാണെങ്കിലും പകലും രാത്രിയും അവർ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. അനുഭവങ്ങളിലൂടെ അവസ്ഥയെ നേരിടേണ്ടതെങ്ങിനെ എന്നറിയാവുന്നവരാണവർ..അവർക്കറിയാം ഒരു ശുഭകരമായ പുതുയുഗത്തിന്റെ കാഹളം അടുത്തിരിക്കുകയാണെന്ന്. എല്ലാവിധത്തിലുള്ള പ്രതിബന്ധങ്ങളേയും തകർത്തെറിഞ്ഞുകൊണ്ട്, ക്രിയാത്മക ന്യൂനപക്ഷം ബഹുഭൂരിപക്ഷമായി മാറുമ്പോൾ, അധികാരശക്തിയായി പരിണാമം സംഭവിക്കുമ്പോൾ, അവിടെ എല്ലാതരത്തിലുമുള്ള മാറ്റത്തിന്റെ ചരിത്രം ഉദ്ഘാടനം ചെയ്യപ്പെടും. അന്നു ലോകം മുഴുവനുമുള്ള ഒരു പുതിയ ഉണർവ് സാധ്യമാവും. എല്ലാരാഷ്ട്രങ്ങളും സഹവർത്തിത്തോടെ പ്രവർത്തിക്കുന്ന പുതുയുഗം...
കോടതിയോട് ഒരുതരത്തിലുള്ള ദയാദാക്ഷിണ്യവും ഞാൻ ആവശ്യപ്പെടുന്നില്ല. മാപ്പ് നൽകാൻ യാചിക്കാനും തയ്യാറല്ല.സത്യം വിജയിക്കുമെന്ന ദൃഡവിശ്വാസമെനിക്കുണ്ട്. ഒരുഭാഗത്ത് ചൂഷകരും മറുഭാഗത്ത് വ്യവസായിക സ്വാതന്ത്ര്യത്തിനും സാമൂഹികനീതിക്കും വേണ്ടിയുള്ള ജനശക്തിയും ചേർന്നുള്ള പോരാട്ടം എനിക്കൂ വളരെ വ്യക്തമായി കാണാം. മാനവികതയിലൂന്നിയ ഒരു നല്ല നാളെ എനിക്കു കാണാം..ജനങ്ങൾ ഉണർന്നു പോരാടുകയാണ്. അവരുടെ നാളുകൾ വന്നെത്തുക തന്നെ ചെയ്യും 
===========================================================
കൂടുതലറിയാൻ
http://en.wikipedia.org/wiki/Eugene_V._Debs
http://en.wikisource.org/wiki/Debs%27_Speech_of_Sedition