Monday, April 18, 2011

മലയാറ്റൂർ യാത്ര – ഒരു കുറിപ്പ്

 ഒരു പഴയ പോസ്റ്റ് .. എല്ലാവർക്കും മുൻ‌കൂർ‌ ഈസ്റ്റർ ആശംസകൾ‌


 (ഇതിനെ ഒരു യാത്രാവിവരണം എന്നൊന്നും വിളിക്കാൻ പറ്റില്ല. അന്നേ ദിവസം ഡയറിയിൽ എഴുതിവച്ച കാര്യങ്ങൾ ഒന്ന് വിശദീകരിക്കുന്നു..അത്രമാത്രം)
ഇവിടെ കൊച്ചിയിൽ വന്ന കാലം മുതൽ ഞാൻ പുറപ്പെട്ടുതുടങ്ങിയതാണ് മലയാറ്റൂർക്ക് ..ഇന്നേ വരെ അവിടെ എത്താൻ സാധിച്ചിട്ടില്ല.. എല്ലാം ഓരോരോ കാരണങ്ങൾകൊണ്ട് മുടങ്ങിപ്പോവും . അങ്ങിനെയിരിക്കെയാണു ഒരു വെള്ളിയാഴ്ച വീട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി ഇരിക്കുന്ന എന്നോട് പിറ്റെദിവസം മലയാറ്റൂർ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഭായ് (ബ്ലോഗർ ഭായ് അല്ല) പറയുന്നതു .. അദ്ദേഹത്തിനൊരു നേർച്ച ഉണ്ട്..അപ്പൊ തന്നെ അനുവാദം ചോദിച്ച എന്നോട് കൂടെ പോന്നോളാൻ പറയുകയും ചെയ്തു. (മലയാറ്റൂർ പോവുമ്പോൾ ഒരു കുരിശു ചുമന്നു പോവുന്നതു നല്ലതാണെന്നു അദ്ദേഹത്തിനോടൊരുത്തൻ പറഞ്ഞത് ഞാൻ കേട്ടില്ലെന്നു നടിച്ചു.).. ശബരിമലവ്രതം തുടങ്ങി ആദ്യയാത്ര അങ്ങോട്ടാണ്.

അങ്ങിനെ വീട്ടിലേക്കുള്ള പോക്കു മാറ്റി വച്ച് രാവിലെ തന്നെ എണീറ്റ് കുളിച്ചു കുട്ടപ്പനായി ഞാൻ ഭായിയോടൊപ്പം അദ്ദേഹത്തിന്റെ കാറിൽ യാത്ര പുറപ്പെട്ടു.  ഒരുമണിക്കൂറിലെ യാത്രക്കുള്ളിൽ ഞങ്ങൾ മലയാറ്റൂരെത്തി. താഴ്വാരം തന്നെ എത്ര വശ്യമാണ്!!! ചെറിയ മൂടൽമഞ്ഞ് പുതച്ചു നിൽക്കുന്ന ആ തടാകം (അല്ലേ?) വല്ലാതെ വശീകരിക്കുന്ന ഒരു കാഴ്ച തന്നെയാണ്. വൃശ്ചികത്തിലെ വീശിയടിക്കുന്ന കാറ്റും കൂടി ആയപ്പോൾ മൊത്തത്തിൽ ഒരു ഉന്മേഷം തോന്നി. കാർ പാർക്കു ചെയ്യാൻ പോകുന്ന വഴിക്കു തന്നെ മെഴുകുതിരി വിൽ‌പ്പനക്കു നിൽക്കുന്ന ധാരാളം സ്ത്രീകളെ കണ്ടു. പാർക്കു ചെയ്തു കയറാൻ തുടങ്ങുന്ന അവിടെ ഇരിക്കുന്ന ഒരു അമ്മൂമ്മയുടെ അടുത്തു നിന്നു രണ്ട് പാക്കറ്റ് മെഴുകുതിരി വാങ്ങി. ഒരു സമാധാനം ചെരിപ്പിട്ടുകൊണ്ട് മലകയറാം എന്നുള്ളതാണു.

ഓഫ് സീസൺ ആയതുകൊണ്ട് ഞങ്ങളല്ലാതെ വേറെ ആരും ഇല്ല. മുകളിലോട്ടു നോക്കിയപ്പോൾ രണ്ട് വശങ്ങളിലും മരങ്ങൾ വരിവരിയായി നിൽക്കുന്ന, പാറകൾ നിറഞ്ഞ ഒരു കാനനപാത കാണാൻ കഴിഞ്ഞു. ആവേശം കാണിച്ചു തിരക്കുപിടിച്ചു കേറിപ്പോവരുതു എന്ന ഭായിയുടെ മുന്നറിയിപ്പു ഉണ്ടായിരുന്നതു കൊണ്ട് ഞാൻ സംയമനം പാലിച്ചു മലകയറാൻ തുടങ്ങി (സ്വാമിയേ ശരണമയ്യപ്പാ..അതൊരു പതിവാ..)..ആദ്യത്തെ കയറ്റങ്ങൾ കുറച്ചു പ്രയാസമുളവാക്കുന്നതു തന്നെയായിരുന്നു. പക്ഷികളുടെ ശബ്ദങ്ങളും കാനനഭംഗിയും ആസ്വദിച്ചുകൊണ്ട് മലകയറിത്തുടങ്ങി. ഓരോ കുരിശിനു മുന്നിലും മെഴുകുതിരി കത്തിച്ചു അടുത്ത കുരിശടി ലക്ഷ്യമാക്കി മുന്നോട്ടു പോയി. എന്തോ എനിക്കു വലിയ ക്ഷീണം തോന്നിയില്ല. കിതച്ചുകൊണ്ട്  വിശ്രമിച്ചു കൊണ്ടിരുന്ന ഭായുടെ മുന്നിൽ നിന്നു മുകളിൽ ചാടിക്കയറുക, വീണ്ടും ഇറങ്ങി വരിക തുടങ്ങിയ കലാപരിപാടികൾ കാണിക്കുന്നതിൽ എനിക്കൊരു മടിയും ഉണ്ടായില്ല.  (അതിനു ഞാൻ ശബരിമല കയറിയപ്പോൾ അനുഭവിച്ചു.. അപ്പാച്ചിമേട് കയറുവാൻ എന്റെ കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ സഹായം വേണ്ടിവന്നു.. കിതച്ചു കിതച്ചു ഒരു പരുവമായി.. മലയാറ്റൂർ കൊടുത്തതു ശബരിമലയിൽ കിട്ടി ). പിന്നെ മെഴുകുതിരി കത്തിക്കുക എന്ന ദൌത്യം ഞാനേറ്റെടുത്തു. പണ്ടേ അതെന്റെ ഒരു വീക്ക്നെസ് ആണ് ;)

ഒരോ കുരിശടിയും പിന്നിട്ട് പകുതിയോളം എത്തിയപ്പോൾ തമിഴ് നാട്ടിൽ നിന്ന് കുറെ കുട്ടികളും കന്യാസ്ത്രീകളും അടങ്ങുന്ന ഒരു സംഘം മലകയറി വരുന്നു. അവർ റോക്കറ്റ് പോലെ ഓടിച്ചാടി കയറിപ്പോയി. കുറച്ചു നേരത്തേക്കു അവരുടെ കലപില ശബ്ദം അവിടെയാകെ മുഴങ്ങി. ദൈവത്തിനേറ്റവും പ്രിയപ്പെട്ട അവരുടെ ഉത്സാഹം കണ്ടു നിൽക്കുന്നതു തന്നെ നല്ല രസമാണു. കുറെ കുരിശടികൾ വളരെ അടുത്തടുത്താണ്. ആ, സീസൺ അല്ലാത്തതുകൊണ്ടാവണം പൈപ്പുകളിൽ മിക്കതിലും കുടിവെള്ളം ലഭ്യമല്ല. അതൊരു ബുദ്ധിമുട്ടായി തോന്നി. (അത്യാവശ്യം ഒരു കുപ്പി കുടിവെള്ളം കരുതേണ്ട സാമാന്യബുദ്ധി ഞങ്ങൾ കാണിക്കണമായിരുന്നു.) അങ്ങിനെ പതിനാലാമത്തെ കുരിശു കണ്ടു. അതിനിടക്കു കയ്യിലുള്ള ബ്ലാക്ക് ബറി ഉപയോഗിച്ചു ഭായ് എന്റെ ചില ചിത്രങ്ങൾ പകർത്തിഎന്റെ തല, എന്റെ ശരീരം……
അങ്ങിനെ മുകളിലെത്തി.. എത്ര മനോഹരമായ ദൃശ്യമാണു അതെന്നു പറയാതെ വയ്യ.. അഥർവ്വവേദത്തിലൊരു സൂക്തമുണ്ട്..”മാതേ മർമ്മ വിമൃഗ്വരീ മാതേ ഹൃദയമർപ്പിതം” (അമ്മയുടെ മർമ്മങ്ങളിൽ-പ്രകൃതിയിൽ-ഞങ്ങൾ മുറിവേൽ‌പ്പിക്കാതിരിക്കട്ടെ. അമ്മയുടെ ഹൃദയം വേദനിപ്പിക്കാതിരിക്കട്ടെ). പ്രകൃതിയെ ഈശ്വരനായി കണ്ട പൂർവ്വികർക്ക് പ്രണാമം മനസ്സിനെ അവാച്യമായ അനുഭൂതിയിലേക്കു അതിന്റെ സ്വാഭാവികമായ രീതിയിൽ നയിക്കുവാൻ ഒരു അദ്ധ്യാത്മിക പ്രഭാഷണത്തിന്റേയും സഹായം ആവശ്യമില്ല എന്നു തോന്നും അത്രയും ശാന്തത..കുറെ നേരം അവിടെ ഒരു സ്ഥലത്തിരുന്നു. അവിടെ വിശ്വാസികൾക്കു പവിത്രമായ ഒരു കിണറുണ്ട്. അതിലെ വെള്ളം രോഗനിവാരിണിയാണെന്നു വിശ്വസിക്കപ്പെടുന്നു. അതുപോലെ സെന്റ്:തോമസിന്റെ കാൽ‌പ്പാട്, ആനകുത്തിയ പള്ളി, വളരെ ചെറുതും അത്യന്തം മനോഹരവുമായ ഒരു പള്ളി തുടങ്ങിയവ മുകളിൽ ഉണ്ട്. പ്രാർത്ഥനക്കായി പള്ളിയിൽ കയറിയ ഭായിയുടെ കൂടെ ഞാനും കയറി. കുറെ കാലത്തിനു ശേഷം ഒന്നു മെഡിറ്റേറ്റ് ചെയ്തു.

പിന്നെ പുറത്തിറങ്ങി മറുഭാഗത്തുള്ള പാറക്കെട്ടിൽ ചെന്നിരുന്നു.. താഴോട്ടു നോക്കിയാൽ വളരെ നല്ല ഒരു ദൃശ്യവിരുന്നാണു. കാടും മലകളും ഒക്കെ നിറഞ്ഞ ഭൂപ്രദേശം. രണ്ട് മലകളുടെ ഇടുക്കിലൂടെ ഒഴുകിയെത്തുന്ന മേഘപാളികൾ..നനുനനുത്ത മഞ്ഞു തുള്ളികൾ ഏന്തി നിൽക്കുന്ന കാട്ടു പുല്ലുകൾ.. ഏകദേശം അരമണിക്കൂറോളം അവിടെ ചിലവഴിച്ചു. മലയിടുക്കുകളിൽ കൂടി സഞ്ചരിച്ചെത്തുന്ന മഞ്ഞു മേഘങ്ങൾ താഴെ മഞ്ഞായി പെയ്തിറങ്ങുന്നതു ഭായ് ആണു ചൂണ്ടിക്കാണിച്ചു തന്നതു (നല്ല ഒന്നാന്തരം മഴ ആയിരുന്നു അതു എന്നു മല ഇറങ്ങിത്തുടങ്ങിയപ്പോൾ മനസ്സിലായി.). ഒരുമണിക്കൂറോളം അവിടെ ഇരുന്നു..പിന്നെ ഇറങ്ങിത്തുടങ്ങി.. 

ഇറങ്ങിത്തുടങ്ങിയപ്പോഴേക്കും മഴ ചാറിത്തുടങ്ങി..മഴച്ചാറൽ കൊണ്ടപ്പോഴാ‍ണോ എന്തോ പെട്ടെന്നു ഞങ്ങൾക്കു പരിസ്ഥിതി സംരക്ഷണത്തിനെക്കുറിച്ചു വെളിപാടുണ്ടായി.രണ്ടുപേരും അവിടവിടെയായി ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൽ പെറുക്കിയെടുത്തു ചവറ്റുകൊട്ടകളിൽ നിക്ഷേപിക്കുവാൻ തുടങ്ങി. മുകളിലോട്ട് കയറിവരുന്ന ഒരു സംഘം കോളേജ് വിദ്യാർത്ഥിനികൾ (ഊഹം) വാശിയോറ്റെ ഉത്സാഹിച്ചു കുപ്പികൾ ശേഖരിക്കുന്ന ഞങ്ങളെ നോക്കി ആശ്ചര്യത്തോടെ ചിരിച്ചു. (“ദേ, നോക്ക്യേടീ, കുപ്പീപാട്ടക്കാരൊക്കെ ഇത്രേം പുരോഗമിച്ചോ..കലികാലം..” അതും ഊഹം).. ഇറങ്ങുംതോറും മഴയുടെ ശക്തികൂടിത്തുടങ്ങി.. ശക്തമായ മഴയിലുള്ള മലയിറക്കം ഒരു അനുഭവം തന്നെയായിരുന്നു.. (ആ അനുഭവത്തിന്റെ അനന്തരഫലം എന്റെ ഒരാഴ്ച്ചത്തെ ജലദോഷമായിരുന്നു.). താഴെ തിരിച്ചുള്ള വഴിയിൽ ഒരു മെറ്റൽ ക്രഷറിങ്ങ് ഫാക്റ്ററി കണ്ടു. റിസർവ് ഫോറസ്റ്റ് ആണെന്നു എഴുതി വച്ചിരിക്കുന്ന സ്ഥലത്തു ഇത്തരത്തിലുള്ള ഒരു സംരംഭം?? മലയാറ്റൂരിന്റെ മനോഹാരിതയെ കാർന്നു  തിന്നുന്ന വിഷമായി അതു മാറാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.

അങ്ങിനെ ആദ്യത്തെ മലയാറ്റൂർ യാത്രയുടെ ഹൃദ്യമായ ഓർമ്മകളുടെ ചുമടും പേറി നഗരത്തിലേക്കുള്ള തിരികെയാത്ര ആരംഭിച്ചു

(ചിത്രങ്ങളെല്ലാം എന്റെ മൊബൈലും ഭായുടെ ബ്ലാക്ബെറിയും ഉപയോഗിച്ചെടുത്തതാണു. ക്ലാരിറ്റി കുറവാണു..ക്ഷമിക്കുക)

29 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അങ്ങിനെ ആദ്യത്തെ മലയാറ്റൂർ യാത്രയുടെ ഹൃദ്യമായ ഓർമ്മകളുടെ ചുമടും പേറി നഗരത്തിലേക്കുള്ള തിരികെയാത്ര ആരംഭിച്ചു...

..:: അച്ചായന്‍ ::.. said...

മാഷെ വളരെ നല്ല വിവരണം ... ഞാന്‍ ഒരുപാടു പ്രാവശ്യം പോയിട്ടുണ്ട് എന്നാലും ഇപ്പോളും മനസ്സില്‍ വീണ്ടും പോകാന്‍ തോന്നു വളരെ നന്ദി

അരുണ്‍ കായംകുളം said...

പോയിട്ടില്ല, ഇത് വായിച്ചപ്പോള്‍ ഒന്നു പോകണമെന്ന് ആഗ്രഹം.:)
നന്ദി പ്രവീണ്‍

Typist | എഴുത്തുകാരി said...

കുറേ പള്ളികളില്‍ പോയിട്ടുണ്ട്.മലയാറ്റൂര്‍ക്ക് ഇതുവരെ പോയിട്ടില്ല.

ശ്രീ said...

മനോഹരമായ ഈ യാത്രാവിവരണത്തിന് നന്ദി.

ഒരു മലയാറ്റൂര്‍ യാത്ര ഇതാ ഇവിടെയുമുണ്ട്.

ഭായി said...

പ്രവീണ്‍, എപ്പോഴെങ്കിലും അവിടെ ഒന്ന് പോയി കാണണമെന്നുണ്ടായിരുന്നു!
ഇനിയതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല!
അത്ര നന്നായിരുന്നു ഈ യാത്രാവിവരണം!
ഞാന്‍ പോയതുപോലെ എനിക്ക് തോന്നി.

കുപ്പിപെറുക്കല്‍ ഗംഭീരമായിരുന്നു കേട്ടോ :-)

അഭിനന്ദനങള്‍.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@ അച്ചായൻ : നന്ദി

‌@ അരുൺ കായംകുളം : അരുൺ ചേട്ടാ, സാധിക്കുമെങ്കിൽ പോകണം..

@ എഴുത്തുകാരി :ചേച്ചി, സാധിക്കുമെങ്കിൽ പോകണം..

@ ശ്രീ: നന്ദി. അതു വായിച്ചൂട്ടോ

@ ഭായി : നന്ദി. അങ്ങിനെ മേലങ്ങാതിരിക്കല്ലേ മടിയാ..സാധിക്കുമെങ്കിൽ പോകണം.. :)

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

നല്ല എഴുത്ത്..
ലളിതം സുന്ദരം..
ചിത്രങ്ങള്‍
ഒത്തിരി ഇഷ്ടായി...
വരക്കാന്‍ പറ്റിയ ചിത്രങ്ങള്‍...

നിരക്ഷരന്‍ said...

അഥര്‍വ്വവേദത്തിലെ സൂക്തങ്ങള്‍ അടക്കം പരാമര്‍ശിച്ച് ഇത്രയുമൊക്കെ വശ്യമായി എഴുതിപ്പിടിപ്പിച്ചിട്ട് ചുമ്മാ ഡയറിക്കുറിപ്പെന്ന് സ്വയം ഡീഗ്രേഡ് ചെയ്തിരിക്കുന്നതില്‍ പ്രതിഷേധിക്കുന്നു.

മലയാറ്റൂര്‍ മലകയറിയിട്ടില്ല. അടുത്തുള്ള സ്ഥലങ്ങള്‍ വാര്‍ദ്ധക്യകാലത്തേക്ക് നീക്കി വെച്ചിരിക്കുകയാ. എന്നു പട്‌വൃദ്ധന്‍ ആയിക്കഴിഞ്ഞിട്ട് പോകാന്‍ എന്ന്. വാര്‍ദ്ധക്യം ഒക്കെ അത്യാവശ്യം ആയിക്കഴിഞ്ഞു :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@ മുഖ്താർ : നന്ദി

@ നിരക്ഷരൻ : പ്രതിഷേധം വിലക്കെടുത്തിരിക്കുന്നു . :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
This comment has been removed by the author.
jyo said...

നന്നായി എഴുതി

ശാരദനിലാവ്‌ said...

പ്രവീണ്‍ ഇതെന്റെ നാടാണ് ... പെരിയാര്‍ തഴുകി തലോടുന്ന മലനിരകളുള്ള നാട് .. തോട്ടുവയും, താഴത്തെ പള്ളിയും പെരിയാറിന്റെഅക്കരെയും ഇക്കരെയും ആയിട്ടാണ് .

നാട്ടിലുണ്ടായിരുന്നപ്പോള്‍ എല്ലാവര്‍ഷവും ഉള്ളതാണ് മലകയറ്റം .. മിക്കവാറും മല കയറാന്‍ ദൂര ദേശങ്ങളില്‍ നിന്നും വന്നെത്തുന്ന ബന്ധുക്കളോ , സുഹൃത്തുക്കളോ കൂടെ ഉണ്ടാവും ..

ഹിന്ദുക്കള്‍ മുത്തപ്പനെ ശിവനായും , ക്രൈസ്തവര്‍ വിശുദ്ധ തോമാസ്ലീഹയായും കണ്ടു അരി വറുത്തതും, കുരു മുളകും സമര്‍പ്പിച്ചു വണങ്ങുന്നു ...

ചില ഭക്ത സംഘങ്ങള്‍ കുരിശിന്റെ വഴി ചൊല്ലിക്കൊണ്ടാണ് പോകുക .. അക്കൂടെ ക്കൂടി കുരിശിന്റെ വഴി ചൊല്ലിക്കൊണ്ടു പോകുന്നത് എനിക്ക് വളരെ പ്രിയമുള്ള ഒന്നായിരുന്നു ...

കുമാരന്‍ | kumaran said...

വളരെ രസകരമായ ഒരു യാത്രാ വിവരണം... അഭിനന്ദനങ്ങള്‍.!

In Search of myself....!!!! said...

ഇത്രെ നാല്‍ കൊച്ചിയില്‍ കിടന്നു വിലസിയിട്ടു ഇങ്ങനെ മനോഹരമായ ഒരു സ്ഥലം ഉണ്ടെന്നറിയാന്‍ താങ്കളുടെ ബ്ലോഗ്‌ തന്നെ വേണ്ടി വന്നു ...താങ്ക്സ് ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

jyo:നന്ദി
ശാരദനിലാവ് : വന്നതിലും ഇത്രയും അറിവ്‌ പങ്കുവെച്ചതിലും നന്ദി

കുമാരന്‍,In Search of myself, : നന്ദി

ശ്രീ said...

പുതുവത്സരാശംസകള്‍!
:)

ഖാന്‍പോത്തന്‍കോട്‌ said...

:)

വിഷ്ണു said...

മലയാറ്റൂര്‍ യാത്ര മനോഹരം

നീരു ഭായ് പറഞ്ഞതിനോട് യോജിക്കുന്നു. വെറും ഡയറി കുറിപ്പുകള്‍ എന്ന് പറഞ്ഞു തള്ളരുതെ...
അഥവാ ഇനി ഇതു പോലെ കൂടുതല്‍ ഡയറി കുറിപ്പുകള്‍ ഉണ്ടെങ്കില്‍ അവ ഒക്കെ ഇങ്ങ് പോരട്ടെ !!

കൊട്ടോട്ടിക്കാരന്‍... said...

സചിത്ര് വിവരണം നന്നായി. ക്ലാരിറ്റി കൂട്ടാന്‍ ഇതു ഫോട്ടോ മത്സരമൊന്നുമല്ലല്ലോ. ഈ ചിത്രങ്ങള്‍ നന്നായി ആസ്വദിയ്ക്കാന്‍ കഴിയുന്നുണ്ട്. നന്ദി...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@ശ്രീ : നന്ദി..തിരിച്ചും ആശംസകൾ

@ഖാന്‍പോത്തന്‍കോട്‌ : :)

@വിഷ്ണു : പ്രോത്സാഹനത്തിനു നന്ദി

@കൊട്ടോട്ടിക്കാരന്‍: കൂടുതൽ നല്ല ചിത്രങ്ങൾ തരാൻ സാധിക്കാതതിലുള്ള ചളിപ്പ്...അത്രമാത്രം.. :) നന്ദി

നിരക്ഷരന്‍ said...

ഇതുകൂടെ ഒന്ന് നോക്കൂ.

നന്ദകുമാര്‍ said...

ഇപ്പോഴാ കണ്ടത്.
കൂട്ടിച്ചേര്‍ത്ത് വെച്ച തമാശകള്‍ ആദ്യം രസിച്ചില്ലെങ്കിലും മൊത്തം വായിച്ചപ്പോള്‍ അടുത്ത കൂട്ടുകാരന്‍ തൊട്ടടുത്തിരുന്നു താന്‍ പോയ യാത്രയെക്കുറിച്ച് ഔപചാരികതയില്ലാതെ സംസാരിക്കുന്നതുപോലെ തോന്നി.

(അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കി വിട്ടുപോയതു പലതും ഓര്‍ത്തെടുത്ത് വീണ്ടുമെഴുതിയാല്‍ യാത്രാ ആസ്വാദനകുറിപ്പാകും. യാത്രാവിവരണ സൈറ്റുകളിലേക്കൊക്കെ മുതല്‍ക്കുട്ടാവും)

രഘുനാഥന്‍ said...

ഓഹോ...അപ്പൊ ആത്മീയ കാര്യങ്ങളില്‍ മുഴുകിയതു കൊണ്ടാണ് ഒരു ഫോണ്‍ പോലും ചെയ്യാത്തത് അല്ലേ...

ഇന്നലെ വീട്ടില്‍ നിന്നും വരുമ്പോള്‍ തേവര പാലത്തില്‍ കൂടി ഒരു സംഘം ആളുകള്‍ കുരിശും പിടിച്ചു നിരനിരയായി പോകുന്നത് കണ്ടു...അതിന്റെ ഏറ്റവും മുന്‍പില്‍ ഒരാള്‍ എടുത്താല്‍ പൊങ്ങാത്ത ഒരു വലിയ കുരിശ് തോളില്‍ താങ്ങി നടന്നു പോകുന്നു......... !!!

യാത്രാ വിവരണം നന്നയി...പ്രവീണ്‍...

Typist | എഴുത്തുകാരി said...

ഇതു കണ്ടു പരിചയമുണ്ടല്ലോ എന്നു തോന്നി, വെറുതെയല്ല.

ഈ സമയത്ത് (ഈസ്റ്ററിന്) ഒരുപാട് പേർ കുരിശും ചുമന്നു്, ചിലരൊന്നും ചെരിപ്പുപോലും ഇടാതെ കാൽനടയായി മലയാറ്റൂർക്കു് പോകുന്നതു് ഒരു സ്ഥിരം കാഴച്ചയാണ് ഞങ്ങളുടെ റോഡിൽ.

വാഴക്കോടന്‍ ‍// vazhakodan said...

പഴയ പോസ്റ്റിന് പുതിയ ആശംസകള്‍!

K@nn(())rAn-കണ്ണൂരാന്‍..! said...

പുതിയ പോസ്റ്റിനു പഴകിയ ആശംസകള്‍..!

Mufeed said...

നല്ല അവതരണം. സമയം കിട്ടുമ്പോ ഇവിടെയൊക്കെ വരണേ...
http://mrvtnurungukal.blogspot.com/

MyDreams said...

മലയാറ്റൂര്‍ പോയത് പോലെ ....