Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Sunday, September 18, 2011

ചാറ്റൽമഴയത്തൊരു കട്ടൻചായ കുടിച്ച കഥ



(ഇതൊരു നിരൂപണമോ ആഴത്തിലുള്ള പുസ്തകപരിചയമോ അല്ല. മങ്ങിയ വെളിച്ചമുള്ള കലാലയ ഇടനാഴികളിലെവിടെയോ നഷ്ടപ്പെട്ട എന്തോ ഒന്നിനെ വഴിയിൽ വച്ച് കണ്ടപ്പോൾ തോന്നിയ ചില ശിഥിലമായ ചിന്തകളും കോറിവരകളും മാത്രം)

കാളിദാസനെ കൈരളിയിൽ എഴുന്നള്ളിച്ചിരുത്തിയ എ.ആറും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും ജിയും കേരളവർമ്മ വലിയകോയിത്തമ്പുരാനുമൊക്കെ ഈയിടെ വായനയിൽ സൃഷ്ടിച്ച വിസ്മയത്തെക്കുറിച്ചുള്ള ഒരു കാടുകയറിയ ചർച്ചകൾക്കൊടുവിൽ ആണു പ്രിയസുഹൃത്ത് “സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി” കയ്യിലേക്ക് വച്ചു തന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കവിതകളോടെനിക്കുള്ള അപരിചിതത്വം നന്നായറിയാവുന്നവനായിട്ടും ഇത് വായിക്കാൻ പറഞ്ഞ് തന്നത് അൽപ്പം അതിശയിക്കാതെയിരുന്നുമില്ല. ഈ അപരിചിതത്വം പുതിയകവിതകളോടുള്ള അവജ്ഞയിൽ നിന്നോ അജ്ഞതയിൽ നിന്നോ ഉളവായതല്ല, അഭിസാരികയുടെ ആത്മരോഷത്തെക്കുറിച്ചു പ്രസംഗിച്ച്, കയ്യിലെ ഡയറിയിൽ സ്ഥലം പിടിച്ച ‘പുതിയവളുടെ‘ മാർക്കറ്റ് വാല്യൂ കൂട്ടിയും കുറച്ചും ലാഭനഷ്ടത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവന്റെ ഇരട്ടത്താപ്പാണു പുതിയ വായനയിൽ മുഴച്ച് നിന്നിരുന്നത്. അങ്ങനെയൊരു ധാരണമനസ്സിലെപ്പൊഴോ വേരൂന്നിയതുകൊണ്ടാവണം ‘പൊട്ടാമദ്യക്കുപ്പികളെക്കുറിച്ച്’ പാടിയ കവി പൊട്ടിച്ചകുപ്പിയുടെ ലഹരിയെക്കുറിച്ച് അഭിമാനത്തോടെ പ്രസംഗിക്കുന്നത് കേട്ടപ്പോൾ ‘കോൾമയിരു’ കൊള്ളാതിരുന്നതും.

പൂർണ്ണമായും അകന്നുനിന്നിരുന്നു എന്നല്ല, വിജയലക്ഷ്മിക്കും ചുള്ളിക്കാടിനും വിനയൻ മാഷിനും ശേഷം എപ്പൊഴൊക്കെയോ തീക്കുനിയും കുരീപ്പുഴയും കലേഷും ശൈലനുമൊക്കെ വായനയിൽ കടന്നുവന്നിരുന്നുതാനും. നിരഞ്ജന്റെ ചിലവുകുറഞ്ഞകവിതകളിൽ കണ്ട വിപ്ലവം വഴിയേപോയവന്റെ ആർപ്പ് വിളിയല്ല എന്ന തിരിച്ചറിവ് സമ്മാനിക്കുവാൻ ‘ശ്രീജിത്ത് അരിയല്ലൂരിന്റെ’ സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി എന്ന കവിതാസമാഹാരത്തിനു കഴിഞ്ഞു.. അരാഷ്ട്രീയവാദത്തോടുള്ള രോഷവും തേഞ്ഞ് തീർന്ന (തേഞ്ഞു എന്ന് കവി പറയുന്നു, എനിക്കഭിപ്രായമില്ല. :) ) ബിംബങ്ങളോടുള്ള അവജ്ഞയും തുടങ്ങി വലത് ലാവണ്യബോധംപേറുന്ന മാധ്യമങ്ങളോടുള്ള അമർഷവും നിറഞ്ഞു നിന്ന ആമുഖം സൃഷ്ടിച്ച മുൻവിധി (വെല്ലുവിളികളുടെ രതിമൂർച്ഛയിൽ കവിതയെ പാതിയിലുപേക്ഷിക്കുന്ന കവികൾ എന്നെ ഭയപ്പെടുത്താറുണ്ട്) അസ്ഥാനത്തായിരുന്നു എന്ന് കവിതകൾ വായിച്ചുതുടങ്ങിയപ്പോൾ മനസ്സിലായി.

ജീവിതത്തിന്റെ മുറിവേൽപ്പിക്കുന്ന മുനകളിൽ നിന്ന് കവിതയുണ്ടാക്കുന്നതിൽ ശ്രീജിത് പ്രകടിപ്പിച്ചിരിക്കുന്ന നൈപുണ്യം പ്രശംസാർഹമാണു. മൂർച്ചയേറിയ പരിഹാസവും വ്യാകുലതയും നർമ്മവും അഭിപ്രായപ്രകടനങ്ങളും നിറഞ്ഞ ‘ഒന്നൊന്നരക്കവിതകളുടെ‘ ഈ സമാഹാരം അരാഷ്ട്രീയമായ കാലഘട്ടത്തെ മാത്രമല്ല, ഒഴുക്കിനൊത്ത് നിർവികാരനായി ഒഴുകാനാഗ്രഹിക്കുന്ന വായനക്കാരന്റെ നരബാധിച്ച മനസ്സിന്റെയും കൂടി കൂമ്പിനിട്ടിടിക്കുന്നുണ്ട്.

പണ്ട് നാടുവിടുമ്പോൾ
ബസിലെഴുതിയിരുന്നു
‘ശ്രീ കാടാമ്പുഴ ഭഗവതി ഈ വാഹനത്തിന്റെ ഐശ്വര്യം ‘എന്ന് ..
ഇന്ന് തിരിച്ച് വരുമ്പോൾ
ബസിലെഴുതിയിരിക്കുന്നു
‘ശ്രീ മാതാ അമൃതാനന്ദമയി ഈ വാഹനത്തിന്റെ ഐശ്വര്യം’ എന്ന്
കാടാമ്പുഴ ഭഗവതി ഏത് സ്റ്റോപ്പിലാണു ഇറങ്ങിപ്പോയത്.

മുകളിലുദ്ധരിച്ച യാത്ര എന്ന കവിതനോക്കുക, അന്ധമായ, പ്രകടനോത്സുകമായ ഭക്തിയിൽ മുഴുകി യൊഴുകുന്ന ജനത്തിന്റെ ഗതിമാറിയുള്ള പോക്കിനെ സരസമായി പരിഹസിക്കുന്ന ശ്രീജിത്ത്, കറുപ്പ് എന്ന കവിതയിൽ സ്നേഹത്തെ കെട്ടിപ്പൂട്ടി കോപ്രായം കാണിക്കുന്നരീതികളെ കളിയാക്കുകയും ചെയ്യുന്നു.

അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദം തങ്ങളുടെ ശബ്ദമാക്കി മാറ്റുന്നതിൽ പുതിയകവികൾ കാണിക്കുന്ന ആത്മാർത്ഥത അഭിനന്ദനീയം തന്നെയാണു. ശ്രീജിത്തും ആ ധർമ്മത്തിൽ നിന്നകലുന്നില്ല എന്നത് ആശാവഹം തന്നെ.

തീനാമ്പകറ്റിയൊരൂർജ്ജപ്രവാഹമായ്
ലോകായതക്കാറ്റുടുത്തിറങ്ങിക്കൊണ്ട്
രക്തസാക്ഷിക്കില്ല മൃത്യുവെന്നെന്നിലെ
ദു:ഖിതനോട് പറഞ്ഞു ചർവ്വാകൻ
എന്നെഴുതിയ കുരീപ്പുഴയും

ആദിവാസി തൻ ചോരയാടിയമണ്ണ്
കറുപ്പാണു ഞാൻ
വിഷപ്പല്ല്-
കരുതിയിരുന്നോളൂ
എന്നെഴുതി വെല്ലുവിളിച്ച വിജയലക്ഷ്മിയും നിർത്തിയിടത്ത് നിന്ന് ശ്രീജിത്ത് ആണി എന്ന കവിതയിലൂടെ വിളിച്ച് പറയുന്നതിങ്ങനെയാണു…

കറുത്തവൻ
എപ്പോഴും അടിച്ചമർത്തപ്പെടുന്നവൻ
നിങ്ങളുടെ ഉറപ്പുകൾക്കിടയിൽ
എന്നും
തുരുമ്പിച്ച് തീരുന്ന അറിയപ്പെടാത്ത ദലിതൻ…

മിഠായിയും ടൌവ്വലും പായലും മിസ്ഡ്കാളും ബ്ലേഡും എന്നുവേണ്ട സകലതിലും കവിത കണ്ടെത്തി അതിൽ ആവശ്യത്തിനു നർമ്മവും സൌകുമാര്യവും കലർത്തിയുള്ള കുട്ടിക്കവിതകൾ വായിച്ചു കഴിഞ്ഞപ്പോൾ അതിശയം തോന്നി, അതിലുപരി ബഹുമാനവും, അസ്പൃശ്യമെന്ന് കരുതി മാറ്റിവക്കാനൊന്നുമില്ലാതെ എന്തിലും കവിതകണ്ടെത്താനിവർ കാണിക്കുന്ന ആർജ്ജവത്തിനു മുന്നിൽ എഴുന്നേറ്റ് നിന്നുകൊണ്ട് തന്നെ കയ്യടിക്കട്ടെ…സൈക്കിൾ ചവിട്ടുന്ന പെൺകുട്ടിയിലെ കവിതകൾക്ക് മാറ്റുകൂട്ടിക്കൊണ്ടുള്ള അതിമനോഹരമായ അർത്ഥവത്തായ ഇല്ലസ്ട്രേഷനുകളുടെ കാര്യം കൂട്ടത്തിൽ പറയാതെ വയ്യ. സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി വില്പനക്കുള്ളവ ചിട്ടയായി അടുക്കിവച്ച സൂപ്പർമാർക്കറ്റിന്റെയല്ല, മറിച്ച് ജീവിതം തിളച്ചുമറിയുന്ന അടുക്കും ചിട്ടയുമില്ലാത്ത ഒരു മുഷിഞ്ഞ തെരുവിന്റെ പ്രതീതിയാണുളവാക്കിയത്. പ്രണയവും സ്വാർത്ഥതയും പ്രതികരണവും ജല്പനങ്ങളും എല്ലാമതിലുണ്ട്…

അധികം വലിച്ചു നീട്ടാതെ ആറ്റിക്കുറുക്കിയ ഒന്നോരണ്ടോ വാചകത്തിൽ കാര്യം പറയുന്ന ശ്രീജിത്ത് വാചകങ്ങളുടെ ഭംഗിക്കായി കവിതയിൽ ഒത്തുതീർപ്പ് നടത്തിയിട്ടില്ല എന്നതാണു ശ്രദ്ധേയമായ ഒരു കാര്യം.

“വേനലിൽ നീ ഉപേക്ഷിക്കുമെന്നറിയാമായിരുന്നിട്ടും
മഞ്ഞുകാലത്ത് ഞാൻ നിന്നെ ഇറുകെപുണർന്നു “ എന്ന് പുതപ്പെന്ന കവിതയിൽ കവി കുറിക്കുമ്പോൾ വായനക്കാരനു മുന്നിൽ പരിമിതികളില്ലാത്ത ആസ്വാദനതലമാണു സൃഷ്ടിക്കപ്പെടുന്നത്

ചാറ്റൽമഴയിൽ കിഴക്കേ ഉമ്മറത്തിരുന്നു മുറ്റത്തിന്റെ അതിരിൽ നാഗപ്രതിഷ്ഠയ്ക്ക് കവാടമെന്നവണ്ണം തലവിരിച്ച് നിൽക്കുന്ന പാരിജാതത്തിന്റെ പൂക്കൾ കൊഴിഞ്ഞ് വീഴുന്നതും നോക്കിക്കിടക്കുമ്പോൾ , അമ്മ കൊണ്ട് വന്നു തരുന്ന കട്ടൻചായയാണു ആ സന്ധ്യാനേരങ്ങളെ എനിക്കേറെ പ്രിയപ്പെട്ടതാക്കാറുള്ളത്. അങ്ങനെയൊരു കട്ടൻചായ കുടിച്ച ഒരു സുഖം ‘സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി’ യിൽ നിന്നു ലഭിച്ചു. അമ്മയുടെ കട്ടൻ പോലെ തന്നെ ഈ കട്ടൻ ചായക്ക് ഗുണവും മണവും കടുപ്പവുമുണ്ട്….

ഒരാളെയെങ്കിലും
സ്നേഹിച്ചുകളയണമെന്നതിനാൽ
ഞാനെപ്പൊഴും
നിന്നെമാത്രം
സ്നേഹിച്ചുകളയുന്നു

(മിസ്റ്റ് ബുക്ക്സ് ആണു പ്രസാധകർ. ആവശ്യമുള്ളവർക്ക് ബന്ധപ്പെടുവാനായി പുസ്തകത്തിൽ കണ്ട ഇമെയിൽ ഐഡി ചേർക്കുന്നു : sreealr09@gmail.com )


Friday, August 26, 2011

ജൻ‌ലോക്പാൽ‌ബില്ലും‌ ചില ആശങ്കകളും




സ്വാതന്ത്ര്യസമരനാളുകൾക്കും അടിയന്തരാവസ്ഥക്കും ശേഷം‌ ഭാരതത്തിന്റെ തെരുവോരങ്ങളിൽ‌ വിപ്ലവകാഹളം മുഴങ്ങിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ മുന്നോട്ടുള്ള വളർ‌ച്ചയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് അഴിമതി സമസ്തമേഖലയിലും പടർന്നു പിടിച്ചിരിക്കുന്നു. അഴിമതിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ‌‌ നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ‌ കാണിച്ച ഉദാസീനത ജനങ്ങളെ “ടീം അണ്ണ”യുടെ കീഴിൽ‌ അണിനിരക്കുന്നതിലേക്ക് നയിച്ചു. സ്വതന്ത്രഭാരതത്തിൽ‌ മറ്റെന്നും കാണാത്തവണ്ണം യുവജനങ്ങൾ‌ ഗാന്ധിയനായ ഒരു വൃദ്ധന്റെ കീഴിൽ‌ അഴിമതിയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നു.

എന്നാൽ‌ ഇവിടെ അണ്ണാഹസാരെയും കൂട്ടരും‌ അഴിമതിക്കെതിരെ മുന്നിൽ വച്ചിരിക്കുന്ന ജൻ‌ ലോക്പാൽ ബില്ലെന്ന ഒറ്റമൂലിയെക്കുറിച്ച് ഇതിലെത്രപേർ‌ ബോധവാന്മാരാണു എന്ന് മനസ്സിലാക്കുമ്പോഴാണു ഈ ഒരു മൂവ്മെന്റ് അതിന്റെ അന്ത:സത്ത ഉൾക്കൊള്ളുന്ന ഒന്നാണോ എന്ന് സംശയം ജനിപ്പിക്കുന്നത്. അഴിമതിക്കെതിരെ ഉണർന്നെണീക്കുന്ന യുവജനതയെ, അണ്ണാ ഈസ് ഇന്ത്യ, ഇന്ത്യ ഈസ് അണ്ണ എന്ന മുദ്രാവാക്യത്തിനു പിന്നിൽ തളച്ചിട്ട്, അപ്രായോഗികമായതും അപകടകരവുമായ അരാഷ്ട്രീയവാദത്തിലേക്ക് നയിക്കുന്നരീതിയിലേക്ക് ഇതിനു എവിടെയൊക്കെയോ ചുവട് പിഴച്ചു തുടങ്ങിയിട്ടുണ്ട്.  അണ്ണാഹസാരെയുടെ ഉദ്ദേശശുദ്ധിയെപ്പറ്റിയല്ല ആശങ്കകൾ‌, മറിച്ച്, ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന രാജ്യത്തിന്റെ ജനാധിപത്യത്തെ പൂർണ്ണമായും ഹൈജാക്ക് ചെയ്ത് ഒരു സ്വേച്ഛാധിപത്യസമാന്തരവ്യവസ്ഥിതി ഉണ്ടാക്കിയെടുക്കുന്നതിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുവാനുള്ള സാധ്യതകൾ‌ ജൻ‌ലോക്പാൽ ബിൽ അവശേഷിപ്പിക്കുന്നുണ്ട് എന്നത് കൊണ്ടാണു.

രാജ്യം മുഴുവൻ‌ ഇളക്കം സൃഷ്ടിച്ച ഒരു ബിൽ‌ മുന്നോട്ട് വക്കുന്നതിൽ‌ ടീം അണ്ണ കാണിച്ച ലാഘവത്വം‌ അതിന്റെ മുൻ‌കാല വേർഷനുകൾ‌ തയ്യാറാക്കിയതിൽ നിന്നു വ്യക്തമാണു. വേർഷൻ‌ 1.8  (ഇവിടെ ഡൌൺ‌ലോഡ് ചെയ്യാം‌) ൽ‌ ലോക്പാൽ‌ സെലക്ഷൻ‌ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ‌ യോഗ്യത‌യായി വിശേഷിപ്പിക്കുന്നതിൽ രണ്ടെണ്ണം ശ്രദ്ധിക്കുക.

d. All Nobel Laureates of Indian Origin (ഫോട്ടോണിക്സിലെ ഒരു പേപ്പറിന്റെ അടിസ്ഥാനത്തിൽ‌, അല്ലെങ്കിൽ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനത്തിൽ‌ നോബൽ സമ്മാനാർഹനായ ഒരുവനു ഭരണസംവിധാനത്തെപ്പറ്റിയോ അഴിമതിയെപ്പറ്റിയോ ജ്ഞാനമുണ്ടാവണമെന്നില്ലല്ലോ!!!)

f. Last two Magsaysay Award winners of Indian origin (ഫിലിപ്പീൻസ് ഗവർമെന്റിന്റെ മേൽനോട്ടത്തിലുള്ള ഒരു അവാർഡ് ഭാരതത്തിലെ മുഴുവൻ‌ ഇൻ‌സ്റ്റിറ്റ്യൂഷനുകളും നിയന്ത്രണത്തിലാക്കുന്ന ഒരു ബഞ്ചിലേക്ക് പ്രവേശിക്കുന്നതിനുള്ള യോഗ്യതയായി മാറുന്നു!!)


അബദ്ധജഡിലമായ, മേൽ‌പറഞ്ഞ പലനിർദ്ദേശങ്ങളും നിറഞ്ഞ മുൻ‌ വേർ‌ഷനുകൾ‌ മാറ്റി ഇറക്കിയ പുതിയ വേർഷൻ‌ ഇവിടെ ഡൌൺ‌ലോഡ്ചെയ്യാം‌. ഇതിൽ തന്നെയുള്ള ചില പോയിന്റുകൾ‌ നമുക്ക് പരിശോധിക്കാം
1. Chapter XII - 24 Wherever Lokpal directs imposition of financial penalty on any officer under this Act to be deducted from his salary, it shall be the duty of the Drawing and Disbursing Officer of that Department to implement such order, failing which the said Drawing and Disbursing Officer shall make himself liable for similar penalty

ലോക്പാൽ‌ ബഞ്ച് പെനാൾട്ടി വിധിച്ച ഒരു ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നു അത് പിടിച്ചെടുക്കേണ്ടത് സാലറി ഡിസ്പേഴ്സ്മെന്റ് ഓഫീസറുടെ കടമയാണു. അത് ചെയ്യാൻ സാധിക്കാത്തപക്ഷം‌ ആ പെനാൾട്ടിക്ക് സാലറി ഡിസ്പേഴ്സ്മെന്റ് ഓഫീസർ ബാധ്യതക്കാരനാണു. 

ഒരു പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ‌ ഒരു വലിയ  അഴിമതി നടത്തി 40 ലക്ഷത്തിന്റെ പെനാൾട്ടി കിട്ടി എന്നു കരുതുക. അദ്ദേഹത്തിന്റെ ശമ്പളമനുസരിച്ച് ഇതു തിരിച്ച് പിടിക്കാനുള്ള വകയുമില്ല. ആ നാൽ‌പ്പത് ലക്ഷത്തിന്റെ  ഉത്തരാവാദിത്വം സാലറി ഡിസ്പേഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ തലയിലാവും‌. !!!!!!

2. Chapter XIV - 3 Lokpal shall not need any administrative or financial sanction from any government agency to incur expenditure. 

ലോക്പാൽ‌ ബഞ്ചിന്റെ യാതൊരുവിധത്തിലുള്ള സാമ്പത്തിക ഇടപാടുകൾക്കും യാതൊരുവിധത്തിലുള്ള അനുമതി ആവശ്യമില്ല. അതായത് ലോക്പാൽ ബഞ്ചിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഭാരതത്തിന്റെ ഖജനാവിൽ നിന്ന് യാതൊരു നിബന്ധനകളുടേയോ അനുമതിയുടേയോ ആവശ്യമില്ലാതെ പണം നൽ‌കുക!!!

 3. Chapter V-12 Any orders passed by any bench of the Lokpal or any officer of the Lokpal shall be subject to the writ jurisdiction of the High Court under Article 226 of the Constitution of India. Ordinarily, High Courts shall not stay the order. However, if it does, it will have to decide the case within two months, else the stay would be deemed to have been vacated after two months and no further stay in that case could be granted.

ലോക്പാൽ‌ ബഞ്ചിന്റെ നടപടികളെ പ്രതിക്ക് ഹൈക്കോടതിയിൽ ചോദ്യം ചെയ്യാം‌. എന്നാൽ സാധാരണഗതിയിൽ‌ ഹൈക്കോടതി ലോക്പാൽ‌ വിധിയെ സ്റ്റേചെയ്യരുത് എന്ന വിചിത്രമായ ഒരു നിർദ്ദേശവും ജൻ‌ലോക്പാൽ ബിൽ മുന്നോട്ട് വക്കുന്നു. മാത്രവുമല്ല, തീരുമാനമെടുക്കാൻ‌ വെറും രണ്ട് മാസത്തെ സമയമാണു ഹൈക്കോടതിക്ക് നൽകുക, അതിനുശേഷം യാതൊരുവിധത്തിലുള്ള സ്റ്റേയും അനുവദിക്കുകയില്ല. 

നമ്മുടെ ഹൈക്കോടതികളിൽ കേവലം രണ്ട് മാസം കൊണ്ട് ഇനി വരാൻ പോകുന്ന ലക്ഷക്കണക്കിനു ലോക്പാൽ അപ്പീലുകൾ തീർപ്പാക്കപ്പെടും എന്ന് നിർദ്ദേശിക്കുന്നതിന്റെ പ്രായോഗികവശത്തെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കുക. ചുരുക്കിപ്പറഞ്ഞാൽ ലോക്പാൽ ബഞ്ചിന്റെ വിധി അന്തിമമായിരിക്കും!!

4. Page 5 - The accountability of the Lokpal itself would be to the Supreme Court, which would have the authority to enquire into and order the removal of members of the Lokpal. 

 ലോക്പാൽ ബഞ്ചിൽ‌ അധികാരം സുപ്രീം‌കോടതിക്ക് മാത്രമായിരിക്കും‌. ഭാരതത്തിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർ‌ലമെന്റ് അംഗങ്ങൾ ഒരുമിച്ച് പ്രമേയം പാസാക്കിയാൽ പോലും ഒരു അംഗത്തിനെതിരെപോലും നടപടിയെടുക്കുവാൻ സാധിക്കില്ല. അതിലും രസകരം‌ ഈ അധികാരമുള്ള സുപ്രീംകോടതി ലോക്പാൽ ബഞ്ചിന്റെ അധികാരത്തിനു കീഴിലാണു എന്നതാണു.

5. Chapter XVIII - 31- 1 No  government  official shall be eligible to take up jobs, assignments, consultancies, etc. with any person, company, or organisation that he had dealt with in his official capacity.

ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ റിട്ടയർമെന്റിനു ശേഷം‌ അദ്ദേഹം ജോലിചെയ്തിരുന്ന ഏരിയയുമായി ബന്ധമുള്ള ജോലിയിൽ ഏർ‌പ്പെടാൻ പറ്റില്ല. സെയിൽ‌സ് ടാക്സ് ഉദ്യോഗസ്ഥനായിരുന്നയാളെ സംബന്ധിച്ചിടത്തോളം അദ്ദേഹം സ്വാഭാവികമായും ജോലിയിലേർപ്പെടുക സെയിൽ‌ടാക്സ് കൺ‌സൾട്ടിങ്ങോ മറ്റുമായിരിക്കുമല്ലോ. 

6   Chapter I -e-1 Act of corruption  which would also include any offence committed by an elected member of a house of legislature even in respect of his speech or vote inside the house.

പാർലമെന്റിനകത്തുള്ള പ്രസംഗം പോലും‌ ലോക്പാൽ‌ബെഞ്ചിന്റെ അധികാരപരിധിയിൽ വരും!! ഇത് സ്പീക്കറുടെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു

7. Chapter 1 -3 Notwithstanding anything in any other Act or Law the provisions of this Act shall prevail and to the extent that the provisions of this Act are repugnant to any other provision in any other Act or law, the provisions in other Acts or laws shall stand amended to the extent of such repugnancy.

ഭാരതത്തിന്റെ ഏതെങ്കിലും‌ റൂൾ‌ ലോക്പാൽ ബില്ലിലെ ക്ലോസുമായി ബന്ധം വരുകയാണെങ്കിൽ‌ ലോക്പാൽ ബില്ലിനനുസരിച്ച് ആ നിയമം‌ ഭേദഗതി ചെയ്യപ്പെടും‌.

8. Chapter iii -7-2  Any officer under the Lokpal while exercising any powers under the Act shall have the powers of a civil court trying a suit under the Code of Civil Procedure

ഒരു ഉദ്യോഗസ്ഥനിൽ‌ കോടതിയുടെ അപാരമായ അധികാരങ്ങൾ കേന്ദ്രീകരിക്കുക വഴിയുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരായേ മതിയാവൂ. 

9. Chapter XIII -9 The Lokpal after hearing the Grievance Redressal Officer would impose suitable penalty not exceeding Rs. 500/- for each day’s delay but not exceeding Rs. 50,000/- to be recovered from the salaries of the Grievance Redressal Officer

പരാതികൾ‌ കിട്ടിയതിനു ശേഷം നിശ്ചിത തീയതിക്ക് ശേഷം നടപടി വൈകുന്നുവെങ്കിൽ‌ വൈകുന്ന ഓരോ ദിവസത്തിനു 500 രൂപനിരക്കിൽ ഗ്രീവൻസ് റിഡ്രസൽ‌ ഓഫീസറുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുന്നതാണു.  മിക്കവാറും ഈ പൊസിഷനിലേക്ക് ആളെക്കിട്ടാത്ത അവസ്ഥയായിരിക്കും !! പരിഹാസമല്ല, പ്രായോഗികവശത്തെക്കുറിച്ച് സൂചിപ്പിച്ചു എന്നു മാത്രം‌

10.   Chapter III 7 -2 -a summoning and enforcing the attendance of any person from any part of India and examining him on oath;

ലോക്പാലിന്റെ ഏഴംഗ സംഘത്തിനു പ്രധാനമന്ത്രി മുതലിങ്ങോട്ടുള്ള ഏതൊരാൾക്കെതിരെയും അന്വേഷണം നടത്താനും നടപടിയെടുക്കാനും‌ സാധിക്കും‌. നടപടിക്രമങ്ങളൊരുപാടുണ്ടെങ്കിലും‌ അപരാധികൾ‌ക്ക് ശിക്ഷ ലഭിക്കാതിരിക്കുന്നുണ്ടെങ്കിലും‌ നമ്മുടെ ജുഡീഷ്യൽ‌ സിസ്റ്റത്തിൽ‌ നിരപരാധികൾക്ക് അവരുടെ നിരപരാധിത്വം തെളിയിക്കുവാൻ ഒട്ടനേകം മാർഗങ്ങളുണ്ട് എന്നത് മറക്കരുത്.

ജൻ‌ലോക്പാൽ ബിൽ ചർച്ചകൾക്കും ആവശ്യമായ ഭേദഗതികൾക്കും‌ വിധേയമാക്കാതെ പാസാക്കിയെടുക്കാനുള്ള ഉപാധിയായി അഴിമതിക്കെതിരെ നാടെങ്ങുമുയർന്നുകഴിഞ്ഞിരിക്കുന്ന ജനരോഷത്തെ മാറ്റിയെടുത്തുകൂടാ. വിപ്ലവങ്ങൾ‌ രൂപപ്പെടുന്നത് പ്രക്ഷുബ്ധമായ മനസ്സുകളിലാണു. ആ മനസ്സുകളെ‌ മാറ്റത്തിനുവേണ്ടിയുള്ള സമരപാതയിയിലേക്ക് നയിക്കുന്നതിൽ‌ ഇതുവരെ അണ്ണാഹസാ‍രെ എന്ന ഗാന്ധിയനുയർത്തിയ സത്യാഗ്രഹപാതക്ക് കഴിഞ്ഞിരിക്കുന്നു. ഇനി രാഷ്ട്രീയപ്രസ്ഥാനങ്ങൾ‌ കക്ഷിഭേദമന്യേ ഒരു  ആത്മവിശകലനത്തിനു തയ്യാറാവുകയും‌, ഈ ഉണർവിനെ ഏറ്റെടുത്തുകൊണ്ട് ഒരു നവഭാരതം കെട്ടിപ്പടുക്കാനുള്ള യജ്ഞത്തിനൊരുങ്ങുകയും ചെയ്യാൻ‌ തയ്യാറാവുന്നിടത്തേ ഈ മുന്നേറ്റം അതിന്റെ യഥാർത്ഥപാതയിലേക്ക് എത്തിച്ചേർന്നു എന്നു പറയാനൊക്കൂ.

Idea,Guidance and Consulting :Mr.Ceejo Thomas


Friday, August 07, 2009

ഒരു ദേശസ്നേഹിയുടെ അന്ത്യപ്രസ്താവന..

ഭാരതത്തെ ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നു മോചിപ്പിക്കാന്‍ അനേകായിരം പേര്‍ ജീവന്‍ നല്കിയിട്ടുണ്ട്...പ്രതിഫലമോ പ്രശസ്തിയോ ആഗ്രഹിക്കാതെ രാഷ്ട്രപ്രേമം എന്ന അഗ്നിയില്‍ ആഹുതി ചെയ്ത വിപ്ലവകാരികള്‍ ... സത്യാഗ്രഹത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തിയ അര്‍ദ്ധ നഗ്നനായ ഫക്കീറും വിപ്ലവത്തിന്റെ തീജ്വാലകളായി മാറിയ ആസാദും തിലകനും സവര്‍ക്കരും ചാഫെര്‍ക്കര്‍ സഹോദരന്മാരും അങ്ങിനെ അങ്ങിനെ അങ്ങിനെ...ഒരു പുരുഷായുസ്സ്‌ മുഴുവന്‍ പറഞ്ഞാലും തീരത്ര അത്ര ഉണ്ട് ..അവരുടെ ഒക്കെ മാര്‍ഗങ്ങള്‍ വ്യത്യസ്ഥങ്ങളായിരിക്കാം ...അവര്‍ നമുക്കു നേടിത്തന്ന സ്വാതന്ത്ര്യത്തില് ചവിട്ടി നിന്നു നാം അവഹേളനങ്ങളുടെ പൂച്ചെണ്ടുകള് അവരുടെ രക്തസാക്ഷിത്വത്തിനു നേരെ എറിയുന്നു എന്നത് വേറെ വശം ..

നമ്മുടെ വളച്ചൊടിക്കപ്പെട്ട ചരിത്രത്തില്‍ ആരും കാണാതെ ഇരുളില്‍ മങ്ങിക്കിടക്കുന്ന ഒരുപാട് അദ്ധ്യായങ്ങളുണ്ട്..വോട്ടുബാങ്കുകള്‍ക്ക് വേണ്ടി, ശീതീകരിച്ച മുറികളില്‍ ഇരുന്നു കൊണ്ട് നമ്മുടെ തമ്പുരാക്കന്മാര്‍ യഥേഷ്ടം പടച്ചു വിടുന്ന വിഴുപ്പുകള്‍ ഭക്ഷിച്ചു ഏമ്പക്കം വിടേണ്ട നമുക്ക് സ്വാഭിമാനത്തിന്ടെ വെളിച്ചം വീശുന്ന കൈത്തിരികള്‍ ചരിത്രത്തില്‍ അവിടെ അവിടെ ഉണ്ട്...കക്ഷിരാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും വര്‍ണ്ണത്തിനും ഒക്കെ അതീതമായി അവയെ നോക്കിക്കാണാനുള്ള മനസ്സ് ഇന്നും ബാക്കി ഉണ്ടെങ്കില്‍, അവയെ കണ്ടെത്തുക അത്ര ദുഷ്കരമല്ല ...

(ഇത് തൂക്കുമരത്തില്‍ വധശിക്ഷ നിറവേറ്റപ്പെടുന്നതിനു മുന്‍പ്‌ അവസാനമായി ശ്രീ മദന്‍ ലാല്‍ ദിംഗ്ര ലണ്ടനില്‍ വച്ച് ഇറക്കിയ അന്ത്യ പ്രസ്താവന , ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന "ഡെയിലി ന്യൂസ്‌ " എന്ന പത്രത്തില്‍ 1909 ഓഗസ്റ്റ്‌ 16 നു പ്രസിദ്ധീകരിച്ചു . പിറ്റെ ദിവസം , അതായത് ഓഗസ്റ്റ്‌ 17 നു അദ്ദേഹത്തെ തൂക്കിക്കൊന്നു)

"ഒരു ബ്രിട്ടിഷുകാരന്റെ രക്തം ചൊരിയേണ്ടിവന്നു എന്നത് സത്യമാണ്. എന്നാല്‍ അവര്‍ എന്റെ രാജ്യത്തിലെ ജനതയോട് കാണിക്കുന്ന ക്രൂരതയോടു താരതമ്യപ്പെടുത്തിയാല്‍ എന്റെ പ്രവൃത്തി തുലോം തുച്ഛമാണ്. "

"എന്റെ രാഷ്ട്രം അടിമത്തത്തിലാണ്..സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് ആയുധങ്ങള്‍ പോലും ലഭ്യമല്ല .."
"
എന്റെ രാജ്യത്തോടു ചെയ്യുന്ന അവഹേളനം എന്റെ ദൈവത്തോടു ചെയ്യുന്ന അവഹേളനമാണെന്നു ഞാന്‍ വിശ്വസിക്കുന്നു . എനിക്ക് രാജ്യാരാധന ശ്രീരാമ പൂജയാണ് . രാജ്യസേവനം ശ്രീകൃഷ്ണ സേവയും "

"ധനത്തിലും ബുദ്ധിശക്തിയിലും ദരിദ്രനായ എന്നെപ്പോലെ ഒരുവന് സ്വന്തം രക്തമാല്ലാതെ മറ്റെന്താണ് അമ്മയുടെ കാല്‍ക്കല്‍ അര്‍പ്പിക്കാന്‍ കഴിയുക ?"

"ഭാരതമാതാവിന്റെ പുത്രനായി ഒരിക്കല്‍ കൂടി ജനിക്കണമെന്നും മാനവ സമുദായ സേവനത്തിനു വേണ്ടി എന്റെ നാടിനെ സ്വതന്ത്രയാക്കാനുള്ള യജ്ഞത്തില്‍ ജീവന്‍ അര്‍പ്പികണം എന്നുമാണ് ഈശ്വരനോടുള്ള എന്റെ പ്രാര്‍ത്ഥന"

"വന്ദേ മാതരം "

ദിംഗ്രയെപ്പറ്റി അല്പം ..പഞ്ചാബ് പ്രിവിശ്യയിലെ ഒരു യദാസ്ഥിതിക കുടുംബത്തില്‍ പിറന്ന അദ്ദേഹം 1906 ഉപരിപഠനത്തിനു വേണ്ടി ലണ്ടനില്‍ പോയി. അവിടെ ഉനിവേര്സിടി കോളേജില്‍ ചേര്‍ന്ന് "മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ' പഠിച്ചു. അവിടെ വച്ച് വീര്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനാവുകയും അഭനവ്‌ ഭാരത്‌ മന്ടലില്‍ അംഗമാവുകയും ചെയ്തു.. 1857 ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 1908 ഇല്‍ സവര്‍ക്കര്‍ സംഘടിപ്പിച്ച പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു..തീവ്ര ദേശീയ ചിന്താഗതി ഉണ്ടായിരുന്ന അദേഹം ഭാരതത്തില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ അനുഭവിക്കുന്ന യാതനകളില്‍ അസ്വസ്ഥനായിരുന്നു ..

ഒരുപാടു നാളത്തെ ആലോചനകള്‍ക്കും പദ്ധതികള്‍ക്കും ശേഷം 1909 ജൂലൈ 1നു "ഇന്ത്യന്‍ നാഷണല്‍ അസ്സോസിയേഷന്റെ വേദിയില്‍ വച്ച് "സര്‍ കര്‍സണ്‍ വല്ലിയെ ( ഉപദേശകന്‍ സെക്രടറി സ്റ്റേറ്റ് ഓഫ് ഇന്ത്യ ) വെടിയുതിര്‍ത്തുകൊണ്ട് കൊലപ്പെടുത്തുകയും ചെയ്തു .. ഒന്നാം സ്വാതന്ത്യത്തിനു ശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യത്തെ തിരിച്ചടിയായി ഇത് കണക്കാക്കുന്നു ....