(ഒരു ബ്ലോഗര്‍ എന്നതില്‍ ഉപരി ഞാനൊരു ബോറനാണ്..മാത്രമല്ല അപരിഷ്കൃതനും ..അപ്പോള്‍ എന്റെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും തീർച്ചയായും നിങ്ങളുടെ അത്ര നിലവാരം പുലര്‍ത്താന്‍ സാധിക്കുകയുമില്ല..ക്ഷമിക്കുക)
ഇന്നലെ ഓഫീസ് കഴിഞ്ഞു സഹമുറിയനായ ശിവദാസിനെയും കൊണ്ടു തൃകാക്കര സഹകരണ ആശുപത്രിയില്‍ പോവേണ്ടി വന്നു. ലവന് ഒരു ദിവസം മുമ്പ് ബൈക്കില്‍ നിന്നൊന്നു വീണു..വരാപ്പുഴ ഭാഗത്തെ റോഡിലെ കുഴിയില്‍ വീണതാണ്..കയ്യും കാലും ഒക്കെ പൊട്ടി..ഡ്രസ്സ് ചെയ്യാന്‍ പോയതാണ്.. മഴക്കാലം തുടങ്ങിയതോടെ നമ്മുടെ ആശുപത്രികളില്‍ ഒക്കെ നല്ല തിരക്കാണല്ലോ...കുറെ നേരം പുറത്തു കാത്തു നില്‍ക്കേണ്ടി വന്നു.. മഴ ആയതു കൊണ്ടു അടുത്തുള്ള ബില്ടിങ്ങില് കയറി നിന്നു..ആശുപത്രിയില്‍ സൌകര്യം കുറവാണ് .. കുറച്ചു സ്ഥലത്തു ഒരുപാടു പേര് ഉണ്ട്..
എന്റെ അടുത്ത് തന്നെ രണ്ടു ചേച്ചിമാര് (അമ്മായി ?) നില്‍പ്പുണ്ട്..നല്ല ടൈറ്റ് ജീന്‍സ് , കറുത്ത ടീഷര്‍ട്ട്, കയ്യില്‍ കൂടിയ തരം മൊബൈല്‍... മുഖത്തെ ചുളിവുകളും കുഴികളും ഒക്കെ എന്തൊക്കെയോ തേച്ചു മൂടിയിട്ടുണ്ട്.. നമ്മുടെ നാട്ടിലെ ഒരു പ്രമുഖ സോഫ്റ്റ്വെയര് കമ്പനിയുടെ ടാഗ് കഴുത്തില്‍ തൂക്കിയിട്ടുണ്ട്.. വളരെ ബുദ്ധിമുട്ടി മലയാളത്തില്‍ ഉറക്കെ (തെറ്റിദ്ധരിക്കണ്ട..മലയാളി അമ്മച്ചിമാര് തന്നെ ) സംസാരിക്കണുണ്ട്..ഒരു പാവം മലയാളി എന്ന നിലയില്‍ മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കേണ്ടത് എന്റെ മൌലികാവകാശം ആയതുകൊണ്ടും കടമകള്‍ മറന്നാലും അവകാശം ചത്താലും കൈവിടില്ലാത്തത് കൊണ്ടും ഞാന്‍ അത് ശ്രദ്ധിച്ചു..അതവര്‍ക്കും മനസ്സിലായി..
പാവങ്ങള്‍..കിട്ടുന്ന പതിനായിരങ്ങള്‍ കൊണ്ടു കഷ്ടി ഒരുമാസം തള്ളി നീക്കാന്‍ പെടുന്ന 'പാടിനെക്കുറിച്ചും' ഒബെറോണ് മാളിലെ പുതിയ ഐറ്റംസിനെക്കുറിച്ചും കുറിച്ചും ഒക്കെ ആണ് സംസാരം..
പെട്ടെന്ന് ഒരു വയസ്സായ ഒരു ആളെ കാഷ്വാലിറ്റിയില്‍ നിന്നു പുറത്തേക്ക് കൊണ്ടു വന്നു..ഷര്‍ട്ട് ഇട്ടട്ടില്ല..നെഞ്ചിലും കയ്യിലും ഓകെ പ്ലസ്റെര്‍ ആണ്..രക്തം പുരണ്ട ഒരു ഷര്‍ട്ട് ചുരുക്കി വലത്തേ കക്ഷത്ത് പിടിച്ചിട്ടുണ്ട്..( തെങ്ങില്‍ നിന്നും സ്ലിപ് ആയതാണ് എന്നറിഞ്ഞു ) അറ്റെണ്ടറും പിടിച്ചു ഓട്ടോറിക്ഷയില്‍ കേറ്റാനാണ് ശ്രമം ..അങ്ങിനെ കൊണ്ടു വരുന്നതിനിടയില്‍ അറ്റണ്ടര്ക്ക് ബാലന്‍സ് കിട്ടുന്നില്ല. പരിക്ക് പറ്റിയ ചേട്ടന് അത്യാവശ്യം തടിച്ചിട്ടാണ് .. പെട്ടെന്ന് അദ്ദേഹം ഒന്നു വീഴാന്‍ പോയി..നമ്മുടെ ചേച്ചിമാര് ഒരു ചാട്ടം ചാടി പിന്നോട്ടോടി..ഓടുമ്പോള്‍ ഒരു ഗംഭീര ആംഗല പദവും .." Dirty fellow!!"
ഞാനും ഓട്ടോറിക്ഷക്കാരനും കൂടി അദ്ദേഹത്തെ ഓട്ടോയില്‍ കയറ്റുമ്പോള്‍ സാമാന്യം നല്ലൊരു ചവിട്ടു എന്റെ കാലിന്മേല് കിട്ടി ..പക്ഷെ അതിന്റെ വേദനയെക്കാള്‍ വിഷമിപ്പിച്ചത് "ഡെര്‍ട്ടി ഫെല്ലോ " ആയിരുന്നു.. അസ്വസ്ഥതകള്‍ നിറഞ്ഞ ഒരു രാത്രി കൂടി കടന്നു പോയി..അത്ര മാത്രം
ചുറ്റും ഒരുപാടു കാഴ്ചകളുണ്ട് ...വേദനിക്കുന്ന മനസ്സുകളുണ്ട്..തലോടല്‍ ഏറ്റു വാങ്ങാന്‍ വെമ്പുന്ന കുരുന്നുകളുണ്ട്..നമുക്കെവിടാ അതിനൊക്കെ സമയം? നമുക്കു മറ്റുള്ളവന്റെ അമ്മക്ക് വിളിക്കണം..ജാതിക്കോമരങ്ങളുടെ വേഷങ്ങള്‍ കെട്ടിയാടണം..പരസ്പരം തെറി വിളിക്കണം..ഒരുമിക്കാന്‍ എന്തെങ്കിലും സാധ്യതകള്‍ ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ അഹോരാത്രം ശ്രമിക്കണം..ഈ വെയിലത്തും മഴയത്തും കിടന്നു സാമൂഹ്യ സേവനം കളിക്കുന്നതിലും എത്രയോ എളുപ്പമാണ് 'ജാതിയും മതവും പരസ്പര വിദ്വേഷവും ദേവതകളുടെ മുലകളുടെ കണക്കെടുപ്പും എല്ലാം '..നമ്മുടെ വേവലാതികള്‍ ഈയിടെയായി സഹജീവികളെ ഓര്‍ത്തല്ല...മറിച്ചു ജാതിയും മതവും വംശവും വര്‍ണ്ണവും തിരിച്ചുള്ള സ്ഥിതി വിവരപ്പട്ടികകളെ ഓര്ത്താണല്ലൊ..ജയിക്കാനുള്ള വ്യഗ്രതയില്‍, ബന്ധങ്ങള്‍ വെട്ടി നുറുക്കി മുന്നോട്ടുള്ള യാത്രയില്‍ നമുക്ക് പരസ്പരം വെട്ടി മരിക്കാം..
Monday, December 13, 2010
Subscribe to:
Posts (Atom)