![]() |
From Net |
ആയിരക്കണക്കിനു വർഷങ്ങളായി
ഒരു സംസ്കാരം മുറുകെപ്പിടിച്ചുകൊണ്ട്, തലമുറകളായി ഒരേ രീതിയിൽ വസ്ത്രം ധരിച്ചുകൊണ്ട്,
ജീവിക്കുന്ന ഒരു ജനതയുള്ള രാജ്യം ..
വിവാഹം തെരുവുകളിൽ ആഘോഷമായികൊണ്ടാടുന്നവരുടെ
രാജ്യം ...
ലോകത്തെ ഏറ്റവും നല്ല
തേനും കാപ്പിയും ഉള്ള ഒരു രാജ്യം ..
മണ്ണുകൊണ്ട് ഉണ്ടാക്കിയ,
ശിൽപ്പചാതുരി നിറഞ്ഞുനില്ക്കുന്ന, വൈദ്യുതദീപങ്ങളാലലങ്കരിക്കപ്പെട്ട ആകാശഗോപുരങ്ങളുടെ
രാജ്യം ...
ഈ രാജ്യത്തെക്കുറിച്ചാണു
ഇറ്റാലിയൻ കവിയും സംവിധായകനുമായ പിർ പൊലോ പസോളിനി “ലോകത്തെ ഏറ്റവും സുന്ദരമായ രാജ്യം
“ എന്ന് വിശേഷിപ്പിച്ചത്.
ഞാൻ പറഞ്ഞ് വരുന്നത്,
യെമനെക്കുറിച്ചാണു. മാധ്യമങ്ങളിലൂടെ നമ്മൾ “ഭീകരരാജ്യമായി” കേട്ടറിഞ്ഞ റിപബ്ലിക് ഓഫ്
യെമനെക്കുറിച്ച്...
ജീവിതത്തന്റെ ആകസ്മികതളിൽപ്പെട്ട്
യെമനിലേക്ക് വണ്ടികയറുമ്പോൾ, നല്ലതൊന്നും ഈ നാടിനെക്കുറിച്ച് കേട്ടിരുന്നില്ല. ആഭ്യന്തരയുദ്ധം
കത്തിനിൽക്കുന്ന സമയമായതിനാൽ കേട്ട വാർത്തകൾക്കെല്ലാം മരണത്തിന്റെ ഗന്ധവുമുണ്ടായിരുന്നു.
സനാ ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ രാജ്യത്തെ അരക്ഷിതാവസ്ഥയുടെ ഏകദേശരൂപം
പിടികിട്ടി. നമ്മുടെ നാട്ടിലെ ഒരു ഇടത്തരം ബസ്റ്റാന്റിന്റെ നിലവാരം മാത്രമുള്ള ഒരു
എയർപോർട്ട്. ആഭ്യന്തരയുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥയിലായതിനാൽ എയർപോർട്ടിൽ അധികം പേരില്ല.
കമ്പനി ഏർപ്പാടാക്കിയിരുന്ന ഡ്രൈവറുടെ കൂടെ താമസസ്ഥലത്തേക്കുള്ള യാത്ര തന്നെ നല്ലൊരു
അനുഭവമായി.
![]() |
A Mobile Picture , From My window |
സമുദ്രനിരപ്പിൽ നിന്ന്
ഏകദേശം ഏഴായിരത്തിയഞ്ഞറടി ഉയരത്തിലാണു സന എന്ന നഗരത്തിന്റെ സ്ഥാനം. നാലുപാടും വരണ്ടമലനിരകളാൽ
ചുറ്റപ്പെട്ട ഈ നഗരത്തിനു ഒരുപാട് പ്രത്യേകതകളുണ്ട്. പഴയസന നഗരം യുണെസ്കോയുടെ പൈതൃകനഗരമാണു. ഒറ്റവാക്കിൽ പറഞ്ഞാൽ സന ഒരു തുറന്ന മ്യൂസിയമാണു. ചരിത്രാപഠിതാക്കളെ സംബന്ധിച്ചിടത്തോളം
ഒരു തുറന്ന പുസ്തകം. താമസസ്ഥലത്തേക്കുള്ള യാത്രയിൽ
ചുറ്റും കണ്ട കാഴ്ചകൾ എന്നെ സ്വപ്നങ്ങളിലെവിടെയോ കണ്ട്മറന്ന ഒരു അറബിക്കഥയിലെ നഗരത്തെ
ഓർമ്മിപ്പിച്ചു. മണ്ണുകൊണ്ടുണ്ടാക്കിയ ചുവന്ന കെട്ടിടങ്ങൾ ... മുഷിഞ്ഞ തെരുവുകൾ
... ഏതോ പുരാതനകാലഗുഹാമനുഷ്യരെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വസ്ത്രം ധരിച്ച തദ്ദേശവാസികൾ
.. എങ്ങും ആയുധമേന്തിയ ആളുകൾ റോന്ത് ചുറ്റുന്നു.... തുറന്ന വാഹനങ്ങളിൽ അത്യന്താധുനിക മെഷീൻ ഗണ്ണുകളേന്തി
പരസ്യമായി യാത്ര ചെയ്യുന്ന അപരിഷ്കൃതരായ ജനങ്ങൾ എനിക്കൊരൂ പുതിയ കാഴ്ചയായിരുന്നു.
![]() |
Mobile picture |
ശരണമന്ത്രങ്ങളൊഴുകി വന്നിരുന്ന
പ്രഭാതങ്ങൾക്ക് പകരം എന്നെക്കാത്തിരുന്നത് വെടിയൊച്ചകള്‍ നിറഞ്ഞ പുലർവേളകളായിരുന്നു.
ചുറ്റുമുള്ള മലനിരകളില്‍ അങ്ങോട്ടുമിങ്ങോട്ടും ചേരിതിരിഞ്ഞ് വെടിവെപ്പും ആക്രമണങ്ങളും.
ഇവിടെ ഒരു പക്ഷെ ഏറ്റവും വിലകുറവായി അവര്‍കണക്കാക്കുന്നത് മനുഷ്യജീവനാണെന്ന് തോന്നിപ്പോയ
നാളുകള്‍. ദീര്‍ഘകാലത്തെ ഭരണത്തിനുശേഷം ജനങ്ങളാല്‍ നിഷ്കാസിതനായ ഒരു പ്രസിഡന്റിന്റെ അപദാനങ്ങള്‍...
അദ്ദേഹത്തെ എതിര്‍ത്തുകൊണ്ട് ആഭ്യന്തരയുദ്ധത്തിനിറങ്ങിപ്പുറപ്പെട്ടവരുടെ ചെയ്തികള്‍
.. പരസ്പരമുള്ള പോര്‍വിളികള്‍ക്കിടയില്‍ നഷ്ടമായത് നൂറുകണക്കിനു സാധാരണക്കാരുടെ ജീവിതങ്ങളാണു.
![]() |
Sometime bullets misses its destination....Window.. |
സമുദ്രനിരപ്പിൽ നിന്നും
ഇത്രയും ഉയരത്തിൽ സ്ഥിതിചെയ്യുന്നതുകൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും ഇവിടെ
തണുപ്പാണു പൊതുവെ. ഡിസമ്പർ ജനുവരി മാസങ്ങളിൽ പൂജ്യത്തിനും താഴെപോവും. ബാക്കി ദിവസങ്ങളിൽ
വളരെ നല്ല കാലാവസ്ഥയും. നിറയെ ആലിപ്പഴം വീഴുന്ന മഴക്കാലം ... കോച്ചിവലിയുന്ന തണുപ്പുകാലം
.. അത്രയധികം ചൂടില്ലാത്ത വേനൽ മാസങ്ങൾ ... ഭൂരിഭാഗം വീടുകളിലും മുന്തിരിവള്ളികൾ വളര്‍ത്തിയിരിക്കുന്നത്
കാണാം. ആഭ്യന്തരപ്രശ്നങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും ഇല്ലായിരുന്നെങ്കിൽ 'ടൂറിസത്തിന്റീ' അനന്തമായ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്ന
രാജ്യം.
വിദ്യാഭ്യാസപരമായി വളരെ
പിന്നിൽ നില്ക്കുന്നവരാണു ഇവിടത്തെ ജനത. എന്നാല്‍ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ
ഉന്നതിയിൽ നില്ക്കുന്നവർ. ഇവിടത്തെ ആഭ്യന്തര/രാഷ്ട്രീയ പ്രശ്നങ്ങളെ മാറ്റി നിർത്തിയാൽ,
ഇവരുടെ നമ്മളോടുള്ള പെരുമാറ്റം അതിശയാവഹമാണു. വഴിയിലൂടെ നടന്നുപോവുമ്പോൾ, ഉച്ചസമയമാണെങ്കിൽ,
പലരും നമ്മളെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കും. വഴിയിലൂടെ നടന്നുപോകുമ്പോൾ നമ്മളെകടന്നു
പോവുന്ന ഒരാൾപോലും സ്നേഹപൂര്‍വ്വം ചിരിച്ചുകൊണ്ട് 'അസ്സലാമു അലൈക്കും' എന്ന് ആശംസിക്കാതിരിക്കില്ല. നിങ്ങൾക്ക് ഭാഷ അറിയില്ലെങ്കിൽ പോലും, എവിടെയും
കയറിച്ചെല്ലാം, അവർ അനുതാപപൂർവ്വം നമ്മളെ ശ്രദ്ധിക്കുകയും നമ്മളുടെ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ
ശ്രമിക്കുകയും ചെയ്യും. ഇവർക്ക് ജന്മം കൊണ്ട്
ഈ നാടുകൊടുക്കുന്ന സംസ്കാരമുണ്ട്, ആത്മാർത്ഥമായിത്തന്നെ അതിനുമുന്നിൽ പ്രണമിക്കുന്നു...
![]() |
Another picture, through my window |
ആയുധമേന്തി റോന്ത് ചുറ്റുന്നവരോട് ആദ്യമൊക്കെ തോന്നിയ അപരിചിതത്വത്തില്‍ നിന്ന്, കണ്മുന്നിൽ നടന്ന തെരുവുയുദ്ധത്തോടെ
'ഭയമായി'മാറി. ജീവനും പൊക്കിപ്പിടിച്ചോടുന്നവന്റെ വികാരം രസകരമാണു, ആ ഓട്ടത്തില്‍ നമ്മള്
കൂട്ടിവച്ച അഭിമാനവും, ജാഡകളും, അഹങ്കാരങ്ങളും, കണക്കുകൂട്ടലുകളും ഒന്നും കൂടെയുണ്ടാവില്ല.
:)
ഈ രാജ്യം കുറച്ച് ദിവസങ്ങളിലെ
ശാന്തതക്ക് ശേഷം, കൂടുതൽ ഭയാനകമായ അവസ്ഥയിലേക്ക് പോകുന്നു..ആഭ്യന്തരപ്രശ്നങ്ങള്‍ക്കുപരിയായി
ഗവണ്മെന്റും അല്‍ക്വൈദയും തമ്മിൽ രക്തരൂക്ഷിതമായ
പോരാട്ടങ്ങൾ ആരംഭിച്ചിരിക്കുന്നു. യെമനെ ചോരക്കളമാക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു
... കഴിഞ്ഞ മാസങ്ങളില്‍ ചാവേറാക്രമണങ്ങളടക്കം ശക്തമായ ആക്രമണപ്രത്യാക്രമണങ്ങൾ .. അസ്വസ്ഥതയുടെ
നാളുകൾ.. ഇവിടെ വീശുന്ന കാറ്റിനുപോലും അനിശ്ചിതത്വത്തിന്റെ നാദം ...എല്ലാം ദൈവത്തിലർപ്പിച്ച്,
നഷ്ടങ്ങളേയും നേട്ടങ്ങളേയും ഒക്കെ അവനു സമർപ്പിച്ച ഒരു ജനത ..
നഷ്ടങ്ങളുടെ ആകെക്കണക്കെടുപ്പിൽ
പ്രതീക്ഷകൾക്ക് സ്ഥാനമില്ലെന്ന തിരിച്ചറിവായിരിക്കാം .. ഒരുപക്ഷെ മുന്നോട്ട് ഇവിടെ
നയിച്ചുകൊണ്ടിരിക്കുന്നത് .. എന്നിരുന്നാലും ... നാളെയെക്കുറിച്ച് ചിന്തകളില്ലാത്ത
ഈ രാജ്യത്തിലെ ഇടുങ്ങിയ തെരുവുകൾ എന്നെ ഓര്‍ക്കില്ലെങ്കിലും, ഒന്നെനിക്കുറപ്പുണ്ട്,
അത് തിരിച്ചൊരിക്കലും സംഭവിക്കില്ല. അപരിചിതത്വം
എന്തെന്നറിയാത്ത, സ്നേഹത്തോടെ ചിരിക്കുന്നവർ ഇവിടെ എന്നെ അറിയാതെശീലിപ്പിച്ച വാക്കേ
ഈ നാടിനെക്കുറിച്ചാലോചിക്കുമ്പോൾ മനസ്സിലിപ്പോഴുള്ളൂ ... "അല്ഹം ദുലില്ലാ...."
19 comments:
നഷ്ടങ്ങളുടെ ആകെക്കണക്കെടുപ്പിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ലെന്ന തിരിച്ചറിവായിരിക്കാം .. ഒരുപക്ഷെ മുന്നോട്ട് ഇവിടെ നയിച്ചുകൊണ്ടിരിക്കുന്നത് .. എന്നിരുന്നാലും ... നാളെയെക്കുറിച്ച് ചിന്തകളില്ലാത്ത ഈ രാജ്യത്തിലെ ഇടുങ്ങിയ തെരുവുകൾ എന്നെ ഓര്‍ക്കില്ലെങ്കിലും, ഒന്നെനിക്കുറപ്പുണ്ട്, അത് തിരിച്ചൊരിക്കലും സംഭവിക്കില്ല. അപരിചിതത്വം എന്തെന്നറിയാത്ത, സ്നേഹത്തോടെ ചിരിക്കുന്നവർ ഇവിടെ എന്നെ അറിയാതെശീലിപ്പിച്ച വാക്കേ ഈ നാടിനെക്കുറിച്ചാലോചിക്കുമ്പോൾ മനസ്സിലിപ്പോഴുള്ളൂ ... "അല്ഹം ദുലില്ലാ...."
കാണാന്‍ കൊതിയും, സന്ദര്‍ശിക്കാന്‍ ഭീതി ഉണര്‍ത്തുകയും ചെയ്യുന്ന നഗരം / വിവരണം / ചിത്രങ്ങള്‍ . അനുഭവങ്ങള്‍ എപ്പോഴും മനുഷ്യനെ കൂടുതല്‍ കരുത്തനാക്കും. :)
മനുഷ്യനെ മെരുക്കുന്ന അനുഭവങ്ങൾ....
അതാസ്വദിക്കൂ!
(നാട്ടിൽ നല്ല പണികിട്ടുമെങ്കിൽ, ഇങ്ങു പോരൂ!)
ഇങ്ങുപോരൂ വസന്തം ചിരിക്കും
ചിങ്ങ രാവിലെ ചന്ദ്രിക കാണാം...
എങ്ങുനിന്നോ വിരുന്നെത്തി,യെന്തോ-
ചൊന്നുപോം വിഷുപ്പക്ഷിയായ്,പ്പാടാം...
ഫുല്ലവൃക്ഷത്തണല്പ്പാടിലെന്നും
നല്ലകൂട്ടുകാർക്കൊപ്പം നടക്കാം.....
"ജീവനും പൊക്കിപ്പിടിച്ചോടുന്നവന്റെ വികാരം രസകരമാണു, ആ ഓട്ടത്തില്‍ നമ്മള് കൂട്ടിവച്ച അഭിമാനവും, ജാഡകളും, അഹങ്കാരങ്ങളും, കണക്കുകൂട്ടലുകളും ഒന്നും കൂടെയുണ്ടാവില്ല."
സത്യം!!
നന്നായി എഴുതി.
കൂടുതല്‍ എഴുതാനും എഴുതിക്കാനും നില്‍ക്കാതെ ഇങ്ങു പോരൂ വള്ളുവനാട്ടുകാരാ...
:(
Miss you ..
എന്തൊക്കെ നല്ല വികാരങ്ങളുണർത്തിയാലും മൊത്തം അവസ്ഥ പേടീപ്പിക്കുന്നു. നീയവിടെയുള്ളത് കൂടുതലായും.
നിന്നോടുള്ള സ്നേഹം കൊണ്ടാവാം...എല്ലാം ഇട്ടെറിഞ്ഞ് ഇങ്ങോട്ട് പോരാനേ പറയുന്നുള്ളു.
(വിവരണങ്ങൾ, എഴുത്തിനപ്പുറം ജീവിതത്തോടടുത്തു നിൽക്കുന്നതിനാൽ (എനിക്ക്)ആസ്വദിക്കാൻ പറ്റുന്നില്ല)
മനോഹരം. യെമൻ വരെ ഒന്നു പോയ പ്രതീതി
"സിന" യുടെ വീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍ ഇത് പോലൊന്ന് എഴുതണമെന്നു കരുതിയതാണ് , താങ്കള്‍ എഴുതിയ അത്രയും ഭംഗിയായി അത് പകര്‍ത്താന്‍ പറ്റില്ല എന്നുള്ള ഒരു ബോധം നേരത്തെ ഉള്ളതിനാല്‍ എഴുത്ത് പാതി വഴിയില്‍ ഉപേഷിച്ചു. "കാത്ത" യില്‍ അഭയം തേടുന്ന യുവ തലമുറ , അതില്ലാത്ത ഒരു ദിവസം പോലും ചിന്തിക്കാന്‍ കഴിയാത്തവര്‍, കാത്ത ഉപയോഗിക്കുന്ന സ്ത്രീകളെയും കാണാം, എ കെ 47 നു മായി നടക്കുന്ന ബാല്യ കൌമാരങ്ങളെ നിരത്തുകളില്‍ എങ്ങും കാണാം,
സോകാത്ര, ഹതറ മൌത്ത്, മാരിബ്, ശബോവ തുടങ്ങിയ ടൂറിസ്റ്റ് പ്ലൈസുകള്‍ അന്യ നാട്ടുകാര്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥിതി വിശേഷമാണ് ഉള്ളത്,
എടുത്തു പറയേണ്ടത് യെമനില്‍ ലഭിക്കുന്ന തേനാണ് , ഗെര്ദാന്, ടോണി , എല്‍ബ് തുടങ്ങിയ മുന്തിയ ഇനങ്ങള്‍ കിട്ടണമെങ്കില്‍ യെമെനിന്റെ ഗ്രാമങ്ങളില്‍ ചെല്ലണം, പള്ളയ്ക്കു കത്തിയുമായി നടക്കുന്നത് ഇവരുടെ വസ്ത്ര രീതിയുടെ ഒരു ഭാഗമാണ്, ഇതിനു "ജംബിയ" എന്നാണ് പറയപെടുന്നത്.
വിശദമായി എഴുതിയ താങ്കള്‍ക്കു അഭിനന്ദനങ്ങള്‍ ,
കൊള്ളാം മച്ചാ.........
terrible :(((
നന്ദന് പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു. തിരികെ വരൂ എന്ന് പറയാനേ കഴിയുന്നുള്ളൂ..
കൊള്ളാം കെട്ടോ
സൂക്ഷിക്കുക, ഒരാപത്തും വരാതെ കാത്തോളണേ എന്ന് പ്രാര്‍ത്ഥിക്കുന്നു..!
ഭീതി തോന്നുന്നില്ല എന്നു പറയാനാവില്ല പ്രവീൺ, എങ്കിലും കുറിപ്പ് നന്നായി
ettavum vilakuranja vasthu manushyante jeevananennu paranjathil ellam undu...
Safe ആയിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
സുഹൃത്തേ ഞാനും ഉണ്ടായിരുന്നു ആ നാട്ടില്‍ അമ്രാന്‍ എന്ന സ്ഥലത്ത്. അഭ്യന്തര പ്രശ്നം കാരണം എട്ട് മാസത്തില്‍ കൂടുതല്‍ നില്കാ്ന്‍ പറ്റാതെ തിരിച്ചു പോരേണ്ടി വന്നു. ഒരു വശത്ത് സൈന്യവും മറുവശത്ത് നാട്ടുകാരും പരസ്പരം വെടി വച്ച് കൊണ്ടിരുന്നു, അവിടുത്തുകാര്‍ ഒനും സംഭവികാത്ത പോലെ അവരുടെ പ്രവര്‍ത്തി കളില്‍ മുഴുകുന്നു. വളരെ വിചിത്രമായി തോന്നി. താങ്കള്‍ പറഞ്ഞപോലെ മനുഷ്യ ജീവന് യാതൊരു വിലയുമില്ലാത്തപോലെ തോന്നി.
സുഹൃത്തേ ഞാനും ഉണ്ടായിരുന്നു ആ നാട്ടില്‍ അമ്രാന്‍ എന്ന സ്ഥലത്ത്. അഭ്യന്തര പ്രശ്നം കാരണം എട്ട് മാസത്തില്‍ കൂടുതല്‍ നില്കാ്ന്‍ പറ്റാതെ തിരിച്ചു പോരേണ്ടി വന്നു. ഒരു വശത്ത് സൈന്യവും മറുവശത്ത് നാട്ടുകാരും പരസ്പരം വെടി വച്ച് കൊണ്ടിരുന്നു, അവിടുത്തുകാര്‍ ഒനും സംഭവികാത്ത പോലെ അവരുടെ പ്രവര്‍ത്തി കളില്‍ മുഴുകുന്നു. വളരെ വിചിത്രമായി തോന്നി. താങ്കള്‍ പറഞ്ഞപോലെ മനുഷ്യ ജീവന് യാതൊരു വിലയുമില്ലാത്തപോലെ തോന്നി.
Post a Comment