Monday, July 27, 2009

എന്റെ 'മലയാളി അഹങ്കാരവും' മധുര യാത്രയും

മൂന്നു ദിവസമായി ഒരു യാത്രയിലായിരുന്നു. മധുര - തിരുപ്പുറം കുണ്ട്രം -പഴനി. ഒരു യാത്ര വിവരണം എഴുതാനുള്ള അഹങ്കാരം ഇപ്പൊ എനിക്കില്ലാത്തത് കൊണ്ടും വേറെ ചില അഹങ്കാരങ്ങള്‍ തകര്‍ന്ന് വീണത്‌ കൊണ്ടും കുറച്ചു സംഭവങ്ങള്‍ പറയാം.. ആദ്യമേ പറയട്ടെ എന്റെ 'മലയാളി അഹങ്കാരങ്ങള്‍ ' എന്നെ മാത്രം വിലയിരുത്തി കൊണ്ടു പറഞ്ഞതാണ്..എനിക്കറിയാം എന്റെ മലയാളികള്‍ തികഞ്ഞ മാന്യന്മാരും വിനയാന്വിതരും ആണ്..അല്ലാതെ എന്നെ പോലെ തികഞ്ഞ അഹങ്കാരിയും സര്‍വ്വോപരി തെമ്മാടിയും അല്ല.

എന്റെ 'മലയാളി അഹങ്കാരങ്ങള്‍' എന്തോക്കെയാന്നു പറയാന്‍ മറന്നു ..പറയാം ..രണ്ടു നേരം, പറ്റിയാല്‍ മൂന്നും നാലും നേരം , കുളിക്കുന്നതിന്റെ അഹങ്കാരം ...പൊതുവഴിയില്‍ പരസ്യമായി അപ്പിയിടാത്ത അഹങ്കാരം ..തെരുവോരങ്ങളില്‍ ചളി പുരണ്ട മുഖങ്ങളുള്ള കുഞ്ഞുങ്ങളുമായി പിച്ച തെണ്ടാത്തത്തിന്റെ അഹങ്കാരം...മാവേലി നന്മയുടെ കുത്തകാവകാശത്തിന്‍െ അഹങ്കാരം ...പൊട്ടിമുളച്ചു കൊണ്ടിരിക്കുന്ന ഐ.ടി പാര്‍ക്കുകളുടെ പെരുമയുടെ അഹങ്കാരം ...സാംസ്കാരിക ഔന്നത്യത്തിന്റെ അഹങ്കാരം...അങ്ങിനെ ഞാനൊരു ഒന്നൊന്നര അഹങ്കാരിയാണ് ..അല്ല ..ആയിരുന്നു

ഇങ്ങനെ എന്റെ അഹങ്കാരത്തിന് അന്ത്യം കുറിക്കുകയും ഒരു പുനര്‍ വിചിന്തനത്തിന് തുടക്കം കുറിക്കുകയും ചെയ്തത് ഒന്നു രണ്ടു കുഞ്ഞു കാര്യങ്ങളാണ് ..അതില്‍ ഒന്നാമത്തെ സംഭവത്തിന്റെ സൂത്രധാരനാണ് ശ്രീ അജിത് കുമാര്‍ ...ഇദേഹം തമിള്‍നാട്ടിലെ ബുദ്ധിജീവിയോ സാംസ്കാരിക നായകനോ അല്ല ..(അഭിപ്രായങ്ങള്‍ മൊത്തമായും ചില്ലറയായും വിറ്റു ജീവിക്കുന്ന അഴീകോട് മാഷിന് സ്തുതി) ..ഒരു പയ്യന്‍സാണ് ..6th ഇല്‍ പഠിക്കുന്നു .(ഫോട്ടോയില്‍ ഞാന്‍ തോളില്‍ കയ്യിട്ടു നില്‍ക്കുന്നതാണ് കഥാപാത്രം ).ഞങ്ങള്‍ ഇങ്ങനെ മധുര മീനാക്ഷി ദര്‍ശനത്തിനു കാത്തു നില്ക്കുന്നു ...മണിക്കൂറുകളായി കാത്തു നില്‍ക്കുകയാണ്‌ ..സ്വാഭാവികമായും ഞാനും ശിവദാസും അവിടത്തെ ആളുകളുടെ വൃത്തിയില്ലായ്മയെ കുറിച്ചും മറ്റും കൂലങ്കുഷമായി പരദൂഷണം പറഞ്ഞു നേരം കളയുകയാണ് (സ്വാഭാവികമായും ഞാന്‍ ഒരു അഹങ്കാരിയയത് കൊണ്ടു മാത്രം ...എനിക്കറിയാം മറ്റു മലയാളികള്‍ ഒരിക്കലും തമിഴന്മാരെ കുറ്റം പറയുകയോ ചീത്ത വിളിക്കുകയോ ഇല്ല)..ഈ കുട്ടി ഞങ്ങളുടെ തൊട്ടു മുന്‍പില്‍ നില്‍ക്കുന്നുണ്ട് ..അവന്‍ ഞങ്ങളെ നോക്കുന്നുണ്ട് ...ക്യു ഇഴഞ്ഞു നീങ്ങി തുടങ്ങി ...'അമ്മേ ' വിളികള്‍ കൊണ്ടു അന്തരീക്ഷം മുഖരിതമായി ...അവിടെ ശ്രീകോവിലിന് നേരെയായി ഒരു ചെറിയ സ്പേസ് ഉണ്ട് ..അതില്‍ കേറി നിന്നാല്‍ വ്യക്തമായി ദര്‍ശിക്കാം ..ശിവദാസും ഞാനും ചെറുതായി തിക്കിത്തിരക്കി അങ്ങോട്ട് ചാടിക്കേറാന്‍ (തീയേറ്റര്‍ പരിചയം ) ശ്രമിച്ചു ..പക്ഷെ മുന്‍പിലുള്ള പയ്യനാണ് അതിനുള്ള ഭാഗ്യം കിട്ടിയത് ..കേറിയ ഉടനെ അവന്‍ ഞങ്ങളെ ഒന്നു നോക്കി , ദര്‍ശനം പോലും നടത്താതെ ഞങ്ങളെ വിളിച്ചു ..എന്നിട്ടു പറഞ്ഞു .."ചേട്ടാ , നിങ്ങള്‍ കേറി കണ്ടോളൂ .."അവന്‍ താഴെ ഇറങ്ങി ..ഞങ്ങള്‍ക്ക് കുറച്ചിലായി ..അഹങ്കാരതിനിട്ടുള്ള ആദ്യത്തെ കൊട്ട് ..അപ്പോള്‍ അവന്റെ അടുത്ത ഡയലോഗ് ..."ദയവു ചെയ്തു കേറി അമ്മയെ ദര്‍ശിക്കൂ ..എന്റെ വീട് ഇവിടെ നിന്നു എട്ടു കിലോമീറ്റര്‍ ദൂരെയാണ് ..എനിക്കിനിയും വരാം ..നിങ്ങള്‍ ഒരു പക്ഷെ ജീവിതത്തില്‍ ആദ്യവും അവസാനത്തെയും വരവാവും "..എന്നിട്ടു ഞങ്ങള്‍ കേറി ഭംഗിയായി തൊഴുന്നതും നോക്കി അവന്‍ മാറി നിന്നു ..എനിക്കും സുഹൃത്തിനും കുറെ നേരത്തേക്ക് ഒന്നും സംസാരിക്കാനെ പറ്റിയില്ല ..ഇത്രയും നേരം തമിഴന്റെ സംസ്കാരത്തെ കളിയാകുകയായിരുന്നു ..മലയാളിയുടെ ആഭിജാത്യം നെഞ്ചിലേറ്റി ....ദര്‍ശനം കഴിഞ്ഞു പുറത്തിറങ്ങി അവനെ തേടിപ്പിടിച്ചു ..പരിചയപ്പെട്ടു ..പിന്നെടങ്ങോട്ടു ആ മിടുക്കനായിരുന്നു ഞങ്ങളുടെ ഗൈഡ് ..ഒരു പാടു സ്നേഹത്തോടെ , ബഹുമാനത്തോടെ അവന്‍ ഒരുപോ മുക്കും മൂലയും കാണിച്ചു തന്നു..ഐതിഹ്യങളൂം കഥകളും ചരിത്രവും ഒക്കെ പറഞ്ഞു തന്നു ആ കൂടുകാരന്‍ ഞങ്ങളോട് യാത്ര പറഞ്ഞു ...കൂടെ അവന്‍ എന്റെ 'മലയാളി അഹങ്കാരവും ' കൊണ്ടു പോയി...മധുരയിലെ തമിള്‍ അത്ര എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നതല്ല ...സത്യം പറഞ്ഞാല്‍ പകുതിയേ പറ്റിയുള്ളൂ ..എന്നാലും തികഞ്ഞ സ്നേഹത്തോടെയും കുലീനത്വതോടെയും ഉള്ള ആ കുഞ്ഞു കൂട്ടുകാരന്‍ വളരെ പെട്ടെന്ന് തന്നെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു ..പിന്നീടങ്ങോട്ട് കുറെ അനുഭവങ്ങള്‍ ..



ഒരു പ്രശ്നത്തിന്‍ മേല്‍ അവിടത്തെ പോലീസ് അധികാരികളുടെ ക്രിയാത്മകവും സ്നേഹപൂര്‍വ്വവുമായ സമീപനം ...അങ്ങിനെ കുറെ...കൂട്ടത്തില്‍ വന്ന ഒരാള്‍ മിസ് ആയി ...കുറെ തേടി അലഞ്ഞു ..കിട്ടിയില്ല..പ്രായം ചെന്ന ആളാണ് ..മൊബൈല് ഇല്ല..അവസാനം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു ..ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള സമീപനം ...ഞങ്ങളെ ആശ്വസിപ്പിക്കുന്നു ..ഓടി നടക്കുന്നു ..അപ്പപ്പോള്‍ വിവരങ്ങള്‍ അറിയിക്കുന്നു ..

എന്തായാലും ഈ യാത്ര എന്നെ സംബന്ധിച്ച് ഒരു ആദ്ധ്യാത്മിക പരിവേഷത്തിനും ഉപരിയായി എന്തൊക്കെയോ ആയി മാറി ....

9 comments:

അപ്പൂട്ടൻ said...

അയ്യേ.... പ്രവീൺ ഇത്ര അഹങ്കാര്യാ?
ഞാനടങ്ങുന്ന മലയാളി സമൂഹത്തിന്‌ അഹങ്കാരം ഇല്ലെന്ന് മാത്രമല്ല, അതെന്താണെന്ന് അറിയുകയേയില്ല. അഹങ്കാരം പോയിട്ട്‌ സോഡാക്കാരം പോലും കണ്ടിട്ടുമില്ല. ഇനി അഥവാ ഉണ്ടെങ്കിൽത്തന്നെ അതൊരു വെറും ന്യൂനപക്ഷം (വളരേ ചെറിയ ന്യൂനപക്ഷം, എണ്ണാം, പക്ഷെ സൂപ്പർ കമ്പ്യൂട്ടർ വേണമെന്നുമാത്രം)

ഒരു പഴയ കഥയുണ്ട്‌, ധാരാളം സമയമുണ്ടെങ്കിൽ (മാത്രം) വായിക്കാം. നമുക്കാർക്കും തീരെ അഹങ്കാരമില്ലെന്ന് അറിയട്ടെ, ജനം.

Rare Rose said...

നല്ല മിടുക്കന്‍ കുട്ടി.ആ കൊച്ചു മനസ്സിലെ ചിന്തകളുടെ വലുപ്പം കണ്ട് നമ്മള്‍ പഠിക്കണം..

jayanEvoor said...

മലയാളിക്കു മാത്രമല്ല, തമിഴനും, തെലുങ്കനും, കന്നഡിഗനും, ഹിന്ദി ഗൊസായിക്കും ഒക്കെയുണ്ട് അഹങ്കാരം.

അതുകൊണ്ട് മലയാളി അഹങ്കാരം എന്നു പറഞ്ഞ് നാണിക്കേണ്ട കാര്യമൊന്നുമില്ല.

മിടുക്കനായ ആ കുഞ്ഞുപയ്യനു മുന്നിൽ സ്വന്തം അഹങ്കാരം അലിഞ്ഞു പോയെങ്കിൽ സന്തോഷം. (ഇനി എന്നെക്കാണുമ്പോൾ ഇതൊക്കെ ഓർത്താ മതി!)

കണ്ണനുണ്ണി said...

അതെ പ്രവീണ്‍ പലപ്പോഴും നമ്മള്‍ അഭിപ്രായം ഉണ്ടാക്കുന്നത് ഒരു ന്യൂനപക്ഷതിനെറ്റ് പ്രവര്‍ത്തിയെ ബെയിസ് ചെയ്താവും.. അല്ലെങ്കില്‍ ഒന്നോ രണ്ടോ സംഭവങ്ങളെ വെച്ച്.. അവിടെയാണ് ചിലപ്പോള്‍ തെറ്റ് പറ്റുന്നത്.

എറക്കാടൻ / Erakkadan said...

അഹങ്കാരി .....ഹും ....എന്നാലും സമ്മതിച്ചല്ലോ

nandakumar said...

അഭിനന്ദനം. നിനക്കല്ല നിന്റെ അഹങ്കാരം ശമിപ്പിച്ച ആ കൊച്ചു പയ്യന് :)

ഇതുപോലെ നിരവധി അനുഭവങ്ങള്‍ എനിക്കുമുണ്ട് തമിഴരില്‍ നിന്നും. ചില കാര്യങ്ങളില്‍ അവരെ നോക്കി പഠിക്കേണ്ടതാണ് (എല്ലാതുമല്ല, ചിലതു മാത്രം)

Unknown said...

ജീവിതത്തില്‍ ഒരു നല്ല ഭാഗം പഠനത്തിനായി തമിഴ് നാട്ടില്‍ ജീവിച്ചതോണ്ട്, ഞാന്‍ കുറെ ഒക്കെ അറിഞ്ഞതാണ് അവരുടെ കാര്യങ്ങള്‍. ശെരിക്കും അവരുടെ hospitality അറിയാന്‍ നല്ല നാട്ടിന്‍പുറത്ത് പോകണം. ഞാന്‍ താമസിച്ചിട്ടുണ്ട് കുറച്ചു ദിവസം അങ്ങനെ. ആശംസകള്‍!!

Anil cheleri kumaran said...

പയ്യന്‍ കൊള്ളാം അല്ലേ.

Vinodkumar Thallasseri said...

മൊത്തം ഇന്ത്യക്കാരും തണ്റ്റെ ഇത്തരം പ്രവര്‍ത്തികള്‍ രാജ്യത്തിനകത്തും പുറത്തും കൃത്യമായി മാറ്റി ചെയ്യുന്നവരാണ്‌. പക്ഷെ ജാഡയിലും കാപട്യത്തിലും ആരും നമ്മള്‍ മലയാളികള്‍ക്കൊപ്പമെത്തില്ല.

ആരേയും അംഗീകരിക്കാന്‍ നമുക്ക്‌ സാദ്ധ്യമല്ല. അത്‌ വയസ്സില്‍ മൂത്തവരേയും പദവിയില്‍ ഉയര്‍ന്നവരേയും അടക്കം. പദവിയില്‍ ഉയര്‍ന്നവരെപ്പോഴും 'സാര്‍' വിളിക്കാന്‍ മടിക്കുന്നവര്‍ മലയാളികളാണ്‌.

അവണ്റ്റെ മുന്നില്‍ താങ്കള്‍ കാശുകാരനായി ജാഡ കാണിക്കാന്‍ വന്നവന്‍ മാത്രമാണ്‌.

നല്ല എഴുത്ത്‌.