Thursday, May 17, 2012

വില്‍‌പ്പനച്ചരക്കുകള്‍

സമര്‍പ്പണം :

കേവലം പദവികള്‍ക്കായി ഭാഷയെ കൂട്ടിക്കൊടുത്ത് , ബുദ്ധിപരമായ നിശബ്ദത വിറ്റു കാശാക്കിയ സാംസ്കാരികനപുംസകങ്ങള്‍ക്ക് .. കൊലക്കത്തികള്‍ക്ക് മൂര്‍ച്ചകൂട്ടി നടക്കുന്നവരുടെ മനസ്സാക്ഷിയേക്കാളും ക്രൂരമാണു ഇവരുടെ നപുംസകവേഷങ്ങള്‍ക്ക് എന്ന് തിരിച്ചറിവ് ഇല്ലാത്തവര്‍ക്ക് ..


വില്‍‌പ്പനച്ചരക്കുകള്‍

പഴയരംഗം

മനുഷ്യത്വം വിറങ്ങലിച്ചൊരീ നിമിഷങ്ങളില്‍
അഗ്നിനാളമായ് പെയ്തിറങ്ങട്ടെയെന്‍ തൂലിക
രേഖപ്പെടുത്താന്‍ ഒരു ഞെട്ടലും, തീരാനഷ്ടവും
വിറങ്ങലിക്കാനിനിയും മനസ്സാക്ഷിയും ബാക്കി

പുതിയരംഗം

നിശബ്ദതയില്‍ നേടുന്ന പദവികളമൂല്യം
അക്കാദമിയംഗത്വം സുന്ദരം സമ്മോഹനം
ചാനലില്‍ , പത്രത്തില്‍ പുകഴ്ത്തലും വശ്യം
ഇന്നിന്‍ സാംസ്കാരികനായകപദവിയും കേമം.

 രത്നച്ചുരുക്കം : ത്ഫൂ!!!!

Wednesday, May 02, 2012

യെമൻ ഡയറി


From Net
ആയിരക്കണക്കിനു വർഷങ്ങളായി ഒരു സംസ്കാരം മുറുകെപ്പിടിച്ചുകൊണ്ട്, തലമുറകളായി ഒരേ രീതിയിൽ വസ്ത്രം ധരിച്ചുകൊണ്ട്, ജീവിക്കുന്ന ഒരു ജനതയുള്ള രാജ്യം ..

വിവാഹം തെരുവുകളിൽ ആഘോഷമായികൊണ്ടാടുന്നവരുടെ രാജ്യം ...

ലോകത്തെ ഏറ്റവും നല്ല തേനും കാപ്പിയും ഉള്ള ഒരു രാജ്യം ..

മണ്ണുകൊണ്ട് ഉണ്ടാക്കിയ, ശിൽപ്പചാതുരി നിറഞ്ഞുനില്ക്കുന്ന, വൈദ്യുതദീപങ്ങളാലലങ്കരിക്കപ്പെട്ട ആകാശഗോപുരങ്ങളുടെ രാജ്യം ...

ഈ രാജ്യത്തെക്കുറിച്ചാണു ഇറ്റാലിയൻ കവിയും സംവിധായകനുമായ പിർ പൊലോ പസോളിനി “ലോകത്തെ ഏറ്റവും സുന്ദരമായ രാജ്യം “ എന്ന് വിശേഷിപ്പിച്ചത്.

ഞാൻ പറഞ്ഞ് വരുന്നത്, യെമനെക്കുറിച്ചാണു. മാധ്യമങ്ങളിലൂടെ നമ്മൾ “ഭീകരരാജ്യമായി” കേട്ടറിഞ്ഞ റിപബ്ലിക് ഓഫ് യെമനെക്കുറിച്ച്...

ജീവിതത്തന്റെ ആകസ്മികതളിൽപ്പെട്ട് യെമനിലേക്ക് വണ്ടികയറുമ്പോൾ, നല്ലതൊന്നും ഈ നാടിനെക്കുറിച്ച് കേട്ടിരുന്നില്ല. ആഭ്യന്തരയുദ്ധം കത്തിനിൽക്കുന്ന സമയമായതിനാൽ കേട്ട വാർത്തകൾക്കെല്ലാം മരണത്തിന്റെ ഗന്ധവുമുണ്ടായിരുന്നു. സനാ ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ രാജ്യത്തെ അരക്ഷിതാവസ്ഥയുടെ ഏകദേശരൂപം പിടികിട്ടി. നമ്മുടെ നാട്ടിലെ ഒരു ഇടത്തരം ബസ്റ്റാന്റിന്റെ നിലവാരം മാത്രമുള്ള ഒരു എയർപോർട്ട്. ആഭ്യന്തരയുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥയിലായതിനാൽ എയർപോർട്ടിൽ അധികം പേരില്ല. കമ്പനി ഏർപ്പാടാക്കിയിരുന്ന ഡ്രൈവറുടെ കൂടെ താമസസ്ഥലത്തേക്കുള്ള യാത്ര തന്നെ നല്ലൊരു അനുഭവമായി.

A Mobile Picture , From My window
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം ഏഴായിരത്തിയഞ്ഞറടി ഉയരത്തിലാണു സന എന്ന നഗരത്തിന്റെ സ്ഥാനം. നാലുപാടും വരണ്ടമലനിരകളാൽ ചുറ്റപ്പെട്ട ഈ നഗരത്തിനു ഒരുപാട് പ്രത്യേകതകളുണ്ട്. പഴയസന നഗരം യുണെസ്കോയുടെ പൈതൃകനഗരമാണു. ഒറ്റവാക്കിൽ പറഞ്ഞാൽ സന ഒരു തുറന്ന മ്യൂസിയമാണു. ചരിത്രാപഠിതാക്കളെ സംബന്ധിച്ചിടത്തോളം ഒരു തുറന്ന പുസ്തകം.  താമസസ്ഥലത്തേക്കുള്ള യാത്രയിൽ ചുറ്റും കണ്ട കാഴ്ചകൾ എന്നെ സ്വപ്നങ്ങളിലെവിടെയോ കണ്ട്മറന്ന ഒരു അറബിക്കഥയിലെ നഗരത്തെ ഓർമ്മിപ്പിച്ചു. മണ്ണുകൊണ്ടുണ്ടാക്കിയ ചുവന്ന കെട്ടിടങ്ങൾ ... മുഷിഞ്ഞ തെരുവുകൾ ... ഏതോ പുരാതനകാലഗുഹാമനുഷ്യരെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വസ്ത്രം ധരിച്ച തദ്ദേശവാസികൾ .. എങ്ങും ആയുധമേന്തിയ ആളുകൾ റോന്ത് ചുറ്റുന്നു....  തുറന്ന വാഹനങ്ങളിൽ അത്യന്താധുനിക മെഷീൻ ഗണ്ണുകളേന്തി പരസ്യമായി യാത്ര ചെയ്യുന്ന അപരിഷ്കൃതരായ ജനങ്ങൾ എനിക്കൊരൂ പുതിയ കാഴ്ചയായിരുന്നു.

Mobile picture
ആഭ്യന്തരയുദ്ധം പാടെ തകർത്തുകളഞ്ഞ ഒരു നഗരത്തിലേക്കായിരുന്നു ഞാൻ കടന്നു ചെന്നത്. ഏകദേശം ഒരു വർഷമായി ഇലക്ട്രിസിറ്റി ഇല്ലാതെ ഇരുട്ടിലാണ്ടുകിടക്കുന്ന ഒരു തലസ്ഥാനനഗരം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ? യാതൊരു വിധത്തിലുള്ള വിനോദോപാധികളില്ലാത്ത ഒരു നഗരം. ഇവിടെ ഒരു സിനിമാതീയേറ്ററോ, മദ്യശാലകളോ  നല്ല ക്ലബ്ബുകളോ ഒന്നുമില്ല. ഇടുങ്ങിയ തെരുവുകളും, തെരുവുകളിലെ ചെറുകിട വ്യാപാരികളും അതില്‍ തിങ്ങിനിറഞ്ഞൊഴുകുന്ന സാധാരണക്കാരന്റെ ജീവിതവും മാത്രം. മതവും രാഷ്ട്രീയവും സമ്മാനിച്ച വേലിക്കെട്ടുകൾക്കുള്ളിൽ തൃപ്തരായി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നവര്‍.

ശരണമന്ത്രങ്ങളൊഴുകി വന്നിരുന്ന പ്രഭാതങ്ങൾക്ക് പകരം എന്നെക്കാത്തിരുന്നത് വെടിയൊച്ചകള്‍ നിറഞ്ഞ പുലർ‌വേളകളായിരുന്നു. ചുറ്റുമുള്ള മലനിരകളില്‍ അങ്ങോട്ടുമിങ്ങോട്ടും ചേരിതിരിഞ്ഞ് വെടിവെപ്പും ആക്രമണങ്ങളും. ഇവിടെ ഒരു പക്ഷെ ഏറ്റവും വിലകുറവായി അവര്‍കണക്കാക്കുന്നത് മനുഷ്യജീവനാണെന്ന് തോന്നിപ്പോയ നാളുകള്‍. ദീര്‍ഘകാലത്തെ ഭരണത്തിനുശേഷം ജനങ്ങളാല്‍  നിഷ്കാസിതനായ ഒരു പ്രസിഡന്റിന്റെ അപദാനങ്ങള്‍... അദ്ദേഹത്തെ എതിര്‍ത്തുകൊണ്ട് ആഭ്യന്തരയുദ്ധത്തിനിറങ്ങിപ്പുറപ്പെട്ടവരുടെ ചെയ്തികള്‍ .. പരസ്പരമുള്ള പോര്‍‌വിളികള്‍ക്കിടയില്‍ നഷ്ടമായത് നൂറുകണക്കിനു സാധാരണക്കാരുടെ ജീവിതങ്ങളാണു.

Sometime bullets misses its destination....Window..
ഇവിടത്തെ പലകെട്ടിടങ്ങളും ഇവിടെനിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ ജീവിക്കുന്ന സ്മാരകങ്ങളാണു, വെടിയുണ്ടകള്‍ തറഞ്ഞ്, റോക്കറ്റ് ലോഞ്ചേഴ്സിന്റെ ആഘാതമേറ്റ് പകുതി തകര്‍ന്ന നിലയില്‍ നില്‍ക്കുന്ന അനേകം കെട്ടിടങ്ങള്‍ കാണാം. അടുത്തുവരുന്ന വെടിയൊച്ചകളെ പേടിച്ച് ഒരുവയസ്സുകാരി കുഞ്ഞിനെ നെഞ്ചോടടുക്കിപ്പിടിച്ച് നടുത്തളത്തില്‍ ഉറങ്ങാതെ കഴിച്ചു കൂട്ടിയ രാത്രിയെപറ്റി സഹപ്രവര്‍ത്തകന്‍ പറഞ്ഞത്, ഈ കെട്ടിടങ്ങളിലൊക്കെ അടുത്ത നിമിഷത്തെക്കുറിച്ച് വേവലാതിപ്പെട്ട് കഴിഞ്ഞിരുന്ന ജീവനുകളെപ്പറ്റി ചിന്തിക്കാനിടയാക്കി..

സമുദ്രനിരപ്പിൽ നിന്നും ഇത്രയും ഉയരത്തിൽ സ്ഥിതിചെയ്യുന്നതുകൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും ഇവിടെ തണുപ്പാണു പൊതുവെ. ഡിസമ്പർ ജനുവരി മാസങ്ങളിൽ പൂജ്യത്തിനും താഴെപോവും. ബാക്കി ദിവസങ്ങളിൽ വളരെ നല്ല കാലാവസ്ഥയും. നിറയെ ആലിപ്പഴം വീഴുന്ന മഴക്കാലം ... കോച്ചിവലിയുന്ന തണുപ്പുകാലം .. അത്രയധികം ചൂടില്ലാത്ത വേനൽ മാസങ്ങൾ ... ഭൂരിഭാഗം വീടുകളിലും മുന്തിരിവള്ളികൾ വളര്‍ത്തിയിരിക്കുന്നത് കാണാം. ആഭ്യന്തരപ്രശ്നങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും ഇല്ലായിരുന്നെങ്കിൽ  'ടൂറിസത്തിന്റീ' അനന്തമായ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്ന രാജ്യം. 

വിദ്യാഭ്യാസപരമായി വളരെ പിന്നിൽ നില്‍ക്കുന്നവരാണു ഇവിടത്തെ ജനത. എന്നാല്‍ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ ഉന്നതിയിൽ നില്‍ക്കുന്നവർ. ഇവിടത്തെ ആഭ്യന്തര/രാഷ്ട്രീയ പ്രശ്നങ്ങളെ മാറ്റി നിർത്തിയാൽ, ഇവരുടെ നമ്മളോടുള്ള പെരുമാറ്റം അതിശയാവഹമാണു. വഴിയിലൂടെ നടന്നുപോവുമ്പോൾ, ഉച്ചസമയമാണെങ്കിൽ, പലരും നമ്മളെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കും. വഴിയിലൂടെ നടന്നുപോകുമ്പോൾ നമ്മളെകടന്നു പോവുന്ന ഒരാൾപോലും സ്നേഹപൂര്‍‌വ്വം ചിരിച്ചുകൊണ്ട് 'അസ്സലാമു അലൈക്കും' എന്ന് ആശംസിക്കാതിരിക്കില്ല.  നിങ്ങൾക്ക് ഭാഷ അറിയില്ലെങ്കിൽ പോലും, എവിടെയും കയറിച്ചെല്ലാം, അവർ അനുതാപപൂർവ്വം നമ്മളെ ശ്രദ്ധിക്കുകയും നമ്മളുടെ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യും. ഇവർക്ക്  ജന്മം കൊണ്ട് ഈ നാടുകൊടുക്കുന്ന സംസ്കാരമുണ്ട്, ആത്മാർത്ഥമായിത്തന്നെ അതിനുമുന്നിൽ പ്രണമിക്കുന്നു...

Another picture, through my window
യെമനികൾക്ക്  മറ്റു അറബ് ജനതയില്‍ നിന്നും വ്യത്യസ്തമായി ഒരുപാട് പ്രത്യേകതകളുണ്ട് . സ്വഭാവത്തിൽ, സംസ്കാരത്തിൽ, ഇടപെടലുകളിൽ അങ്ങനെ .. ഇവർ നിരത്ത് വക്കത്ത് ഒരുമിച്ച് വട്ടം കൂടിയിരുന്നു ഒരു പാത്രത്തിൽ നിന്നാണു ഭക്ഷണം കഴിക്കുക. ആദ്യമൊക്കെ അയ്യേ എന്നു തോന്നിയെങ്കിലും, ആ കൂട്ടായ്മ നല്‍കുന്ന ഒരു സന്ദേശത്തെക്കുറിച്ചാലോചിച്ചപ്പോൾ സന്തോഷം തോന്നി. ഇവരുടെ ശാപം എന്നത് 'കാത്ത്' എന്ന ഒരു ഇലയാണു. കഞ്ചാവിന്റെ ഒരു നാനോ വേര്‍ഷൻ എന്ന് വേണമെങ്കില്‍ നമുക്കതിനെ പറയാം.  ഉച്ചക്ക് ശേഷം എല്ലാവരും ഇത് ചവക്കുകയും, വായില്‍ ഒരു ഉണ്ടയാക്കീ വക്കുകയും ചെയ്യും. അത് ഇവരുടെ  ജീവിതചര്യയുടെ ഭാഗമാണു. ഈയടുത്ത് കൃഷിഭൂമികളെല്ലാം കാത്ത് കൃഷിക്കായി ഉപയോഗപ്പെടുത്തത് സാമ്പത്തികവ്യവസ്ഥയെ ബാധിക്കുന്നു എന്ന രീതിയില്‍ ഒരു ലേഖനം വായിച്ചിരുന്നു.

ആയുധമേന്തി റോന്ത് ചുറ്റുന്നവരോട് ആദ്യമൊക്കെ തോന്നിയ അപരിചിതത്വത്തില്‍ നിന്ന്, കണ്മുന്നിൽ നടന്ന തെരുവുയുദ്ധത്തോടെ 'ഭയമായി'മാറി. ജീവനും പൊക്കിപ്പിടിച്ചോടുന്നവന്റെ വികാരം രസകരമാണു, ആ ഓട്ടത്തില്‍ നമ്മള്‍ കൂട്ടിവച്ച അഭിമാനവും, ജാഡകളും, അഹങ്കാരങ്ങളും, കണക്കുകൂട്ടലുകളും ഒന്നും കൂടെയുണ്ടാവില്ല. :)

ഈ രാജ്യം കുറച്ച് ദിവസങ്ങളിലെ ശാന്തതക്ക് ശേഷം, കൂടുതൽ ഭയാനകമായ അവസ്ഥയിലേക്ക് പോകുന്നു..ആഭ്യന്തരപ്രശ്നങ്ങള്‍ക്കുപരിയായി ഗവണ്മെന്റും അല്‍‌ക്വൈദയും തമ്മിൽ  രക്തരൂക്ഷിതമായ പോരാട്ടങ്ങൾ ആരംഭിച്ചിരിക്കുന്നു. യെമനെ ചോരക്കളമാക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു ... കഴിഞ്ഞ മാസങ്ങളില്‍ ചാവേറാക്രമണങ്ങളടക്കം ശക്തമായ ആക്രമണപ്രത്യാക്രമണങ്ങൾ .. അസ്വസ്ഥതയുടെ നാളുകൾ.. ഇവിടെ വീശുന്ന കാറ്റിനുപോലും അനിശ്ചിതത്വത്തിന്റെ നാദം ...എല്ലാം ദൈവത്തിലർപ്പിച്ച്, നഷ്ടങ്ങളേയും നേട്ടങ്ങളേയും ഒക്കെ അവനു സമർപ്പിച്ച ഒരു ജനത ..

നഷ്ടങ്ങളുടെ ആകെക്കണക്കെടുപ്പിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ലെന്ന തിരിച്ചറിവായിരിക്കാം .. ഒരുപക്ഷെ മുന്നോട്ട് ഇവിടെ നയിച്ചുകൊണ്ടിരിക്കുന്നത് .. എന്നിരുന്നാലും ... നാളെയെക്കുറിച്ച് ചിന്തകളില്ലാത്ത ഈ രാജ്യത്തിലെ ഇടുങ്ങിയ തെരുവുകൾ എന്നെ ഓര്‍ക്കില്ലെങ്കിലും, ഒന്നെനിക്കുറപ്പുണ്ട്, അത് തിരിച്ചൊരിക്കലും സംഭവിക്കില്ല.  അപരിചിതത്വം എന്തെന്നറിയാത്ത, സ്നേഹത്തോടെ ചിരിക്കുന്നവർ ഇവിടെ എന്നെ അറിയാതെശീലിപ്പിച്ച വാക്കേ ഈ നാടിനെക്കുറിച്ചാലോചിക്കുമ്പോൾ മനസ്സിലിപ്പോഴുള്ളൂ ... "അല്‍‌ഹം ദുലില്ലാ...."