Sunday, February 13, 2011

വാഹ് അലൈക്കും ലാൽ‌സലാം‌ :)


സാമ്രാജ്യത്വത്തിന്റെതന്ത്രപരമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പുറമെ ഇസ്രയേലിന് കുറഞ്ഞവിലയില്‍ പ്രകൃതിവാതകം നല്‍കുന്ന രാജ്യവുമാണ് ഈജിപ്ത്. അതുകൊണ്ടുതന്നെ ഈജിപ്തില്‍ ദേശാഭിമാനബോധമുള്ള സര്‍ക്കാര്‍ നിലവില്‍വരുന്നത് ഇസ്രയേലും അമേരിക്കയും സഹിക്കില്ല. വരുംനാളുകളില്‍ ഒട്ടേറെ അട്ടിമറിനീക്കങ്ങള്‍ ഈജിപ്ത്ജനത പ്രതീക്ഷിക്കണം.

(വർക്കേഴ്സ് ഫോറം‌ ലിങ്ക് : http://workersforum.blogspot.com/2011/02/blog-post_7535.html )

ഹല്ല സഹാവേ, ദേശാഭിമാനബോധം ഇന്ത്യക്കാർക്കായാലേ നിങ്ങക്ക്  കലിപ്പുള്ളൂലേ??
 

സവര്‍ണ്ണത എന്നത് പേരിന്റെ വാലുമായി നേറനുപാതത്തില്‍ കൂട്ടിവായിക്കാവുന്ന പദമാണെന്നും, സംഘപരിവാറിന്റെ നീക്കിയിരുപ്പാണെന്നും പ്രചരിപ്പിക്കുന്ന പിണറായിപ്പിള്ളകളുടെ പ്രിയമന്ത്രി ശു.സുധാകരന്‍ സാറ് (ശു for ശുംഭന്‍ ) ഇന്ന് മൊഴിഞ്ഞത്  " മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും തോമസ് ഐസക്കും ഞാനുമൊക്കെ അധികാരമേറ്റപ്പോൾ നാടു നന്നായത് ജനസേവനത്തിന്റെ പാരമ്പര്യമുള്ളതു കൊണ്ടാണൂ.പുല്ലുപറിച്ച് നടക്കുന്നവര്‍ക്ക് ഇങ്ങനെ തിളങ്ങാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. "

പുല്ലു പറിച്ചു നടന്നവനും, കള്ളുചെത്ത്കാരനും, തോട്ടിപ്പണിക്കാരനുമൊക്കെ  ചോര കൊടുത്തു വളര്‍ത്തിയ പാര്‍ട്ടിയുടെ മന്ത്രിയാണെന്ന് താനെന്ന്  ഈ upcoming സവര്‍ണ്ണ മൂരാച്ചി മറന്നോ.

(പുല്ലുപറിയെന്ന വാമൊഴിവഴക്കം, തന്നെ തന്നെ :) )
Sunday, February 06, 2011

സ്ത്രീധനം

സ്ത്രീയാണു ധനം. അത് മാത്രം മതി.

കലാലയത്തിലെ നരച്ച ചുവരുകൾക്കിടയിൽ നിന്ന് അവന്റെ ശബ്ദം മുഴങ്ങി, പിന്നാലെ കുപ്പിവളകളുടെ ശബ്ദം കലർന്ന കയ്യടികളും.

സഹോദരിയെ വിവാഹ മാർക്കറ്റിൽ വിറ്റ് ബാലൻസ്ഷീറ്റിലെ നഷ്ടക്കണക്കുകളിൽ നെടുവീർപ്പിട്ടിരിക്കുന്നതവനൊരു ശീലമായി. ബാങ്കിൽ നിന്നും റിക്കവറി നോട്ടീസുകൾ വന്ന് തുടങ്ങിയ സമയത്താണു അവനൊരു കല്ല്യാണാലോചനയുമായി വിവാഹബ്രോക്കർ വന്നത്. അവന്റെ മനസ്സിൽ പഴയ വാചകം മുഴങ്ങി.അതിനൊരു ചെറിയ ഭേദഗതിവരുത്തി, അവൻ വിവാഹദല്ലാളിനോട് പറഞ്ഞു

സ്ത്രീധനം. അതുമാത്രം മതി

(നിയമപ്രകാരമുള്ള മുന്നറിയിപ്പ് : സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണ് :) :) )

Tuesday, February 01, 2011

ട്രാഫിക് അഥവാ ഹിന്ദുവിരുദ്ധ-ന്യൂനപക്ഷസുവിശേഷം


(ആവർത്തന വിരസത തന്നെയാണു. പക്ഷെ നിവൃത്തിയില്ല, ഇതിനോടൊക്കെ ഇങ്ങനെ പ്രതികരിക്കാനേ അറിയൂ. ക്ഷമിക്കുക. ഈ പോസ്റ്റ് വായിക്കുന്നതിനു മുന്നെ ദയവു ചെയ്തു മലയാളം എന്ന വെബ്പോർട്ടലിൽ വന്ന ഈ റിവ്യൂ വായിക്കുമല്ലോ)

ലേബലുകൾ: കലിപ്പ്, പണ്ടാറമടങ്ങൽ, മുടിഞ്ഞ സർകാസം


സിനിമ എന്ന മാധ്യമത്തെ ഉപയോഗിച്ച് ന്യൂനപക്ഷമതമൌലികവാദികൾ ഹിന്ദുസംസ്കൃതിക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് പുതുമ അവകാശപ്പെടാനില്ലെങ്കിലും, ഒരു സിനിമ മൊത്തമായും ആ ഒരുദ്ദേശത്തിൽ എടുത്തിരിക്കുന്നു എന്നതുകൊണ്ട് മാത്രം ‘ട്രാഫിക്’ ശ്രദ്ധേയമാവുന്നു. വിലക്കെടുക്കപ്പെട്ട പേനയുന്തികളുടെ സാംസ്കാരികവ്യഭിചാരം മാത്രമായി ട്രാഫിക്കിനെ തള്ളിക്കളയുന്നത്, ഭൂരിപക്ഷസമുദായത്തിന്റെ മനസ്സാക്ഷിയോട് ചെയ്യുന്ന കൊടും വഞ്ചനയായിരിക്കും. ലൌജിഹാദ്, ന്യൂനപക്ഷസമുദായങ്ങളുടെ കോളനികേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ എന്നിവയുടെ “ഇവാഞ്ചലൈസേഷൻ പ്രൊമൊ’ ആയി ഒറ്റവാക്കിൽ ട്രാഫിക്കിനെ വിലയിരുത്താം.

മഹത്തായ പാരമ്പര്യത്തേയും ഹൈന്ദവസാംസ്കാരികമൂല്യങ്ങളേയും പാടെ അവഗണിക്കുകയും നിഷേധിക്കുകയും ചെയ്ത് കൊണ്ടാണു തിരക്കഥാകൃത്തുകൾ കഥയെ രൂപ്പപ്പെടുത്തിയിരിക്കുന്നത്. അപകടത്തിൽ മരിക്കുന്ന യുവാവിന്റെ ഹൃദയം അത്യാസന്ന നിലയിലുള്ള ഒരു പെൺകുട്ടിക്ക് ഒരു ശസ്ത്രക്രിയയിലൂടെ മാറ്റിവക്കേണ്ടതിന്റെ ആവശ്യകതയും, അതിനു വേണ്ടയുള്ള യാത്രയുമാണു സിനിമയുടെ കഥാതന്തു. ആയുർവേദമെന്ന ഉപവേദത്തിന്റെ വർദ്ധിച്ചു വരുന്ന സ്വീകാര്യതക്ക് മങ്ങലേൽപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണു ഈ ഓപ്പറേഷൻ നാടകമെന്ന് സാമാന്യബുദ്ധിയുള്ള പ്രേക്ഷകനു മനസ്സിലാവും. കൊട്ടൻചുക്കാദിയും ബലാരിഷ്ടവും കൊണ്ട് മാറ്റാവുന്ന അപകടമേ കഥാനായകനുള്ളൂ എന്ന് മനസ്സിലാക്കാൻ പ്രേക്ഷകനു മെഡിക്കൽ ബിരുദത്തിന്റെ ആവശ്യമില്ലെന്ന് വിനയപുരസ്സരം ഓർമ്മിച്ചുകൊള്ളട്ടേ.

ലൌജിഹാദെന്ന പഴയവീഞ്ഞിനെ പുതിയകുപ്പിയിലടച്ച് കൊണ്ട് വരാനുള്ള നീക്കം അത്യന്തം അപലനീയമാണന്ന് പറയാതെ വയ്യ. ന്യൂനപക്ഷസമുദായത്തിൽ പെട്ട, പറയത്തക്ക സൌന്ദര്യമില്ലാത്ത, നായകൻ വിചാരിച്ചാൽപോലും ലൌജിഹാദെന്ന ആശയം നടപ്പിലാക്കാൻ സാധിക്കും എന്ന അപകടം പിടിച്ച സന്ദേശം നൽകുവാനാണൂ തിരക്കഥാകൃത്തുക്കൾ ഇവിടെ ശ്രമിച്ചിരിക്കുന്നത്. നായകന്റെ മരണശേഷം അദിതി എന്ന ഹിന്ദു യുവതിയെ നായകന്റെ വീട്ടിലോട്ട് മാതാപിതാക്കൾ ക്ഷണിക്കുന്ന രംഗം ഒരാവശ്യവുമില്ലാതെ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത് മതപരിവർത്തനത്തെ മാത്രം ലക്ഷ്യം വച്ചാണു എന്ന യാഥാർത്ഥ്യം ഞെട്ടിപ്പിക്കുന്നതാണു.

ഭൂരിപക്ഷ സമുദായത്തെ മൊത്തമായി പൊതുസമൂഹത്തിനു മുന്നിൽ കോമാളി വേഷം കെട്ടിക്കുക എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി സുദേവൻ എന്ന പോലീസുകാരന്റെ പാത്രസൃഷ്ടിമാറിയിരിക്കുന്നു. കൈക്കൂലിക്കാരനായ കോൺസ്റ്റബിളിനെ ചിത്രീകരിക്കുന്നതിലൂടെ, സേതുരാമയ്യർ, ഭരത് ചന്ദ്രൻ തുടങ്ങിയ ധീരരായ പോലീസുകാരെ സംഭാവന ചെയ്ത ഒരു സമൂഹത്തിനെ അടച്ചാക്ഷേപിക്കുവാൻ ഇതിലും നല്ല കുറുക്കുവഴി കണ്ടെത്താൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞട്ടുണ്ടാവില്ല. അതുമാത്രമല്ല, നേട്ടത്തിനു വേണ്ടി ഏതൊരുകാര്യവും ചെയ്യാൻ മടിയില്ലാത്തവനാണു ഹിന്ദുവെന്ന വളരെ നികൃഷ്ടമായ ആശയം കൂടി ഇടയിൽ സുദേവനിലുടെ ശ്രമിക്കുന്നുമുണ്ട്.

(ദി കിംഗ് എന്ന സിനിമയിൽ ന്യൂനപക്ഷകളക്റ്റർ ഹിന്ദുവായ മുരളിയുടെ കഥാപാത്രത്തിനെ നടുറോഡിൽ വച്ച് ചീത്തവിളിക്കുന്ന രംഗം വായനകാർക്ക് ഓർമ്മകാണുമല്ലോ.. എത്ര വലിയ അധികാരസ്ഥാനത്തിനിരിക്കുന്നവനായാലും ന്യൂനപക്ഷത്തിനു മുന്നിൽ തെറിവിളികളും ഏറ്റുവാങ്ങാനുള്ള യോഗ്യതയേ ഭൂരിപക്ഷത്തിനുള്ളൂ എന്ന വ്യക്തമായ സന്ദേശം നൽകുന്ന ഒരു രംഗം)

കേരളത്തിലെ പ്രമുഖ സാംസ്കാരികസംഘടനയായ ‘ഫാൻസ് അസോസിയേഷന്റെ’ തലപ്പത്ത് ഇരിക്കുവാൻ യോഗ്യത ന്യൂനപക്ഷക്കാരനേ ഉള്ളു എന്ന വ്യംഗ്യമായ സൂചനകൾ ട്രാഫിക് നൽകുന്നുണ്ട്. മാത്രമല്ല, ഫാൻസ് അസോസിയേഷന്റെ ഭാരവാഹിയായ മുസ്ലീം കഥാപാത്രത്തിന്റെ ശരീരഘടനയും സുദേവനെന്ന ഹിന്ദു കഥാപാത്രത്തിന്റെ ശരീരഘടനയും പ്രേക്ഷകനിൽ സൃഷ്ടിക്കുന്ന അന്തരം പാർശ്വവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷവികാരങ്ങളുടെ പ്രതീകമാണു. വാഹനവുമായി ഒരു മനുഷ്യജീവനുവേണ്ടി പാഞ്ഞു നായകസംഘം പാഞ്ഞു പോകുമ്പോൾ വഴിയരികിൽ അക്ഷമരായി കാത്തു നിൽക്കുന്ന വഴിയാത്രക്കാരിൽ പലരും അക്ഷമരാകുന്ന രംഗം വളരെ ബോധപൂർവ്വം ചിത്രീകരിച്ചിരിക്കുന്നു. വ്യക്തമായ ന്യൂനപക്ഷ മതചിഹ്നങ്ങൾ ധരിച്ച വഴിയാത്രക്കാർ പരിപൂർണ്ണമായി ഈ ദൌത്യത്തോടു സഹകരിക്കുകയും, ഭൂരിപക്ഷസമുദായമെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങൾ അക്ഷമരായി രൂക്ഷമായരീതിയിൽ പ്രതികരിക്കുന്ന ഒരൊറ്റ രംഗം മാത്രം മതി ഈ സിനിമയുടെ ഗൂഡോദ്ദേശം പുറത്ത് കൊണ്ട് വരാൻ.

പുതുപുത്തൻ സാങ്കേതികവിദ്യകളുടെ, മാധ്യമങ്ങളുടെ സഹായത്തോട് കൂടി, വ്യക്തമായ ധാരണയോടും പദ്ധതികളോടും കൂടെ ന്യൂനപക്ഷമതമൌലികവാദം വിഷംവമിപ്പിക്കുമ്പോൾ, ആടറിയാത്ത അങ്ങാടിവാണിഭം പോലെ ഇവരാൽ നയിക്കപ്പെടുന്ന ഒരു നപുംസകസമൂഹമാറി, ഇത്തരം സിനിമകളുടെ മുഖ്യ ഉപഭോക്താക്കളായിമാറാൻ വിധിക്കപ്പെട്ട ഈ സമൂഹത്തിനോട് എനിക്ക് സഹതാപമേയുള്ളൂ.. ഒന്നു മാത്രം, ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുക, അല്ലെങ്കിൽ നശിക്കാൻ തയ്യാറാവുക.
************* ********************* ******************* *************

വാൽക്കഷണം : “ട്രാഫിക് ഒരു നല്ല കമേഴ്സ്യൽ സിനിമയാണ്, തിയ്യറ്ററില്ത്ത്ന്നെ കാണാൻ ശ്രമിക്കുക. മലയാളസിനിമയിലെ നവ പരീക്ഷണങ്ങളെ പിന്തുണക്കുക“