Sunday, August 29, 2010

ടോം ആന്റ് ജെറി : ഹിന്ദുത്വ-സയണിസ്റ്റ് ഭീകരതയുടെ അന്തർ‌ക്കാഴ്ചകൾ‌



ഡിസ്ക്ലൈമർ : കൊമേഴ്സ്യൽ സിനിമകളിലെ വില്ലൻമാരുടെ മതവും ജാതിയും തിരിച്ച് കണക്കെടുത്ത് വിഷം വമിപ്പിക്കാനുള്ള ആഗോള ടെൻഡറെടുത്തിരിക്കുന്ന ബു.ജികളുമായോ, ദാ ഈ പോസ്റ്റുമായോ ഈ ലേഖനത്തിനു യാതൊരു വിധത്തിലുമുള്ള ബന്ധം ഇല്ല.


ഒരു സമൂഹത്തിന്റെ സമഗ്രമായ പുരോഗതിയെ ഹൈജാക്ക് ചെയ്യുക എന്നത് സവർണ വർഗീയത എക്കാലവും ഇവിടെ നടപ്പിലാക്കിയ, നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തന്ത്രമാണു. അതിന്റെ ഭാഗമായി മുഖ്യധാരാ മാധ്യമങ്ങളിൽ മാത്രമല്ല, വിനോദമെന്ന പേരിൽ, നിർദ്ദോഷമെന്നു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, പുതു തലമുറയിലേക്ക് ന്യൂനപക്ഷ വിദ്വേഷം പകർത്തിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെ ഇവിടെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ‘ടോം ഏന്റ് ജെറി’ പോലും സംഘപരിവാര-സയണിസ്റ്റ് ലോബിയുടെ തന്ത്രമാണു എന്നു തിരിച്ചറിയുമ്പോൾ, നാം എത്തി നിൽക്കുന്ന സമൂഹത്തിൽ ന്യൂനപക്ഷസമുദായങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുകയാണു.


ടോം ആന്റ് ജെറിയുടെ ഹിഡൻ അജണ്ടയെക്കുറിച്ച് പറയുന്നതിനു മുന്നെ, അതിനു പിന്നിൽ പ്രവർത്തിക്കുന്ന ‘അന്തർധാര’ എത്രമാത്രം സജീവമാണു എന്നു വിലയിരുത്തേണ്ടി വരും. ടോം ആന്റ് ജെറിയുടെ ആദ്യകാല എഡിറ്റർമാരിലൊരാളുടെ വകയിലെ അമ്മായിയുടെ പറ്റു ബുക്കിൽ ഒരു ഇസ്രായേലി പട്ടാള ഉദ്യോഗസ്ഥന്റെ പേർ കണ്ടെത്തി എന്നു കേരളത്തിലെ ഏക മാനവികപക്ഷപത്രമായ ‘ഓജസ്’ വെളിപ്പെടുത്തുമ്പോൾ നമ്മുടെ കുരുന്നുകളെ ഇന്നു നിയന്ത്രിക്കുന്നതാരു എന്ന അത്യന്തം ഭീതിദായകമായ സന്ദേഹം സമൂഹമനസ്സാക്ഷിക്കു മുന്നിലെനിക്ക് അവതരിപ്പിക്കാതെ വയ്യ. സാങ്കേതികമായി പറഞ്ഞാൽ പ്രതിക്രിയാവാദികളും വർഗീയഫാസിസ്റ്റുകളും തമ്മിലുള്ള അന്തർധാരയേക്കാൾ, ടോം ആന്റ് ജെറിയെ വ്യത്യസ്ഥമാക്കുന്നതു അതിന്റെ ഇസ്രയേൽ-നാഗ്പൂർ കണക്ഷനെ അതിമനോഹരമായി മറക്കുന്നതിൽ അവർ വിജയിച്ചു എന്നതാണു.

ടോം ഏന്റ് ജെറിയിലൂടെ സമൂഹത്തിലേക്ക് കുത്തിവെക്കാൻ ശ്രമിക്കുന്ന (മൃദു)ഹൈന്ദവ വർഗീയതയുടെ വിഷവിത്തുക്കൾ, ഏതൊക്കെ സങ്കേതങ്ങളാണു ഉപയോഗിക്കുന്നതു എന്നതിനെ നമുക്കു താത്വികമായി ഒന്നു വിശകലനം ചെയ്തു നോക്കാം. അതിനാദ്യം വേണ്ടതു തികച്ചും പുരോഗമനാത്മകവും മതനിരപേക്ഷവുമായ (സവർണവൽക്കരിക്കപ്പെടാത്ത) ഒരു മനസ്സാണു. ‘ടോം’ എന്ന പേരും സവർണ ബ്രാഹ്മണിക ചിഹ്നമായ ‘ഓം’ തമ്മിലുള്ള സാദൃശ്യം കേവലം യാദൃശ്ചികമല്ല എന്നു മനസ്സിലാക്കുകയാണ് മാനവിക പക്ഷത്ത് നിൽക്കുന്ന ബുദ്ധിജീവികളായ നമ്മൾ ആദ്യം തിരിച്ചറിയേണ്ട വസ്തുത. ടോം ആന്റ് ജെറിയിലെ പല സീക്വൻസുകളിലും തന്ത്രപൂർവ്വം ഫലവർഗങ്ങൾ നിറച്ച ഡൈനിങ്ങ് ടേബിൾ ഒരാവശ്യവുമില്ലാതെ കാണിക്കുന്നുണ്ട്. അവിടെയാകട്ടെ, ഓറഞ്ച് (ഓറഞ്ചിൽ നിന്നും കാവിയിലേക്കുള്ള ദൂരം വളരെ കുറവാണു എന്നുമാന്യ വായനക്കാർക്ക് അറിയാമല്ലോ) , മുന്തിരി, ആപ്പിൾ തുടങ്ങിയ മൃദുഹൈന്ദവ ഫലങ്ങൾ നിറച്ചു വച്ചിരിക്കുന്നു. എന്തുകൊണ്ട് അവിടെ കാരക്ക, അത്തിപ്പഴം, ഞാവൽപ്പഴം,ഞൊട്ടിക്കായ തുടങ്ങിയ കീഴാള-ന്യൂനപക്ഷ പഴങ്ങൾ വക്കുന്നില്ല?? തിരക്കഥാകൃത്തിന്റെ ഹൈന്ദവവൽക്കരിക്കപ്പെട്ട മസ്തിഷ്കം നടത്തുന്ന ഗൂഡാലോചനയുടെ ഫലമാണു ഇത്തരം പേക്കൂത്തുകൾ എന്ന് തിരിച്ചറിയാൻ നാം ബുദ്ധിജീവികളെങ്കിലും ഇനിയും തയ്യാറാവണം.


സവർണതയുടെ പ്രതീകമായ ടോമിന്റെ ഭക്ഷണം അനർഹമായി തട്ടിയെടുക്കാൻ വരുന്ന ജെറിയെ ചിത്രീകരിച്ചുകൊണ്ട് അവഹേളിക്കപ്പെടുന്നതു ഇവിടത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗമാണു എന്നു നിസ്സംശയം പറയാം. അധസ്ഥിത സമൂഹം എന്നും വരേണ്യവർഗത്തിന്റെ ഔദാര്യത്തിൽ കഴിഞ്ഞുകൊള്ളണം എന്ന ഫാസിസ്റ്റ് പൊതുബോധത്തിന്റെ സൃഷ്ടിയായിട്ടേ ഇതിനെ കാണാൻ സാധിക്കൂ


എന്തിനേറെ പറയുന്നു, പാത്രസൃഷ്ടി പോലും വൈദിക വിഷമായ ‘asa ‘Tom’a sathgamaya എന്നതിൽ നിന്നാവുന്നത് അതിന്നു പിന്നിൽ പതുങ്ങിയിരിക്കുന്ന ദുർഗ്രാഹ്യമായ ആസൂത്രണത്തെ അനാവരണം ചെയ്യുന്നു. റ്റു ഹരിഹർ നഗറിൽ ന്യൂനപക്ഷ സമുദായക്കാരനായ തോമസ്കുട്ടിയെ ക്രുരനാക്കി അവതരിപ്പിച്ച മലയാളത്തിലെ സവർണ വർഗീയ ലോബിയുടെ ഇടപെടലുകളുമായി ഇതിനുള്ള സാദൃശ്യം അങ്ങനെ അവഗണിക്കാവുന്നതാണോ?

(പഴശ്ശിരാജയേയും എടച്ചേനകുങ്കനേയും ചെറുപ്പമായി അവതരിപ്പിച്ച എം.ടി ക്യാപ്റ്റൻ രാജു അവതരിപ്പിച്ച ന്യൂനപക്ഷകഥാപാത്രത്തിന്റെ മുടി നരച്ചതായാണു ചിത്രീകരിക്കുന്നതു എന്നതും ഓർക്കുക)


കേരളത്തിന്റെ പൊതുബോധം സവർണമാണെന്നിരിക്കെ, അന്താരാഷ്ട്രതലത്തിൽ കൂടി ഈ ബോധത്തെ പ്രതിഷ്ഠിക്കാനുള്ള രഞ്ജിത്, ഷാജികൈലാസ്, എം.ടി ലോബിയുടെ ഇത്തരം ശ്രമങ്ങളെ നഖശിഖാന്തം എതിർക്കേണ്ടതു ഒരു മതനിരപേക്ഷ സമൂഹം സൃഷ്ടിക്കാൻ പ്രയത്നിക്കുന്ന നമ്മളുടെ കടമയാണു