Monday, September 27, 2010

കൊച്ചി മാരത്തോണും‌ ഞാനും

ജെ-ക്വറിയേയും പ്രാകിയിരിക്കുന്ന നേരത്താണു ഫയർഫോക്സിലെ ട്വിറ്റർ ആഡോൺ ആയ ‘എക്കോഫോണിൽ’ ഒരു ട്വീറ്റ് കണ്ടത്. ലോക ഹൃദയദിനത്തിൽ കൊച്ചിയിൽ മാരത്തോൺ ഓട്ടം സംഘടിപ്പിക്കുന്നു. ശ്ശൂർ പൂരോം റൌണ്ടും സ്വന്തായി ഉള്ളോണ്ട് ഞങ്ങൾ ശ്ശൂർക്കാർക്കാരെ വെല്ലാനൊരു ശവ്യോളും ജനിച്ചിട്ടില്ല എന്ന തൃശ്ശൂർക്കാരന്റെ അഹങ്കാരം സടകുടഞ്ഞെണീറ്റു.. ഓടിക്കളയാം.. ബട്ട് ഒറ്റക്കോടാനൊരു മടി..രാത്രി ഓരോരുത്തരെയായി വിളി തുടങ്ങി.

യൂസഫ്പാ യെ ഒന്നു വിളിച്ചേക്കാം..പുള്ളി ഉണ്ടാവാൻ ചാൻസ് ഉണ്ട്

ബെല്ലടിക്കുന്നുണ്ട്…

ങ്ങാ പ്രവീ..എന്തൊക്കെയുണ്ട് വിശേഷംസ്..
അതെ ഇക്കാ, മാരത്തോൺ ഓട്ടത്തെ പറ്റി ഇക്കക്കെന്താ അഭിപ്രായം?
നല്ല അഭിപ്രായം. പ്രവിക്കറിയോ.. ഞാൻ ഗുരുവായൂരും ചാവക്കാടും നടന്നിരുന്ന മാരത്തോണുകളിലെ സ്ഥിരം വിന്നറായിരുന്നു.
(അപ്പൊ ആളായി..ജയ് യൂസഫിക്ക) അപ്പോ ഇക്കാ, ഞാൻ പറയാൻ വന്നതു..
പ്രവി ആരോടും പറയരുത്, ഉസൈൻ ബോൾട്ട് എന്ന് കേട്ടട്ടുണ്ടാ,,
(എന്നോട്, ഉസൈൻ ബോൾട്ട്..!!!) അതിക്കാ, കോമഡി സിനിമേലൊക്കെ ഉള്ള?
ന്റെ പ്രവ്യേ!!! ബല്യ ഓട്ടക്കാരനാ, നമ്മട പയ്യനാർന്നു..അവനെന്റെ കൂടെ ഓടി തോറ്റ്..തോറ്റ്.. ഒന്നും പറയണ്ട,,, പാവം..
ഇക്കാ, ഈ വരണ ഞായറാഴ്ച്ച കൊച്ചിൻ മാരത്തോൺ ഉണ്ട്.. ജസ്റ്റ് 21 കിമീ മാത്രം. ഇക്കയുടെ കഴിവു ഉസൈൻ ബോൾട്ട് മാത്രം അറിഞ്ഞാൽ പോരാ.. നമുക്ക് പേരു രജിസ്റ്റർ ചെയ്യാം?
ഹലോ….പ്രവീ…അവിടെ ഉണ്ടോ? ഹലോ.. ഹലോ..
ഇക്കാ, കേൾക്കുന്നില്ലേ…മാരത്തോൺ..ഓട്ടം..കൊച്ചി…21 കി.മി…ഇക്കാ..
ഹലോ..ഹലോ..ഈ ചെക്കന്റെ ഒരുകാര്യം..മുഴുവൻ പറയുമ്പോഴേക്കും ഫോൺ വച്ചുകളയും.

സുന്ദരനായ കഥാകൃത്തിന്റെ മോന്തയാണു പിന്നെ മനസ്സിൽ തെളിഞ്ഞത്. അവനുണ്ടാവും…

ഹലോ..മനോരാജേ, പ്രവീണാ…
ഞാൻ നിന്റെ വിളി പ്രതീക്ഷിച്ചിരിക്കായിരുന്നു.. പ്രവീണയുടെ ശബ്ദമെന്താ മാറിയിരിക്കുന്നെ? ജലദോഷം പിടിച്ചോ? അതോ എന്റെ കഥകൾ വായിച്ചു കരഞ്ഞു കരഞ്ഞു ശബ്ദം പോയതാണോ? ഗള്ളി..ഒരു പിച്ചു വച്ചു തരും ഞാൻ..
ഡാ കോപ്പേ, ഞാനാ അന്തിക്കാട്ടുകാരൻ പ്രവീൺ..
അയ്യേ, നീയോ?
മനോ, കൊച്ചി മാരത്തോണിൽ നമുക്ക് ഓട്യാലോ…
വക്കടാ ഫോൺ.
.ക്ടിങ്ങ്..പി..പീ..പീ…

നിരാശനായിരിക്കുമ്പോൾ ജിമെയിലിൽ സജിച്ചേട്ടൻ (നിസ്സഹായൻ) .. പുള്ളിയെ മുട്ടാം…
ചേട്ടോ…
എന്താ പ്രവീണേ…
നമുക്ക് ഓട്യാലോ…
ജീവിതം തന്നെ ഒരു ഓട്ടമല്ലേ.. പ്രവീണേ.. പ്രാരാബ്ദങ്ങളൂടെ തീക്ഷ്ണമായ കരാളഹസ്തങ്ങൾക്കിടയിലൂടെ കൊഴിഞ്ഞു വീഴുന്ന നിമിഷങ്ങളെ വാരിപ്പിടിച്ചു നമ്മളുടെ ഈ ജീവിതയാത്രയുടെ തിരശ്ശീല വീഴുന്ന നാൾ നമ്മളേ തെക്കോട്ടെടുക്കില്ലേ പ്രവീണേ
ചേട്ടാ..അതു…ഞാൻ…
എന്താ പ്രവീൺ പറയാൻ വന്നതു??
അതു ചേട്ടാ..അതായതു…പറ്റിച്ചേ..എനിക്ക് പറയാൻ ഒന്നുമില്ല്യാർന്നു… പറ്റിച്ചേ..

അവസാന പ്രതീക്ഷയായി ബ്ലോഗ് അക്കാദമി പ്രവർത്തകൻ സിജീഷിനെ വിളിച്ചേക്കാം..

ഹലോ..സിജീഷേ..
ന്താണ്ട്രാ? ഞാനങ്ങട് വിളിക്കാൻ നിക്കാർന്നു..മ്മക്കങ്ങട് ഓട്യാലാ?
ങ്ങേ!!!!
ഹാ, കൊച്ചിൻ മാരത്തോണിലേ..ഒരു ചാമ്പങ്ങട് ചാമ്പാടാ..
അപ്പോ ഓടാലേ?..
ദെന്തൂട്ടണ്ടണ്ടാത്ര ആലോചിക്കാൻ.. രാവിലെങ്ങട് പോരേ..

രാവിലെ അഞ്ചിനു അലാറം വച്ചെണീറ്റു, പാവങ്ങൾ മുണ്ടിനടിയിലിടുന്നതും ബൂർഷകൾ മുണ്ടുടുക്കാതെയിടുന്നതുമായ ഐറ്റംസ് ധരിച്ച് ബൈക്കിൽ സിജീഷിനേം പൊക്കി ഡർബാർ ഹാളിലോട്ട്..

ഓസിനു കിട്ടുന്ന ടീ-ഷർട്ട് വാങ്ങാനവിടെ ഒടുക്കത്തെ ഇടി..ക്യൂ…ഒരു വിധത്തിൽ അതു വാങ്ങി ഇട്ടു വന്നപ്പോഴേക്കും സുരേഷ് ഗോപി കൊടി വീശി ..

നഗരത്തിലെ സകലമാന കൊച്ചമ്മമ്മാരും കൊച്ചമ്മിണികളും ഓടിത്തുടങ്ങി..പിന്നാലെ ഞങ്ങളും.. ആദ്യം ഓടി എത്താൻ അവർക്ക് തിരക്കില്ലാത്തതുകൊണ്ട് ഞങ്ങളും (സിജീഷ് ആളു ഡീസന്റായോണ്ട് ദൈവം എനിക്കൊരുത്തനെ കൂട്ടിനു അവിടേക്ക് പറഞ്ഞയച്ചിട്ടുണ്ടായിരുന്നു..) സാവധാനത്തിലായിരുന്നു. (തെറ്റിദ്ധരിക്കരുതേ, ലേഡീസ് ഫസ്റ്റ് എന്നാണല്ലോ.)

.ഓരോ കിലോമീറ്ററിലും വെള്ളം പാക്കറ്റിലാക്കി സിംഹങ്ങൾ നിൽപ്പുണ്ടായിരുന്നു. അവരവിടെ കിടന്നു ‘അപ് അപ്’ എന്ന് കാറിവിളിക്കുന്നതു കേട്ടപ്പോൾ എനിക്കെന്തോ ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിയാണു ഓർമ്മ വന്നത്. അപ്പുപ്പന്മാർക്ക് ഓടുന്നവന്റെ മാനദണ്ഡമറിയില്ലല്ലോ (മാനദണ്ഡം = മനസ്സിന്റെ ദണ്ഡം . ക.ട് : മഹി എന്ന മായാവി).

പിന്നാലെ ഉണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറും അതിലെ അസിസ്റ്റന്റും ഓടിക്കൊണ്ടിരുന്ന എന്നെ ഒരുപാട് പ്രതീക്ഷയോടെ നോക്കി അടക്കം പറഞ്ഞു.. “ഇവനീ ആംബുലൻസിലേക്കൊരു വാഗ്ദാനമാണു മോനെ.. ഏതു ? “

കാറ്റ് അനുകൂലമായതു കൊണ്ടാണോ മുന്നിലെ ച്യാച്ചിമാർ ഓട്ടം നിർത്താതതുകൊണ്ടാണോ എന്നറിയില്ല., രണ്ടു കിലോമീറ്ററോളം വലിയ പ്രശ്നമില്ലാതെ ഓടി.. സിജീഷ് മാത്രം ഓട്ടം തുടർന്നു (ഞങ്ങളൂടെ ടീമിൽ).. ഒരു വിധത്തിൽ ഏന്തി വലിഞ്ഞു ഫിനിഷിങ്ങ് പോയന്റിൽ ചെന്നു തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ വിജനമായ പാതമാത്രം. മുന്നിൽ ലയൺസിന്റെ വളണ്ടിയേഴ്സ് അവിടത്തെ പന്തലൊക്കെ അഴിക്കുന്നു.. അവന്മാരൊരു ആശ്ചര്യം നിറഞ്ഞ നോട്ടം..ആരാ?
അതു ഞാൻ വെറുതെ.. ഈ വഴി… ചുമ്മാ ..നല്ല ചീര വിത്ത് കിട്ടുമെന്നു കേട്ടു....!!


ഞാനും സുഹൃത്തുക്കളും

  
സിജീഷ്

ലോക ഹൃദയദിന തിരിച്ചറിവ് : ആയ സമയത്ത് രാവിലെ എണീറ്റോട്യാൽ‌, വയസ്സാം‌ കാലത്ത് നിക്കറിട്ടോടണ്ട.

Saturday, September 25, 2010

ബോം സബാഡോ , നിനക്കായ്

(ഒരു മയത്തിലൊക്കെ ചീത്തവിളിച്ചോളൂ... പതിവുപോലെ, ദീ പോസ്റ്റും‌ ആരേം‌ ഉദ്ദേശിച്ചട്ടില്ലാ...)പ്രിയ ബോം സബാഡോ,
എനിക്കറിയാം ഇതു കേൾക്കാൻ നീയുണ്ടാവില്ല..
അവർ നിന്നെ കൊന്നുകഴിഞ്ഞിരിക്കും..
അല്ലെങ്കിലും അവർ, സവർണതയുടെ മൊത്തക്കച്ചവടക്കാർ എന്നും അങ്ങനെയാണല്ലോ..


നിനക്കറിയാമോ …ലോകം നിന്നെ വെറുക്കുമ്പോഴും ,
ശപിക്കപ്പെട്ടവളെന്നും, വിരൂപയെന്നും വിളിച്ചാക്ഷേപിക്കുമ്പോഴും..
എന്റെ ഹൃത്തിലെ ഓരോ സ്പന്ദനവും നിനക്കുവേണ്ടിയായിരുന്നു..

നിന്നിലേക്കലിയുന്ന നിമിഷങ്ങൾ എന്റെ സ്വപ്നങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു..
പക്ഷെ, പ്രിയ ബോം..ഞാൻ വൈകിപ്പോയിരുന്നല്ലേ?

നിന്റെ കൊലപാതകികളോട് നമുക്ക് പൊറുക്കാം..
കാരണം അവരാരും "കർക്കറയെ കൊന്നതാരു" എന്ന പുസ്തകം വായിച്ചട്ടില്ലല്ലോ..

ഇനി ഉയർത്തെഴുന്നേൽപ്പ്.. എനിക്ക് വേണ്ടി..
അവരുടെ വംശപരമ്പരകൾക്ക് നേരെ നമുക്കൊരുമിച്ചു തുണിപൊക്കേണ്ടതുണ്ട്..
നാണിക്കരുത്, കാരണം, ഇതൊരു സാമൂഹ്യ ദൌത്യമാണു.
അവരുടെ അച്ഛനമ്മമാരെ നമുക്ക് തെറിവിളിച്ചു കളിക്കാം…അവർ ചമ്മിപ്പോവട്ടെ..

പ്രിയ സബാഡോ..നിനക്കു മരണമില്ല..
കോടതി വിധി കാതോർത്തിരിക്കുന്നവരുടെ, അടഞ്ഞ കണ്ണുകൾക്കിടയിലൂടെ
ഒട്ടിയ വയറുകൾ തളർന്നുറങ്ങുന്ന തെരുവോരങ്ങളിലേക്ക് നമ്മുക്കാഴ്ന്നിറങ്ങാം…

ബിരിയാണിയുടെ പ്രത്യയശാസ്ത്ര രുചിയിൽ നമുക്ക് യുക്തിവാദിയായി പാറിപ്പറക്കാം‌
പ്രിയ(Dear) സബാഡോ, നീ (You) എന്റേതാണു , എന്റെ മാത്രം(only)….

(ക്ഷമിക്കൂ ബോം, ഇടക്ക് ബ്രാക്കറ്റിൽ ഇംഗ്ലീഷിൽ എഴുതണമത്രെ..കാപാലികർ)

Monday, September 20, 2010

മന്ദബുദ്ധികൾ‌ക്ക് മതമില്ല : ഭാഗം‌ രണ്ട്

“ഒരു വ്യക്തിക്ക് മനോവിഭ്രാന്തിയുണ്ടാവുമ്പോൾ‌ അതിനെ ഭ്രാന്ത് എന്നു വിളിക്കുന്നു. ഒരു സമൂഹത്തിനു മുഴുവൻ‌ മനോവിഭ്രാന്തിയുണ്ടാവുമ്പോൾ‌ അതിനെ മതവിശ്വാസം‌ എന്നു വിളിക്കാം‌.“- റോബർട്ട് പിർസിഗ്ലഭിച്ചത് : യൂണിയൻ‌ ബാങ്ക്, പനമ്പിള്ളിനഗർ‌ ബ്രാഞ്ച് (കാഷ് ഡിപോസിറ്റ് സ്ലിപ്പ് വച്ചിരിക്കുന്നതിനോടൊപ്പം ഒരു ബണ്ടിൽ ആയി വച്ചിരിക്കുന്നു)
മന്ദബുദ്ധികൾ‌ക്ക് മതമില്ല ഭാഗം‌ ഒന്ന് ഇവിടെ കാണാം .


എന്തരു കൂടുതൽ‌ പറയാൻ‌ !!!

Monday, September 13, 2010

യുവർ ചോയ്സ്അവനെ കൊല്ലണം

മൂന്നുപേർക്കും അതിൽ‌ മാത്രം തർ‌ക്കമുണ്ടായിരുന്നില്ല.

ആർ‌ക്കാണു കൊല്ലാൻ‌ അവകാശം‌?

ഇവനെന്റെ ദൈവത്തിനെ‌ കളിയാക്കി..അതുകൊണ്ട് കൊല്ലേണ്ടതെന്റെ കടമ..ഒന്നാമൻ‌

ഇവനെന്റെ പാർ‌ട്ടിയുടെ ശത്രു.. ഇവന്റെ രക്തം‌ എനിക്ക് ..രണ്ടാമൻ‌

ഇവനെന്റെ‌ അമ്മയുടെ വയറ്റിൽ‌ പിറന്നവൻ‌..എന്റെ സ്വത്തിന്റെ ഞാനിഷ്ടപ്പെടാത്ത അവകാശി ..മൂന്നാമൻ‌

അവസരം‌ ആർ‌ക്ക് എന്നതിനെ ചൊല്ലി തർ‌ക്കമായി.. തീരുമാനമാവാതെ അവർ‌ വിഷമിക്കുമ്പോൾ‌ അവൻ പറഞ്ഞു..

പക്ഷെ എനിക്ക് വീട്ടിലേക്കൊന്നു എനിക്ക് വിളിച്ച് യാത്ര പറയണം..

സമ്മതിച്ചു...

പക്ഷേ റിയാലിറ്റി ഷോക്ക് എസ്.എം‌.എസ് അയക്കുന്ന തിരക്കിലായതുകൊണ്ട് അമ്മയും ഭാര്യയും‌ ഫോണെടുത്തില്ല..

അവർ മൂന്നുപേർ‌ക്കും നിരാശപ്പെടേണ്ടി വന്നു.. ഹൃദയം‌ പൊട്ടി അവൻ‌ മരിച്ചു കഴിഞ്ഞിരുന്നു..

Tuesday, September 07, 2010

വാത്സല്യം

(വെറുതെ..വാത്സല്യത്തിന്റെ ചില കാണാപ്പുറങ്ങൾ ഒരുപാട് അസ്വസ്ഥമാക്കിയിട്ടുണ്ട്….അത്തരത്തിലൊന്നു…)

“എങ്ങനെയുണ്ട്?“ ചുവരിൽ പുതുതായി ഒട്ടിച്ച വാൾപേപ്പറിൽ നോക്കി വലിയ ഒരു കാര്യം ചെയ്തു തീർത്ത സംതൃപ്തിയോടെ അവൾ ചോദിച്ചു. കമഴ്ന്നു കിടന്നു, പാൽപുഞ്ചിരി തുകുന്ന ഉണ്ടക്കവിളുകളോടു കൂടിയ ഒരു കുഞ്ഞിന്റെ ചിത്രം. ഇതടക്കം ബെഡ്റൂമിലെ അഞ്ചാമത്തെ ചിത്രം. എല്ലാം കുഞ്ഞുങ്ങളുടെ വ്യത്യസ്ത ചിത്രങ്ങൾ.

“ഇനി ഇറങ്ങാം?“ അവളുടെ ചോദ്യമാണു അവനെ ചിന്തകളിൽ നിന്നുണർത്തിയത്. പുറത്തേക്കിറങ്ങുമ്പോൾ മരുമകളുടെ കുഞ്ഞുങ്ങളോടുള്ള വാത്സല്യത്തെക്കുറിച്ച് അമ്മയും അച്ഛനും പറയുന്നുണ്ടായിരുന്നു.

“അമ്മാ..എന്തെങ്കിലും തരണേ….“

കാറിലോട്ട് കയറാൻ തുടങ്ങുമ്പോഴാണു ഒക്കത്തൊരു കുഞ്ഞുമായി ഒരു ഭിക്ഷക്കാരി കയറി വന്നത്.

“അമ്മേ, ഞങ്ങളിറങ്ങാ.. ടി.വിയുടെ മുകളിൽ ഒരു ചെപ്പിൽ ചില്ലറ ഉണ്ട്. അതെടുത്തിവർക്ക് കൊടുത്തേക്കൂ.” അവൾ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് കാറിന്റെ അടുത്തേക്ക് വന്നു. അവൾ സാരി നേരെയാക്കാൻ എടുക്കുന്ന സമയത്താണു അവൻ ആ ഭിക്ഷക്കാരിയുടെ കുഞ്ഞിനെ ശ്രദ്ധിച്ചത്. എണ്ണമയമില്ലാത്ത ജഡപിടിച്ച തലമുടി, അഴുക്ക് പുരണ്ട മുഖം, അവിടവിടെ മുറിഞ്ഞ പാടുകൾ. കയ്യിലുള്ള ഒരു ഉജാലക്കുപ്പി കൊണ്ട് അതെന്തൊക്കെയോ കളിക്കുന്നുണ്ട്.

ഡോർ തുറന്നു കാറിലോട്ട് കയറാൻ തുടങ്ങിയപ്പോഴാണു ആ കുഞ്ഞു ഭിക്ഷക്കാരിയുടെ ഒക്കത്തിരുന്നു, കയ്യിലെ ഉജാലക്കുപ്പി ദൂരെക്കളഞ്ഞ് അവളുടെ തലമുടിയിൽ കയറിപ്പിടിച്ചതു. ‘ച്ചീ..’ അറപ്പാണോ വെറുപ്പാണോ അവളുടെ മുഖത്തെ ഭാവം എന്ന് മനസ്സിലാക്കാനാവാതെ വണ്ടി മുന്നോട്ടെടുക്കുമ്പോളവന്റെ മനസ്സിൽ ആ വാൾപേപ്പറിലെ വെളുത്ത് തുടുത്ത കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു.