Thursday, April 23, 2009

ശ്രീലങ്ക -പാലസ്തീന്‍ -മാനവികത..

(തികച്ചും വൈകാരികപരമാണ് ബ്ലോഗ് ... ....ഹൃദയത്തിലെവിടെയോ തോന്നിയ കുഞ്ഞു നൊമ്പരത്തില്‍ നിന്നു തോന്നിയ ചിന്തകള്‍ ...)

ഏതാനും ചിലമാസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ കുഞ്ഞു കേരളത്തിലെ ഏറ്റവും ഭീകരമായ വിഷയം 'മാനവികത' ആയിരുന്നു...അത്രയൊന്നും ചിന്താശേഷിയില്ലാത്ത ഒരു സാധാരണക്കാരനായ എനിക്ക് മനസ്സിലാവുന്നതിലും വലിയ ചര്‍ച്ചകള്‍ ആ വാക്കിന്മേല്‍ നടന്നിരുന്നു ..പ്രശ്നം പാലസ്തീനിലെ ഇസ്രയേല്‍ ഭീകരത ആയിരുന്നു... പിടഞ്ഞു വീണ കുഞ്ഞു ശരീരങ്ങളുടെ ചിത്രങ്ങള്‍ ആരുടെ മനസ്സിലും വേദനയുളവാക്കുന്നതായിരുന്നു ...എതിര്‍ക്കപ്പെടേണ്ടതു തന്നെയായിരുന്നു ... അങ്ങിങ്ങോളം പാലസ്തീനെ അനുകൂലിച്ചു പ്രകടങ്ങള്‍ ..പോസ്ടറുകള്‍ ...പിരിവുകള്‍ ...എന്തിനേറെ ഹര്‍ത്താല്‍ വരെ...അതിലും രസകരം ലോകം കണ്ട ഏറ്റവും വലിയ ഭീകര സംഘടനകളിലോന്നായ ഹമാസിനോടു പോലും (അവിടെ പിടഞ്ഞു വീഴുന്ന ജനതയോടല്ല) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രകടനങ്ങള്‍ നടന്നു.. നല്ലത് ... ഞങ്ങളുടെ സഹോദരന്മാര്‍ക്ക് ഞങ്ങളുടെ രക്തം നല്കും ..തുടങ്ങിയ പ്രസ്താവനകള്‍.. ഞങ്ങളുടെ 'സഹോദരന്‍' എന്ന് വച്ചാല്‍ മനുഷ്യവര്‍ഗം തന്നെയാണ് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു ....

ഇനി മാനവികതയുടെ അടുത്ത തലം .....കുറച്ചു ദിവസങ്ങളായി നമ്മുടെ പത്രങ്ങളിലും മറ്റും നിറയുന്ന കുറച്ചു മനുഷ്യരുടെ (ക്ഷമിക്കണം ..വസുദൈവ കുടുംബകം എന്ന വിശ്വാസത്തില്‍ ) ചിത്രങ്ങളുണ്ട്...തൊട്ടടുത്ത്‌ ശ്രീലങ്കയില്‍ സൈന്യത്തിന്റെ വംശഹത്യയില്‍ നിന്നു രക്ഷപ്പെടാന്‍ കുഞ്ഞുങ്ങളേയും മാറോടു ചേര്‍ത്ത് പിടിച്ചു ജീവന് വേണ്ടി പൊരുതുന്ന കുറച്ചു അമ്മമാരുടെ ചിത്രങ്ങള്‍...മുഖമാകെ ചോരയൊലിപ്പിച്ചു ഭക്ഷണത്തിന് വേണ്ടി കൈകളും നീതി യാചനയൊടെ നില്ക്കുന്ന കുഞ്ഞോമനകളുടെ ചിത്രം..

ഒരു ഭീകര സംഘടനയുടെ പേരില്‍ ബലിയാടാവേണ്ടിവന്ന ലക്ഷക്കണക്കിന്‌ തമിഴ് വംശജര്‍ ഈ പറഞ്ഞ 'മാനവികത' യുടെ പരിധിയില്‍ വരില്ലേ? ഇന്നേ വരെ ഒരു 'മാനവിക പ്രസ്ഥാനങ്ങളും ' ശബ്ദമുയര്‍ത്തുകയോ പ്രകടനം നടത്തുകയോ ചെയ്തില്ലല്ലോ? ഒരു സാംസ്കാരിക 'നായ'കന്റെയും പ്രസ്താവനകളും കണ്ടില്ല?

പച്ചക്ക് പറഞ്ഞാല്‍ ഇന്നിന്റെ മാനവികതയുടെ അളവുകോല്‍ മതമാണ്‌.. മനസ്സാക്ഷിയെ മതത്തിന്റെ അല്ലെങ്കില്‍ ഏതെങ്കിലും ഇസത്തിന്റെ മാറാല മൂടിയിട്ടില്ലെന്കില്‍ ഒന്നു ചിന്തിച്ചു നോക്കൂ..

  • വേദനയ്ക്ക് മതമുണ്ടോ..? ദാരിദ്ര്യത്തിനും ...
  • ഗുജറാത്തിലേയും മാറാടിലേയും പാലസ്തീനിലേയും ശ്രീലങ്കയിലേയും അമ്മമാരുടെ നഷ്ടത്തിന് ഏറ്റക്കുറച്ചിലുകളുണ്ടോ ..?
  • അഞ്ചു വര്‍ഷം കട്ടുമുടിക്കാനുള്ള അവകാശം ഒപ്പിച്ചെടുക്കാന്‍ വേണ്ടി ന്യുനപക്ഷ -ഭൂരിപക്ഷ വര്‍ഗീയതകളെ വളര്‍ത്തുന്ന ബ്രിട്ടീഷുകാരന്റെ അടവുനയത്തില്‍ നിന്നും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഇനിയെന്കിലും പിന്മാറണ്ടേ ...?
ഇത്രമാത്രം ഓര്‍മ്മിപ്പിക്കട്ടെ.....ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നേറുക......അല്ലെങ്കില്‍ നശിക്കാന്‍ തയ്യാറാവുക .....

Friday, April 17, 2009

ബ്ലോഗര്‍ക്കെന്താ കൊമ്പുണ്ടോ?

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റ്റെ അത്യുന്നത ശൈലങ്ങളില്‍ വിരാജിക്കുന്ന ഒരു മുടിചൂടാ മന്നനാണ്‌ ബ്ലോഗര്‍.. എന്ന് വച്ചാ ഭാരത ഭൂഖണ്ഡത്തില്‍ എന്നല്ല , അതിര്‍ത്തികളാല്‍ വേര്‍തിരിക്കപ്പെട്ട ഏതൊരു രാജ്യ സങ്കല്പങ്ങളില്‍ രൂപീകൃതമായ നിയമവ്യവസ്ഥിതികള്‍ക്കും അപ്പുറം തൂലികാനാമത്തിന്റ്റെ ചിറകില്‍ പറന്നു നടക്കുന്നവന്‍... അവനരെയും പരിഹസിക്കാം..അഭിപ്രായങ്ങള്‍ പറയാം..വിമര്‍ശിക്കാം..തെറി വിളിക്കാം...അങ്ങിനെ ഒരുപാടു അവകാശങ്ങള്‍ ജന്മനാ ഒരു ബ്ലോഗര്‍ക്ക് വരദാനമായി കിട്ടുന്നുമുണ്ട് ...എന്നാല്‍ ചിലപ്പോഴൊക്കെ, അല്ല ഈയിടെയായി മിക്കവാറും, ആരോഗ്യപരമായ ചര്‍ച്ചകള്‍ക്ക് പകരം, വ്യക്തി വിദ്വേഷത്തിന്റെയും ,രാഷ്ട്ര വിരുദ്ധ നയങ്ങളുടെയും പരസ്യമായ പ്രഖ്യാപനമായി നമ്മുടെ ചില ബ്ലോഗുകളെങ്കിലും മാറുന്നുണ്ട്...

ചിത്രകാരന്‍ പ്രശ്നത്തില്‍ മനോഭാവം പലപ്പോഴും പ്രകടമാകുകയും ചെയ്തു..ഒരു സമൂഹത്തിലെ സ്ത്രീകള്‍ മൊത്തം വേശ്യകളാണെന്നു പറഞ്ഞു ബുദ്ധിജീവി ചമഞ്ഞു നടന്ന മഹാനുഭാവന്റെ ഭാഷയോടെ ചിലര്‍ക്ക് എതിരഭിപ്രായമുള്ളു...(വേശ്യകളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല..ചിലര്‍ക്കെന്കിലും പരാമര്‍ശം സന്തോഷം നിറഞ്ഞ ഒരു ഉറക്കമെന്കിലും സമ്മാനിച്ചിട്ടുണ്ടായിരിക്കും )..ഇതിനെതിരെ പോലീസ് നടപടിക്ക് പോയ പൊന്നമ്പലത്തിനു നേരെ പലരും കടിച്ചു കീറുകയും ചെയ്തു...ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം..കഷ്ടം..

ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത് എന്ന ന്യായം നിലനില്‍ക്കുന്നതുകൊണ്ട്‌ നിയമപരമായ നടപടികള്‍ ചങ്ങലകളും വിലങ്ങുകളുമാണത്രെ..ഒരു പരസ്യമായ മാധ്യമം എന്ന നിലയില്‍, ആര്‍ക്കു വേണമെങ്കിലും വായിക്കാവുന്ന, ആശയങ്ങളെ ദ്രുതഗതിയില്‍ കൈ മാറാവുന്ന ഒരു സങ്കേതമാണ് ബ്ലോഗ് എന്നിരിക്കെ, ഒരു സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ അഖണ്ഠതയ്ക്ക് ഭീഷണിയാവുന്ന, ഏതെങ്കിലും തരത്തില്‍ ഭീഷണിയായേക്കുന്ന നിലപാടുകള്‍ നിയമപരമായി നേരിടേണ്ടതു തന്നെയല്ലേ? 'നിയമപരം' എന്നത് കൊണ്ടു ഒരു ഏകാധിപത്യ നിലപാടുകള്‍ അടിച്ചേല്പ്പിക്കുവാനുള്ള സാധ്യതയും അവിടെ ഇല്ലാതാവുന്നു..ആരോപിക്കപ്പെടുന്ന കുറ്റം നിഷേധിക്കാനും തെളിയിക്കാനും അവിടെ സാഹചര്യം ഉണ്ടല്ലോ ...എന്നാല്‍ തങ്ങള്‍ വിമര്‍ശനത്തിനും ബാഹ്യമായ ഇടപെടലുകള്‍ക്കും അതീതരാണ് എന്ന രീതിയിലുള്ള (അതെന്തു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും ) ധാര്‍ഷ്ട്യം 'പൌരബോധമുള്ള വായനക്കാരനോടുള്ള' വെല്ലുവിളി അല്ലേ?

ഒരു മൈക്കിന്റെ മുന്നില്‍ കൂടി വരുണ്‍ ഗാന്ധി പറഞ്ഞ വിവരക്കേടുകള്‍ക്ക് ഉണ്ടായ നടപടികള്‍ സ്വാഗതാര്‍ഹമാണ് നമുക്ക്..അവിടെ ആശയപരമായി നേരിടാന്‍ ആരും തന്നെ ആവശ്യപ്പെട്ടിട്ടുമില്ല ..അതേപോലെ തന്നെ നിരീക്ഷിക്കപ്പെടെണ്ട മാധ്യമം തന്നെയാണ് ബ്ലോഗ് ..ഇത് തമ്മില്‍ compare ചെയ്യാന്‍ പാടില്ലാത്ത അകലം ഉണ്ടെന്നു ഈയുള്ളവന് തോന്നുന്നില്ല ...

ഒന്നുമാത്രം...ഭരണഘടനകള്‍ അനുശാസിക്കുന്ന പരിമിതികള്‍ക്കപ്പുറം, മാനവിക സ്നേഹത്തിന്റെ ചിറകുകളരിയുന്ന കൊടുവാളുമായി, ഒരു സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ക്കു മേല്‍ അസഭ്യവര്‍ഷം ചൊരിയുന്ന തൂലികയുമായി, യാത്ര തുടരുന്ന ബ്ലോഗര്‍മാര്‍ (ആരെയും പേരെടുത്തു പറയുന്നില്ല) നിയന്ത്രിക്കപെടേണ്ടതാണ്...

Monday, April 06, 2009

വന്ദേ ജനനീ ഭാരത ധരണീ, സസ്യശ്യാമളേ ദേവീ

ഒരു സംഘ ഗണഗീതം...

(ഗണഗീതങ്ങളെല്ലാം ഒരു വെബ്‌സൈറ്റില്‍ ഒരുമിച്ചു കൂട്ടാനുള്ള യത്നത്തിലാണ് ,, http://www.malayalamlyricsguru.com/index.php/patriotic-songs- )

വന്ദേ ജനനീ ഭാരത ധരണീ, സസ്യശ്യാമളേ ദേവീ
കോടി കോടി വീരരിന്‍ തായേ ജഗജനനീ നീ വെല്‍ക

ഉന്നത സുന്ദര ഹിമാമയപര്‍വ്വത മകുടവിരാജിത വിസ്തൃത ഫാലം
ഹിന്ദു സമുദ്ര തരംഗ സുലാളിത സുന്ദര പാദ സരോജം ...ജനനീ...ജഗജനനീ

ഗംഗാ യമുനാ സിന്ധു സരസ്വതി നദികള്‍ പുണ്യ പിയൂഷ വാഹികള്‍
കണ്ണന്‍ മുരളീഗാനമുതിര്‍ത്ത മഥുരാദ്വാരകയുടയോള്‍ ജനനീ...ജഗജനനീ

സങ്കടഹരണീ, മംഗളകരണീ, പാപനിവാരിണി, പുണ്യപ്രദായിനി
ഋഷിമുനിസുരജനപൂജിതധരണി ശോകവിനാശിനി, ദേവീ, ജനനീ...ജഗജനനീ

ശക്തിശാലിനി ദുര്‍ഗാനീയെ വിഭവപാലിനി ലക്ഷ്മി നീയേ
ബുദ്ധിദായിനി വിദ്യാ നീയേ അമരത നല്‍കിടും തായേ ജനനീ...ജഗജനനീ

ജീവിതമംബേ, നിന്‍ പൂജയ്കായ് മരണം ദേവീ, നിന്‍ മഹിമക്കായ്
നിന്നടിമലരിന്‍ പൂമ്പൊടിയൊന്നേ സ്വര്‍ഗ്ഗവും മോക്ഷവും തായേ... ജനനീ ..ജഗജനനീ