Tuesday, June 29, 2010

എക്സ്ചേഞ്ച് ഓഫർ* ( * കണ്ടീഷൻസ് അപ്ലൈ)

അധികാരത്തിന്റെ ദണ്ഡ് പുറകിലൊളിപ്പിച്ച് അവർ, ഈശ്വരന്റെ പ്രതിനിധികൾ, ഓഫറുകൾ നിരത്തി..

“സ്വർഗവും മോക്ഷവും ശാന്തിയും തരാം. മാറ്റിയെടുക്കാനെന്തുണ്ട്?“

ഉയർത്താനറിയാത്ത തല കുനിച്ചു തന്നെ മറുപടി പറഞ്ഞു: വിശപ്പ്, അടിമത്തം, രക്തം, അസമത്വം, അവഗണന....

ഓഫർ സ്വീകരിച്ച് നടന്നകലുമ്പോൾ, പിന്നിൽ തന്റെ കൂരക്കുമീതെ, തന്റേതെന്ന് വിശ്വസിച്ചിരുന്ന ഭൂമിക്ക്മീതെ, ഇഴയുന്ന സർവ്വേ ചങ്ങലകളുടെ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.




(സിജീഷിന്റെ ‘ജപ്തി’ എന്ന മനോഹരമായ കവിത വായിച്ചപ്പോൾ‌ മനസ്സിൽ കുറെ കാലങ്ങളായി കൊണ്ടു നടന്നിരുന്ന ചിന്തകൾക്ക് ഒരു രൂപം കൈവന്നപോലെ തോന്നി.. കവി എന്നോട് ക്ഷമിക്കട്ടെ..)

Thursday, June 03, 2010

പ്രായോജകര്‍

അങ്ങനെ ആ ദിവസമെത്തി ..എന്റെ പ്രണയം അവളോട്‌ വെളിപ്പെടുത്താന്‍   തിരഞ്ഞെടുത്ത ദിവസം . അവള്‍ക്കുള്ള പ്രണയ സമ്മാനങ്ങള്‍ നിറച്ച ഭാണ്ഠത്തിന്റെ കെട്ടഴിച്ച് അവള്‍ക്കു മുന്നില്‍ വച്ചു.  ആകാശം  കാണാതെ അവള്‍ക്കു വേണ്ടി കരുതി വച്ച മയിപ്പീലി, നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ ,  ഉടഞ്ഞ വളപ്പൊട്ടുകള്‍ , എന്റെ വെള്ള മന്ദാരത്തിന്റെ പൂക്കള്‍ , കണ്ണീരിന്റെ ഉപ്പുരസമുള്ള ഒരു പിടി യാമങ്ങളുടെ ഓര്‍മ്മകള്‍ ..

അവളുടെ കണ്ണുകളിലെ ജിജ്ഞാസ നിരാശക്കും പിന്നെ അത് ദേഷ്യത്തിനും പുച്ഛത്തിനും വഴി മാറി. അവള്‍ എന്നോട് ചോദിച്ചു .


"ഇതില്‍  ആർച്ചീസിന്റെ വാലന്റൈൻ കാർഡെവിടെ?"