Sunday, October 16, 2011

പരിണാമം‌

പി എസ് എസി ലോവര്‍‌ ഡിവിഷന്‍‌ ക്ലര്‍ക്ക് തസ്തികയിലേക്ക് വിളിച്ചട്ടുണ്ട്, ഓണ്‍‌ലൈനിലാ അപേക്ഷ. അയക്കണ്ടേ..

രഘുവിന്റെ ചോദ്യം‌ ആദ്യം കേട്ടില്ലെന്ന് നടിച്ചു. കുളത്തില്‍ അരക്കൊപ്പം വെള്ളത്തില്‍‌ നിന്ന് പയ്യെ വെള്ളത്തില്‍ കയ്യോടിച്ച്, പായലുകളെ അകറ്റുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.അനവസരത്തില്‍ വന്ന് കയറി പെയ്തുപോയ മഴ കുളത്തിലെ വെള്ളം കലക്കിയിരിക്കുന്നു. അരക്കൊപ്പം വെള്ളത്തിലായതിനാല്‍ തോര്‍ത്തഴിച്ച് ഒന്നു പിഴിഞ്ഞു.ചെത്തിയും കയ്യുണ്ണിയുമിട്ട് കാച്ചിയ എണ്ണയുടേയും സോപ്പിന്റേയും ഒക്കെ മുഷിഞ്ഞ മണമുള്ള ആ തോര്‍ത്ത് ഉടുത്ത് കരയിലേക്ക് കയറി.

ഞാന്‍ നിന്നോട് പറഞ്ഞത് നീ കേട്ടില്ലാന്നുണ്ടോ? രഘുവിനു ക്ഷമ നശിച്ചെന്നു തോന്നുന്നു.

ഉം, കേട്ടു, നമുക്കയക്കാം. നാളെ ഇന്റര്‍നെറ്റ് കഫേയില്‍ പോവാം, പോരെ?

അയച്ചാല്‍ മാത്രം പോരാ ഹരി, നമുക്ക് കാര്യമായിത്തന്നെ പഠിക്കണം. കോച്ചിങ്ങിനൊക്കെ പോയാലോ എന്നാലോചിക്കാ. നമുക്കൊരുമിച്ച് പോവാം.

കഴിഞ്ഞ ഒരു നാലഞ്ച് വര്‍ഷങ്ങളായി കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കപ്പെടുന്ന സംഭാഷണശകലമായതുകൊണ്ട് റെഡിമെയ്ഡ് ഉത്തരം കയ്യിലുണ്ടായിരുന്നു.

പുതിയ ബാച്ച് എന്നാ തുടങ്ങണേന്നൊന്നന്വേഷിക്ക്. നമുക്ക് പോവാം

കുളത്തിനു അല്‍‌പ്പം മുകളിലായി ഉള്ള ക്ഷേത്രഗോപുരത്തെ നോക്കി ഒന്ന് തൊഴുതെന്ന് വരുത്തി വീട്ടിലേക്ക് നടന്നു, പയ്യെ സൈക്കിളും ഉന്തി രഘുവും .

ഹരി, ഒരു ഹോം റ്റ്യൂഷന്‍ കൂടി ഒത്ത് വന്നട്ടുണ്ട്, നീയറിയും ചിങ്കങ്കട്ടത്തെ ദാമോദരേട്ടന്റെ മകള്‍‌, ഏഴിലാണു. സി.ബി.എസ്.ഇ ആണു. 

രഘുവിന്റെ ഒരു ദിവസം രാവിലെ അഞ്ചിനു തുടങ്ങും. ഹോം റ്റ്യൂഷനുകള്‍ കൂടാതെ രണ്ട് പാരലല്‍ കോളേജിലും ക്ലാസ്സെടുക്കുന്നുണ്ട്. പിന്നെ അല്‍‌പ്പം രാഷ്ട്രീയവും.

നീ വീട്ടിലേക്ക് കയറിണില്ലല്ലോലേ? വീടെത്തിയപ്പോള്‍‌ രഘുവിനോട് ചോദിച്ചു. ഏയ്, വൈകീട്ട് ശാഖയുടെ ഒരു ബൈഠക് ഉണ്ട്. ഒന്ന് രണ്ട് പേരെ കാണണം.

കടന്നുപോയിക്കൊണ്ടിരിക്കുന്ന ദിവസങ്ങളെപ്പോലെ തുരുമ്പിച്ച ആ സൈക്കിളും ചവിട്ടി അവന്‍‌ അകന്നു പോവുന്നത് നോക്കി അല്പ്പനേരം നിന്നു. പിന്നെ വീട്ടിലേക്ക് നടന്നു. ചായകുടിച്ച് മുറിയില്‍‌ ചെന്ന് മേശപ്പുറത്ത് ചിതറിക്കിടന്നിരുന്ന വാരികകളും മാസികകളുമെല്ലാം അടക്കി വച്ച് മേശവലിപ്പില്‍ നിന്ന് എം.ടിയുടെ അസുരവിത്ത് എടുത്തു.

അതില്‍‌ നാലായി മടക്കിവച്ച ഒരു വെള്ളക്കടലാസ് എടുത്ത് നിവര്‍ത്തി, പലപ്പോഴായി എഴുതിത്തുടങ്ങിയ ഒരു കത്ത്.. ഒരു ആത്മഹത്യക്കുറിപ്പ് ..

"നീ പുറത്തേക്ക് പോവുന്നുണ്ടോ? " അമ്മ പിന്നില്‍ വന്ന് നിന്നതറിഞ്ഞില്ല. കടലാസ് പെട്ടെന്ന് മടക്കി അമ്മയെ ചോദ്യഭാവത്തില്‍ നോക്കി

"അമ്മാവന്‍ കൂട്ടുകാരന്‍ വഴി ഒരു ഗള്‍ഫ് കാര്യം പറഞ്ഞിരുന്നില്ലേ? പുള്ളി ലീവില്‍ വന്നട്ടുണ്ട്, നിന്നെയൊന്ന് കാണണംന്ന് പറഞ്ഞു. ഒന്നവിടെ വരെ ചെല്ലൂ"

എനിക്ക് വയ്യ എന്ന് പറയാനാണു തോന്നിയതാദ്യം‌. പിന്നെ കരച്ചില്‍‌, പിറുപിറുക്കല്‍‌.. പോവാം എന്നരീതിയില്‍ ഒന്ന് തലകുലുക്കിയപ്പോള്‍ അമ്മ അവിടെ നിന്ന് പോയി. വീണ്ടും കയ്യിലെ കടലാസിലേക്ക് ...

വിരസമായ ദിനങ്ങള്‍ നല്‍കിയ നിരാശകലര്‍ന്ന വാചകങ്ങള്‍‌.. കാലം‌ ജീവിതത്തിലേക്ക് കയറ്റിവിട്ട മൌനം ആറ്റിക്കുറുക്കിയ വാക്കുകള്‍‌..

നിശ്ശബ്ദതയെ ഭേദിച്ച് കൊണ്ട് രഘുവിന്റെ എസ്.എം.എസ് വന്നു. "നാളെ ഒരു മെഡിക്കല്‍‌ റെപ്പ് ഇന്റര്‍‌വ്യൂ ഉണ്ട്, വരുന്നോ? " മറുപടികൊടുക്കാതെ വീണ്ടും എഴുത്തിലേക്ക് തലപൂഴ്ത്തി.

ഒന്നു വായിച്ചപ്പോള്‍‌ ചെറിയ ചിരിവന്നു.. ജോലി, ശമ്പളം, പ്രാരാബ്ദം‌, പ്രണയം‌ ഇതൊക്കെ എപ്പൊഴാണു തന്റെ പ്രശ്നങ്ങളല്ലാതെ മാറിയത് എന്നൊരെത്തും പിടിയും കിട്ടുന്നില്ല. അതിനെക്കുറിച്ചൊന്നും ഈയിടെയായി ആലോചിക്കുന്നേ ഇല്ല എന്നതാണ് സത്യം‌. രഘുവും അമ്മയുമൊക്കെ പറയുന്നതിനു യാന്ത്രികമായി തലകുലുക്കുക എന്നത് ശീലത്തിന്റെ ഭാഗമാവുകയും ചെയ്തു.

പേനയെടുത്ത് എഴുതിയതൊക്കെ വെട്ടി...അവസാനം ഒരു വരി എഴുതിച്ചേര്‍ത്തു.

ഇപ്പൊഴുള്ള നിസ്സംഗതയേയും ഉള്ളിലുള്ള ശൂന്യതയേയും മടുക്കുന്നതിനുമുന്നെ എനിക്ക് പോകണം‌.

തന്നോട് ഐകദാര്‍ഡ്യം പ്രകടിപ്പിക്കാനെന്നവണ്ണം കരകരശബ്ദമുണ്ടാക്കിയ കതകിന്‍‌പാളികളെ ചേര്‍‌ത്തടച്ച് കിടക്കയിലേക്ക് മറിയുമ്പോള്‍‌, തന്റെ നിശ്വാസങ്ങളെ തണുപ്പിക്കാന്‍‌ ശ്രമം നടത്തിക്കൊണ്ട് മച്ചിലെ പഴകിയ ഫാന്‍‌ മൂളികറങ്ങുന്നുണ്ടായിരുന്നു..

Wednesday, September 21, 2011

അനുപാതം‌


അനുപാതം‌

ദൈവമേ, എനിക്കു നിന്നോടുള്ള സ്നേഹത്തിന്റെ ആഴം...
അത് ചുവന്ന അക്ഷരത്തിലെ
അവധിദിവസത്തിന്റെ എണ്ണത്തിനും
പെട്ടിയിലടച്ച പായസത്തിന്റെ മധുരത്തിനും
നേര്‍ അനുപാതത്തിലാണു

Sunday, September 18, 2011

ചാറ്റൽമഴയത്തൊരു കട്ടൻചായ കുടിച്ച കഥ(ഇതൊരു നിരൂപണമോ ആഴത്തിലുള്ള പുസ്തകപരിചയമോ അല്ല. മങ്ങിയ വെളിച്ചമുള്ള കലാലയ ഇടനാഴികളിലെവിടെയോ നഷ്ടപ്പെട്ട എന്തോ ഒന്നിനെ വഴിയിൽ വച്ച് കണ്ടപ്പോൾ തോന്നിയ ചില ശിഥിലമായ ചിന്തകളും കോറിവരകളും മാത്രം)

കാളിദാസനെ കൈരളിയിൽ എഴുന്നള്ളിച്ചിരുത്തിയ എ.ആറും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും ജിയും കേരളവർമ്മ വലിയകോയിത്തമ്പുരാനുമൊക്കെ ഈയിടെ വായനയിൽ സൃഷ്ടിച്ച വിസ്മയത്തെക്കുറിച്ചുള്ള ഒരു കാടുകയറിയ ചർച്ചകൾക്കൊടുവിൽ ആണു പ്രിയസുഹൃത്ത് “സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി” കയ്യിലേക്ക് വച്ചു തന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കവിതകളോടെനിക്കുള്ള അപരിചിതത്വം നന്നായറിയാവുന്നവനായിട്ടും ഇത് വായിക്കാൻ പറഞ്ഞ് തന്നത് അൽപ്പം അതിശയിക്കാതെയിരുന്നുമില്ല. ഈ അപരിചിതത്വം പുതിയകവിതകളോടുള്ള അവജ്ഞയിൽ നിന്നോ അജ്ഞതയിൽ നിന്നോ ഉളവായതല്ല, അഭിസാരികയുടെ ആത്മരോഷത്തെക്കുറിച്ചു പ്രസംഗിച്ച്, കയ്യിലെ ഡയറിയിൽ സ്ഥലം പിടിച്ച ‘പുതിയവളുടെ‘ മാർക്കറ്റ് വാല്യൂ കൂട്ടിയും കുറച്ചും ലാഭനഷ്ടത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവന്റെ ഇരട്ടത്താപ്പാണു പുതിയ വായനയിൽ മുഴച്ച് നിന്നിരുന്നത്. അങ്ങനെയൊരു ധാരണമനസ്സിലെപ്പൊഴോ വേരൂന്നിയതുകൊണ്ടാവണം ‘പൊട്ടാമദ്യക്കുപ്പികളെക്കുറിച്ച്’ പാടിയ കവി പൊട്ടിച്ചകുപ്പിയുടെ ലഹരിയെക്കുറിച്ച് അഭിമാനത്തോടെ പ്രസംഗിക്കുന്നത് കേട്ടപ്പോൾ ‘കോൾമയിരു’ കൊള്ളാതിരുന്നതും.

പൂർണ്ണമായും അകന്നുനിന്നിരുന്നു എന്നല്ല, വിജയലക്ഷ്മിക്കും ചുള്ളിക്കാടിനും വിനയൻ മാഷിനും ശേഷം എപ്പൊഴൊക്കെയോ തീക്കുനിയും കുരീപ്പുഴയും കലേഷും ശൈലനുമൊക്കെ വായനയിൽ കടന്നുവന്നിരുന്നുതാനും. നിരഞ്ജന്റെ ചിലവുകുറഞ്ഞകവിതകളിൽ കണ്ട വിപ്ലവം വഴിയേപോയവന്റെ ആർപ്പ് വിളിയല്ല എന്ന തിരിച്ചറിവ് സമ്മാനിക്കുവാൻ ‘ശ്രീജിത്ത് അരിയല്ലൂരിന്റെ’ സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി എന്ന കവിതാസമാഹാരത്തിനു കഴിഞ്ഞു.. അരാഷ്ട്രീയവാദത്തോടുള്ള രോഷവും തേഞ്ഞ് തീർന്ന (തേഞ്ഞു എന്ന് കവി പറയുന്നു, എനിക്കഭിപ്രായമില്ല. :) ) ബിംബങ്ങളോടുള്ള അവജ്ഞയും തുടങ്ങി വലത് ലാവണ്യബോധംപേറുന്ന മാധ്യമങ്ങളോടുള്ള അമർഷവും നിറഞ്ഞു നിന്ന ആമുഖം സൃഷ്ടിച്ച മുൻവിധി (വെല്ലുവിളികളുടെ രതിമൂർച്ഛയിൽ കവിതയെ പാതിയിലുപേക്ഷിക്കുന്ന കവികൾ എന്നെ ഭയപ്പെടുത്താറുണ്ട്) അസ്ഥാനത്തായിരുന്നു എന്ന് കവിതകൾ വായിച്ചുതുടങ്ങിയപ്പോൾ മനസ്സിലായി.

ജീവിതത്തിന്റെ മുറിവേൽപ്പിക്കുന്ന മുനകളിൽ നിന്ന് കവിതയുണ്ടാക്കുന്നതിൽ ശ്രീജിത് പ്രകടിപ്പിച്ചിരിക്കുന്ന നൈപുണ്യം പ്രശംസാർഹമാണു. മൂർച്ചയേറിയ പരിഹാസവും വ്യാകുലതയും നർമ്മവും അഭിപ്രായപ്രകടനങ്ങളും നിറഞ്ഞ ‘ഒന്നൊന്നരക്കവിതകളുടെ‘ ഈ സമാഹാരം അരാഷ്ട്രീയമായ കാലഘട്ടത്തെ മാത്രമല്ല, ഒഴുക്കിനൊത്ത് നിർവികാരനായി ഒഴുകാനാഗ്രഹിക്കുന്ന വായനക്കാരന്റെ നരബാധിച്ച മനസ്സിന്റെയും കൂടി കൂമ്പിനിട്ടിടിക്കുന്നുണ്ട്.

പണ്ട് നാടുവിടുമ്പോൾ
ബസിലെഴുതിയിരുന്നു
‘ശ്രീ കാടാമ്പുഴ ഭഗവതി ഈ വാഹനത്തിന്റെ ഐശ്വര്യം ‘എന്ന് ..
ഇന്ന് തിരിച്ച് വരുമ്പോൾ
ബസിലെഴുതിയിരിക്കുന്നു
‘ശ്രീ മാതാ അമൃതാനന്ദമയി ഈ വാഹനത്തിന്റെ ഐശ്വര്യം’ എന്ന്
കാടാമ്പുഴ ഭഗവതി ഏത് സ്റ്റോപ്പിലാണു ഇറങ്ങിപ്പോയത്.

മുകളിലുദ്ധരിച്ച യാത്ര എന്ന കവിതനോക്കുക, അന്ധമായ, പ്രകടനോത്സുകമായ ഭക്തിയിൽ മുഴുകി യൊഴുകുന്ന ജനത്തിന്റെ ഗതിമാറിയുള്ള പോക്കിനെ സരസമായി പരിഹസിക്കുന്ന ശ്രീജിത്ത്, കറുപ്പ് എന്ന കവിതയിൽ സ്നേഹത്തെ കെട്ടിപ്പൂട്ടി കോപ്രായം കാണിക്കുന്നരീതികളെ കളിയാക്കുകയും ചെയ്യുന്നു.

അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദം തങ്ങളുടെ ശബ്ദമാക്കി മാറ്റുന്നതിൽ പുതിയകവികൾ കാണിക്കുന്ന ആത്മാർത്ഥത അഭിനന്ദനീയം തന്നെയാണു. ശ്രീജിത്തും ആ ധർമ്മത്തിൽ നിന്നകലുന്നില്ല എന്നത് ആശാവഹം തന്നെ.

തീനാമ്പകറ്റിയൊരൂർജ്ജപ്രവാഹമായ്
ലോകായതക്കാറ്റുടുത്തിറങ്ങിക്കൊണ്ട്
രക്തസാക്ഷിക്കില്ല മൃത്യുവെന്നെന്നിലെ
ദു:ഖിതനോട് പറഞ്ഞു ചർവ്വാകൻ
എന്നെഴുതിയ കുരീപ്പുഴയും

ആദിവാസി തൻ ചോരയാടിയമണ്ണ്
കറുപ്പാണു ഞാൻ
വിഷപ്പല്ല്-
കരുതിയിരുന്നോളൂ
എന്നെഴുതി വെല്ലുവിളിച്ച വിജയലക്ഷ്മിയും നിർത്തിയിടത്ത് നിന്ന് ശ്രീജിത്ത് ആണി എന്ന കവിതയിലൂടെ വിളിച്ച് പറയുന്നതിങ്ങനെയാണു…

കറുത്തവൻ
എപ്പോഴും അടിച്ചമർത്തപ്പെടുന്നവൻ
നിങ്ങളുടെ ഉറപ്പുകൾക്കിടയിൽ
എന്നും
തുരുമ്പിച്ച് തീരുന്ന അറിയപ്പെടാത്ത ദലിതൻ…

മിഠായിയും ടൌവ്വലും പായലും മിസ്ഡ്കാളും ബ്ലേഡും എന്നുവേണ്ട സകലതിലും കവിത കണ്ടെത്തി അതിൽ ആവശ്യത്തിനു നർമ്മവും സൌകുമാര്യവും കലർത്തിയുള്ള കുട്ടിക്കവിതകൾ വായിച്ചു കഴിഞ്ഞപ്പോൾ അതിശയം തോന്നി, അതിലുപരി ബഹുമാനവും, അസ്പൃശ്യമെന്ന് കരുതി മാറ്റിവക്കാനൊന്നുമില്ലാതെ എന്തിലും കവിതകണ്ടെത്താനിവർ കാണിക്കുന്ന ആർജ്ജവത്തിനു മുന്നിൽ എഴുന്നേറ്റ് നിന്നുകൊണ്ട് തന്നെ കയ്യടിക്കട്ടെ…സൈക്കിൾ ചവിട്ടുന്ന പെൺകുട്ടിയിലെ കവിതകൾക്ക് മാറ്റുകൂട്ടിക്കൊണ്ടുള്ള അതിമനോഹരമായ അർത്ഥവത്തായ ഇല്ലസ്ട്രേഷനുകളുടെ കാര്യം കൂട്ടത്തിൽ പറയാതെ വയ്യ. സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി വില്പനക്കുള്ളവ ചിട്ടയായി അടുക്കിവച്ച സൂപ്പർമാർക്കറ്റിന്റെയല്ല, മറിച്ച് ജീവിതം തിളച്ചുമറിയുന്ന അടുക്കും ചിട്ടയുമില്ലാത്ത ഒരു മുഷിഞ്ഞ തെരുവിന്റെ പ്രതീതിയാണുളവാക്കിയത്. പ്രണയവും സ്വാർത്ഥതയും പ്രതികരണവും ജല്പനങ്ങളും എല്ലാമതിലുണ്ട്…

അധികം വലിച്ചു നീട്ടാതെ ആറ്റിക്കുറുക്കിയ ഒന്നോരണ്ടോ വാചകത്തിൽ കാര്യം പറയുന്ന ശ്രീജിത്ത് വാചകങ്ങളുടെ ഭംഗിക്കായി കവിതയിൽ ഒത്തുതീർപ്പ് നടത്തിയിട്ടില്ല എന്നതാണു ശ്രദ്ധേയമായ ഒരു കാര്യം.

“വേനലിൽ നീ ഉപേക്ഷിക്കുമെന്നറിയാമായിരുന്നിട്ടും
മഞ്ഞുകാലത്ത് ഞാൻ നിന്നെ ഇറുകെപുണർന്നു “ എന്ന് പുതപ്പെന്ന കവിതയിൽ കവി കുറിക്കുമ്പോൾ വായനക്കാരനു മുന്നിൽ പരിമിതികളില്ലാത്ത ആസ്വാദനതലമാണു സൃഷ്ടിക്കപ്പെടുന്നത്

ചാറ്റൽമഴയിൽ കിഴക്കേ ഉമ്മറത്തിരുന്നു മുറ്റത്തിന്റെ അതിരിൽ നാഗപ്രതിഷ്ഠയ്ക്ക് കവാടമെന്നവണ്ണം തലവിരിച്ച് നിൽക്കുന്ന പാരിജാതത്തിന്റെ പൂക്കൾ കൊഴിഞ്ഞ് വീഴുന്നതും നോക്കിക്കിടക്കുമ്പോൾ , അമ്മ കൊണ്ട് വന്നു തരുന്ന കട്ടൻചായയാണു ആ സന്ധ്യാനേരങ്ങളെ എനിക്കേറെ പ്രിയപ്പെട്ടതാക്കാറുള്ളത്. അങ്ങനെയൊരു കട്ടൻചായ കുടിച്ച ഒരു സുഖം ‘സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി’ യിൽ നിന്നു ലഭിച്ചു. അമ്മയുടെ കട്ടൻ പോലെ തന്നെ ഈ കട്ടൻ ചായക്ക് ഗുണവും മണവും കടുപ്പവുമുണ്ട്….

ഒരാളെയെങ്കിലും
സ്നേഹിച്ചുകളയണമെന്നതിനാൽ
ഞാനെപ്പൊഴും
നിന്നെമാത്രം
സ്നേഹിച്ചുകളയുന്നു

(മിസ്റ്റ് ബുക്ക്സ് ആണു പ്രസാധകർ. ആവശ്യമുള്ളവർക്ക് ബന്ധപ്പെടുവാനായി പുസ്തകത്തിൽ കണ്ട ഇമെയിൽ ഐഡി ചേർക്കുന്നു : sreealr09@gmail.com )


Friday, August 26, 2011

ജൻ‌ലോക്പാൽ‌ബില്ലും‌ ചില ആശങ്കകളും
സ്വാതന്ത്ര്യസമരനാളുകൾക്കും അടിയന്തരാവസ്ഥക്കും ശേഷം‌ ഭാരതത്തിന്റെ തെരുവോരങ്ങളിൽ‌ വിപ്ലവകാഹളം മുഴങ്ങിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ മുന്നോട്ടുള്ള വളർ‌ച്ചയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് അഴിമതി സമസ്തമേഖലയിലും പടർന്നു പിടിച്ചിരിക്കുന്നു. അഴിമതിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ‌‌ നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ‌ കാണിച്ച ഉദാസീനത ജനങ്ങളെ “ടീം അണ്ണ”യുടെ കീഴിൽ‌ അണിനിരക്കുന്നതിലേക്ക് നയിച്ചു. സ്വതന്ത്രഭാരതത്തിൽ‌ മറ്റെന്നും കാണാത്തവണ്ണം യുവജനങ്ങൾ‌ ഗാന്ധിയനായ ഒരു വൃദ്ധന്റെ കീഴിൽ‌ അഴിമതിയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നു.

എന്നാൽ‌ ഇവിടെ അണ്ണാഹസാരെയും കൂട്ടരും‌ അഴിമതിക്കെതിരെ മുന്നിൽ വച്ചിരിക്കുന്ന ജൻ‌ ലോക്പാൽ ബില്ലെന്ന ഒറ്റമൂലിയെക്കുറിച്ച് ഇതിലെത്രപേർ‌ ബോധവാന്മാരാണു എന്ന് മനസ്സിലാക്കുമ്പോഴാണു ഈ ഒരു മൂവ്മെന്റ് അതിന്റെ അന്ത:സത്ത ഉൾക്കൊള്ളുന്ന ഒന്നാണോ എന്ന് സംശയം ജനിപ്പിക്കുന്നത്. അഴിമതിക്കെതിരെ ഉണർന്നെണീക്കുന്ന യുവജനതയെ, അണ്ണാ ഈസ് ഇന്ത്യ, ഇന്ത്യ ഈസ് അണ്ണ എന്ന മുദ്രാവാക്യത്തിനു പിന്നിൽ തളച്ചിട്ട്, അപ്രായോഗികമായതും അപകടകരവുമായ അരാഷ്ട്രീയവാദത്തിലേക്ക് നയിക്കുന്നരീതിയിലേക്ക് ഇതിനു എവിടെയൊക്കെയോ ചുവട് പിഴച്ചു തുടങ്ങിയിട്ടുണ്ട്.  അണ്ണാഹസാരെയുടെ ഉദ്ദേശശുദ്ധിയെപ്പറ്റിയല്ല ആശങ്കകൾ‌, മറിച്ച്, ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന രാജ്യത്തിന്റെ ജനാധിപത്യത്തെ പൂർണ്ണമായും ഹൈജാക്ക് ചെയ്ത് ഒരു സ്വേച്ഛാധിപത്യസമാന്തരവ്യവസ്ഥിതി ഉണ്ടാക്കിയെടുക്കുന്നതിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുവാനുള്ള സാധ്യതകൾ‌ ജൻ‌ലോക്പാൽ ബിൽ അവശേഷിപ്പിക്കുന്നുണ്ട് എന്നത് കൊണ്ടാണു.

രാജ്യം മുഴുവൻ‌ ഇളക്കം സൃഷ്ടിച്ച ഒരു ബിൽ‌ മുന്നോട്ട് വക്കുന്നതിൽ‌ ടീം അണ്ണ കാണിച്ച ലാഘവത്വം‌ അതിന്റെ മുൻ‌കാല വേർഷനുകൾ‌ തയ്യാറാക്കിയതിൽ നിന്നു വ്യക്തമാണു. വേർഷൻ‌ 1.8  (ഇവിടെ ഡൌൺ‌ലോഡ് ചെയ്യാം‌) ൽ‌ ലോക്പാൽ‌ സെലക്ഷൻ‌ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ‌ യോഗ്യത‌യായി വിശേഷിപ്പിക്കുന്നതിൽ രണ്ടെണ്ണം ശ്രദ്ധിക്കുക.

d. All Nobel Laureates of Indian Origin (ഫോട്ടോണിക്സിലെ ഒരു പേപ്പറിന്റെ അടിസ്ഥാനത്തിൽ‌, അല്ലെങ്കിൽ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനത്തിൽ‌ നോബൽ സമ്മാനാർഹനായ ഒരുവനു ഭരണസംവിധാനത്തെപ്പറ്റിയോ അഴിമതിയെപ്പറ്റിയോ ജ്ഞാനമുണ്ടാവണമെന്നില്ലല്ലോ!!!)

f. Last two Magsaysay Award winners of Indian origin (ഫിലിപ്പീൻസ് ഗവർമെന്റിന്റെ മേൽനോട്ടത്തിലുള്ള ഒരു അവാർഡ് ഭാരതത്തിലെ മുഴുവൻ‌ ഇൻ‌സ്റ്റിറ്റ്യൂഷനുകളും നിയന്ത്രണത്തിലാക്കുന്ന ഒരു ബഞ്ചിലേക്ക് പ്രവേശിക്കുന്നതിനുള്ള യോഗ്യതയായി മാറുന്നു!!)


അബദ്ധജഡിലമായ, മേൽ‌പറഞ്ഞ പലനിർദ്ദേശങ്ങളും നിറഞ്ഞ മുൻ‌ വേർ‌ഷനുകൾ‌ മാറ്റി ഇറക്കിയ പുതിയ വേർഷൻ‌ ഇവിടെ ഡൌൺ‌ലോഡ്ചെയ്യാം‌. ഇതിൽ തന്നെയുള്ള ചില പോയിന്റുകൾ‌ നമുക്ക് പരിശോധിക്കാം
1. Chapter XII - 24 Wherever Lokpal directs imposition of financial penalty on any officer under this Act to be deducted from his salary, it shall be the duty of the Drawing and Disbursing Officer of that Department to implement such order, failing which the said Drawing and Disbursing Officer shall make himself liable for similar penalty

ലോക്പാൽ‌ ബഞ്ച് പെനാൾട്ടി വിധിച്ച ഒരു ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നു അത് പിടിച്ചെടുക്കേണ്ടത് സാലറി ഡിസ്പേഴ്സ്മെന്റ് ഓഫീസറുടെ കടമയാണു. അത് ചെയ്യാൻ സാധിക്കാത്തപക്ഷം‌ ആ പെനാൾട്ടിക്ക് സാലറി ഡിസ്പേഴ്സ്മെന്റ് ഓഫീസർ ബാധ്യതക്കാരനാണു. 

ഒരു പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ‌ ഒരു വലിയ  അഴിമതി നടത്തി 40 ലക്ഷത്തിന്റെ പെനാൾട്ടി കിട്ടി എന്നു കരുതുക. അദ്ദേഹത്തിന്റെ ശമ്പളമനുസരിച്ച് ഇതു തിരിച്ച് പിടിക്കാനുള്ള വകയുമില്ല. ആ നാൽ‌പ്പത് ലക്ഷത്തിന്റെ  ഉത്തരാവാദിത്വം സാലറി ഡിസ്പേഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ തലയിലാവും‌. !!!!!!

2. Chapter XIV - 3 Lokpal shall not need any administrative or financial sanction from any government agency to incur expenditure. 

ലോക്പാൽ‌ ബഞ്ചിന്റെ യാതൊരുവിധത്തിലുള്ള സാമ്പത്തിക ഇടപാടുകൾക്കും യാതൊരുവിധത്തിലുള്ള അനുമതി ആവശ്യമില്ല. അതായത് ലോക്പാൽ ബഞ്ചിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഭാരതത്തിന്റെ ഖജനാവിൽ നിന്ന് യാതൊരു നിബന്ധനകളുടേയോ അനുമതിയുടേയോ ആവശ്യമില്ലാതെ പണം നൽ‌കുക!!!

 3. Chapter V-12 Any orders passed by any bench of the Lokpal or any officer of the Lokpal shall be subject to the writ jurisdiction of the High Court under Article 226 of the Constitution of India. Ordinarily, High Courts shall not stay the order. However, if it does, it will have to decide the case within two months, else the stay would be deemed to have been vacated after two months and no further stay in that case could be granted.

ലോക്പാൽ‌ ബഞ്ചിന്റെ നടപടികളെ പ്രതിക്ക് ഹൈക്കോടതിയിൽ ചോദ്യം ചെയ്യാം‌. എന്നാൽ സാധാരണഗതിയിൽ‌ ഹൈക്കോടതി ലോക്പാൽ‌ വിധിയെ സ്റ്റേചെയ്യരുത് എന്ന വിചിത്രമായ ഒരു നിർദ്ദേശവും ജൻ‌ലോക്പാൽ ബിൽ മുന്നോട്ട് വക്കുന്നു. മാത്രവുമല്ല, തീരുമാനമെടുക്കാൻ‌ വെറും രണ്ട് മാസത്തെ സമയമാണു ഹൈക്കോടതിക്ക് നൽകുക, അതിനുശേഷം യാതൊരുവിധത്തിലുള്ള സ്റ്റേയും അനുവദിക്കുകയില്ല. 

നമ്മുടെ ഹൈക്കോടതികളിൽ കേവലം രണ്ട് മാസം കൊണ്ട് ഇനി വരാൻ പോകുന്ന ലക്ഷക്കണക്കിനു ലോക്പാൽ അപ്പീലുകൾ തീർപ്പാക്കപ്പെടും എന്ന് നിർദ്ദേശിക്കുന്നതിന്റെ പ്രായോഗികവശത്തെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കുക. ചുരുക്കിപ്പറഞ്ഞാൽ ലോക്പാൽ ബഞ്ചിന്റെ വിധി അന്തിമമായിരിക്കും!!

4. Page 5 - The accountability of the Lokpal itself would be to the Supreme Court, which would have the authority to enquire into and order the removal of members of the Lokpal. 

 ലോക്പാൽ ബഞ്ചിൽ‌ അധികാരം സുപ്രീം‌കോടതിക്ക് മാത്രമായിരിക്കും‌. ഭാരതത്തിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർ‌ലമെന്റ് അംഗങ്ങൾ ഒരുമിച്ച് പ്രമേയം പാസാക്കിയാൽ പോലും ഒരു അംഗത്തിനെതിരെപോലും നടപടിയെടുക്കുവാൻ സാധിക്കില്ല. അതിലും രസകരം‌ ഈ അധികാരമുള്ള സുപ്രീംകോടതി ലോക്പാൽ ബഞ്ചിന്റെ അധികാരത്തിനു കീഴിലാണു എന്നതാണു.

5. Chapter XVIII - 31- 1 No  government  official shall be eligible to take up jobs, assignments, consultancies, etc. with any person, company, or organisation that he had dealt with in his official capacity.

ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ റിട്ടയർമെന്റിനു ശേഷം‌ അദ്ദേഹം ജോലിചെയ്തിരുന്ന ഏരിയയുമായി ബന്ധമുള്ള ജോലിയിൽ ഏർ‌പ്പെടാൻ പറ്റില്ല. സെയിൽ‌സ് ടാക്സ് ഉദ്യോഗസ്ഥനായിരുന്നയാളെ സംബന്ധിച്ചിടത്തോളം അദ്ദേഹം സ്വാഭാവികമായും ജോലിയിലേർപ്പെടുക സെയിൽ‌ടാക്സ് കൺ‌സൾട്ടിങ്ങോ മറ്റുമായിരിക്കുമല്ലോ. 

6   Chapter I -e-1 Act of corruption  which would also include any offence committed by an elected member of a house of legislature even in respect of his speech or vote inside the house.

പാർലമെന്റിനകത്തുള്ള പ്രസംഗം പോലും‌ ലോക്പാൽ‌ബെഞ്ചിന്റെ അധികാരപരിധിയിൽ വരും!! ഇത് സ്പീക്കറുടെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു

7. Chapter 1 -3 Notwithstanding anything in any other Act or Law the provisions of this Act shall prevail and to the extent that the provisions of this Act are repugnant to any other provision in any other Act or law, the provisions in other Acts or laws shall stand amended to the extent of such repugnancy.

ഭാരതത്തിന്റെ ഏതെങ്കിലും‌ റൂൾ‌ ലോക്പാൽ ബില്ലിലെ ക്ലോസുമായി ബന്ധം വരുകയാണെങ്കിൽ‌ ലോക്പാൽ ബില്ലിനനുസരിച്ച് ആ നിയമം‌ ഭേദഗതി ചെയ്യപ്പെടും‌.

8. Chapter iii -7-2  Any officer under the Lokpal while exercising any powers under the Act shall have the powers of a civil court trying a suit under the Code of Civil Procedure

ഒരു ഉദ്യോഗസ്ഥനിൽ‌ കോടതിയുടെ അപാരമായ അധികാരങ്ങൾ കേന്ദ്രീകരിക്കുക വഴിയുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരായേ മതിയാവൂ. 

9. Chapter XIII -9 The Lokpal after hearing the Grievance Redressal Officer would impose suitable penalty not exceeding Rs. 500/- for each day’s delay but not exceeding Rs. 50,000/- to be recovered from the salaries of the Grievance Redressal Officer

പരാതികൾ‌ കിട്ടിയതിനു ശേഷം നിശ്ചിത തീയതിക്ക് ശേഷം നടപടി വൈകുന്നുവെങ്കിൽ‌ വൈകുന്ന ഓരോ ദിവസത്തിനു 500 രൂപനിരക്കിൽ ഗ്രീവൻസ് റിഡ്രസൽ‌ ഓഫീസറുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുന്നതാണു.  മിക്കവാറും ഈ പൊസിഷനിലേക്ക് ആളെക്കിട്ടാത്ത അവസ്ഥയായിരിക്കും !! പരിഹാസമല്ല, പ്രായോഗികവശത്തെക്കുറിച്ച് സൂചിപ്പിച്ചു എന്നു മാത്രം‌

10.   Chapter III 7 -2 -a summoning and enforcing the attendance of any person from any part of India and examining him on oath;

ലോക്പാലിന്റെ ഏഴംഗ സംഘത്തിനു പ്രധാനമന്ത്രി മുതലിങ്ങോട്ടുള്ള ഏതൊരാൾക്കെതിരെയും അന്വേഷണം നടത്താനും നടപടിയെടുക്കാനും‌ സാധിക്കും‌. നടപടിക്രമങ്ങളൊരുപാടുണ്ടെങ്കിലും‌ അപരാധികൾ‌ക്ക് ശിക്ഷ ലഭിക്കാതിരിക്കുന്നുണ്ടെങ്കിലും‌ നമ്മുടെ ജുഡീഷ്യൽ‌ സിസ്റ്റത്തിൽ‌ നിരപരാധികൾക്ക് അവരുടെ നിരപരാധിത്വം തെളിയിക്കുവാൻ ഒട്ടനേകം മാർഗങ്ങളുണ്ട് എന്നത് മറക്കരുത്.

ജൻ‌ലോക്പാൽ ബിൽ ചർച്ചകൾക്കും ആവശ്യമായ ഭേദഗതികൾക്കും‌ വിധേയമാക്കാതെ പാസാക്കിയെടുക്കാനുള്ള ഉപാധിയായി അഴിമതിക്കെതിരെ നാടെങ്ങുമുയർന്നുകഴിഞ്ഞിരിക്കുന്ന ജനരോഷത്തെ മാറ്റിയെടുത്തുകൂടാ. വിപ്ലവങ്ങൾ‌ രൂപപ്പെടുന്നത് പ്രക്ഷുബ്ധമായ മനസ്സുകളിലാണു. ആ മനസ്സുകളെ‌ മാറ്റത്തിനുവേണ്ടിയുള്ള സമരപാതയിയിലേക്ക് നയിക്കുന്നതിൽ‌ ഇതുവരെ അണ്ണാഹസാ‍രെ എന്ന ഗാന്ധിയനുയർത്തിയ സത്യാഗ്രഹപാതക്ക് കഴിഞ്ഞിരിക്കുന്നു. ഇനി രാഷ്ട്രീയപ്രസ്ഥാനങ്ങൾ‌ കക്ഷിഭേദമന്യേ ഒരു  ആത്മവിശകലനത്തിനു തയ്യാറാവുകയും‌, ഈ ഉണർവിനെ ഏറ്റെടുത്തുകൊണ്ട് ഒരു നവഭാരതം കെട്ടിപ്പടുക്കാനുള്ള യജ്ഞത്തിനൊരുങ്ങുകയും ചെയ്യാൻ‌ തയ്യാറാവുന്നിടത്തേ ഈ മുന്നേറ്റം അതിന്റെ യഥാർത്ഥപാതയിലേക്ക് എത്തിച്ചേർന്നു എന്നു പറയാനൊക്കൂ.

Idea,Guidance and Consulting :Mr.Ceejo Thomas


Wednesday, July 20, 2011

പെരുമഴയത്തൊരു നെല്ലിയാമ്പതിയാത്രറൂട്ട് : എറണാകുളം‌ > മണ്ണുത്തി ബൈപാസ് >വടക്കുംച്ചേരി >നെന്മാറ> പോത്തുണ്ടി > നെല്ലിയാമ്പതി

ദൂരം‌ (എറണാകുളം - നെല്ലിയാമ്പതി)
: 150 KM

ശ്രദ്ധിക്കേണ്ടത്
: നെല്ലിയാമ്പതിയില്‍ എ.ടി.എം‌ ഇല്ല. ആവശ്യത്തിനു പണം‌ നെന്മാറയില്‍ നിന്നു തന്നെ എടുക്കുക. ഭക്ഷണം‌ മിതമായ നിരക്കില്‍‌ ലഭിക്കും‌. മാന്‍‌പാറയിലേക്കുള്ള പ്രവേശനം നാലുവര്‍ഷമായി ഫോറസ്റ്റ് അധികൃതര്‍‌ തടഞ്ഞിരിക്കുകയാണു.
==========================================================

ചിത്രങ്ങളില്‍‌ ക്ലിക്കിയാല്‍‌ വലുതായി കാണാന്‍‌ സാധിക്കും

Aneesh,Sumesh,Hari,J.P,Praveen and Rajeev
മൺ‌സൂൺ‌ അതിന്റെ സർവ്വശക്തിയിൽ‌ പെയ്തു തകർക്കുമ്പോഴാണു രാജീവ് നെല്ലിയാമ്പതിയിലേക്കൊരു ബൈക്ക് ട്രിപ്പെന്ന ആശയം‌ പറയുന്നത്. അധികം‌ ആലോചിക്കാതെ തന്നെ രാജീവിന്റേയും സഹപ്രവർ‌ത്തകരുടേയും ഉദ്യമത്തിൽ‌ പങ്കുചേരാനുള്ള സന്നദ്ധത അറിയിച്ചു. അങ്ങനെ ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് നാലുബൈക്കുകളിലായി ഞങ്ങളേഴുപേർ‌ എറണാകുളത്ത് നിന്ന് യാത്രതിരിച്ചു. എല്ലാവരും കോട്ടും ഹെൽമറ്റും ധരിച്ചിരുന്നത് കൊണ്ട് മഴക്ക് യാത്രയെ തടസ്സപ്പെടുത്തുവാൻ‌ സാധിക്കുമായിരുന്നില്ല.

മണ്ണുത്തി ബൈപാസിൽ‌ നിന്ന് പാലക്കാട് റോഡിലേക്ക് തിരിയുന്നത് വരെ ഹൈവേ 4 ലൈനായതുകൊണ്ട് യാത്ര വളരെ സുഗമമായിരുന്നു. എന്നാൽ പട്ടിക്കാട് തൊട്ട് വടക്കുംചേരിവരെയുള്ള ദൂരം‌ റോഡിന്റെ അവസ്ഥ തികച്ചും‌ പരിതാപകരമായിരുന്നു.‌ കുതിരാൻ‌കയറ്റത്തിൽ‌ ഞങ്ങളെല്ലാവരും‌ ബൈക്ക് നിർത്തി അൽ‌പ്പനേരം അവിടെ ചിലവഴിച്ചുകൊണ്ട് യാത്ര തുടർന്നു. പിന്നീടങ്ങോട്ട് പാലക്കാടൻ ഗ്രാമഭംഗിയുടെ വശ്യത നുകർന്നു കൊണ്ട് ഒരു യാത്ര.

ഏറ്റവും‌ സുന്ദരമായ ഗ്രാമങ്ങൾ‌ എവിടെയെന്ന് ചോദിച്ചാൽ‌ പാലക്കാടാണെന്ന് ഞാൻ‌ ഉത്തരം‌ പറയും‌. അതു ജന്മം‌ കൊണ്ട് ഒരു പാലക്കാടുകാരനായതിന്റെ പക്ഷപാതിത്വമല്ല. പച്ചവിരിച്ച നെൽ‌പാടങ്ങളുടെ പശ്ചാത്തലമൊരുക്കി കാഴ്ചകളുടെ അതിരുകളിൽ‌ നിരന്നു നിൽക്കുന്ന സഹ്യപർവതനിരകളും‌, ഇടക്കിടക്ക് തലയുയർത്തി നിൽക്കുന്ന പനകളും‌, വൃത്തിയുള്ള നാട്ടുപാതകളും‌, ജീവനുള്ള നാട്ടുകവലകളും‌, കള്ളുഷാപ്പുകളും‌ തുടങ്ങി പാലക്കാടൻ‌ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്.. അതാസ്വദിക്കണമെങ്കിൽ‌ നഗരജീവിതം നമ്മിലടിച്ചേൽ‌പ്പിച്ച‌ ആധുനികജീവിതത്തിന്റേതായ ജാഡകളെല്ലാമഴിച്ച് വച്ച്, ഒരു കൈലിയുടുത്ത് തലയിലൊരു തോർത്തുമുണ്ടുകൊണ്ടൊരു കെട്ടുംകെട്ടി തനി പാലക്കാട്ടുകാരനായി ഈ ഗ്രാമങ്ങളിലൂടെ ഒരു സന്ധ്യാസമയത്തൊന്ന് നടക്കണം‌, തനിയെ
 
നെന്മാറയിൽ‌ നിന്ന് 34 കിലോമീറ്ററോളം മുകളിലേക്ക് കയറണം‌ നെല്ലിയാമ്പതിയെത്താൻ‌. നെന്മാറയിലെ പ്രശസ്തമായ വേല (നെന്മാറ-വല്ലങ്ങി വേല) നടക്കുന്ന അമ്പലത്തിനരികിൽ‌ കുറച്ച് നേരം‌ വിശ്രമിച്ച് ഞങ്ങൾ യാത്രതുടർന്നു. വഴിയിലെല്ലാം‌ പ്രകൃതി ദൃശ്യങ്ങൾ‌ പകർത്തുവാൻ‌ ഫോട്ടോഗ്രാഫിയുടെ  അസുഖമുള്ള ജയറായും സുമേഷ്ജിയും തമ്മിൽ‌ മത്സരമായിരുന്നു. നെന്മാറയിൽ‌ നിന്ന് നെല്ലിയാമ്പതി റോഡിലേക്ക് തിരിഞ്ഞ് രണ്ട് കിലോമീറ്റർ‌ പോയിക്കാണും‌, അപ്പോഴേക്കും കനത്തമഴ ആരംഭിച്ചു. വഴിയരികിൽ‌ കണ്ട് ഒരു ചായക്കടയിൽ‌ കയറി ഒരു കട്ടൻ‌ ചായകുടിച്ച് കനത്തമഴയെ വകവക്കാതെ ഞങ്ങൾ‌ യാത്രതുടരാനുള്ള ശ്രമമാരംഭിച്ചപ്പോൾ‌, അവിടെയുണ്ടായിരുന്ന നാട്ടുകാരുടെ മുഖത്തുണ്ടായ ഭാവത്തിനെ വാക്കുകളാക്കി മാറ്റുകയാണെങ്കിൽ‌, ദാ ഇങ്ങനെയിരിക്കും
“യെവന്മാർക്ക് പ്രാന്താടേ”

Pothundi Dam
പെട്ടെന്നു തന്നെ ഇരുട്ടും മഴയും കൂടി ഞങ്ങളുടെ കാഴ്ചകളെ മറച്ചുതുടങ്ങി. ശക്തമായ കോടമഞ്ഞിനെ തുളച്ച് മുന്നോട്ടുള്ള വഴികാണിക്കാൻ‌ ഞങ്ങളുടെ ബൈക്കുകളുടെ വെളിച്ചം അശക്തമായിരുന്നു. പോത്തുണ്ടി ഡാം‌മിന്റെ പരിസരത്ത് അൽ‌പ്പനേരം നിർത്തി പെരുമഴയത്തൊരു ഐസ്ക്രീമും കഴിച്ച് ഞങ്ങൾ ഹെയർ‌പിന്നുകൾ കയറാനാരംഭിച്ചു. അവിടന്നങ്ങോട്ട് നെല്ലിയാമ്പതി വരെ ചെറിയ വെള്ളച്ചാട്ടങ്ങളുടെ ഘോഷയാത്രയാണു. കൂടാതെ റോഡരികിൽ‌ പലയിടത്തായി നാലോളം‌ വ്യൂപോയിന്റുകളുമുണ്ട്. പലയിടത്തും കനത്തമഴയിൽ‌ കാട്ടിലെ മരങ്ങൾ‌ റോഡിലേക്ക് വീണു ഗതാഗതതടസ്സമുണ്ടാക്കുന്നുണ്ട്. പലയിടത്തും മണ്ണിടിച്ചിലും കണ്ടു. 

നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ചിലെ ചെക്ക് പോസ്റ്റിൽ‌ ഞങ്ങൾ പരിശോധനക്കായി നിർത്തി. വളരെ മാന്യമായ പെരുമാറ്റവും ഉപദേശങ്ങളും നൽകിയ ഫോറസ്സ് ഗാർഡിനെ എളുപ്പം മറക്കാനാവില്ല. രണ്ടാഴ്ച മുന്നെ ഒരു കാട്ടുപോത്തിറങ്ങി ഒരാളെകുത്തിപരിക്കേൽ‌പ്പിച്ച കഥ ഒന്നു സൂചിപ്പിച്ചത് ചെറുതായി ടെൻഷനുണ്ടാക്കി എന്നതു സത്യം‌.വളവുകളും തിരിവുകളും നിറഞ്ഞ വഴിയിലൂടെ കനത്തമഴയത്ത്, കനത്ത മഞ്ഞിൽ റോഡിനു നടുവിലെ “വെള്ളവര” മാത്രം‌ കണ്ട് മുന്നോട്ടുള്ള 

 യാത്ര ശരിക്കും ‘റിസ്കി’ തന്നെയായിരുന്നു. പുലയമ്പാറയിലെത്തിയപ്പോഴേക്കും ശരിക്കും ഇരുട്ടായിക്കഴിഞ്ഞിരുന്നു. അവിടെ ഞങ്ങളെക്കാത്ത് ഗ്രീൻ‌ലാൻ‌ഡിലെ ജീവനക്കാരൻ നിൽ‌പ്പുണ്ടായിരുന്നു. ചക്കരയുടെ ഹോട്ടലിൽ കയറി രാത്രിയിലേക്കുള്ള ഭക്ഷണം‌ ഓർ‌ഡർ ചെയ്തു ഞങ്ങൾ റൂമിലേക്ക് പോയി. പെട്ടെന്ന് തന്നെ കുളിച്ച് വസ്ത്രം മാറി ഞങ്ങൾ‌ ഹോട്ടലിലേക്ക് ചെന്നു. മഴപെയ്താൽ‌ നെല്ലിയാമ്പതിയിൽ‌ വൈദ്യുതി അപൂർവ്വമായ സംഭവമായി മാറും‌. മെഴുകുതിരിയുടെ വെട്ടത്തിൽ‌ ഒരുമിച്ച് ഇരുന്ന് “ചക്കര” ഉണ്ടാക്കിയ ചപ്പാത്തിയും കറിയും കഴിച്ച് (അഭിനന്ദിക്കാതിരിക്കാൻ സാധിച്ചില്ല, അത്രയും സ്വാദിഷ്ഠമായിരുന്നു) റൂമിലേക്ക് മടങ്ങി. താമസസ്ഥലത്തെ മധുചേട്ടൻ വഴി ജീപ്പ് ഡ്രൈവറായ സുരേഷിനെ പരിചയപ്പെട്ടിരുന്നു. പിറ്റേ ദിവസത്തെ പരിപാടികളെല്ലാം‌ സുരേഷുമായി ആലോചിച്ച് പ്ലാൻ‌ ചെയ്തു നേരത്തെ തന്നെ കിടന്നുറങ്ങി, ജെ.പി എന്ന ഞങ്ങളുടെ കണക്കപ്പിള്ളയൊഴിച്ച്.

(നെല്ലിയാമ്പതിയിൽ‌ എ.ടി.എം‌ ഇല്ലാതിരുന്നതും‌ കയ്യിലുണ്ടായിരുന്ന കാശ് എല്ലാം സെറ്റിലാക്കുന്നതിനു പര്യാപ്തമാവുമോ എന്ന ആശങ്കയും‌ ജെ.പിയുടെ ഉറക്കം കളഞ്ഞിട്ടുണ്ടാവും‌)

പിറ്റേ ദിവസം പുലർച്ചെ അഞ്ചരക്കെണീറ്റ് കുളിക്കാൻ കയറിയപ്പോഴാണു വൈദ്യുതി ഇല്ലാത്തതിനാൽ‌ ഹീറ്റർ‌ വർക്ക് ചെയ്യുന്നില്ല എന്ന വസ്തുത മനസ്സിലാക്കിയത്. രാമായണമാസം ഒന്നായതു കൊണ്ട് കുളിക്കാതിരിക്കാനും ഒരു വിഷമം‌. വെള്ളം ഐസായി മാറുന്നതിനു മുന്നെ ഇത്രയും തണുപ്പുണ്ടാവും‌ എന്ന യാഥാർത്ഥ്യം‌ മനസ്സിലാക്കിക്കൊണ്ടു ഒരു കുളിയും പാസാക്കി പുറത്തിറങ്ങിയപ്പോൾ‌ സുരേഷ് ജീപ്പുമായി എത്തിയിരുന്നു. കോടമഞ്ഞിനെ കീറിമുറിച്ച് ആ ജീപ്പിന്റെ വെളിച്ചം‌ കാടിനുള്ളിലേക്ക് മെല്ലെ കയറി. നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ‌ നിന്നും‌ കൊടുംകാടിനുള്ളിലൂടെ ഞങ്ങൾ‌ കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ചിലേക്ക് കയറി. 

ജീപ്പിനു മാത്രം കയറിപ്പോവാൻ കഴിയുന്ന ഒരു കാട്ടുപാത. സർക്കാർ തിരിച്ച് പിടിച്ച കാപ്പിയും ഏലവും നിറഞ്ഞ തോട്ടങ്ങളും കാട്ടിൽ കാണാമായിരുന്നു. പകുതിയുണങ്ങിയ ഓറഞ്ച് മരങ്ങളും കണ്ടു. പിന്നെ കൊടും കാടിനുള്ളിലൊരു ഫോറസ്റ്റ് വയർലെസ് സ്റ്റേഷനും‌.

കാട്ടിനുള്ളിലൂടെ കുറെ മുന്നോട്ട് പോയപ്പോൾ‌ ജീപ് ഒരു തുറന്നായ, പാറകൾ നിറഞ്ഞ സ്ഥലത്ത് നിർത്തി. ഒരു വ്യൂപോയന്റാണു, പിന്നാമ്പാറ. പക്ഷെ കനത്ത കോടമഞ്ഞിൽ‌ ഒന്നും ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല. ചില ഫോട്ടോസൊക്കെ എടുത്ത് വീണ്ടും യാത്ര തുടർന്നു. അങ്ങനെ മാട്ടുമലയെ ലക്ഷ്യമാക്കി മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴും കാട്ടിൽ‌ നേരം വെളുത്തിട്ടുണ്ടായിരുന്നില്ല. പെട്ടെന്നാണു‌ ഇടതുവശത്തേക്കുണ്ടായിരുന്ന ഒരു കൈവഴിയിലൂടെ ഒരു ചെന്നായ ഓടിപ്പോവുന്നത് കണ്ടത്. ഞാനത് സുരേഷിനോട് ചൂണ്ടിക്കാണിച്ചതും ആ മിടുക്കനായ ഡ്രൈവർ ജീപ്പ് പെട്ടെന്ന് വെട്ടിത്തിരിച്ച് ആ വഴിയിലേക്കോടിച്ച് കയറ്റി. ചെന്നായക്ക് പിന്നാലെ പോയ ഞങ്ങളെ കാത്തിരുന്നത് രണ്ട് വലിയ കാട്ടുപോത്തുകളായിരുന്നു. 

ശബ്ദമുണ്ടാക്കാതെയിരിക്കാൻ ഞങ്ങളോട് പറഞ്ഞ് സുരേഷ് ജീപ്പ് ഓഫാക്കി. ചിത്രമെടുക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമാക്കിക്കൊണ്ട് അവ കുറ്റിക്കാടിനുള്ളിലേക്ക് മറഞ്ഞു. പിന്നെ നേരെ ഞങ്ങൾ കാര്യശ്ശുരിയിലേക്ക് . കഷ്ടിച്ച് ഒരു ജീപ്പിന് മാത്രം കടന്നുപോവാൻ സാധിക്കുന്ന കാട്ടുവഴിയുടെ ഒരു വശം മുഴുവൻ വലിയ കൊക്കയാണു. അധികം നിരപ്പൊന്നും അവകാശപ്പെടാനില്ലാത്ത ആ വഴിയിലൂടെ ആ ജീപ്പോടിക്കൂന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണു. ഇടക്കിടക്കൊക്കെ ഞങ്ങൾക്ക് കാഴ്ചകൾ‌ കാണാനും ചിത്രങ്ങളെടുക്കാനുമായി സുരേഷ് ജീപ്പ് നിർത്തിക്കൊണ്ടിരുന്നു. മലമടക്കുകളും താഴ്വാരങ്ങളും വെണ്മേഘങ്ങളും കോടമഞ്ഞും വീശിയടിക്കുന്ന തണുത്ത കാറ്റും, കാനനവാസികളായ പക്ഷിമൃഗാദികളുടെ ശബ്ദങ്ങളും..അങ്ങനെ എല്ലാം കണ്ടും കേട്ടും അനുഭവിച്ചൊരുയാത്ര

കാര്യശ്ശുരിയിൽ ഞങ്ങളെ കാത്തിരുന്നത് അവർ‌ണ്ണനീയമായ കാഴ്ചയായിരുന്നു. വാക്കുകൾക്കതീതമായ പ്രകൃതിദൃശ്യം‌. മലനിരകളും‌ താഴ്വരകളും‌ നിറഞ്ഞ ആ പ്രദേശത്തിന്റെ പ്രത്യേകതകളായി തോന്നിയത് ഒരു മലദൈവത്തിന്റെ പ്രതിഷ്ഠയും അതിശക്തമായ കാറ്റുമായിരുന്നു. നമ്മളെയെടുത്ത് ആകാശത്തേക്ക് ചുഴറ്റിയടിക്കാൻ തക്കവണ്ണം ശക്തിയുണ്ടെന്ന് തോന്നും ആ കാറ്റിനു. കാര്യ‌ശ്ശൂരി അമ്മൻ‌ എന്നാണത്രെ ആ ദൈവത്തിന്റെ പേരു. ഏപ്രിലിൽ‌ നടക്കുന്ന ഉത്സവത്തിനു കാട്ടിലുള്ള ഏതോ ട്രൈബത്സ് ഒക്കെവരുമത്രെ. കുറച്ച് നേരം‌ അവിടെ ചിലവഴിച്ച് ഞങ്ങൾ‌ മാട്ടുമല വ്യൂപോയിന്റ് ലക്ഷ്യമാക്കി ജീപ്പ് തിരിച്ചു.

ആ യാത്രയിൽ‌ മലനിരകളിൽ‌ ഓടിച്ചാടി നടക്കുന്ന കുറെ വരയാടുകളെ കണ്ടു. അതിന്റെ ചിത്രമെടുക്കാനിറങ്ങിയപ്പോൾ‌ പലർക്കും അട്ടയുടെ കടിയേറ്റു. പുകയില കരുതിയിരുന്നതു കൊണ്ട് രക്ഷപ്പെട്ടു. ഒരു ഓറഞ്ച് മരത്തിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച സമയത്തും പലർക്കും അട്ടയുടെ ശല്യമുണ്ടായി. മാട്ടുമല നല്ലൊരു വ്യൂപോയിന്റാണു. താഴ്വരകളും മലകളും പേരറിയാത്ത അരുവികളും പുഴകളും നിറഞ്ഞ ഒരു ച്ഛായാചിത്രം എന്ന് വേണമെങ്കിൽ പറയാം. ഞങ്ങൾ ചെല്ലുമ്പോൾ‌ ഒരു സംഘം യാത്രികർ അവിടെ ഇരുന്നു വെള്ളമടിക്കുന്ന തിരക്കിലായിരുന്നു. അവിടം നിറയെ മദ്യക്കുപ്പികളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഗ്ലാസ്സുകളും പരന്നു കിടക്കുന്നുണ്ടായിരുന്നു. സഞ്ചാരികളുടെ ഇത്തരം മനോഭാവത്തിനെക്കുറിച്ചുള്ള, ആ നാട്ടുകാരൻ കൂടിയായ സുരേഷിന്റെ വാക്കുകളിൽ‌ വേദനയുണ്ടായിരുന്നു. 

അവിടെ നിന്നും മടങ്ങുന്ന സമയം ധാരാളം ചിത്രങ്ങളെടുക്കാൻ‌ ഞങ്ങളിലെ ഫോട്ടോഗ്രാഫേഴ്സ് മത്സരമായിരുന്നു. റൂമിലെത്തി ചക്കരയുടെ ഹോട്ടലിൽ ചെന്നു സ്വാദിഷ്ഠമായ പ്രാതൽ‌ കഴിച്ച് ബൈക്കുമെടുത്ത് നേരെ സീതാർഗുണ്ഡിലേക്ക്. തേയിലത്തോട്ടങ്ങളുടെ നടുവിലൂടെയുള്ള വഴിയിലൂടെ പി.ഒ.എ.ബി.എസ് എസ്റ്റേറ്റിലൂടെ നെല്ലിയാമ്പതിയിലെ ഏറ്റവും മനോഹരമായ ദൃശ്യം കാണുക എന്ന ലക്ഷ്യവുമായി ഞങ്ങൾ യാത്ര തുടർന്നു. ഏക്കറുകൾ പരന്നു കിടക്കുന്ന, വിവിധ വിളകൾ നിറഞ്ഞ അതിമനോഹരമായ ഒരു എസ്റ്റേറ്റിന്റെ അവസാനത്തിലാണു സീതാര്‍ഗുണ്ഡ് ഒരു മായിക ദൃശ്യവുമൊരുക്കി നമ്മളെ കാത്തിരിക്കുന്നത്. ആ കാഴ്ചയെ വർണിക്കാനെന്റെ വാക്കുകൾക്ക് ശക്തി പോരാ നമ്മൂടെ കാഴ്ചയുടെ പരിധി അവസാനിക്കുന്നവരെ നീണ്ടുകിടക്കുന്ന ഒരു മനോഹരമായ ചിത്രം.. അതിന്റെ ചിത്രങ്ങളാവും എന്റെ വാക്കുകളേക്കാൾ ഭംഗിയായി സംവദിക്കുക ..


Yep, Itz Raining there


ഈ ദൃശ്യവുമാസ്വദിച്ച് പയ്യെ ഞങ്ങൾ‌ വശത്തുള്ള ചെറിയ പാതയിലൂടെ മുന്നോട്ട് പോവുമ്പോൾ‌, കിലോമീറ്ററുകൾക്കകലെ മഴമേഘങ്ങൾ രൂപപ്പെടുന്നതും,അതു പിന്നെ മഴയായി ഗ്രാമങ്ങൾക്കും കൃഷിസ്ഥലങ്ങൾക്കും മീതെ പെയ്ത് ഞങ്ങൾക്ക് നേരെ അടുക്കുന്നതും കണ്ടു. ഞങ്ങൾ നോക്കി നിൽക്കെ അതു ഞങ്ങളെ നനയിക്കുന്ന ശക്തമായ പേമാരിയായി അവിടെ പെയ്തു തകർത്തു. കുറച്ച് മുന്നോട്ട് നടക്കുമ്പോൾ അതിമനോഹരമായ ഒരു വെള്ളച്ചാട്ടം കാണാം‌.അതും കണ്ട് കുറച്ച് നേരം മഴയും കൊണ്ടവിടെ നിന്നു. പിന്നീട് തിരിച്ച് ബൈക്കെടുത്ത് റൂമിലേക്ക്..
റൂമിൽ‌ ചെന്ന് വെക്കേറ്റ് ചെയ്ത് ഉച്ചയോടെ ഞങ്ങൾ മലയിറങ്ങാൻ തുടങ്ങി. ഇങ്ങോട്ടുള്ള വരവിൽ മഞ്ഞും ഇരുട്ടും ഞങ്ങൾക്ക് നഷ്ടമാക്കിയ ചെറിയ വെള്ളച്ചാട്ടങ്ങളെ ക്യാമറയിൽ പകർത്തി, വ്യൂപോയിന്റുകളിൽ നിർത്തി പകൽ‌വെളിച്ചത്തിലെ കാഴ്ചകൾകണ്ട് മൂന്നുമണിയോടെ ഞങ്ങൾ‌ നെന്മാറയിലെത്തി. അവിടെ നിന്ന് ഞങ്ങളുടെ സഹയാത്രികനും വഴികാട്ടിയുമായിരുന്ന ഹരിയുടെ അഗ്രഹാരത്തിൽ‌ അൽ‌പ്പസമയം ചിലവഴിച്ച്, തിരിച്ചുള്ള യാത്ര, മനസ്സിലൊരു തണുത്ത യാത്രയുടെ സുഖകരമായ ഓർമ്മകളും പേറി തിരികെയാത്ര കാടും പുഴകളും മഴയും ശുദ്ധവായുവും  കൊതിച്ചുള്ള അടുത്ത യാത്രകൾക്കുള്ള ഊർജ്ജവുമായി.


Saturday, June 04, 2011

ചിദംബരസ്മരണയിൽ : കുംഭകോണം വഴി ചിദംബരം. (ഭാഗം‌ രണ്ട്)

ആദ്യഭാഗം‌ ഇവിടെ വായിക്കാം‌: തഞ്ചാവൂർ‌


തഞ്ചാവൂർ ബൃഹദേശ്വരക്ഷേത്രത്തിൽ നിന്നിറങ്ങുമ്പോഴേക്കും ഇരുട്ടായിക്കഴിഞ്ഞിരുന്നു. ശ്രീരംഗത്ത് കിട്ടിയ ഭീകര ക്യൂ , സ്വാമിമലസന്ദർശനം ഞങ്ങളുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചു. കുംഭകോണത്ത് രാത്രി ചെന്ന്ചേർന്ന് യാത്ര തുടരാനുള്ള തീരുമാനത്തിന്റെ ഭാഗമായി തഞ്ചാവൂരിൽ നിന്ന് ബസ് കയറാനുള്ള ശ്രമം ആരംഭിച്ചു. ബസ്സ്റ്റാന്റിൽ ബസ് അന്വേഷിച്ചു നിന്ന ഞങ്ങളുടെ അടുത്തേക്ക് ഒരു തമിഴ് മദ്ധ്യവയസ്കൻ നടന്നു വന്ന് കാര്യമന്വേഷിച്ചു. കാര്യമറിഞ്ഞ അദ്ദേഹം കുംഭകോണത്തേക്കുള്ള ടൌൺറ്റുടൌൺ ബസ് കിട്ടുന്ന സ്ഥലത്തേക്കുള്ള വഴി പറഞ്ഞു തന്നു. പയ്യെ അങ്ങോട്ട് നടന്ന് തുടങ്ങിയ ഞങ്ങളുടെ അടുത്തേക്ക് ഒരു ബൈക്കിൽ അദ്ദേഹം പിന്നെയും വന്നു.ബൈക്ക് പാർക്ക് ചെയ്ത് ബസ് കാത്ത് നിന്ന ഞങ്ങളുടെ അടുത്ത് വന്ന് സംസാരം തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വളരെ കാര്യങ്ങൾ സംസാരിച്ച ആ നല്ല മനുഷ്യനു ഞങ്ങൾ ഇവിടെ പറ്റിക്കപ്പെടുമോ എന്ന ആശങ്കയായിരുന്നു. അതു മൂലമാണു വീട്ടിൽ പോവാനിരുന്ന അദ്ദേഹം ഞങ്ങളെ ബസ് കയറ്റിയയക്കാൻ കൂടെ നിന്നത്. അതിനദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരം മനസ്സിലാവാൻ അദ്ദേഹം അവസാനം പറഞ്ഞ വാചകം വരെ കാത്തിരിക്കേണ്ടി വന്നു. “ഞാനെല്ലാ മാസവും ശബരിമലക്ക് വരുന്നയാളാണു“.

ഞങ്ങൾ കുംഭകോണത്തെത്തുമ്പോൾ സമയം 11 മണീ കഴിഞ്ഞു. വളരെ കൺജസ്റ്റഡ് ആയ ഒരു നഗരം. നിറയെ ലോഡ്ജുകളുണ്ടെങ്കിലും ഞങ്ങൾക്ക് താമസം ലഭിക്കാൻ വളരെ പാടുപെടേണ്ടി വന്നു. പിറ്റേ ദിവസം പുലർച്ചെ രാഹുസ്ഥൽ സന്ദർശനം കഴിഞ്ഞു വേണം ചിദംബരത്തിലേക്ക് പോകുവാൻ.

കുംഭകോണം ഒരു ക്ഷേത്ര ശൃംഖലയുടെ കേന്ദ്രബിന്ദുവാണു. നവഗ്രഹങ്ങളുടെ ക്ഷേത്രങ്ങൾ എല്ലാം കുംഭകോണത്തിനെ കേന്ദ്രീകരിച്ച് പല സ്ഥലങ്ങളിലായി നിലകൊള്ളുന്നു. ഓരോ ക്ഷേത്രവും അത്യന്തം മനോഹരവും, പ്രശസ്തവും, ഓരോ തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളാൽ കൌതുകകരവുമാണു. നവഗ്രഹങ്ങളിൽ രാഹുവിനെ മാത്രമേ സന്ദർശിക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നുള്ളൂ. നവഗ്രഹക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ..

ഗ്രഹം
സ്ഥലം
കുംഭകോണത്തിൽ നിന്നുള്ള ദൂരം
പ്രാധാന്യം‌ (ഭക്തജനങ്ങൾക്ക് മാത്രമുള്ള കോളം )
നമ്പർ
സൂര്യൻ
സൂര്യനാർകോവിൽ
15 കി.മീ
സർവ്വൈശ്വര്യപ്രദായകം
0435 2472349
ചന്ദ്രൻ
തിങ്ങാലൂർ
30 കി.മീ
വിഘ്നങ്ങൾ നീങ്ങുന്നതിനു
04362 262499
ചൊവ്വ
വൈത്തീശ്വരൻകോവിൽ
40 കി.മീ
വിജയം
04364 279423
ബുധൻ
തിരുവെങ്കട്
50 കി.മീ
ജ്ഞാനം
04364 256424
വ്യാഴം
ആലങ്കുടി
17 കി.മീ
കല
04374 269407
ശുക്രൻ
കാഞ്ചന്നൂർ
21 കി.മീ
വിവാഹം‌, കുട്ടികളുടെ പ്രശ്നങ്ങൾ
0435 2473737
ശനി
തിരുനല്ലൂർ
38 കി.മീ
അസുഖങ്ങൾ‌, ധനസംബന്ധിയായ പ്രശ്നങ്ങൾ
04368 236530
രാഹു
തിരുനാഗേശ്വരം‌ (രാഹുസ്ഥൽ‌)
5 കി.മീ
വിജയം
0435 2463354
കേതു
കീഴപെരുംപല്ലം
60 കി.മീ
ദാരിദ്ര്യം‌, അസുഖം
04364 220424

പുലർച്ചെ ആറുമണിക്ക് തന്നെ രാഹുസ്ഥലിലേക്ക് യാത്രതിരിച്ചു. രാഹുസ്ഥലിൽ എത്തുമ്പോൾ നേരം പുലർന്നു വരുന്നേ ഉള്ളൂ. ചെറുതും (തഞ്ചാവൂരും ശ്രീരംഗവുമായൊക്കെ താരതമ്യം ചെയ്യുമ്പോൾ മാത്രം) സുന്ദരവുമായ ഒരു അമ്പലം. അമ്പലത്തിൽ അധികം തിരക്കില്ല. ഇവിടെ രാഹുകാലത്താണു അഭിഷേകം ചെയ്യുന്നത്. (9.30 -10.30 സമയം). ഇന്ദ്രനീലക്കല്ലിലാണത്രെ രാഹുവിഗ്രഹം പണിതിട്ടുള്ളത്. അതിനാൽ അഭിഷേകം ചെയ്യുന്ന പാൽ വിഗ്രഹത്തിൽ സ്പർശിക്കുന്ന മാത്രയിൽ നീലനിറത്തിലാവുമത്രെ. ആ പാലാണുപ്രസാദമായി ഭക്തർക്ക് കൊടുക്കുന്നത്. ഇവിടത്തെ പ്രധാനപ്രതിഷ്ഠ ശിവൻ തന്നെയാണു. ചെറിയ മറ്റു ഉപദേവതാപ്രതിഷ്ഠകളുമുണ്ട്. അധികം വൈകാതെ അവിടെന്ന് കുംഭകോണത്തേക്ക് തിരിച്ചു. ചിദംബരത്തിലേക്കുള്ള ബസ് കയറുമ്പോൾ സമയം അധികമായിട്ടുണ്ടായിരുന്നില്ല. പത്തരയോടെ ഞങ്ങൾ ചിദംബരത്തെത്തി.

മറ്റെല്ലാ അമ്പലങ്ങളിലും എന്ന പോലെ നമ്മളെ സ്വാഗതം ചെയ്യാനായി ഒരു വലിയ ഗോപുരം തലയുയർത്തിനിൽക്കുന്നു. ചുറ്റുപാടും വഴിവാണിഭക്കാർ നിറഞ്ഞ ഒരു ചെറിയ നിരത്തിലൂടെ ഞങ്ങൾ ഗോപുരത്തെ ലക്ഷ്യമാക്കി നടന്നു. ചിദംബരം നടരാജക്ഷേത്രം ഈ നഗരമദ്ധ്യത്തിലെ 40 ഏക്കറിലായാണു (160,000 ച.മീ) സ്ഥിതിചെയ്യുന്നത്. തഞ്ചാവൂരിനു കുഞ്ഞിരാമൻനായരുടെ കവിതപോലെ സുന്ദരമാണെങ്കിൽ ചിദംബരം ആശാന്റെ കവിതപോലെ ആഴവും ഗാംഭീര്യവുമേറിയതാണു.

ആദ്യഗോപുരം കഴിഞ്ഞു മുന്നോട്ട് ചെല്ലുമ്പോൾ നിരവധി ചെറിയ ഇടുങ്ങിയ വഴികൾ നിറഞ്ഞ ജനബാഹുല്യമേറിയ ഒരു തെരുവ്. 1980 കളിൽ ചെന്ന് പെട്ട പോലെ നിറം മങ്ങിയ, ശിവകാശി പോസ്റ്ററുകൾ നിറഞ്ഞ, സാധാരണക്കാരായ കച്ചവടക്കാരും യാചകരും നിറയെ ഉള്ള ഒരു തെരുവ്. തട്ടിയും മുട്ടിയുമല്ലാതെ മുന്നോട്ട് നടക്കാനാവില്ല. ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ ലക്കും ലഗാനുമില്ലാതെ പായുന്ന സൈക്കിളുകളിലും മോപ്പഡുകളിലും തട്ടിവീഴുമെന്നുറപ്പ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തവമായ ശൈവക്ഷേത്രമായ ചിദംബരത്തിൽ, പല്ലവചോളപാണ്ഡ്യരാജവംശങ്ങളുടെ സകലപ്രതാപങ്ങളുടേയും നേർക്കാഴ്ചയായി വിശേഷിപ്പിക്കപ്പെടുന്ന ഈ മഹാക്ഷേത്രത്തിൽ, ഒരു കാലഘട്ടത്തിലെ സാഹിത്യരംഗത്തിന് വളർന്ന് പന്തലിക്കാൻ അവസരമൊരുക്കിയ ഈ പുണ്യഭൂമിയിൽ, നാമിന്ന് ഏറ്റവും പേടിക്കേണ്ടത് യാതൊരു നിയന്ത്രണവുമില്ലാതെ നമ്മെപ്പൊതിയുന്ന യാചകരെയാണു.

സ്ഥലപുരാണത്തിൽ നിന്നും ലഭ്യമായ വിവരങ്ങളെ ആസ്പദമാക്കി മനസ്സിലാവുന്നത് ചോളവംശരാജാവായ ഹിരണ്യവർമ്മൻ / സിംഹവർമ്മൻ (430-458 സി.ഇ ) ആണു ഇതിന്റെ നിർമ്മാണത്തിനു തുടക്കമിട്ടത് എന്നാണു. ഇതിന്റെ മൂലസ്ഥാനം ശിവഗംഗയുടെ തീരത്താണത്രെ. നിരവധി പൌരാണികസാഹിത്യകൃതികളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രം അനേകം സാഹിത്യസൃഷ്ടികളുടെ പ്രകാശനത്തിനു അന്ന് വേദിയായിട്ടുണ്ട്.
പല്ലവരാജാക്കാന്മാരായ മഹേന്ദ്രവർമ്മൻ ഒന്നാമൻ, കുലോത്തുംഗ രണ്ടാമൻ, കൊപ്പെരുജിംഗ, പാണ്ഡ്യരാജാവായ മാരവർമ്മൻ സുന്ദരപാണ്ഡ്യൻ ഒന്നാമൻ തുടങ്ങിയവരുടെ ഒരു വലിയ നിരതന്നെ ഇതിന്റെ കാലാകാലങ്ങളായുള്ള നിർമ്മാണ-പുനരുദ്ധാരണപ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിച്ചതായി ക്ഷേത്ര ശിലാലിഖിതങ്ങളിൽ നിന്നും മനസ്സിലാക്കാം.

304 ലിഖിതങ്ങളുണ്ട് ചിദംബരം നടരാജക്ഷേത്രത്തിൽ. 1887മുതൽ 1963 വരെയുള്ള ലിഖിതങ്ങൾ ആർക്കിയോളജി വകുപ്പ് പഠനത്തിനു വിധേയമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. Annual Report on Indian Epigraphy (ARE) എന്ന പേരിൽ ഈ ലിഖിതങ്ങളുടെ പൂർണ്ണരൂപം ലഭ്യമാണു.

ചെറിയ ഗോപുരങ്ങൾ കടന്ന് ക്ഷേത്രത്തിന്റെ പ്രധാന മതിൽക്കെട്ടിനകത്തേക്ക് കയറുമ്പോൾ തന്നെ കാണുന്ന കരിങ്കല്ലിൽ തീർത്ത കവിത പോലെയുള്ള ചിദംബരനടരാജക്ഷേത്രത്തിന്റെ ഭംഗി നമ്മെ കീഴ്പ്പെടുത്തിക്കളയും. കരിങ്കൽപാളികൾ പാവി നിരപ്പാക്കിയ അമ്പലമുറ്റത്തിലേക്ക് കാലെടുത്ത് വച്ചതും കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ അടങ്ങിയ ഒരു യാചകസംഘം ഞങ്ങളെ വളഞ്ഞു. വസ്ത്രങ്ങളിൽ പിടിച്ചു വലിച്ചും മുന്നിൽ നിന്ന് കെഞ്ചിയും അവരുണ്ടാക്കിയ അന്തരീക്ഷം അത്ര സുഖകരമായി തോന്നിയില്ല (മനസ്സിലുള്ള കാരുണ്യത്തെ ഒരു വാശിയോടെ തന്നെ തുടച്ചു നീക്കുകയാണു അവരുടെ ലക്ഷ്യമെന്നു തോന്നിപ്പോവും). കാശ് കൊടുത്ത് പയ്യെ മുന്നോട്ട് നീങ്ങി, പിന്നീടങ്ങോട്ട് ദർശനം കഴിഞ്ഞ് മടങ്ങുന്നവരെ നിരവധി യാചകസംഘങ്ങളുടെ നിരകൾ തന്നെ ഞങ്ങളെ നിർദാക്ഷിണ്യം ശല്യം ചെയ്തു.

പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കപ്പെട്ട തമിഴ്നാട്ടിലുള്ള അഞ്ച് ശൈവക്ഷേത്രങ്ങളിലൊന്നാണു ചിദംബരം. ചിദംബരക്ഷേത്രം ആകാശത്തേയും, തിരുവനൈകാവൽ ജംബുകേശ്വരക്ഷേത്രം ജലത്തേയും,കാഞ്ചി ഏകാംബരേശ്വരക്ഷേത്രം ഭൂമിയേയും തിരുവണ്ണാമലൈ അരുണാചലേശ്വരക്ഷേത്രം അഗ്നിയേയും കാലഹസ്തി നാഥക്ഷേത്രം വായുവിനേയും പ്രതിനിധീകരിക്കുന്നു.

നാലമ്പലത്തിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ സമയം നട്ടുച്ചയോടടുത്തിരുന്നു. നടരാജ ചിത്രങ്ങൾനിറഞ്ഞ കവാടം കടന്ന് ദർശനത്തിനു വേണ്ടി ഉള്ളിലേക്ക് കടന്നപ്പോൾ ഞങ്ങളെ അത്ഭുതപ്പെടുത്തിയത്, ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന ശീതളിമയാണു. കരിങ്കൽപാളികൾ നിറഞ്ഞ മേൽക്കൂരയും, അത്യാവശ്യത്തിനു വെളിച്ചം പകരാൻ തക്ക സംവിധാനം കുറവായിരുന്നതും ഒരു ചെറിയ ഇരുട്ട് പരത്തിയിരുന്നു. ഒരു ഗുഹാക്ഷേത്രം പോലെ (ഞാനിത് വരെ ഗുഹാക്ഷേത്രം നേരിൽ കണ്ടട്ടില്ല, എങ്കിലും).. നിറയെ കരിങ്കൽ പ്രതിമകളും ശിലാലിഖിതങ്ങളും തൂണുകളും.. എന്നാൽ നിരാശാജനകമായ രീതിയിൽ പൌരോഹിത്യ മാർക്കറ്റിങ്ങ് ബഹളങ്ങൾ വ്യാപിച്ചിരിക്കുന്നത് കഷ്ടം എന്നേ പറയാനുള്ളൂ. കൂട്ടത്തിലെ അനീഷിനെ ഒരു പുരോഹിതൻ കൈകൊട്ടി വിളിച്ച് കൂറെ എന്തൊക്കെയോ വിശേഷങ്ങളും മാഹാത്മ്യങ്ങളുമൊക്കെ പറഞ്ഞ് ഒരു പുസ്തകത്തിൽ പേരും അഡ്രസുമൊക്കെ എഴുതാൻ പറഞ്ഞു. ഇവരുടെ ഒരു കാര്യമേ എന്നൊക്കെ വിചാരിച്ച് പുസ്തകത്തിൽ പേരെഴുതി തിരിച്ച് നടക്കാനൊരുങ്ങിയ അവനോട് അവർ ആയിരത്തിയഞ്ഞൂറു രൂപ വച്ചിട്ട് പോയാമതി എന്ന് പറഞ്ഞു. വേഗം ആ പേന വാങ്ങി എഴുതിയത് വെട്ടിക്കളഞ്ഞു അവൻ ഞങ്ങളുടെ കൂടെച്ചേർന്നു.

സ്ഥലങ്ങളുടെ പ്രാധാന്യത്തെപറ്റിയുള്ള സൂചനകൾനൽകുന്ന രേഖകളാണു സ്ഥലപുരാണം. എട്ട് സ്ഥലപുരാണങ്ങളിൽ നാലെണ്ണത്തിൽ ചിദംബരത്തെക്കുറിച്ചുള്ള വിശേഷണങ്ങളും സൂചനകളും ഉണ്ട്. അവ ഇപ്രകാരമാണു. ഉമാപതി ശിവചരിയാർഎഴുതിയ കോയിൽ പുരാണം, തിരുമലൈ നാഥറിന്റെ ചിദംബര പുരാണം ശിവാനന്ദയ്യരിന്റെ പുലിയുർ പുരാണം, വിദ്വശിഖാമണിയുടെ ചിദംബര സഭാനാഥ പുരാണം.
ശൈവക്ഷേത്രമായാണു ചിദംബരം പ്രശസ്തിയാർജ്ജിച്ചതെങ്കിലും വൈഷ്ണവരെ സംബന്ധിച്ചും ഈക്ഷേത്രത്തിനു പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിന്റെ ഒരു ഉപപ്രതിഷ്ഠ ഇവിടെയുണ്ട്.

ഓഫ് ദ ടോപിക് : അവിടെയുള്ള ഒരു കരിങ്കൽ തൂണിലൊന്ന് കൈചുറ്റി വട്ടമെത്തുമോ എന്നൊരു കൌതുകത്തിനൊന്നു ശ്രമിച്ചു നോക്കി. അതു കണ്ട് ഒരു അമ്മൂമ്മ (മലയാളിയാണു) ഓടി വന്ന് എന്നോട്, ഇതെന്ത് ആചാരമാണു, ഇതിന്റെ പിന്നിലെ കഥ എന്താണെന്ന് പറയാമോ എന്ന് ചോദിച്ചു. !!!! ദൈവമേ.. കണ്ണടച്ച് തുറക്കും മുന്നെ അവിടെ നിന്ന് സ്കൂട്ടായി

അവിടത്തെ ഇടനാഴിയിൽ വച്ചാണു സുബ്രമണ്യപുരത്തിലെ പ്രശസ്തമായ കൺകൾ ഇരണ്ട്രാൽ എന്ന ഗാനത്തിലെ ചിലരംഗങ്ങൾ ചിത്രീകരിച്ചതത്രെ. പയ്യെ പുറത്ത് കടന്നു പ്രദക്ഷിണം വക്കാൻ തുടങ്ങി. ചുറ്റുപാടും തലയുയർത്തി നിൽക്കുന്ന വലിയ ഗോപുരങ്ങളുണ്ട്, എനിക്കേറ്റവും ഇഷ്ടമായത് ചിദംബരത്തിലെ മനോഹരമായ കുളമാണു. ചുറ്റുപാടും പടികൾകെട്ടിയ ചതുരാകൃതിയിലുള്ള ഒരു വലിയ കുളം. അവിടെ അൽപ്പനേരമിരുന്നു ചില ചിത്രങ്ങളൊക്കെ എടുത്തു. ആയിരംകാൽ മണ്ഡപത്തിലും ചുറ്റുപാടുമുള്ള മതിലുകളുമൊക്കെ ഒരൽപ്പം ആവർത്തനവിരസതയുളവാക്കിയോ എന്നൊരു സംശയമുണ്ട്. തകർന്നു കിടക്കുന്ന ചില ഗംഭീരമായ കരിങ്കൽ കെട്ടിടങ്ങൾ വശങ്ങളിൽ കാണാം. നിരവധി തവണ മുഗൾ ഭരണാധികാരികളാൽ തച്ചുടക്കപ്പെട്ട, തകർത്തെറിയപ്പെട്ട ഒരു ചരിത്രമുണ്ട്. ഹൈദറുൾപ്പെടെയുള്ളവർ ക്ഷേത്രവസ്തുവകകൾ കൊള്ളയടിക്കുക എന്നതിലുപരിയായി ഇവിടെയുള്ള അമൂല്യമായ വിഗ്രഹങ്ങളൊക്കെ തകർത്തെറിയുന്നതിലും ശ്രദ്ധിച്ചിരുന്നു. ഇത്രയും ആക്രമണപരമ്പരകളൊക്കെ നേരിട്ടിട്ടും ഇന്നും അതിന്റെ ഗാംഭീര്യത്തോടെ തലയുയർത്തി നിന്നെ നിൽക്കുന്ന ചിദംബരം മനസ്സിലുളവാക്കിയത് അത്ഭുതത്തേക്കാളും ആദരവായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകർത്തെറിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നിന്റെ മുറ്റത്ത് ഓടിക്കളിച്ചിരുന്ന ഒരു ബാല്യകാലത്തിന്റെ സ്മരണ തികട്ടിവന്നു...

സരസ്വതി ഭണ്ഡാരം (ലൈബ്രറി)
വലിയ ഒരു പുസ്തകശേഖരം ഇവിടെ ഉണ്ടായിരുന്നതായി പഠനങ്ങളിൽ നിന്നു മനസ്സിലായിട്ടുണ്ട്. ഇവിടെ നിന്നും കണ്ടെടുത്ത ചില ലിഖിതങ്ങൾ (ARE 168 of 1961-62) അതിനുള്ള വ്യക്തമായ തെളിവു തരുന്നുണ്ട്. ജ്യോതിഷം,പുരാണം, സിദ്ധാനന്തരത്നാകരം തുടങ്ങി പല മേഖലയിലുള്ള പുസ്തകങ്ങളുടെ ഒരു ഭണ്ഡാകാരം തന്നെയായുരുന്നു അത്. പല്ലവ രാജവംശത്തിലെ ഒരു പ്രമുഖനാണു ഇതിന്റെ ഓർഗനൈസേഷണൽ, അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളൊക്കെ ചിട്ടപ്പെടുത്തിയതെന്നും പഠനങ്ങളിൽ നിന്നും മനസ്സിലായിട്ടുണ്ട്. കാലാകാലങ്ങളായി നേരിട്ട ആക്രമണപരമ്പരയിലെവിടെയോ വച്ച് ഇവ അടുത്ത തലമുറക്ക് പകർന്നു കൊടുക്ക എന്ന ദൌത്യത്തിൽ ഈ മഹാക്ഷേത്രം പരാജയപ്പെട്ടിരിക്കുന്നു.

ഇനി യാത്ര, ചരിത്രമുറങ്ങുന്ന, അല്ല ഒന്നു കാതോർത്താൽ നമുക്ക് ശ്രവ്യമാകുന്ന, ഒന്നു കണ്ണടച്ചാൽ കൺമുന്നിൽ ഒരു തിരശ്ശീലയിലെന്നപോലെ തെളിയുന്ന അനുഭവം പകരുന്ന ഈ മണ്ണിനോട് വിടപറഞ്ഞ് പയ്യെ ചിദംബരം റെയിൽവേസ്റ്റേഷൻ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു, എല്ലായിടത്തും എന്ന പോലെ വീണ്ടും വരും എന്ന് മനസ്സിലുറപ്പിച്ച്…

Tuesday, May 03, 2011

ചിദംബരസ്മരണയിൽ - ഭാഗം ഒന്ന് – തഞ്ചാവൂർ

(എന്റെ സ്ഥിരം ശൈലിയുള്ള യാത്രാവിവരണം എന്ന നിലയിൽ നിന്നൊന്ന് മാറി, കുറച്ച് ചരിത്രവസ്തുതകളും മറ്റും നിരത്തിയുള്ള ഒരു ലേഖനം എന്നനിലയിലാണിത് തയ്യാറാക്കിയിട്ടുള്ളത്. അതിനാൽതന്നെ ആയാസരഹിതമായ ഒരു വായനക്ക് വക നൽകുമോ എന്നറിയില്ല. മൂന്ന് ഭാഗങ്ങളായുള്ള യാത്രാവിവരണത്തിന്റെ ആദ്യഭാഗമാണിത്)

റൂട്ട് : എറണാകുളം-ട്രിച്ചി - ശ്രീരംഗം- ട്രിച്ചി - തഞ്ചാവൂർ - കുംഭകോണം - രാഹുസ്ഥൽ - കുംഭകോണം - ചിദംബരം

യാത്രികർ : പ്രവീൺ വട്ടപ്പറമ്പത്ത്, രാജീവ്, സുമേഷ്, അനീഷ്, കണ്ണൻ, സുരേഷ്, ബിപി.

സഹമുറിയനായ രാജീവും സുഹൃത്തുക്കളും പോകാനുദ്ദേശിച്ചിരുന്ന ഒരു ചിദംബരയാത്രയിലേക്ക് ക്ഷണം കിട്ടിയത് തികച്ചും ആകസ്മികമായിട്ടായിരുന്നു. ചിദംബരയാത്ര എന്നു പറയുന്നെങ്കിലും ഷെഡ്യൂളിൽ ശ്രീരംഗം, തഞ്ചാവൂർ, കുംഭകോണം എന്നിവയും ഉൾപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞത് സന്തോഷത്തിനു വക നൽകി.തിരക്കു നിറഞ്ഞ ഒരു പ്രവൃത്തിദിവസം അവസാനിപ്പിച്ച് റെയിൽവേ സ്റ്റേഷനിൽ ഞാനോടിയെത്തുമ്പോൾ എല്ലായാത്രകളിലും എന്നപോലെ സഹയാത്രികർ അക്ഷമയോടെ എനിക്ക് വേണ്ടി കാത്തു നിൽപ്പുണ്ടായിരുന്നു. അങ്ങനെ ഞങ്ങളേയും വഹിച്ചു കൊണ്ട് എറണാകുളം സൌത്തിൽ നിന്ന് 10.05 PM നു എറണാകുളം നാഗൂർ എക്സ്പ്രസ് യാത്രതിരിച്ചു. അൽപ്പസമയം കവിതകളും കേട്ട് കിടന്നതോർമ്മയുണ്ട്, പിന്നെ എഴുന്നേറ്റപ്പോൾ ട്രെയിൻ ഞങ്ങൾക്കിറങ്ങാനുള്ള ട്രിച്ചി (തൃശ്ശിനാപ്പിള്ളി) സ്റ്റേഷനിൽ എത്തിച്ചേർന്നിരുന്നു.

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വൃത്തിയായി സൂക്ഷിച്ചിട്ടുള്ള ഒരു റെയിൽവേസ്റ്റേഷൻ. (സ്റ്റേഷന്റെ പുറത്ത് ഒരു പഴയ ലോക്കോ എഞ്ചിൻ പ്രദർശിപ്പിച്ചിട്ടുണ്ട്) അവിടെത്തന്നെയുള്ള റെസ്റ്റിങ്ങ് റൂമിൽ കയറി കുളിച്ച്, പ്രഭാതഭക്ഷണവും കഴിച്ച് നേരെ ശ്രീരംഗനാഥനെ ദർശിക്കുവാനുള്ള യാത്ര ആരംഭിച്ചു, (ശ്രീരംഗത്തെക്കുറിച്ച് മറ്റൊരു പോസ്റ്റിൽ വിശദമാക്കാം). ഞങ്ങളുടെ എല്ലാ പദ്ധതികളുടേയും താളം തെറ്റിച്ചുകൊണ്ട് അവിടെ 5 മണിക്കൂറിലധികം നീണ്ട ക്യൂ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ശ്രീരംഗദർശനം നടത്തി നേരെ തൃശ്ശിനാപ്പിള്ളി ബസ്സ്റ്റാന്റിലെത്തി. അവിടെ നിന്ന് തഞ്ചാവൂർക്കുള്ള ബസിൽ കയറി. ട്രിച്ചിയിൽ നിന്ന് ഏകദേശം 48 കിലോമീറ്റർ ദൂരമുണ്ട് തഞ്ചാവൂരിലോട്ട് (ബസ് ഫെയർ 18 രൂപ).

ബസ് യാത്രയിൽ മനസ്സ് അൽപ്പം എക്സൈറ്റഡ് ആയിരുന്നു എന്നതാണു സത്യം.. വായിച്ചും കേട്ടും മാത്രം അറിഞ്ഞ ഒരു ദേശത്തെ കണ്ടും അനുഭവിച്ചും അറിയാൻ പോവുന്നു എന്ന യാഥാർത്ഥ്യം മനസ്സിനെ വല്ലാതെ ഇളക്കുന്നുണ്ടായിരുന്നു. പുകൾപെറ്റ ചോളരാജവംശത്തിന്റെ (846 AD – 1279 AD) അടയാളങ്ങൾ അവശേഷിക്കുന്ന മണ്ണ്, കലയേയും സാഹിത്യത്തിനേയും മറ്റെന്തിനേക്കാളേറെ ബഹുമാനിച്ചിരുന്ന നാട്, ത്യാഗരാജസ്വാമികളും മുത്തുസ്വാമിദീക്ഷിതരും, ശ്യാമശാസ്ത്രികളും ജീവിച്ച, പാടിയനുഗ്രഹിച്ച ദേശം..സംഗീതോപകരണമായ വീണയുടെ ജന്മസ്ഥലം..തഞ്ചാവൂരിനു അപദാനങ്ങളനവദിയുണ്ട്..ബസ് തഞ്ചാവൂരെത്തിയപ്പോൾ സമയം അഞ്ച് മണികഴിഞ്ഞിരുന്നു.

ശ്രീരംഗത്തെ മണിക്കൂറുകൾ നീണ്ട ക്യൂവും ബസ് യാത്രയും ഞങ്ങളിൽ ഒരു ചെറിയ മടുപ്പ് ഉളവാക്കിയിരുന്നു. ബസ് ഇറങ്ങിയപ്പോൾ തന്നെ തലയുയർത്തി നിൽക്കുന്ന ബൃഹദീശ്വരം ക്ഷേത്രത്തിന്റെ കരിങ്കൽ ഗോപുരങ്ങളുടെ ഗാംഭീര്യം ദൃശ്യമായിരുന്നു. ക്ഷേത്രത്തിനോട് ചേർന്ന് കണ്ട ഒരു ചെറിയ പാർക്കിൽ കയറി ഞങ്ങൾ മുഖവും കാലും കഴുകി ഒന്നു ഫ്രഷായി. ആ പാർക്കിൽ കയറി ചെല്ലുമ്പോൾ തന്നെ ചോള രാജവംശോത്തമൻ ശ്രീരാജരാജചോഴന്റെ (985 AD-1014 AD) മനോഹരമായ ഒരു പ്രതിമ നമ്മളെ സ്വാഗതം ചെയ്യും. ആ വീരയോദ്ധാവിന്റെ, ശിൽപ്പകലയിൽ, ചിത്രകലയിൽ,സംഗീതത്തിൽ, അങ്ങനെ ഒരു പാട് മേഖലയിൽ തഞ്ചാവൂരിനെ വളർത്തിയെടുത്ത ശ്രീരാജരാജചോളനു മുന്നിൽ ഒന്നു മനസാ നമിച്ച് കൊണ്ട് ഞങ്ങൾ ക്ഷേത്രാങ്കണത്തിലേക്ക് കയറി.

റോഡിൽ നിന്ന് കയറിത്തുടങ്ങിയപ്പോഴേ, കണ്ണും മനസ്സും നിറച്ച് കൊണ്ട് അംബരചുംബികളായ ചന്ദനനിറത്തിലുള്ള ഗോപുരങ്ങൾ ഞങ്ങളെ വരവേൽക്കുന്നത് കാണാമായിരുന്നു. ആദ്യത്തെ കവാടത്തിനരുകിൽനിറയെ നിരവധി സാധനങ്ങളും കയ്യിലേന്തി കച്ചവടക്കാരായ കുട്ടികൾ നിൽപ്പുണ്ടായിരുന്നു. പോലീസ് പരിശോധന പേരിനു മാത്രം നടക്കുന്നുണ്ട്. കവാടം കയറി വലതു വശത്ത് ചെരിപ്പുകളും ലഗേജും സൂക്ഷിക്കാനേൽപ്പിച്ച് വന്നപ്പോഴേക്കും നല്ല തണുത്ത കാറ്റ് വീശിത്തുടങ്ങിയിരുന്നു. അവിടെ തന്നെ ഒരു കുട്ടിയാനയെ നിർത്തിയിട്ടുണ്ട്. അതിന്റെ പുറത്ത് കയറാനും കൂടെ നിന്ന് ചിത്രമെടുക്കാനും വിദേശീയർ ഉൾപ്പെടെയുള്ളവരുടെ തിരക്ക് കാണാമായിരുന്നു. പറായാതിരിക്കാൻ വയ്യ, ഇതുപോലെ അതിമനോഹരമായ രീതിയിൽ, അത്യന്തം വൃത്തിയും വെടിപ്പുമോടെ സംരക്ഷിച്ചിട്ടുള്ള മറ്റൊരു ചരിത്രസ്മാരകം ഇതുവരെ ഞാൻ കണ്ടട്ടില്ല. വിശാലമായ പുൽത്തകിടിയിലോ, കരിങ്കൽപാളികൾ വിരിച്ച സാഗരോപമായ തിരുമുറ്റത്തിലോ ഒരു കടലാസ്സുകഷണമോ വേസ്റ്റോ കാണാൻസാധിച്ചില്ല. പലരും ആ മുറ്റത്ത് ഇരിക്കുകയും കിടക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് ഞങ്ങളും ചില ചിത്രങ്ങളൊക്കെ എടുത്തു.

ചോളരാജവംശത്തിലെ പ്രമുഖനായ ശ്രീരാജരാജചോളൻ (സുന്ദരചോളന്റെ മകൻ) നിർമ്മിച്ചതാണു (എ.ഡി 985 –എ.ഡി 1013)ഈ ക്ഷേത്രം. എന്നാൽ ഇന്ന് നമ്മൾ കാണുന്ന പല മോഡിഫിക്കേഷനുകളും നടത്തിയത് പതിനാറാം നൂറ്റാണ്ടിൽ നായ്ക്കന്മാരുടെ ഭരണകാലത്താണ്.

മൊത്തം അമ്പലത്തിന്റെ വിസ്തീർണ്ണം : 800‘ x 400‘
ഉള്ളിലെ മുറ്റത്തിന്റെ വിസ്തീർണ്ണം: 500‘ x 250‘

ഈ ക്ഷേത്രത്തിന്റെ പ്രധാനരൂപകൽപ്പന നിർവഹിച്ചത് കുഞ്ചരമല്ലൻ പെരുന്തച്ചൻ, നിത്തവിനോത പെരുന്തച്ചൻ, ഗന്ധരാതിതപെരുന്തച്ചൻ എന്നിവരാണു .പുറത്തെ മതിലായ തിരുച്ചുറുമാളികയുടെ നിർമ്മാണനേതൃത്വം രാജരാജചോഴന്റെ സൈന്യാധിപനായ കൃഷ്ണരാമന്റെ നേതൃത്വത്തിലും ഭരണം അദിതൻ സൂര്യൻ എന്ന പ്രധാന ഉദ്യോഗസ്ഥന്റെ കീഴിലുമായിരുന്നു.

(യുനസ്കൊ ലോക പൈതൃകസ്ഥാനമായി തഞ്ചാവൂർ രാജരാജേശ്വരം ക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്)


രാജരാജേശ്വര ക്ഷേത്രത്തിനു പ്രധാനമായും രണ്ട് ഗോപുരങ്ങളാണു കവാടങ്ങളായുള്ളത് (ഗോപുരങ്ങളില്ലാത്ത നാലു ചെറിയ കവാടങ്ങൾ വേറെയുണ്ട്). ആദ്യം കാണുന്ന കവാടത്തിന്റെ പേരു “കേരളാന്തകൻ തിരുവയിൽ“ എന്നാണു. കേരളനാട്ടുരാജാവായ ശ്രീ ഭാസ്കരരവിവർമ്മനെ പരാജയപ്പെടുത്തിയതിനു ശേഷം രാജരാജൻ ഒന്നാമനു ലഭിച്ച പേരാണത്രെ കേരളാന്തകൻ. അതിന്റെ ഓർമ്മക്കായാണു ഈ അഞ്ചു നിലകളുള്ള ഗോപുരത്തിനു കേരളാന്തകൻ തിരുവയിൽ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഗോപുരത്തിന്റെ ബേസ് അളവ് 90‘ x 55‘ (അതിന്റെ പ്രവേശനകവാടത്തിന്റെ വീതി 15 അടി) ആണു. നിരവധി മനോഹരമായ ശിൽപ്പങ്ങൾ ഗോപുരത്തിന്റെ മനോഹാരിതക്ക് ആക്കം കൂട്ടുന്നുണ്ട്. മാത്രമല്ല ഈ ഗോപുരത്തിൽ തന്നെ ദക്ഷിണാമൂർത്തിയുടേയും (തെക്ക്) ,ബ്രഹ്മാവിന്റേയും (വടക്ക്) പ്രതിഷ്ഠകളുണ്ട്.

ഒന്നാമത്തെ ഗോപുരത്തിന്റെ കാഴ്ചയിൽ മതിമയങ്ങി കുറച്ച് നേരം നിന്ന ഞങ്ങൾ പയ്യെ മുന്നോട്ട് നടന്നു രണ്ടാമത്തെ കവാടത്തിലേക്ക് കയറി. ഇതിന്റെ പേരു രാജരാജൻ തിരുവയിൽ. നിറയെ പുരാണകഥാസന്ദർഭങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഈ ഗോപുരം വിജ്ഞാനകുതുകികൾക്ക് ഒട്ടേറേ പഠനവിഷയങ്ങൾ നൽകുന്നതാണു. ശിവ-മാർക്കണ്ഡേയപുരാണങ്ങൾ മാത്രമല്ല, അർജ്ജുനകിരാതസന്ദർഭവും ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ഇതിനു മൂന്നുനിലകളാണുള്ളത്. ഇതിലെ ഒരു പ്രധാന ശിൽപ്പമായി പറയുന്നത്, ഒരു പാമ്പ് ആനയെ വിഴുങ്ങുന്ന ശിൽപ്പമാണു. ഒട്ടനവധി പഠനങ്ങൾക്ക് വിധേയമായിട്ടുണ്ടത്രെ ഇത്. ഈ ഗോപുരത്തിലെ ചില ശിൽപ്പങ്ങളൊക്കെ മറാത്താ ഭരണകാലത്തിന്റെ ശേഷിപ്പുകളാണ്. നാഗരാജാവിന്റേയും ഇന്ദിരാദേവിയുടേയും പ്രതിഷ്ഠകൾ ഈ ഗോപുരത്തിലുണ്ട്. ഈ അമൂല്യമായ ചിത്ര-ശിൽപ്പ ശേഖരത്തെ സംരക്ഷിക്കുന്നതിൽ ആർക്കിയോളജി വകുപ്പ് കാണിക്കുന്ന മികവിനെ അഭിനന്ദിക്കാതെ തരമില്ല.


കലയെ പ്രോത്സാഹിപ്പിക്കുന്നതിൽ വളരെ ശ്രദ്ധിച്ചിരുന്ന ഒരു രാജാവാണത്രെ ശ്രീരാജരാജചോഴൻ. തഞ്ചാവൂർ കർണാടകസംഗീതത്തിന്റെ തിരുമുറ്റമായി മാറിയതും നിരവധി നൃത്ത,ശിൽപ്പ, ചിത്രകലകളിലെ പ്രശസ്തർ വളർന്ന് വന്നതും ഇദ്ദേഹത്തിന്റെ ഭരണകാലത്താണു. തഞ്ചാവൂർ ക്ഷേത്രത്തിലെ കീർത്തനാലാപനത്തിനു വേണ്ടിമാത്രം 50 ഗായകരെ ഏർപ്പാടാക്കിയിരുന്നു. അവിടത്തെ നൃത്തമണ്ഡപങ്ങളിൽ നൃത്തമാടുന്നതിനായി 400 നർത്തകികളും വാദ്യോപകരണങ്ങൾ ഉപയോഗിക്കുവാനായിമാത്രം 100 വാദ്യകലാകാരന്മാരും ഉണ്ടായിരുന്നു.


രാജരാജൻ തിരുവയിൽ കടന്ന് ഞങ്ങൾ ചെന്നത് വിശാലമായ തിരുമുറ്റത്തിലേക്കാണു. ചന്ദനനിറത്തിൽ തലയുയർത്തിനിൽക്കുന്ന ശ്രീകോവിലും അതിന്റെ അറ്റത്തുള്ള വലിയ താഴികക്കുടവും അസ്തമയത്തോടടുത്ത ആകാശത്തിന്റെ അരുണിമയും കൂടി ഒരു മനോഹരമായ എണ്ണച്ഛായചിത്രത്തിന്റെ പ്രതീതി സമ്മാനിച്ചു. മുഖ്യ അമ്പലത്തിനു നേരെ (കിഴക്ക്) ഒരു വലിയ നന്ദിയുടെ പ്രതിഷ്ഠയുണ്ട്. ഇതിരിക്കുന്ന മണ്ഡപത്തിനു 3.66 മീറ്റർ ഉയരവും 5.94 മീറ്റർ നീളവും 2.59 മീറ്റർ വീതിയുമുണ്ട്. 16 –ആം നൂറ്റാണ്ടിലോ അതിനുശേഷമോ ഇവിടം ഭരിച്ചിരുന്ന നായ്ക്കർ രാജവംശത്തിന്റെ സംഭാവനയായി ഇതിനെ കരുതുന്നു. ഇവിടെ നിന്ന് ചില ഫോട്ടോകൾ എടുക്കുന്നതിനു സന്ദർശകരുടെ തിരക്കുണ്ടായിരുന്നു. എസ്.എൽ.ആർ ക്യാമറയുടെ അഹങ്കാരത്തിൽ പലരും ഇവിടെ കിടന്നും ഇരുന്നുമൊക്കെ ഫോട്ടോ സെഷൻസ് നടത്തുന്നുണ്ടായിരുന്നു.

അധികം സമയം വൈകാതെ തന്നെ ഞങ്ങൾ പ്രധാന അമ്പലത്തിലേക്ക് പ്രവേശിച്ചു. ദർശനത്തിനു ചെറിയ ഒരു ക്യൂ ഉണ്ടായിരുന്നു സാധാരണ ഉള്ള അമ്പലത്തിൽ നിന്നും വ്യത്യസ്തമായി വളരെ ദൂരത്ത് നിന്നു തന്നെ വ്യക്തമായി കാണാവുന്ന ഒരു പ്രതിഷ്ഠയാണു ഇവിടെ ഉള്ളത്. വളഞ്ഞും പുളഞ്ഞുമുള്ള ക്യൂ അല്ല. നേരെ തന്നെ പോയി ദർശനം നടത്താം. യാതൊരു ബഹളവുമില്ലാതെ, ശാന്തമായി നമശിവായ ജപിച്ചുകൊണ്ട് ക്യൂവിൽ നിൽക്കുന്ന ഭക്തജനങ്ങളും സഞ്ചാരികളും. വളരെ സന്തോഷപ്രദമായ ഒരു കാര്യം എന്താണെന്ന് വച്ചാൽ, തമിഴ്നാട്ടിലെ മറ്റ് അമ്പലങ്ങളെപ്പോലെ പണത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു ക്യൂ സിസ്റ്റം ഇവിടെ ഇല്ല. മാത്രമല്ല, പുരോഹിത തട്ടിപ്പ് മാർക്കറ്റിങ്ങുകളുടെ ശല്യവുമില്ല.

ശ്രീകോവിലും (ശ്രീവിമാന) മുഖമണ്ഡപവുമടങ്ങിയതാണു പ്രധാന അമ്പലം. 116അടി ഉയരമുണ്ട് പ്രധാന അമ്പലഗോപുരത്തിനു. അതിനു മുകളിലായി ഒറ്റക്കല്ലിൽ തീർത്ത ശിഖരമുണ്ട് (താഴികക്കുടം). ഈ താഴികക്കുടത്തിന്റെ നിഴൽ ഭൂമിയിൽ പതിക്കാത്ത രീതിയാലാണത്രെ ഇതിന്റെ നിർമ്മിതി. അതിനു 80 ടൺ ഭാരമുണ്ട്. അതിനും മുകളിലായി താമരമൊട്ടിന്റെ ആകൃതിയിൽ സ്വർണ്ണത്താൽ പൊതിഞ്ഞ ‘സ്തൂപി’ ഉണ്ട്. അതിൽ മറാട്ടാ രാജാക്കന്മാരുടെ ചില ലിഖിതങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒറ്റക്കല്ലിൽ തീർത്ത ഈ താഴികക്കുടം മുകളിലെത്തിക്കാൻ ഏകദേശം നാലുകിലോമീറ്ററോളം നീളം വരുന്ന ഒരു ചരിവുതലം നിർമ്മിക്കുകയും അതിലൂടെ അനേകായിരങ്ങളുടെ പരിശ്രമം കൊണ്ട് നിരക്കി ഇത്രയുമുയരത്തിലെത്തിച്ച് സ്ഥാപിക്കുകയുമാണുണ്ടായതത്രെ.!!

(ഉപപിത (Ground Level), അധിഷ്ഠാന(Base) , ഭിത്തി(Wall), പ്രസ്ത്ര(Roof Cornice), ഹാര(Garland Miniature Shrines), താല(Storeys), ഗ്രിവ(Neck), ശിഖര(Crown),സ്തൂപി(finial) എന്നിവയടങ്ങിയതാണു ശ്രീവിമാന)

വളരെ സാവധാനമാണെങ്കിലും ദർശനത്തിനു വേണ്ടിയുള്ള ക്യൂ മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു. അടുക്കുന്തോറും അന്തരീക്ഷം ഭക്തിസാന്ദ്രമായിത്തുടങ്ങി. 13 അടിയോളം ഉയരമുള്ള ശിവലിംഗപ്രതിഷ്ഠയാണു ഇവിടെ ഉള്ളത്. ഞങ്ങളെല്ലാവരും തൊഴുത് കഴിഞ്ഞ് പുറത്തേക്ക് കടക്കുമ്പോൾ സൂര്യൻ വിടപറഞ്ഞ് തുടങ്ങിയിരുന്നു. കുറെ നേരം അവിടെ ഇരുന്നു. ഇടക്ക് രാജീവും സുമേഷ്ജിയും ചിലർക്കുവേണ്ടി ഫോട്ടോഗ്രാഫറുടെ റോൾ ചെയ്യാനുള്ള ശ്രമം നടത്തി. അനീഷിനു ഭക്ഷണത്തോടുള്ള അതേ അറ്റാച്ച്മെന്റും പാഷനുമാണു, സുമേഷ്ജിക്ക് ക്യാമറയോടും ഉള്ളത്. :)

മഹാമണ്ഡപം അതിന്റെ യഥാർത്ഥരൂപത്തിൽ ഇന്നില്ല എന്നത് വിഷമിപ്പിക്കുന്ന ഒരു സംഗതിയാണു.ഇന്നു കാണുന്ന പലഭാഗങ്ങളും 16-ആം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത് നിർമ്മിച്ചതാണു.മഹാമണ്ഡപത്തിന്റെ വടക്കായി ശിവഭൂതഗണങ്ങളിലൊന്നായ ചണ്ഡികേശ്വരന്റെ അമ്പലം കാണാം.അതുപോലെ ഉപദേവതകക്ഷേത്രങ്ങളായി “അമ്മൻ (പെരിയനായകി) കോവിൽ”, “സുബ്രമണ്യൻകോവിൽ”, “ഗണപതി കോവിൽ” തുടങ്ങിയ ചെറുക്ഷേത്രങ്ങളും കാണാം.
അതിശയിപ്പിക്കുന്ന കാഴ്ച്ചയായി നിലകൊള്ളുന്ന ഒന്നാണു ഈക്ഷേത്ര സമുച്ചയത്തെ ചുറ്റി നിലനിൽക്കുന്ന തിരുച്ചുറു മാളിക എന്ന മതിൽ. നിരവധി പ്രതിഷ്ഠകളും ചെറുക്ഷേത്രങ്ങളും എണ്ണിയാലൊടുങ്ങാത്ത ശിവലിംഗപ്രതിഷ്ഠകളും പേരറിയാൻ കഴിയാഞ്ഞ ഒട്ടനേകം ദേവഗണങ്ങളും അടങ്ങിയ ഒരു മഹാസംഭവം തന്നെയാണു ഈ മതിൽ. 28 അടി ഉയരത്തിൽ 500‘ x 250‘ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന ഈ മതിലൊന്ന് നടന്നു കാണണമെങ്കിൽ തന്നെ ഒരുദിവസത്തിന്റെ പകുതി വേണ്ടി വരും. വിശാലമായ അമ്പലമുറ്റത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽ കുറച്ചു നേരം ഞങ്ങൾ വിശ്രമിച്ചു. പിന്നീടു വീണ്ടും ഫോട്ടോസെഷനുകൾ…

അപ്പോഴേക്കും അമ്പലത്തിലെ വൈദ്യുതദീപങ്ങൾ മിഴിതുറന്നു. തെളിഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തിൽ, ദീപപ്രഭയാൽ കുളിച്ച് നിൽക്കുന്ന ബൃഹദീശ്വരക്ഷേത്രത്തിന്റെ നയനാന്ദകരമായ ദർശനം, അതിനെക്കുറിച്ചുള്ള വിവരണം എന്റെ തുച്ഛമായ പദസമ്പത്ത്കൊണ്ട് വിവരിക്കാൻ സാധിക്കുന്നതിലും എത്രയോ മടങ്ങ് അധികമാണു എന്ന് തിരിച്ചറിയുന്നു. പിന്നീടുള്ള നാളുകളിൽ കണ്ണടക്കുന്ന നേരത്ത് ഒരു തിരശ്ശീലയിലെന്ന പോലെ ആ ചിത്രം തെളിഞ്ഞ് വരാറുണ്ടായിരുന്നു..അവിടെ നിൽക്കുന്ന ഓരോ നിമിഷവും ഞങ്ങൾ ഇനിയുമിവിടെ എത്രയും പെട്ടെന്ന് ഒന്നുകൂടെ വരണം എന്ന തീരുമാനത്തിലേക്ക് കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു. പിന്നെ മനസ്സില്ലാ മനസ്സോടെ ബൃഹദീശ്വരനോട് യാത്ര പറഞ്ഞ്, ക്ഷേത്രനഗരിയായ കുംഭകോണത്തിലേക്ക് യാത്രതിരിച്ചു.Monday, April 18, 2011

മലയാറ്റൂർ യാത്ര – ഒരു കുറിപ്പ്

 ഒരു പഴയ പോസ്റ്റ് .. എല്ലാവർക്കും മുൻ‌കൂർ‌ ഈസ്റ്റർ ആശംസകൾ‌


 (ഇതിനെ ഒരു യാത്രാവിവരണം എന്നൊന്നും വിളിക്കാൻ പറ്റില്ല. അന്നേ ദിവസം ഡയറിയിൽ എഴുതിവച്ച കാര്യങ്ങൾ ഒന്ന് വിശദീകരിക്കുന്നു..അത്രമാത്രം)
ഇവിടെ കൊച്ചിയിൽ വന്ന കാലം മുതൽ ഞാൻ പുറപ്പെട്ടുതുടങ്ങിയതാണ് മലയാറ്റൂർക്ക് ..ഇന്നേ വരെ അവിടെ എത്താൻ സാധിച്ചിട്ടില്ല.. എല്ലാം ഓരോരോ കാരണങ്ങൾകൊണ്ട് മുടങ്ങിപ്പോവും . അങ്ങിനെയിരിക്കെയാണു ഒരു വെള്ളിയാഴ്ച വീട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി ഇരിക്കുന്ന എന്നോട് പിറ്റെദിവസം മലയാറ്റൂർ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഭായ് (ബ്ലോഗർ ഭായ് അല്ല) പറയുന്നതു .. അദ്ദേഹത്തിനൊരു നേർച്ച ഉണ്ട്..അപ്പൊ തന്നെ അനുവാദം ചോദിച്ച എന്നോട് കൂടെ പോന്നോളാൻ പറയുകയും ചെയ്തു. (മലയാറ്റൂർ പോവുമ്പോൾ ഒരു കുരിശു ചുമന്നു പോവുന്നതു നല്ലതാണെന്നു അദ്ദേഹത്തിനോടൊരുത്തൻ പറഞ്ഞത് ഞാൻ കേട്ടില്ലെന്നു നടിച്ചു.).. ശബരിമലവ്രതം തുടങ്ങി ആദ്യയാത്ര അങ്ങോട്ടാണ്.

അങ്ങിനെ വീട്ടിലേക്കുള്ള പോക്കു മാറ്റി വച്ച് രാവിലെ തന്നെ എണീറ്റ് കുളിച്ചു കുട്ടപ്പനായി ഞാൻ ഭായിയോടൊപ്പം അദ്ദേഹത്തിന്റെ കാറിൽ യാത്ര പുറപ്പെട്ടു.  ഒരുമണിക്കൂറിലെ യാത്രക്കുള്ളിൽ ഞങ്ങൾ മലയാറ്റൂരെത്തി. താഴ്വാരം തന്നെ എത്ര വശ്യമാണ്!!! ചെറിയ മൂടൽമഞ്ഞ് പുതച്ചു നിൽക്കുന്ന ആ തടാകം (അല്ലേ?) വല്ലാതെ വശീകരിക്കുന്ന ഒരു കാഴ്ച തന്നെയാണ്. വൃശ്ചികത്തിലെ വീശിയടിക്കുന്ന കാറ്റും കൂടി ആയപ്പോൾ മൊത്തത്തിൽ ഒരു ഉന്മേഷം തോന്നി. കാർ പാർക്കു ചെയ്യാൻ പോകുന്ന വഴിക്കു തന്നെ മെഴുകുതിരി വിൽ‌പ്പനക്കു നിൽക്കുന്ന ധാരാളം സ്ത്രീകളെ കണ്ടു. പാർക്കു ചെയ്തു കയറാൻ തുടങ്ങുന്ന അവിടെ ഇരിക്കുന്ന ഒരു അമ്മൂമ്മയുടെ അടുത്തു നിന്നു രണ്ട് പാക്കറ്റ് മെഴുകുതിരി വാങ്ങി. ഒരു സമാധാനം ചെരിപ്പിട്ടുകൊണ്ട് മലകയറാം എന്നുള്ളതാണു.

ഓഫ് സീസൺ ആയതുകൊണ്ട് ഞങ്ങളല്ലാതെ വേറെ ആരും ഇല്ല. മുകളിലോട്ടു നോക്കിയപ്പോൾ രണ്ട് വശങ്ങളിലും മരങ്ങൾ വരിവരിയായി നിൽക്കുന്ന, പാറകൾ നിറഞ്ഞ ഒരു കാനനപാത കാണാൻ കഴിഞ്ഞു. ആവേശം കാണിച്ചു തിരക്കുപിടിച്ചു കേറിപ്പോവരുതു എന്ന ഭായിയുടെ മുന്നറിയിപ്പു ഉണ്ടായിരുന്നതു കൊണ്ട് ഞാൻ സംയമനം പാലിച്ചു മലകയറാൻ തുടങ്ങി (സ്വാമിയേ ശരണമയ്യപ്പാ..അതൊരു പതിവാ..)..ആദ്യത്തെ കയറ്റങ്ങൾ കുറച്ചു പ്രയാസമുളവാക്കുന്നതു തന്നെയായിരുന്നു. പക്ഷികളുടെ ശബ്ദങ്ങളും കാനനഭംഗിയും ആസ്വദിച്ചുകൊണ്ട് മലകയറിത്തുടങ്ങി. ഓരോ കുരിശിനു മുന്നിലും മെഴുകുതിരി കത്തിച്ചു അടുത്ത കുരിശടി ലക്ഷ്യമാക്കി മുന്നോട്ടു പോയി. എന്തോ എനിക്കു വലിയ ക്ഷീണം തോന്നിയില്ല. കിതച്ചുകൊണ്ട്  വിശ്രമിച്ചു കൊണ്ടിരുന്ന ഭായുടെ മുന്നിൽ നിന്നു മുകളിൽ ചാടിക്കയറുക, വീണ്ടും ഇറങ്ങി വരിക തുടങ്ങിയ കലാപരിപാടികൾ കാണിക്കുന്നതിൽ എനിക്കൊരു മടിയും ഉണ്ടായില്ല.  (അതിനു ഞാൻ ശബരിമല കയറിയപ്പോൾ അനുഭവിച്ചു.. അപ്പാച്ചിമേട് കയറുവാൻ എന്റെ കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ സഹായം വേണ്ടിവന്നു.. കിതച്ചു കിതച്ചു ഒരു പരുവമായി.. മലയാറ്റൂർ കൊടുത്തതു ശബരിമലയിൽ കിട്ടി ). പിന്നെ മെഴുകുതിരി കത്തിക്കുക എന്ന ദൌത്യം ഞാനേറ്റെടുത്തു. പണ്ടേ അതെന്റെ ഒരു വീക്ക്നെസ് ആണ് ;)

ഒരോ കുരിശടിയും പിന്നിട്ട് പകുതിയോളം എത്തിയപ്പോൾ തമിഴ് നാട്ടിൽ നിന്ന് കുറെ കുട്ടികളും കന്യാസ്ത്രീകളും അടങ്ങുന്ന ഒരു സംഘം മലകയറി വരുന്നു. അവർ റോക്കറ്റ് പോലെ ഓടിച്ചാടി കയറിപ്പോയി. കുറച്ചു നേരത്തേക്കു അവരുടെ കലപില ശബ്ദം അവിടെയാകെ മുഴങ്ങി. ദൈവത്തിനേറ്റവും പ്രിയപ്പെട്ട അവരുടെ ഉത്സാഹം കണ്ടു നിൽക്കുന്നതു തന്നെ നല്ല രസമാണു. കുറെ കുരിശടികൾ വളരെ അടുത്തടുത്താണ്. ആ, സീസൺ അല്ലാത്തതുകൊണ്ടാവണം പൈപ്പുകളിൽ മിക്കതിലും കുടിവെള്ളം ലഭ്യമല്ല. അതൊരു ബുദ്ധിമുട്ടായി തോന്നി. (അത്യാവശ്യം ഒരു കുപ്പി കുടിവെള്ളം കരുതേണ്ട സാമാന്യബുദ്ധി ഞങ്ങൾ കാണിക്കണമായിരുന്നു.) അങ്ങിനെ പതിനാലാമത്തെ കുരിശു കണ്ടു. അതിനിടക്കു കയ്യിലുള്ള ബ്ലാക്ക് ബറി ഉപയോഗിച്ചു ഭായ് എന്റെ ചില ചിത്രങ്ങൾ പകർത്തിഎന്റെ തല, എന്റെ ശരീരം……
അങ്ങിനെ മുകളിലെത്തി.. എത്ര മനോഹരമായ ദൃശ്യമാണു അതെന്നു പറയാതെ വയ്യ.. അഥർവ്വവേദത്തിലൊരു സൂക്തമുണ്ട്..”മാതേ മർമ്മ വിമൃഗ്വരീ മാതേ ഹൃദയമർപ്പിതം” (അമ്മയുടെ മർമ്മങ്ങളിൽ-പ്രകൃതിയിൽ-ഞങ്ങൾ മുറിവേൽ‌പ്പിക്കാതിരിക്കട്ടെ. അമ്മയുടെ ഹൃദയം വേദനിപ്പിക്കാതിരിക്കട്ടെ). പ്രകൃതിയെ ഈശ്വരനായി കണ്ട പൂർവ്വികർക്ക് പ്രണാമം മനസ്സിനെ അവാച്യമായ അനുഭൂതിയിലേക്കു അതിന്റെ സ്വാഭാവികമായ രീതിയിൽ നയിക്കുവാൻ ഒരു അദ്ധ്യാത്മിക പ്രഭാഷണത്തിന്റേയും സഹായം ആവശ്യമില്ല എന്നു തോന്നും അത്രയും ശാന്തത..കുറെ നേരം അവിടെ ഒരു സ്ഥലത്തിരുന്നു. അവിടെ വിശ്വാസികൾക്കു പവിത്രമായ ഒരു കിണറുണ്ട്. അതിലെ വെള്ളം രോഗനിവാരിണിയാണെന്നു വിശ്വസിക്കപ്പെടുന്നു. അതുപോലെ സെന്റ്:തോമസിന്റെ കാൽ‌പ്പാട്, ആനകുത്തിയ പള്ളി, വളരെ ചെറുതും അത്യന്തം മനോഹരവുമായ ഒരു പള്ളി തുടങ്ങിയവ മുകളിൽ ഉണ്ട്. പ്രാർത്ഥനക്കായി പള്ളിയിൽ കയറിയ ഭായിയുടെ കൂടെ ഞാനും കയറി. കുറെ കാലത്തിനു ശേഷം ഒന്നു മെഡിറ്റേറ്റ് ചെയ്തു.

പിന്നെ പുറത്തിറങ്ങി മറുഭാഗത്തുള്ള പാറക്കെട്ടിൽ ചെന്നിരുന്നു.. താഴോട്ടു നോക്കിയാൽ വളരെ നല്ല ഒരു ദൃശ്യവിരുന്നാണു. കാടും മലകളും ഒക്കെ നിറഞ്ഞ ഭൂപ്രദേശം. രണ്ട് മലകളുടെ ഇടുക്കിലൂടെ ഒഴുകിയെത്തുന്ന മേഘപാളികൾ..നനുനനുത്ത മഞ്ഞു തുള്ളികൾ ഏന്തി നിൽക്കുന്ന കാട്ടു പുല്ലുകൾ.. ഏകദേശം അരമണിക്കൂറോളം അവിടെ ചിലവഴിച്ചു. മലയിടുക്കുകളിൽ കൂടി സഞ്ചരിച്ചെത്തുന്ന മഞ്ഞു മേഘങ്ങൾ താഴെ മഞ്ഞായി പെയ്തിറങ്ങുന്നതു ഭായ് ആണു ചൂണ്ടിക്കാണിച്ചു തന്നതു (നല്ല ഒന്നാന്തരം മഴ ആയിരുന്നു അതു എന്നു മല ഇറങ്ങിത്തുടങ്ങിയപ്പോൾ മനസ്സിലായി.). ഒരുമണിക്കൂറോളം അവിടെ ഇരുന്നു..പിന്നെ ഇറങ്ങിത്തുടങ്ങി.. 

ഇറങ്ങിത്തുടങ്ങിയപ്പോഴേക്കും മഴ ചാറിത്തുടങ്ങി..മഴച്ചാറൽ കൊണ്ടപ്പോഴാ‍ണോ എന്തോ പെട്ടെന്നു ഞങ്ങൾക്കു പരിസ്ഥിതി സംരക്ഷണത്തിനെക്കുറിച്ചു വെളിപാടുണ്ടായി.രണ്ടുപേരും അവിടവിടെയായി ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൽ പെറുക്കിയെടുത്തു ചവറ്റുകൊട്ടകളിൽ നിക്ഷേപിക്കുവാൻ തുടങ്ങി. മുകളിലോട്ട് കയറിവരുന്ന ഒരു സംഘം കോളേജ് വിദ്യാർത്ഥിനികൾ (ഊഹം) വാശിയോറ്റെ ഉത്സാഹിച്ചു കുപ്പികൾ ശേഖരിക്കുന്ന ഞങ്ങളെ നോക്കി ആശ്ചര്യത്തോടെ ചിരിച്ചു. (“ദേ, നോക്ക്യേടീ, കുപ്പീപാട്ടക്കാരൊക്കെ ഇത്രേം പുരോഗമിച്ചോ..കലികാലം..” അതും ഊഹം).. ഇറങ്ങുംതോറും മഴയുടെ ശക്തികൂടിത്തുടങ്ങി.. ശക്തമായ മഴയിലുള്ള മലയിറക്കം ഒരു അനുഭവം തന്നെയായിരുന്നു.. (ആ അനുഭവത്തിന്റെ അനന്തരഫലം എന്റെ ഒരാഴ്ച്ചത്തെ ജലദോഷമായിരുന്നു.). താഴെ തിരിച്ചുള്ള വഴിയിൽ ഒരു മെറ്റൽ ക്രഷറിങ്ങ് ഫാക്റ്ററി കണ്ടു. റിസർവ് ഫോറസ്റ്റ് ആണെന്നു എഴുതി വച്ചിരിക്കുന്ന സ്ഥലത്തു ഇത്തരത്തിലുള്ള ഒരു സംരംഭം?? മലയാറ്റൂരിന്റെ മനോഹാരിതയെ കാർന്നു  തിന്നുന്ന വിഷമായി അതു മാറാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.

അങ്ങിനെ ആദ്യത്തെ മലയാറ്റൂർ യാത്രയുടെ ഹൃദ്യമായ ഓർമ്മകളുടെ ചുമടും പേറി നഗരത്തിലേക്കുള്ള തിരികെയാത്ര ആരംഭിച്ചു

(ചിത്രങ്ങളെല്ലാം എന്റെ മൊബൈലും ഭായുടെ ബ്ലാക്ബെറിയും ഉപയോഗിച്ചെടുത്തതാണു. ക്ലാരിറ്റി കുറവാണു..ക്ഷമിക്കുക)