Monday, July 27, 2009

എന്റെ 'മലയാളി അഹങ്കാരവും' മധുര യാത്രയും

മൂന്നു ദിവസമായി ഒരു യാത്രയിലായിരുന്നു. മധുര - തിരുപ്പുറം കുണ്ട്രം -പഴനി. ഒരു യാത്ര വിവരണം എഴുതാനുള്ള അഹങ്കാരം ഇപ്പൊ എനിക്കില്ലാത്തത് കൊണ്ടും വേറെ ചില അഹങ്കാരങ്ങള്‍ തകര്‍ന്ന് വീണത്‌ കൊണ്ടും കുറച്ചു സംഭവങ്ങള്‍ പറയാം.. ആദ്യമേ പറയട്ടെ എന്റെ 'മലയാളി അഹങ്കാരങ്ങള്‍ ' എന്നെ മാത്രം വിലയിരുത്തി കൊണ്ടു പറഞ്ഞതാണ്..എനിക്കറിയാം എന്റെ മലയാളികള്‍ തികഞ്ഞ മാന്യന്മാരും വിനയാന്വിതരും ആണ്..അല്ലാതെ എന്നെ പോലെ തികഞ്ഞ അഹങ്കാരിയും സര്‍വ്വോപരി തെമ്മാടിയും അല്ല.

എന്റെ 'മലയാളി അഹങ്കാരങ്ങള്‍' എന്തോക്കെയാന്നു പറയാന്‍ മറന്നു ..പറയാം ..രണ്ടു നേരം, പറ്റിയാല്‍ മൂന്നും നാലും നേരം , കുളിക്കുന്നതിന്റെ അഹങ്കാരം ...പൊതുവഴിയില്‍ പരസ്യമായി അപ്പിയിടാത്ത അഹങ്കാരം ..തെരുവോരങ്ങളില്‍ ചളി പുരണ്ട മുഖങ്ങളുള്ള കുഞ്ഞുങ്ങളുമായി പിച്ച തെണ്ടാത്തത്തിന്റെ അഹങ്കാരം...മാവേലി നന്മയുടെ കുത്തകാവകാശത്തിന്‍െ അഹങ്കാരം ...പൊട്ടിമുളച്ചു കൊണ്ടിരിക്കുന്ന ഐ.ടി പാര്‍ക്കുകളുടെ പെരുമയുടെ അഹങ്കാരം ...സാംസ്കാരിക ഔന്നത്യത്തിന്റെ അഹങ്കാരം...അങ്ങിനെ ഞാനൊരു ഒന്നൊന്നര അഹങ്കാരിയാണ് ..അല്ല ..ആയിരുന്നു

ഇങ്ങനെ എന്റെ അഹങ്കാരത്തിന് അന്ത്യം കുറിക്കുകയും ഒരു പുനര്‍ വിചിന്തനത്തിന് തുടക്കം കുറിക്കുകയും ചെയ്തത് ഒന്നു രണ്ടു കുഞ്ഞു കാര്യങ്ങളാണ് ..അതില്‍ ഒന്നാമത്തെ സംഭവത്തിന്റെ സൂത്രധാരനാണ് ശ്രീ അജിത് കുമാര്‍ ...ഇദേഹം തമിള്‍നാട്ടിലെ ബുദ്ധിജീവിയോ സാംസ്കാരിക നായകനോ അല്ല ..(അഭിപ്രായങ്ങള്‍ മൊത്തമായും ചില്ലറയായും വിറ്റു ജീവിക്കുന്ന അഴീകോട് മാഷിന് സ്തുതി) ..ഒരു പയ്യന്‍സാണ് ..6th ഇല്‍ പഠിക്കുന്നു .(ഫോട്ടോയില്‍ ഞാന്‍ തോളില്‍ കയ്യിട്ടു നില്‍ക്കുന്നതാണ് കഥാപാത്രം ).ഞങ്ങള്‍ ഇങ്ങനെ മധുര മീനാക്ഷി ദര്‍ശനത്തിനു കാത്തു നില്ക്കുന്നു ...മണിക്കൂറുകളായി കാത്തു നില്‍ക്കുകയാണ്‌ ..സ്വാഭാവികമായും ഞാനും ശിവദാസും അവിടത്തെ ആളുകളുടെ വൃത്തിയില്ലായ്മയെ കുറിച്ചും മറ്റും കൂലങ്കുഷമായി പരദൂഷണം പറഞ്ഞു നേരം കളയുകയാണ് (സ്വാഭാവികമായും ഞാന്‍ ഒരു അഹങ്കാരിയയത് കൊണ്ടു മാത്രം ...എനിക്കറിയാം മറ്റു മലയാളികള്‍ ഒരിക്കലും തമിഴന്മാരെ കുറ്റം പറയുകയോ ചീത്ത വിളിക്കുകയോ ഇല്ല)..ഈ കുട്ടി ഞങ്ങളുടെ തൊട്ടു മുന്‍പില്‍ നില്‍ക്കുന്നുണ്ട് ..അവന്‍ ഞങ്ങളെ നോക്കുന്നുണ്ട് ...ക്യു ഇഴഞ്ഞു നീങ്ങി തുടങ്ങി ...'അമ്മേ ' വിളികള്‍ കൊണ്ടു അന്തരീക്ഷം മുഖരിതമായി ...അവിടെ ശ്രീകോവിലിന് നേരെയായി ഒരു ചെറിയ സ്പേസ് ഉണ്ട് ..അതില്‍ കേറി നിന്നാല്‍ വ്യക്തമായി ദര്‍ശിക്കാം ..ശിവദാസും ഞാനും ചെറുതായി തിക്കിത്തിരക്കി അങ്ങോട്ട് ചാടിക്കേറാന്‍ (തീയേറ്റര്‍ പരിചയം ) ശ്രമിച്ചു ..പക്ഷെ മുന്‍പിലുള്ള പയ്യനാണ് അതിനുള്ള ഭാഗ്യം കിട്ടിയത് ..കേറിയ ഉടനെ അവന്‍ ഞങ്ങളെ ഒന്നു നോക്കി , ദര്‍ശനം പോലും നടത്താതെ ഞങ്ങളെ വിളിച്ചു ..എന്നിട്ടു പറഞ്ഞു .."ചേട്ടാ , നിങ്ങള്‍ കേറി കണ്ടോളൂ .."അവന്‍ താഴെ ഇറങ്ങി ..ഞങ്ങള്‍ക്ക് കുറച്ചിലായി ..അഹങ്കാരതിനിട്ടുള്ള ആദ്യത്തെ കൊട്ട് ..അപ്പോള്‍ അവന്റെ അടുത്ത ഡയലോഗ് ..."ദയവു ചെയ്തു കേറി അമ്മയെ ദര്‍ശിക്കൂ ..എന്റെ വീട് ഇവിടെ നിന്നു എട്ടു കിലോമീറ്റര്‍ ദൂരെയാണ് ..എനിക്കിനിയും വരാം ..നിങ്ങള്‍ ഒരു പക്ഷെ ജീവിതത്തില്‍ ആദ്യവും അവസാനത്തെയും വരവാവും "..എന്നിട്ടു ഞങ്ങള്‍ കേറി ഭംഗിയായി തൊഴുന്നതും നോക്കി അവന്‍ മാറി നിന്നു ..എനിക്കും സുഹൃത്തിനും കുറെ നേരത്തേക്ക് ഒന്നും സംസാരിക്കാനെ പറ്റിയില്ല ..ഇത്രയും നേരം തമിഴന്റെ സംസ്കാരത്തെ കളിയാകുകയായിരുന്നു ..മലയാളിയുടെ ആഭിജാത്യം നെഞ്ചിലേറ്റി ....ദര്‍ശനം കഴിഞ്ഞു പുറത്തിറങ്ങി അവനെ തേടിപ്പിടിച്ചു ..പരിചയപ്പെട്ടു ..പിന്നെടങ്ങോട്ടു ആ മിടുക്കനായിരുന്നു ഞങ്ങളുടെ ഗൈഡ് ..ഒരു പാടു സ്നേഹത്തോടെ , ബഹുമാനത്തോടെ അവന്‍ ഒരുപോ മുക്കും മൂലയും കാണിച്ചു തന്നു..ഐതിഹ്യങളൂം കഥകളും ചരിത്രവും ഒക്കെ പറഞ്ഞു തന്നു ആ കൂടുകാരന്‍ ഞങ്ങളോട് യാത്ര പറഞ്ഞു ...കൂടെ അവന്‍ എന്റെ 'മലയാളി അഹങ്കാരവും ' കൊണ്ടു പോയി...മധുരയിലെ തമിള്‍ അത്ര എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നതല്ല ...സത്യം പറഞ്ഞാല്‍ പകുതിയേ പറ്റിയുള്ളൂ ..എന്നാലും തികഞ്ഞ സ്നേഹത്തോടെയും കുലീനത്വതോടെയും ഉള്ള ആ കുഞ്ഞു കൂട്ടുകാരന്‍ വളരെ പെട്ടെന്ന് തന്നെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു ..പിന്നീടങ്ങോട്ട് കുറെ അനുഭവങ്ങള്‍ ..ഒരു പ്രശ്നത്തിന്‍ മേല്‍ അവിടത്തെ പോലീസ് അധികാരികളുടെ ക്രിയാത്മകവും സ്നേഹപൂര്‍വ്വവുമായ സമീപനം ...അങ്ങിനെ കുറെ...കൂട്ടത്തില്‍ വന്ന ഒരാള്‍ മിസ് ആയി ...കുറെ തേടി അലഞ്ഞു ..കിട്ടിയില്ല..പ്രായം ചെന്ന ആളാണ് ..മൊബൈല് ഇല്ല..അവസാനം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു ..ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള സമീപനം ...ഞങ്ങളെ ആശ്വസിപ്പിക്കുന്നു ..ഓടി നടക്കുന്നു ..അപ്പപ്പോള്‍ വിവരങ്ങള്‍ അറിയിക്കുന്നു ..

എന്തായാലും ഈ യാത്ര എന്നെ സംബന്ധിച്ച് ഒരു ആദ്ധ്യാത്മിക പരിവേഷത്തിനും ഉപരിയായി എന്തൊക്കെയോ ആയി മാറി ....

Thursday, July 16, 2009

ഒരു തമാശ ..(തമാശ മാത്രം..)

(ഇന്ന് ഫോര്‍വേഡ് ചെയ്തു കിട്ടിയതാ..ആരെഴുതിയതാണെന്നൊന്നും അറിഞ്ഞൂടാ.. )

ഒരു വനിതാ സഖാവ് ഗര്‍ഭിണിയായി .സെക്രട്ടറി ആണ് ഉത്തരവാദി എന്ന് അവള്‍ പറഞ്ഞു. കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്തു. പല വാഗ്വാദങ്ങളും ഉയര്‍ന്നെങ്കിലും ഒടുവില്‍ അവള്‍ ഗര്ഭിണിയല്ലെന്നു 'ഐകകണ്ഠേന' തീരുമാനിച്ചു. പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചു .മുഴുവന്‍ പാര്‍ട്ടിക്കാരും അച്ചടക്കം പാലിച്ചു അവള്‍ ഗര്ഭിണിയല്ലെന്നു ആണയിട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പ്രസവിച്ചു. പിബിയും സിസിയും പിന്നേം കൂടി..പാര്‍ട്ടി തീരുമാനം ലംഘിച്ചതിനും പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും നമ്മുടെ വനിതാ സഖാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി..

ലാല്‍സലാം ...

ആളെ കിട്ടി ..ഇന്നത്തെ തേജസിലാണ് ഇതു ഉള്ളത്


ചേര്‍ത്ത് വായിക്കാവുന്നത്

ഇലക്ഷന്‍ കാലത്തു വന്ന ഒരു മെസ്സേജ്

“ആലത്തൂരും പാലക്കാട്ടും ആറ്റിങ്ങലും കാസര്‍കോട്ടും സിപി‌എമ്മിനു വന്‍ മുന്നേറ്റം.കേരളത്തില്‍ യുഡി‌എഫിനു 16 സീറ്റ് മാത്രം!”