Tuesday, March 05, 2013

ലേലു അല്ലു ലേലു അല്ലു !!

യെമനിലൊരു വല്ല്യ മെച്ചമുണ്ട്, അറബി അല്ലാതെ വേറൊരു ഭാഷ അവര്‍ക്കറിയില്ല എന്നാണു മറ്റുള്ളവര്‍ പറയുന്നതെങ്കിലും അവര്‍ക്ക് തൃശ്ശൂര്‍ ഭാഷകൂടി അറിയാം. അത് ഞാന്‍ ചെന്നട്ട് രണ്ടാമത്തെ ദിവസം തന്നെ കണ്ടുപിടിച്ചതാണു. അവര്‍ അറബീലും ഞാന്‍ "ഒരു ജ്യാതി പെടഷ്ടാ" എന്ന സ്റ്റൈലില്‍ മലയാളത്തിലും പറഞ്ഞാലും കാര്യങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടൂം മനസ്സിലായിരുന്നത് കൊണ്ട് കഞ്ഞികുടി മുട്ടാറില്ല.

അങ്ങനെ ശ്ശൂര്‍ - യെമനി നയതന്ത്രങ്ങള്‍ വല്ല്യ കോട്ടങ്ങളില്ലാതെ പോവുകയായിരുന്നു. ഫ്ലാറ്റിന്റെ ഓണര്‍ ഒരു എത്യോപ്യന്‍ വംശജയാണു. കറന്റ് ബില്‍ മൂന്ന് മാസമായി (കറന്റില്ലേലും ബില്‍ കൃത്യമായി തരും) കിട്ടാഞ്ഞതുകൊണ്ട് ഒന്നു അന്വേഷിച്ചുകളയാം എന്നുകരുതി ചെന്നു. അവരെ വിളിച്ച് വരുത്തി കാര്യങ്ങള്‍ പറഞ്ഞു. അവര്‍ കണ്ണും മിഴിച്ചു നിന്നു, മനസ്സിലായില്ലാ !! ന്നാപ്പിന്നെ അറബി ആയിക്കളയാം.. അതും മനസ്സിലായില്ലാ... അവസാനം ഞാന്‍ ആംഗ്യത്തിലായി, സീലിങ്ങിലെ ബള്‍ബും പുറത്തെ ജനറേറ്ററുമൊക്കെ ചൂണ്ടിക്കാട്ടി വിശദീകരിച്ചു. അതേറ്റു!! ചിരിച്ചുകൊണ്ട് "മാഫി മുശ്കിലാ" എന്നും പറഞ്ഞ് അഞ്ഞൂറ് റിയാലും വാങ്ങി പോയി.

ഒരു പത്ത് മിനിറ്റു കഴിഞ്ഞുകാണും ഡോറില്‍ മുട്ട് കേട്ട് തുറന്ന് നോക്കുമ്പോ ഓണര്‍ ചേച്ചീടെ മോന്‍. കയ്യില്‍ ഒരു വല്ല്യ ബള്‍ബും ബാക്കി കുറച്ച് ചില്ലറയും .. അതെന്റെ കയ്യില്‍ തന്നേച്ച് അവന്‍ സ്ഥലം കാല്യാക്കി !!! ഒന്നുകൂടെ വിശദീകരിച്ചാലോ എന്ന് വിചാരിച്ചതാ, ബട്ട് ഇനി കിട്ടണത് ഒരു ജനറേറ്റര്‍ ആയാല്‍ കാശ് കൊടുക്കാന്‍ ഞാന്‍ തെണ്ടിപ്പോവും!!!

ലേലു അല്ലു ലേലു അല്ലു !!