Saturday, May 22, 2010

മതമേതായാലും ..

അഞ്ചു വർഷത്തോളം നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്നതുകൊണ്ട് എണ്ണമറ്റ സൌഹൃദങ്ങൾ വിരിച്ച ഒരു പൂക്കാലം മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. യൂണിവേഴ്സിറ്റിയിലെ മറ്റു കോളേജുകളിലായി പരന്നു കിടക്കുന്ന ഒരു വലിയ സൌഹൃദവൃന്ദം എനിക്കു സമ്മാനിച്ചത് എൻ.എസ്.എസ് ക്യാമ്പുകളായിരുന്നു. ക്യാമ്പുകളോടുള്ള ഈ ആക്രാന്തം കാരണം ക്യാമ്പ് തൊഴിലാളികള്‍ എന്നാണു വിളിച്ചിരുന്നത്.

ഇന്റര്‍ യൂണിവേഴ്സിറ്റി ക്യാമ്പുകളിലെ സ്ഥിരം സാന്നിധ്യമാവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതിലെ പ്രധാനഘടകം എൻ.എസ്.എസിലെ സ്ത്രീശക്തി തന്നെയായിരുന്നു. നാടൻപാട്ടുകളും കവിതകളും മറ്റുമായി പഞ്ചാരയുടെ വിവിധതലങ്ങളിലേക്കുള്ള ഗവേഷണം വ്യാപിപ്പിക്കുന്നത്തില്‍ ഞങ്ങൾ കൊടുത്തിരുന്ന ശ്രദ്ധ പഠനത്തില്‍ ഉണ്ടായിരുന്നെങ്കില്‍ റാങ്ക് എപ്പൊ കിട്ടിയേനെ എന്നു ചോദിച്ചാല്‍ മതി ..

ക്യാമ്പുകളില്‍ നിന്നു ലഭിക്കുന്ന സൌഹൃദത്തെ നിലനിർത്തിക്കൊണ്ടു പോവുക എന്നതു ശ്രമകരമായ ജോലിയാണു. കാരണം മൊബൈൽ ഫോൺ ആണെങ്കിൽ പ്രചാരത്തിലായിട്ടില്ല. എന്റെ വീട്ടിലാണേൽ ലാന്റ് ഫോണും ഉണ്ടായിരുന്നില്ല. അതിനു കണ്ടുപിടിച്ച ഒരു പോംവഴിയായിരുന്നു പരസ്പരം കത്തുകൾ അയക്കൽ. എനിക്കു വരുന്ന കത്തുകൾ എല്ലാം അച്ഛന്റെ കയ്യിലാണു പോസ്റ്റ്മാന്‍ കൊടുക്കുക. പുള്ളി അതു എന്നെ ഏൽ‌പ്പിക്കും. കുറ്റം പറയരുതല്ലോ, അതാരുടെ ആണെന്നന്വേഷിക്കുകയോ, തുറന്നു നോക്കുകയോ പിതാജി ചെയ്തിരുന്നില്ല. അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ ഉണ്ടായിരുന്നു.

അച്ഛനും ഞാനും തമ്മിൽ സൌഹൃദത്തിന്റെ നൂല്പാലമൊന്നും ഉണ്ടായിരുന്നില്ല അന്നൊക്കെ. അത്യാവശ്യം സ്ട്രിക്റ്റ് ആയിരുന്നു. ആവശ്യത്തിലധികം ജാഡ കാണിച്ചേ പിതാജി എന്റടുത്ത് സംസാരിക്കാറുള്ളൂ (സംസാരം തന്നെ വളരെ കുറവായിരുന്നു) . അങ്ങനെ ഞങ്ങളുടെ അച്ഛനും മോനും ജാഡകൾ അതിന്റെ വഴിക്ക് പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആയിടക്കാണു വടക്കാഞ്ചേരി വ്യാസ കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് തുടങ്ങിയ കോളേജുകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും ഞങ്ങൾ പഴയ ടീം ഒരുങ്ങിക്കെട്ടി പോകാനും തോന്നിയത്. അതിന്റെ പരിണതഫലമെന്നോണം അടുത്ത രണ്ടാഴ്ചകളിൽ പോസ്റ്റ്മാൻ സ്ഥിരം വീട്ടിൽ തന്നെയായിരുന്നു.

ഒരുദിവസം ഞാൻ കോളേജ് വിട്ടു വീട്ടിൽ ചെല്ലുമ്പോൾ അമ്മ മുഖം വീർപ്പിച്ചിരിക്കുന്നു. അനിയത്തിയുടെ മുഖത്താണേൽ ‘ഫയങ്കര’ സന്തോഷം (ചെല്ല്, ചെല്ല്ല് ഇപ്പൊ കിട്ടും എന്ന ഭാവം).

അമ്മ: അച്ഛൻ വിളിക്കുന്നു

ഞാന്‍ ടെൻഷൻ അടിച്ചു വടക്കേപ്പുറത്ത് ചെല്ലുമ്പോള്‍ അവിടെ പിതാജി ഇരിക്കുന്നുണ്ട്. കയ്യിൽ ഒരു കെട്ട് കത്തും ..ഈശ്വരാ..

വിനീത കുലീനനായി അടുത്തു ചെന്നു നിന്നു. ആരും ഒന്നും മിണ്ടുന്നില്ല. അനിയത്തിയുടെ കണ്ണുകളിൽ അക്ഷമ..

പിതാജി (ഗാംഭീര്യത്തിൽ): നിനക്ക് പതിനെട്ടു വയസ്സു കഴിഞ്ഞു ..


മോൻ-ജി (ആ‍ത്മഗതം) : അച്ഛാ , എനിക്കിപ്പോ കല്ല്യാണം വേണ്ട, ഒന്നു രണ്ടു മാസം കഴിഞ്ഞു നോക്ക്യാൽ മതി…(വിനയം കൊണ്ട് തലകുനിക്കുന്നു)

പിതാജി തുടരുന്നു: കാര്യങ്ങളെ തിരിച്ചറിയാനുള്ള ബോധമൊക്കെയായി.. നീ ആരെ ഇഷ്ടപ്പെടണം എന്നതൊക്കെ നിന്റെ കാര്യമാണു. അതിനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്.


മോൻ-ജി (ആ‍ത്മഗതം) : മോനേ, മനസ്സിലൊരു ലഢു പൊട്ടി!!!

പിതാജി തുടരുന്നു: കുട്ടിയുടെ മതവും ജാതിയും സാമ്പത്തിക സ്ഥിതിയും ഒന്നും എനിക്കൊരു പ്രശ്നമല്ല

മോൻ-ജി (ആ‍ത്മഗതം): മോനേ മനസ്സിൽ രണ്ടാമതും ലഡ്ഡു പൊട്ടീ !! (കുനിഞ്ഞ തല പൊക്കുന്നു)

പിതാജി :പക്ഷെ എനിക്കൊരു കണ്ടീഷൻ ഉണ്ട്..

ടെൻഷൻ!! ടെൻഷൻ!! കുനിക്കണോ ഉയർത്തിപ്പിടിക്കണോ എന്നറിയാതെ തല വിയർക്കുന്നു.

പിതാജി തുടരുന്നു (ട്രെബിൾ കുറച്ചു ബാസ്കൂട്ടുന്നു) : കുട്ടിയുടെ മതവും ജാതിയും സാമ്പത്തിക സ്ഥിതിയും ഒന്നും എനിക്കൊരു പ്രശ്നമല്ല..പക്ഷെ പെൺകുട്ടി നായരായിരിക്കണം..



അതുകഴിഞ്ഞ് ഇത്രയും വർഷമായിട്ടും ആ സന്ദർഭത്തിൽ ഞാൻ ചിരിക്കണമായിരുന്നോ കരയണമായിരുന്നോ എന്ന് ഇതു വരെയും ഒരു തീരുമാനത്തിലെത്താൻ സാധിച്ചട്ടില്ല.

Sunday, May 16, 2010

ചിത്രകാരനു സ്നേഹപൂർവ്വം

തീക്ഷ്ണതയുള്ള അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുക്കുന്ന അഭിപ്രാ‍യങ്ങൾക്ക് രൂക്ഷതയേറും. പക്ഷെ സത്യസന്ധതയുടെ മാറ്റുണ്ടായിരിക്കുകയും ചെയ്യും. അത്തരമൊരു ഗണത്തിലാണു അങ്ങയുടെ അഭിപ്രായങ്ങളെ ഞാൻ വിലവക്കുന്നതു. ആശയസ്വാതന്ത്ര്യത്തിന്റെ അനുപമമായ നിലനിൽ‌പ്പിനുവേണ്ടി താങ്കൾ പലപ്പോഴും നടത്തുന്ന വാദപ്രതിവാദങ്ങളും, സംവാദങ്ങളും ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. പക്ഷെ ഇവിടെ താങ്കൾ എന്നെ ഒരുപാട് നിരാശപ്പെടുത്തിഎന്നെ മാത്രമല്ല, ആദർശം ആമാശയപൂരണത്തിനുള്ള മാർഗമായി മാറ്റാനാഗ്രഹിക്കാത്ത മറ്റു പലരേയും

ഇവിടെ അങ്ങ് “ഷൈനെ” മഹത്വവൽക്കരിക്കാനൊരു ശ്രമം നടത്തുമ്പോൾ മനസ്സിലുയരുന്ന ചോദ്യം വളരെ നിസ്സാരമാണു.. “ആവിഷ്കാരസ്വാതന്ത്ര്യം” എന്നതിനെ ഒരു വേശ്യയുടെ വിഴുപ്പാക്കി മാറ്റേണ്ടതുണ്ടായിരുന്നോ??
  • ·         ഷൈൻ ഉപയോഗിച്ചതു “ജോർജ്ജ് ജോസഫ്” എന്ന കള്ളപ്പേരാണു.
  • ·         ഒരു കൃസ്ത്യൻ നാമം ഉപയോഗിച്ച് ഇത്തരം നടപടികൾക്കദ്ദേഹം മുതിർന്നതു ചരിത്രത്തോടുള്ള ഒടുങ്ങാത്ത സ്നേഹം കൊണ്ടായിരിക്കും!!!
  • ·         മതങ്ങളെ തമ്മിൽ തല്ലിച്ചു ചോരക്കുടിക്കാനിറങ്ങിയ ഒരു “പെയ്ഡ്” കൂട്ടിക്കൊടുപ്പുകാരൻ എന്നതിലുപരിയായി ഇതിലെവിടാ ചിത്രകാരാ അ’ഫി’മാനിക്കത്തക്ക നേട്ടം
  • ·         തീർന്നില്ല, മറ്റൊരു വ്യക്തിയുടെ ചിത്രം തന്നെ ഉപയോഗിച്ചു ഈ കലാപരിപാടി തുടർന്നു. ഇവിടെയും അങ്ങേക്കൊരു തെറ്റും കാണാൻ സാധിക്കുന്നില്ല
  • ·         പിന്നീടദ്ദേഹം “ഹോളി ക്രോസ്” ഉപയോഗിച്ചു
  • ·         റിട്ടയേഡ് ടീച്ചർ എന്ന വ്യാജ ലേബലിൽ ആ പ്രൊഫഷനെ മനപ്പൂർവ്വം കരിവാരിത്തേച്ചു
  • ·         അതിലും ഭീകരമായതു, ഇദ്ദേഹം കൃസ്ത്യനാണെന്നു തെറ്റിദ്ധരിച്ചു പല ബ്ലോഗേഴ്സും ചെളിവാരിയെറിയുന്ന നിലയിലേക്കെത്തി. അക്കാലത്തെ ചിലബ്ലോഗ്ഗ് പോസ്റ്റുകളിൽ കണ്ട കമന്റുകൾ വേദനാജനകം തന്നെയായിരുന്നു. എന്തേ അങ്ങയുടെ അഭിമാനഭാജനം ഇവിടെ തെറ്റിദ്ധാരണ നീക്കിയില്ല?
ഇതിൽ നിന്നൊക്കെ എന്താണു മനസ്സിലാക്കേണ്ടതു? എൽ.എൽ.ബി ബിരുധധാരിയായ അദ്ദേഹം “ഹൈന്ദവസവർണഫാസിസത്തിന്റെ” ക്രൂരതകൾ പൊതുജനങ്ങൾക്ക് മനസ്സിലാവുന്നതിനു വേണ്ടി ചെയ്ത ഒരു ത്യാഗമായിരുന്നെന്നോ ഈ “കൃസ്ത്യൻ പ്രച്ഛന്നവേഷം”??
ചിത്രകാര, ഇദ്ദേഹം പറഞ്ഞതെല്ലാം അങ്ങ് അങ്ങയുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയായിരുന്നെങ്കിൽ, അതിലെ ചരിത്രവസ്തുതകളെ (ഉണ്ടെങ്കിൽ) തെളിയിക്കാനുള്ള അങ്ങയുടെ ശ്രമത്തിൽ കൂടെ നിൽക്കാൻ ഞാനും ഉണ്ടാകുമായിരുന്നു..കാരണം വ്യക്തികൾക്ക് മാത്രമല്ല ആവിഷ്കാരത്തിനും തന്ത വേണം ചിത്രകാരാ..തന്തയെ അറിയാത്തതുകൊണ്ട് വേറൊരു യോഗ്യനെ ചൂണ്ടിക്കാട്ടി മേനി പറയുന്നതാവരുത് ആവിഷ്കാരത്തിന്റെ ഉത്തുംഗത.

ഇവിടെ ബ്ലോഗിലെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ നായകസ്ഥാനത്തു നിന്നിരുന്ന താങ്കൾ അമിതാവേശത്താൽ മറ്റൊരു കാര്യം മനപ്പൂർവ്വമോ അല്ലാതെയോ മനോഹരമായി അവഗണിച്ചു. “റിട്ടയേഡ് ടീച്ചർ” ബ്ലോഗിലെ മിനിമം മാന്യതയയായ കമന്റ് ഇട്ടു പ്രതികരിക്കാനുള്ള ജനാധിപത്യപരമായ അവകാശം പോലും വായനക്കാർക്ക് നിഷേധിച്ചു. ഇവിടെയെന്തേ അങ്ങയുടെ രക്തം തിളച്ചില്ല?
സവർണത ശക്തമായി പ്രതിരോധിച്ചേ പറ്റൂ.അതൊരു മനസ്സാണു എന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാവണം അതിനെതിരെയുള്ള പ്രതിപ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതു. ഇന്നത്തെ ദളിത് രാഷ്ട്രീയം മതമൌലികവാദസംഘടനകളാൽ ഹൈജാക്ക് ചെയ്യപ്പെടുമ്പോൾ ആത്മാർത്ഥതയിൽ ചാലിച്ച ഒരു ശബ്ദമെങ്കിലും ഉണ്ടാകുന്നത് താങ്കളിൽ നിന്നാണു. മതതീവ്രവാദസംഘടനകളുടെ എച്ചിൽക്കഷണങ്ങൾക്കു വേണ്ടി വായും തുറന്നു ഓലിയിട്ട് യജമാനസ്നേഹം കാണിക്കുന്ന സത്വവ്യഭിചാരികൾക്കിടയിൽ താങ്കൾ വേറിട്ടു നിൽക്കുന്നു. ഒന്നുമാത്രം, സവർണത മാത്രമല്ല സാർ ആശയവ്യഭിചാരവും മാനസികരോഗം തന്നെയാണു.

സ്നേഹപൂർവ്വം, അതിലേറെ ബഹുമാനത്തോടെ,
അനുജൻ,
പ്രവീൺ വട്ടപ്പറമ്പത്ത്

====================

ചിത്രകാരന്റെ പോസ്റ്റ് : ബ്ലോഗർ ഷൈനു അഭിവാദ്യങ്ങൾ