Tuesday, November 05, 2013

മുന്തിരിത്തോപ്പിലേക്കൊരു യാത്ര

(ചിത്രങ്ങളെല്ലാം എടുത്തത് സിജീഷ് ബാലകൃഷ്ണൻ - ഒരു ബൈക്ക് യാത്രയിൽ നിന്ന്  )

കാലം ഒരു പൂവാക പോലെ പൂത്തുനിൽക്കുകയും, മെല്ലെ പൂക്കൾ കൊഴിഞ്ഞ് ഭാവിയ്ക്കായി വഴികൾ ചുവപ്പിക്കുകയും ചെയ്യും.. ഈ വഴികൾക്ക് സുഗന്ധമില്ലെങ്കിലും, സ്വപ്നങ്ങളാൽ, സമരം ചെയ്ത ചിന്തകളാൽ വർണങ്ങൾ ചാലിച്ച ഒരു ദൃശ്യഭംഗിയുണ്ട്.  യാത്ര ചെയ്യുക, കഴിഞ്ഞകാലം വീണുപൊഴിഞ്ഞ ഈ വഴികളിലൂടെ, നാളേയിലേക്ക് യാത്ര തുടങ്ങുക ...



മലകൾക്കപ്പുറം, മലകൾക്കുള്ളിലൂടെ, തണുത്ത കാറ്റിൽ,  പെയ്തിറങ്ങുന്ന കോടമഞ്ഞിൽ .. എവിടെയെങ്കിലും വച്ച് തിരിച്ച് കിട്ടാൻ മാത്രം എന്തോ നഷ്ടപ്പെട്ടിട്ടുണ്ട് എന്നുറപ്പ് ... ചിലപ്പോ യാത്രകളിലെവിടെയെങ്കിലും വച്ച് കിട്ടിയാലോ? 




ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിൽ,  ക്യാമറക്കണ്ണുകളുടെ മുന്നിൽ,  പണംകൊടുത്ത് വാങ്ങിയ ഗുരുത്വത്തിന്റെ കൃപയിൽ മാത്രം കണ്ട് ശീലിച്ച അഭ്യാസങ്ങൾക്ക് വരേണ്യതയുടെ വെള്ളിവെളിച്ചമാണെങ്കിൽ, നിത്യത്തൊഴിലാളിയുടെ ജീവിതസമരങ്ങൾക്ക് നിസ്സംഗതയുടെ പരിവേഷം മാത്രമായിരിക്കും

കമ്പം താഴ്വരയിലെ ഒരു ഗ്രാമവഴിയിലെ അഭ്യാസിയായ യാത്രക്കാരൻ :)




ഉണങ്ങാനിട്ട വസ്ത്രങ്ങളുടെ വർണങ്ങളേക്കാളും,  ആകർഷിക്കാറുള്ളത് തിളച്ച് മറിയുന്നവെയിലിൽ കാറ്റിനോടുള്ള അവയുടെ കിന്നാരം പറച്ചിലാണു.. മറ്റൊരുവന്റെ ശരീരത്തേറും മുന്നെയുള്ള ഇടവേളയിലെ പ്രണയം :)




നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും. (കമ്പം താഴ്വരയിലെ ഒരു മുന്തിരിത്തോട്ടത്തിൽ നിന്ന്)




കാഴ്ചകളുടെ അതിരുകൾ പരിമിതപ്പെടുമ്പോൾ .. രാമക്കൽമേടിൽ നിന്നും ഉള്ള തമിഴ്നാടിന്റെ ദൃശ്യം 



കേരളത്തിന്റെ  കാറ്റാടിപ്പാടം



പലവക :) 


യാത്രികൻ












Tuesday, March 05, 2013

ലേലു അല്ലു ലേലു അല്ലു !!

യെമനിലൊരു വല്ല്യ മെച്ചമുണ്ട്, അറബി അല്ലാതെ വേറൊരു ഭാഷ അവര്‍ക്കറിയില്ല എന്നാണു മറ്റുള്ളവര്‍ പറയുന്നതെങ്കിലും അവര്‍ക്ക് തൃശ്ശൂര്‍ ഭാഷകൂടി അറിയാം. അത് ഞാന്‍ ചെന്നട്ട് രണ്ടാമത്തെ ദിവസം തന്നെ കണ്ടുപിടിച്ചതാണു. അവര്‍ അറബീലും ഞാന്‍ "ഒരു ജ്യാതി പെടഷ്ടാ" എന്ന സ്റ്റൈലില്‍ മലയാളത്തിലും പറഞ്ഞാലും കാര്യങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടൂം മനസ്സിലായിരുന്നത് കൊണ്ട് കഞ്ഞികുടി മുട്ടാറില്ല.

അങ്ങനെ ശ്ശൂര്‍ - യെമനി നയതന്ത്രങ്ങള്‍ വല്ല്യ കോട്ടങ്ങളില്ലാതെ പോവുകയായിരുന്നു. ഫ്ലാറ്റിന്റെ ഓണര്‍ ഒരു എത്യോപ്യന്‍ വംശജയാണു. കറന്റ് ബില്‍ മൂന്ന് മാസമായി (കറന്റില്ലേലും ബില്‍ കൃത്യമായി തരും) കിട്ടാഞ്ഞതുകൊണ്ട് ഒന്നു അന്വേഷിച്ചുകളയാം എന്നുകരുതി ചെന്നു. അവരെ വിളിച്ച് വരുത്തി കാര്യങ്ങള്‍ പറഞ്ഞു. അവര്‍ കണ്ണും മിഴിച്ചു നിന്നു, മനസ്സിലായില്ലാ !! ന്നാപ്പിന്നെ അറബി ആയിക്കളയാം.. അതും മനസ്സിലായില്ലാ... അവസാനം ഞാന്‍ ആംഗ്യത്തിലായി, സീലിങ്ങിലെ ബള്‍ബും പുറത്തെ ജനറേറ്ററുമൊക്കെ ചൂണ്ടിക്കാട്ടി വിശദീകരിച്ചു. അതേറ്റു!! ചിരിച്ചുകൊണ്ട് "മാഫി മുശ്കിലാ" എന്നും പറഞ്ഞ് അഞ്ഞൂറ് റിയാലും വാങ്ങി പോയി.

ഒരു പത്ത് മിനിറ്റു കഴിഞ്ഞുകാണും ഡോറില്‍ മുട്ട് കേട്ട് തുറന്ന് നോക്കുമ്പോ ഓണര്‍ ചേച്ചീടെ മോന്‍. കയ്യില്‍ ഒരു വല്ല്യ ബള്‍ബും ബാക്കി കുറച്ച് ചില്ലറയും .. അതെന്റെ കയ്യില്‍ തന്നേച്ച് അവന്‍ സ്ഥലം കാല്യാക്കി !!! ഒന്നുകൂടെ വിശദീകരിച്ചാലോ എന്ന് വിചാരിച്ചതാ, ബട്ട് ഇനി കിട്ടണത് ഒരു ജനറേറ്റര്‍ ആയാല്‍ കാശ് കൊടുക്കാന്‍ ഞാന്‍ തെണ്ടിപ്പോവും!!!

ലേലു അല്ലു ലേലു അല്ലു !!

Wednesday, January 02, 2013

സര്‍‌വ്വശക്തന്‍



പച്ചമാംസത്തിന്റെ ആര്‍ത്തനാദം
ഇരുമ്പ് ദണ്ഡിലൊടുങ്ങിക്കൊണ്ടിരിക്കുമ്പോള്‍
ക്ഷമിക്കണം, ദൈവം ഉറക്കത്തിലായിരുന്നു

തീണ്ടാപ്പാടകലെ കുടിവെള്ളം ദാഹത്തെ
കൊഞ്ഞനം കൊത്തുമ്പോള്‍,
ദളിതന്റെ ദൈവത്തിനു കണ്ണിക്കേടായിരുന്നു

ബാല്യവും യൗവനവും വച്ച്മാറേണ്ടിവന്ന
പൈതങ്ങളുടെ കണ്ണില്‍ ചോരനിറഞ്ഞപ്പോള്‍
ദൈവം ലോകനന്മയ്ക്കായ് ധ്യാനത്തിലായിരുന്നു

നൂറ്റിയിരുപത്തിയാറാമത്തെ പ്രതി അറസ്റ്റിലായത്രെ!!!
യാ അല്ലാ, ഹല്ലേലുയാ, റാം റാം ..
നോക്കൂ!!! ദൈവം എത്ര വലിയവന്‍!!!