യെമനിലൊരു വല്ല്യ മെച്ചമുണ്ട്, അറബി
അല്ലാതെ വേറൊരു ഭാഷ അവര്‍ക്കറിയില്ല എന്നാണു മറ്റുള്ളവര്‍
പറയുന്നതെങ്കിലും അവര്‍ക്ക് തൃശ്ശൂര്‍ ഭാഷകൂടി അറിയാം. അത് ഞാന്‍ ചെന്നട്ട്
രണ്ടാമത്തെ ദിവസം തന്നെ കണ്ടുപിടിച്ചതാണു. അവര്‍ അറബീലും ഞാന്‍ "ഒരു
ജ്യാതി പെടഷ്ടാ" എന്ന സ്റ്റൈലില്‍ മലയാളത്തിലും പറഞ്ഞാലും കാര്യങ്ങളൊക്കെ
അങ്ങോട്ടുമിങ്ങോട്ടൂം മനസ്സിലായിരുന്നത് കൊണ്ട് കഞ്ഞികുടി മുട്ടാറില്ല.
അങ്ങനെ ശ്ശൂര്‍ - യെമനി നയതന്ത്രങ്ങള്‍ വല്ല്യ കോട്ടങ്ങളില്ലാതെ
പോവുകയായിരുന്നു. ഫ്ലാറ്റിന്റെ ഓണര്‍ ഒരു എത്യോപ്യന്‍ വംശജയാണു. കറന്റ്
ബില്‍ മൂന്ന് മാസമായി (കറന്റില്ലേലും ബില്‍ കൃത്യമായി തരും)
കിട്ടാഞ്ഞതുകൊണ്ട് ഒന്നു അന്വേഷിച്ചുകളയാം എന്നുകരുതി ചെന്നു. അവരെ
വിളിച്ച് വരുത്തി കാര്യങ്ങള്‍ പറഞ്ഞു. അവര്‍ കണ്ണും മിഴിച്ചു നിന്നു,
മനസ്സിലായില്ലാ !! ന്നാപ്പിന്നെ അറബി ആയിക്കളയാം.. അതും മനസ്സിലായില്ലാ...
അവസാനം ഞാന്‍ ആംഗ്യത്തിലായി, സീലിങ്ങിലെ ബള്‍ബും പുറത്തെ ജനറേറ്ററുമൊക്കെ
ചൂണ്ടിക്കാട്ടി വിശദീകരിച്ചു. അതേറ്റു!! ചിരിച്ചുകൊണ്ട് "മാഫി മുശ്കിലാ"
എന്നും പറഞ്ഞ് അഞ്ഞൂറ് റിയാലും വാങ്ങി പോയി.
ഒരു പത്ത് മിനിറ്റു
കഴിഞ്ഞുകാണും ഡോറില്‍ മുട്ട് കേട്ട് തുറന്ന് നോക്കുമ്പോ ഓണര്‍ ചേച്ചീടെ
മോന്‍. കയ്യില്‍ ഒരു വല്ല്യ ബള്‍ബും ബാക്കി കുറച്ച് ചില്ലറയും .. അതെന്റെ
കയ്യില്‍ തന്നേച്ച് അവന്‍ സ്ഥലം കാല്യാക്കി !!! ഒന്നുകൂടെ വിശദീകരിച്ചാലോ
എന്ന് വിചാരിച്ചതാ, ബട്ട് ഇനി കിട്ടണത് ഒരു ജനറേറ്റര്‍ ആയാല്‍ കാശ്
കൊടുക്കാന്‍ ഞാന്‍ തെണ്ടിപ്പോവും!!!
ലേലു അല്ലു ലേലു അല്ലു !!
Tuesday, March 05, 2013
Wednesday, January 02, 2013
സര്‍വ്വശക്തന്‍
പച്ചമാംസത്തിന്റെ ആര്‍ത്തനാദം
ഇരുമ്പ് ദണ്ഡിലൊടുങ്ങിക്കൊണ്ടിരിക്കുമ്പ
ക്ഷമിക്കണം, ദൈവം ഉറക്കത്തിലായിരുന്നു
തീണ്ടാപ്പാടകലെ കുടിവെള്ളം ദാഹത്തെ
കൊഞ്ഞനം കൊത്തുമ്പോള്‍,
ദളിതന്റെ ദൈവത്തിനു കണ്ണിക്കേടായിരുന്നു
ബാല്യവും യൗവനവും വച്ച്മാറേണ്ടിവന്ന
പൈതങ്ങളുടെ കണ്ണില്‍ ചോരനിറഞ്ഞപ്പോള്‍
ദൈവം ലോകനന്മയ്ക്കായ് ധ്യാനത്തിലായിരുന്നു
നൂറ്റിയിരുപത്തിയാറാമത്തെ പ്രതി അറസ്റ്റിലായത്രെ!!!
യാ അല്ലാ, ഹല്ലേലുയാ, റാം റാം ..
നോക്കൂ!!! ദൈവം എത്ര വലിയവന്‍!!!
Tuesday, June 26, 2012
കേള്‍വിക്കാരന്റെ മോക്ഷം
ഗര്‍ഭപാത്രത്തിന്റെ ബാലന്‍സ് ഷീറ്റ് ടാലിയാക്കാന്‍
തുളസിയിലയില്‍ മുക്കി നാലിറ്റു വെള്ളം ..
മൂക്ക് പിഴിഞ്ഞ് , കണ്ണു തുടച്ച് സഭയിലേക്ക്
വെട്ടാനുള്ള മൂവാണ്ടന്‍ മാവ് കഴിഞ്ഞവര്‍ഷവും കായ്ച്ചതാണു
ഭാഗത്തില്‍ അത് എനിക്ക് കിട്ടിയതോണ്ട് പറഞ്ഞതല്ല
ഇന്നുണ്ടായാല്‍ , അടിയന്തരം ഞായറാഴ്ച്ച
രാമേശ്വരത്ത് ബലിയിട്ടാല്‍ വര്‍ഷാവര്‍ഷം ശ്രാദ്ധവും വേണ്ട
വടക്കേലെ തൊടി കച്ചോടായത് സെന്റിനു രണ്ട് വച്ചാത്രെ
പാലം വന്നാല്‍ ഇതിനു അതിലും കൂടും
അടിയന്തരത്തിന്റെ വിഹിതം ഞാന്‍ കുറച്ചേ തരൂ,
നോക്കിണ്ടാക്കിയ ചിലവ് നിക്കും കുട്ട്യോള്‍ടച്ഛനേ അറിയൂ
മുറ്റത്തെ തുളസി വേരുകള്‍ പയ്യെ പുറത്തെടുത്തു,
കാശിക്കുള്ള ട്രെയിന്‍ പിടിക്കാന്‍ യാത്രയായി.
തുളസിയിലയില്‍ മുക്കി നാലിറ്റു വെള്ളം ..
മൂക്ക് പിഴിഞ്ഞ് , കണ്ണു തുടച്ച് സഭയിലേക്ക്
വെട്ടാനുള്ള മൂവാണ്ടന്‍ മാവ് കഴിഞ്ഞവര്‍ഷവും കായ്ച്ചതാണു
ഭാഗത്തില്‍ അത് എനിക്ക് കിട്ടിയതോണ്ട് പറഞ്ഞതല്ല
ഇന്നുണ്ടായാല്‍ , അടിയന്തരം ഞായറാഴ്ച്ച
രാമേശ്വരത്ത് ബലിയിട്ടാല്‍ വര്‍ഷാവര്‍ഷം ശ്രാദ്ധവും വേണ്ട
വടക്കേലെ തൊടി കച്ചോടായത് സെന്റിനു രണ്ട് വച്ചാത്രെ
പാലം വന്നാല്‍ ഇതിനു അതിലും കൂടും
അടിയന്തരത്തിന്റെ വിഹിതം ഞാന്‍ കുറച്ചേ തരൂ,
നോക്കിണ്ടാക്കിയ ചിലവ് നിക്കും കുട്ട്യോള്‍ടച്ഛനേ അറിയൂ
മുറ്റത്തെ തുളസി വേരുകള്‍ പയ്യെ പുറത്തെടുത്തു,
കാശിക്കുള്ള ട്രെയിന്‍ പിടിക്കാന്‍ യാത്രയായി.
Thursday, May 17, 2012
വില്‍പ്പനച്ചരക്കുകള്‍
സമര്‍പ്പണം :
കേവലം പദവികള്‍ക്കായി ഭാഷയെ കൂട്ടിക്കൊടുത്ത് , ബുദ്ധിപരമായ നിശബ്ദത വിറ്റു കാശാക്കിയ സാംസ്കാരികനപുംസകങ്ങള്‍ക്ക് .. കൊലക്കത്തികള്‍ക്ക് മൂര്‍ച്ചകൂട്ടി നടക്കുന്നവരുടെ മനസ്സാക്ഷിയേക്കാളും ക്രൂരമാണു ഇവരുടെ നപുംസകവേഷങ്ങള്‍ക്ക് എന്ന് തിരിച്ചറിവ് ഇല്ലാത്തവര്‍ക്ക് ..
വില്‍പ്പനച്ചരക്കുകള്‍
പഴയരംഗം
മനുഷ്യത്വം വിറങ്ങലിച്ചൊരീ നിമിഷങ്ങളില്‍
അഗ്നിനാളമായ് പെയ്തിറങ്ങട്ടെയെന്‍ തൂലിക
രേഖപ്പെടുത്താന്‍ ഒരു ഞെട്ടലും, തീരാനഷ്ടവും
വിറങ്ങലിക്കാനിനിയും മനസ്സാക്ഷിയും ബാക്കി
പുതിയരംഗം
നിശബ്ദതയില്‍ നേടുന്ന പദവികളമൂല്യം
അക്കാദമിയംഗത്വം സുന്ദരം സമ്മോഹനം
ചാനലില്‍ , പത്രത്തില്‍ പുകഴ്ത്തലും വശ്യം
ഇന്നിന്‍ സാംസ്കാരികനായകപദവിയും കേമം.
രത്നച്ചുരുക്കം : ത്ഫൂ!!!!
കേവലം പദവികള്‍ക്കായി ഭാഷയെ കൂട്ടിക്കൊടുത്ത് , ബുദ്ധിപരമായ നിശബ്ദത വിറ്റു കാശാക്കിയ സാംസ്കാരികനപുംസകങ്ങള്‍ക്ക് .. കൊലക്കത്തികള്‍ക്ക് മൂര്‍ച്ചകൂട്ടി നടക്കുന്നവരുടെ മനസ്സാക്ഷിയേക്കാളും ക്രൂരമാണു ഇവരുടെ നപുംസകവേഷങ്ങള്‍ക്ക് എന്ന് തിരിച്ചറിവ് ഇല്ലാത്തവര്‍ക്ക് ..
വില്‍പ്പനച്ചരക്കുകള്‍
പഴയരംഗം
മനുഷ്യത്വം വിറങ്ങലിച്ചൊരീ നിമിഷങ്ങളില്‍
അഗ്നിനാളമായ് പെയ്തിറങ്ങട്ടെയെന്‍ തൂലിക
രേഖപ്പെടുത്താന്‍ ഒരു ഞെട്ടലും, തീരാനഷ്ടവും
വിറങ്ങലിക്കാനിനിയും മനസ്സാക്ഷിയും ബാക്കി
പുതിയരംഗം
നിശബ്ദതയില്‍ നേടുന്ന പദവികളമൂല്യം
അക്കാദമിയംഗത്വം സുന്ദരം സമ്മോഹനം
ചാനലില്‍ , പത്രത്തില്‍ പുകഴ്ത്തലും വശ്യം
ഇന്നിന്‍ സാംസ്കാരികനായകപദവിയും കേമം.
രത്നച്ചുരുക്കം : ത്ഫൂ!!!!
Wednesday, May 02, 2012
യെമൻ ഡയറി
![]() |
| From Net |
ആയിരക്കണക്കിനു വർഷങ്ങളായി
ഒരു സംസ്കാരം മുറുകെപ്പിടിച്ചുകൊണ്ട്, തലമുറകളായി ഒരേ രീതിയിൽ വസ്ത്രം ധരിച്ചുകൊണ്ട്,
ജീവിക്കുന്ന ഒരു ജനതയുള്ള രാജ്യം ..
വിവാഹം തെരുവുകളിൽ ആഘോഷമായികൊണ്ടാടുന്നവരുടെ
രാജ്യം ...
ലോകത്തെ ഏറ്റവും നല്ല
തേനും കാപ്പിയും ഉള്ള ഒരു രാജ്യം ..
മണ്ണുകൊണ്ട് ഉണ്ടാക്കിയ,
ശിൽപ്പചാതുരി നിറഞ്ഞുനില്ക്കുന്ന, വൈദ്യുതദീപങ്ങളാലലങ്കരിക്കപ്പെട്ട ആകാശഗോപുരങ്ങളുടെ
രാജ്യം ...
ഈ രാജ്യത്തെക്കുറിച്ചാണു
ഇറ്റാലിയൻ കവിയും സംവിധായകനുമായ പിർ പൊലോ പസോളിനി “ലോകത്തെ ഏറ്റവും സുന്ദരമായ രാജ്യം
“ എന്ന് വിശേഷിപ്പിച്ചത്.
ഞാൻ പറഞ്ഞ് വരുന്നത്,
യെമനെക്കുറിച്ചാണു. മാധ്യമങ്ങളിലൂടെ നമ്മൾ “ഭീകരരാജ്യമായി” കേട്ടറിഞ്ഞ റിപബ്ലിക് ഓഫ്
യെമനെക്കുറിച്ച്...
ജീവിതത്തന്റെ ആകസ്മികതളിൽപ്പെട്ട്
യെമനിലേക്ക് വണ്ടികയറുമ്പോൾ, നല്ലതൊന്നും ഈ നാടിനെക്കുറിച്ച് കേട്ടിരുന്നില്ല. ആഭ്യന്തരയുദ്ധം
കത്തിനിൽക്കുന്ന സമയമായതിനാൽ കേട്ട വാർത്തകൾക്കെല്ലാം മരണത്തിന്റെ ഗന്ധവുമുണ്ടായിരുന്നു.
സനാ ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ രാജ്യത്തെ അരക്ഷിതാവസ്ഥയുടെ ഏകദേശരൂപം
പിടികിട്ടി. നമ്മുടെ നാട്ടിലെ ഒരു ഇടത്തരം ബസ്റ്റാന്റിന്റെ നിലവാരം മാത്രമുള്ള ഒരു
എയർപോർട്ട്. ആഭ്യന്തരയുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥയിലായതിനാൽ എയർപോർട്ടിൽ അധികം പേരില്ല.
കമ്പനി ഏർപ്പാടാക്കിയിരുന്ന ഡ്രൈവറുടെ കൂടെ താമസസ്ഥലത്തേക്കുള്ള യാത്ര തന്നെ നല്ലൊരു
അനുഭവമായി.
![]() |
| A Mobile Picture , From My window |
സമുദ്രനിരപ്പിൽ നിന്ന്
ഏകദേശം ഏഴായിരത്തിയഞ്ഞറടി ഉയരത്തിലാണു സന എന്ന നഗരത്തിന്റെ സ്ഥാനം. നാലുപാടും വരണ്ടമലനിരകളാൽ
ചുറ്റപ്പെട്ട ഈ നഗരത്തിനു ഒരുപാട് പ്രത്യേകതകളുണ്ട്. പഴയസന നഗരം യുണെസ്കോയുടെ പൈതൃകനഗരമാണു. ഒറ്റവാക്കിൽ പറഞ്ഞാൽ സന ഒരു തുറന്ന മ്യൂസിയമാണു. ചരിത്രാപഠിതാക്കളെ സംബന്ധിച്ചിടത്തോളം
ഒരു തുറന്ന പുസ്തകം. താമസസ്ഥലത്തേക്കുള്ള യാത്രയിൽ
ചുറ്റും കണ്ട കാഴ്ചകൾ എന്നെ സ്വപ്നങ്ങളിലെവിടെയോ കണ്ട്മറന്ന ഒരു അറബിക്കഥയിലെ നഗരത്തെ
ഓർമ്മിപ്പിച്ചു. മണ്ണുകൊണ്ടുണ്ടാക്കിയ ചുവന്ന കെട്ടിടങ്ങൾ ... മുഷിഞ്ഞ തെരുവുകൾ
... ഏതോ പുരാതനകാലഗുഹാമനുഷ്യരെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വസ്ത്രം ധരിച്ച തദ്ദേശവാസികൾ
.. എങ്ങും ആയുധമേന്തിയ ആളുകൾ റോന്ത് ചുറ്റുന്നു.... തുറന്ന വാഹനങ്ങളിൽ അത്യന്താധുനിക മെഷീൻ ഗണ്ണുകളേന്തി
പരസ്യമായി യാത്ര ചെയ്യുന്ന അപരിഷ്കൃതരായ ജനങ്ങൾ എനിക്കൊരൂ പുതിയ കാഴ്ചയായിരുന്നു.
![]() |
| Mobile picture |
ശരണമന്ത്രങ്ങളൊഴുകി വന്നിരുന്ന
പ്രഭാതങ്ങൾക്ക് പകരം എന്നെക്കാത്തിരുന്നത് വെടിയൊച്ചകള്‍ നിറഞ്ഞ പുലർവേളകളായിരുന്നു.
ചുറ്റുമുള്ള മലനിരകളില്‍ അങ്ങോട്ടുമിങ്ങോട്ടും ചേരിതിരിഞ്ഞ് വെടിവെപ്പും ആക്രമണങ്ങളും.
ഇവിടെ ഒരു പക്ഷെ ഏറ്റവും വിലകുറവായി അവര്‍കണക്കാക്കുന്നത് മനുഷ്യജീവനാണെന്ന് തോന്നിപ്പോയ
നാളുകള്‍. ദീര്‍ഘകാലത്തെ ഭരണത്തിനുശേഷം ജനങ്ങളാല്‍ നിഷ്കാസിതനായ ഒരു പ്രസിഡന്റിന്റെ അപദാനങ്ങള്‍...
അദ്ദേഹത്തെ എതിര്‍ത്തുകൊണ്ട് ആഭ്യന്തരയുദ്ധത്തിനിറങ്ങിപ്പുറപ്പെട്ടവരുടെ ചെയ്തികള്‍
.. പരസ്പരമുള്ള പോര്‍വിളികള്‍ക്കിടയില്‍ നഷ്ടമായത് നൂറുകണക്കിനു സാധാരണക്കാരുടെ ജീവിതങ്ങളാണു.
![]() |
| Sometime bullets misses its destination....Window.. |
സമുദ്രനിരപ്പിൽ നിന്നും
ഇത്രയും ഉയരത്തിൽ സ്ഥിതിചെയ്യുന്നതുകൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും ഇവിടെ
തണുപ്പാണു പൊതുവെ. ഡിസമ്പർ ജനുവരി മാസങ്ങളിൽ പൂജ്യത്തിനും താഴെപോവും. ബാക്കി ദിവസങ്ങളിൽ
വളരെ നല്ല കാലാവസ്ഥയും. നിറയെ ആലിപ്പഴം വീഴുന്ന മഴക്കാലം ... കോച്ചിവലിയുന്ന തണുപ്പുകാലം
.. അത്രയധികം ചൂടില്ലാത്ത വേനൽ മാസങ്ങൾ ... ഭൂരിഭാഗം വീടുകളിലും മുന്തിരിവള്ളികൾ വളര്‍ത്തിയിരിക്കുന്നത്
കാണാം. ആഭ്യന്തരപ്രശ്നങ്ങളും ഭീകരവാദത്തിന്റെ അതിപ്രസരവും ഇല്ലായിരുന്നെങ്കിൽ 'ടൂറിസത്തിന്റീ' അനന്തമായ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്ന
രാജ്യം.
വിദ്യാഭ്യാസപരമായി വളരെ
പിന്നിൽ നില്‍ക്കുന്നവരാണു ഇവിടത്തെ ജനത. എന്നാല്‍ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ
ഉന്നതിയിൽ നില്‍ക്കുന്നവർ. ഇവിടത്തെ ആഭ്യന്തര/രാഷ്ട്രീയ പ്രശ്നങ്ങളെ മാറ്റി നിർത്തിയാൽ,
ഇവരുടെ നമ്മളോടുള്ള പെരുമാറ്റം അതിശയാവഹമാണു. വഴിയിലൂടെ നടന്നുപോവുമ്പോൾ, ഉച്ചസമയമാണെങ്കിൽ,
പലരും നമ്മളെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കും. വഴിയിലൂടെ നടന്നുപോകുമ്പോൾ നമ്മളെകടന്നു
പോവുന്ന ഒരാൾപോലും സ്നേഹപൂര്‍വ്വം ചിരിച്ചുകൊണ്ട് 'അസ്സലാമു അലൈക്കും' എന്ന് ആശംസിക്കാതിരിക്കില്ല. നിങ്ങൾക്ക് ഭാഷ അറിയില്ലെങ്കിൽ പോലും, എവിടെയും
കയറിച്ചെല്ലാം, അവർ അനുതാപപൂർവ്വം നമ്മളെ ശ്രദ്ധിക്കുകയും നമ്മളുടെ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ
ശ്രമിക്കുകയും ചെയ്യും. ഇവർക്ക് ജന്മം കൊണ്ട്
ഈ നാടുകൊടുക്കുന്ന സംസ്കാരമുണ്ട്, ആത്മാർത്ഥമായിത്തന്നെ അതിനുമുന്നിൽ പ്രണമിക്കുന്നു...
![]() |
| Another picture, through my window |
ആയുധമേന്തി റോന്ത് ചുറ്റുന്നവരോട് ആദ്യമൊക്കെ തോന്നിയ അപരിചിതത്വത്തില്‍ നിന്ന്, കണ്മുന്നിൽ നടന്ന തെരുവുയുദ്ധത്തോടെ
'ഭയമായി'മാറി. ജീവനും പൊക്കിപ്പിടിച്ചോടുന്നവന്റെ വികാരം രസകരമാണു, ആ ഓട്ടത്തില്‍ നമ്മള്‍
കൂട്ടിവച്ച അഭിമാനവും, ജാഡകളും, അഹങ്കാരങ്ങളും, കണക്കുകൂട്ടലുകളും ഒന്നും കൂടെയുണ്ടാവില്ല.
:)
ഈ രാജ്യം കുറച്ച് ദിവസങ്ങളിലെ
ശാന്തതക്ക് ശേഷം, കൂടുതൽ ഭയാനകമായ അവസ്ഥയിലേക്ക് പോകുന്നു..ആഭ്യന്തരപ്രശ്നങ്ങള്‍ക്കുപരിയായി
ഗവണ്മെന്റും അല്‍ക്വൈദയും തമ്മിൽ രക്തരൂക്ഷിതമായ
പോരാട്ടങ്ങൾ ആരംഭിച്ചിരിക്കുന്നു. യെമനെ ചോരക്കളമാക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു
... കഴിഞ്ഞ മാസങ്ങളില്‍ ചാവേറാക്രമണങ്ങളടക്കം ശക്തമായ ആക്രമണപ്രത്യാക്രമണങ്ങൾ .. അസ്വസ്ഥതയുടെ
നാളുകൾ.. ഇവിടെ വീശുന്ന കാറ്റിനുപോലും അനിശ്ചിതത്വത്തിന്റെ നാദം ...എല്ലാം ദൈവത്തിലർപ്പിച്ച്,
നഷ്ടങ്ങളേയും നേട്ടങ്ങളേയും ഒക്കെ അവനു സമർപ്പിച്ച ഒരു ജനത ..
നഷ്ടങ്ങളുടെ ആകെക്കണക്കെടുപ്പിൽ
പ്രതീക്ഷകൾക്ക് സ്ഥാനമില്ലെന്ന തിരിച്ചറിവായിരിക്കാം .. ഒരുപക്ഷെ മുന്നോട്ട് ഇവിടെ
നയിച്ചുകൊണ്ടിരിക്കുന്നത് .. എന്നിരുന്നാലും ... നാളെയെക്കുറിച്ച് ചിന്തകളില്ലാത്ത
ഈ രാജ്യത്തിലെ ഇടുങ്ങിയ തെരുവുകൾ എന്നെ ഓര്‍ക്കില്ലെങ്കിലും, ഒന്നെനിക്കുറപ്പുണ്ട്,
അത് തിരിച്ചൊരിക്കലും സംഭവിക്കില്ല. അപരിചിതത്വം
എന്തെന്നറിയാത്ത, സ്നേഹത്തോടെ ചിരിക്കുന്നവർ ഇവിടെ എന്നെ അറിയാതെശീലിപ്പിച്ച വാക്കേ
ഈ നാടിനെക്കുറിച്ചാലോചിക്കുമ്പോൾ മനസ്സിലിപ്പോഴുള്ളൂ ... "അല്‍ഹം ദുലില്ലാ...."
Sunday, April 08, 2012
ടോൾ
ടോൾ
സൌഹൃദത്തിനും പ്രണയത്തിനുമിടയിലെ
പാലത്തിലെ കരം പിരിവ്
എന്റെ മൌനമായിരുന്നു
ഒരിക്കലും മുടങ്ങാത്ത
ജോലിക്കാരനായി
മൌനം അരങ്ങ് വാണപ്പോൾ,
ഞാൻ ഒന്ന് മറന്നു...
എന്റെ പ്രണയം ദരിദ്രനായിരുന്നു..
ടോൾ കൊടുക്കാൻ വകയില്ലാത്ത
വിധം ദരിദ്രൻ
Sunday, February 26, 2012
കര്‍ണ്ണന്‍
കര്‍ണ്ണന്‍ ..
വേവിച്ചെടുത്ത മടുപ്പില്‍ വിശപ്പ്മാറ്റി, ഇന്നലെ..
കിനാവുപേക്ഷിച്ച വിണ്‍പഥങ്ങളില്‍
ക്ഷിപ്രപ്രസാദിയാം ദേവനായ് ജപം നോറ്റ്,
പാഴ്മതില്‍ കെട്ടിയുറപ്പിച്ച തപസ്ഥാനങ്ങളില്‍
ചാരിതാര്‍ത്ഥ്യം ഭംഗിയായ് പൊതിഞ്ഞ് കെട്ടി,
നാളെ വിശപ്പാറ്റാന്‍ വിലപേശും നിമിഷങ്ങളില്‍
പൊയ്മുഖങ്ങള്‍ സടപൊഴിച്ച് തോല്പുറ്റുകൂട്ടി -
ക്കാലം മൃത്യുവെ വീണ്ടുമോര്‍മ്മപ്പെടുത്തിയോ?
കന്യാചര്‍മ്മം ഭേദിച്ച് സങ്കല്പരഥമേന്തിയശ്വങ്ങള്‍
പുതിയ രതിചക്രവാളസീമകള്‍ നോക്കിക്കുതിക്കവെ
പ്രാണസ്പന്ദനതാളം ഹര്‍ഷോന്മാദലയമായ്,
എകാന്തതയെ തുടികൊട്ടി,യാട്ടി,യുണര്‍ത്തവെ
പൊതികെട്ടി, പ്രാണരേതസ്സുണക്കി, തപം കൊണ്ട്
നേടിയ,നീയെനിക്കെന്ന വരവും മറന്നുവോ?
നീ, ഞാന്‍, നമ്മള്‍, പിന്നെ നമ്മുടെ...
പോകാം, ശാപമേറ്റുവാങ്ങിയ ഇടവേളകള്‍ക്ക് മുന്നേ,
ഞാന്‍ നീയാരെന്ന് ചോദിക്കുന്ന നിമിഷത്തിനും മുന്നേ.
വേവിച്ചെടുത്ത മടുപ്പില്‍ വിശപ്പ്മാറ്റി, ഇന്നലെ..
കിനാവുപേക്ഷിച്ച വിണ്‍പഥങ്ങളില്‍
ക്ഷിപ്രപ്രസാദിയാം ദേവനായ് ജപം നോറ്റ്,
പാഴ്മതില്‍ കെട്ടിയുറപ്പിച്ച തപസ്ഥാനങ്ങളില്‍
ചാരിതാര്‍ത്ഥ്യം ഭംഗിയായ് പൊതിഞ്ഞ് കെട്ടി,
നാളെ വിശപ്പാറ്റാന്‍ വിലപേശും നിമിഷങ്ങളില്‍
പൊയ്മുഖങ്ങള്‍ സടപൊഴിച്ച് തോല്പുറ്റുകൂട്ടി -
ക്കാലം മൃത്യുവെ വീണ്ടുമോര്‍മ്മപ്പെടുത്തിയോ?
കന്യാചര്‍മ്മം ഭേദിച്ച് സങ്കല്പരഥമേന്തിയശ്വങ്ങള്‍
പുതിയ രതിചക്രവാളസീമകള്‍ നോക്കിക്കുതിക്കവെ
പ്രാണസ്പന്ദനതാളം ഹര്‍ഷോന്മാദലയമായ്,
എകാന്തതയെ തുടികൊട്ടി,യാട്ടി,യുണര്‍ത്തവെ
പൊതികെട്ടി, പ്രാണരേതസ്സുണക്കി, തപം കൊണ്ട്
നേടിയ,നീയെനിക്കെന്ന വരവും മറന്നുവോ?
നീ, ഞാന്‍, നമ്മള്‍, പിന്നെ നമ്മുടെ...
പോകാം, ശാപമേറ്റുവാങ്ങിയ ഇടവേളകള്‍ക്ക് മുന്നേ,
ഞാന്‍ നീയാരെന്ന് ചോദിക്കുന്ന നിമിഷത്തിനും മുന്നേ.
Labels:
കവിത
Location:
Sana'a, Yemen
Subscribe to:
Posts (Atom)





