Sunday, March 15, 2009

ചെരിപ്പുകുത്തിയുടെ മകള്‍ ...

(ഒരു ദോഷൈക ദ്രൃക്ക് എന്ന വിശേഷണം എനിക്ക് ചാര്‍ത്തിക്കിട്ടിയിട്ടുണ്ട് ...ഒന്നും നിഷേധിച്ചു ശീലവുമില്ല.. അത്ര മധുരതരമാല്ലാത്ത ഒരു ബാല്യത്തിന്റെ ഓര്‍മ്മകള്‍ എന്റെ മനസ്സിന്റെ അടിത്തട്ടില്‍ എന്നെ നോക്കി പല്ലിളിക്കുന്നത് കൊണ്ടായിരിക്കണം എന്റെ കാഴ്ചകള്‍ നിങ്ങളില്‍ ആവര്‍ത്തന വിരസത ഉളവാകുന്നത് ..ക്ഷമിക്കുക..വലുതായ, ഉന്നതമായ നിലവാരമുള്ള, ആഴത്തിലുള്ള വായനയ്ക്ക് ഉപകരിക്കുന്ന ഒന്നും എനിക്ക് നല്‍കാനില്ല...)

ബൈക്ക് ഇന്‍ഷുറന്‍സ് തീര്‍ന്നതുകൊണ്ടു എടുത്തില്ല..യാത്ര ബസിലാക്കി ..തൃപ്രയാറില്‍ നിന്നു എറണാകുളത്തേക്കുള്ള 'ആനവണ്ടി' യില്‍ ഒരു തിരക്കുമില്ലാതെ കാലും നീട്ടി പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.. ബസ്സ് കൊടുങ്ങല്ലൂര്‍ അമ്പലത്തിനു മുന്നില്‍ കുറെ നേരം നിര്‍ത്തി ..എന്തോ ചെറിയ പ്രശ്നം ഉണ്ട് ബസിനു...ഇപ്പൊ ശരിയാകും എന്ന് പറഞ്ഞു ..പുറത്തേക്ക് നോക്കിയിരുന്നു.. ഞായരാഴ്ച്ചയുടെ ആലസ്യമുണ്ട് എങ്ങും ..വലിയ തിരക്കൊന്നുമില്ല... അല്ലേലും മലയാളി അവധി ദിവസം ചിലവാക്കുന്നതിപ്പോ വിഡ്ദിപ്പെട്ടിയുടെ മുന്പിലാണല്ലോ ....സമയം നട്ടുച്ച ആയതിനാല്‍ നല്ല പൊള്ളുന്ന വെയില്‍.... എന്റെ സീറ്റിനു നേരെ പുറത്തു ഒരു ചെരുപ്പുകുത്തിയായ സ്ത്രീ ഇരിക്കുന്നു.. കുറെ ചെരിപ്പുകള്‍ അവിടെ കൂടിയിട്ടുണ്ട് ...ഉപയോഗശൂന്യമായതും അല്ലാത്തതുമായ കുറെ ചെരിപ്പുകള്‍ ..പൊള്ളുന്ന വെയിലാണ് ..ആ സ്ത്രീയുടെ തൊട്ടടുത്ത്‌ ഒരു കുഞ്ഞുണ്ട് ..2 വയസ്സുകാണും ..ഒരു കടും നീല ഉടുപ്പ് ഇട്ടിട്ടുണ്ട്.. ഒരു കറുത്ത പൊട്ടു തൊട്ടിട്ടുണ്ട് ..കാണാനും ഒരു ഐശ്വര്യം ഉണ്ട്..കുട്ടികള്‍ എന്നും എല്ലായ്പ്പൊഴും എനിക്കൊരു ലോകം സൃഷ്ടിച്ചു തരാറുണ്ട്..അതിരുന്നു കളിക്കുകയാണ്..രണ്ടു പഴയ ചെരിപ്പിന്റെ കഷണങ്ങള്‍ വച്ചു വണ്ടി ഓടിച്ചു കളിക്കുകയാണ്..രണ്ടു വണ്ടിയുടെയും ഡ്രൈവര്‍ പുള്ളിക്കാരി തന്നെ.. അമ്മ വളരെ തിരക്കിലാണ് ... പെട്ടെന്ന് അവിടെ ഫുട്പാതിനോടു ചേര്‍ത്ത് ഒരു പള്‍സര്‍ ബൈക്ക് കുത്തിക്കയറ്റി നിര്‍ത്തി..

രണ്ടു പയ്യന്മാര്‍ ..വണ്ടിയോടിക്കുന്നവന്റെ കോലം കണ്ടാല്‍ , സുരാജ് വെഞ്ഞാരന്മൂടിന്റെ ഭാഷ കടമെടുക്കുകയാണേല്‍ 'പെറ്റ തള്ള സഹിക്കില്ല' ...താടി അവിടവിടെ ഷേവ് ചെയ്ത ബാക്ക് മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ജീന്‍സ് ഒകെ ധരിച്ച മനുഷ്യ രൂപത്തിലുള്ള ഒരു സാധനം. കൂടെയുള്ളവന്‍ 'വാല്‍' അഥവാ 'പരാന്നഭോജി ' ആണ് എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും ..ഇവന്‍ ഇറങ്ങി വന്നു ചെരുപ്പുകുത്തിയോടു എന്തോ ചോദിച്ചു.. ചെരുപ്പ് റിപ്പയര്‍ ചെയ്യുമോ എന്നാകണം ..അവര്‍ തലകുലുക്കുന്നത് കണ്ടു..ഇവന്‍ കാല് ഫുട്പാത്തില്‍ കയറ്റി വച്ച് അതിന്റെ സ്ട്രാപ് അഴിച്ചു ..കാല്‍ ചെറുതായി കുടഞ്ഞു..ചെരുപ്പ് ഊരി വരുന്നില്ല..ഒന്നുകുടെ ശക്തിയായി കുടഞ്ഞു..ചെരുപ്പ് തെറിച്ചു ആ കുഞ്ഞിന്റെ നെഞ്ചിലോട്ടു വീണു..വലിയ ശക്തിയിലൊന്നുമല്ല.. കുട്ടി ഒന്നു ഞെട്ടി ..നമ്മുടെ ഇത്തിക്കണ്ണിയുടെ മുഖത്ത് ഒരു അയ്യോ ഭാവം ഉണ്ട്...പക്ഷെ നായകന്റെ മുഖത്ത് അക്ഷമ മാത്രം ...എത്രയും വേഗം അത് തീര്‍ത്തിട്ട് വേണം അവന് ഇന്ത്യ അമേരിക്ക ആണവകരാറില്‍ ഒപ്പ് വക്കാന്‍ ...

പക്ഷെ ആ വീണ നിമിഷം ആ കുഞ്ഞു ഒന്നു ഞെട്ടി എങ്കിലും പെട്ടെന്ന് അവളുടെ മുഖത്ത് ഒരു സന്തോഷം കണ്ടു...ഒരു പക്ഷെ അവള്‍ വിചാരിചിട്ടുണ്ടാവണം, അവളുടെ കൂടെ വണ്ടി ഓടിച്ചു കളിക്കാന്‍ വന്നതാവണം ആ ചേട്ടന്‍ എന്ന്..അമ്മ ഈ ലോകത്തിലൊന്നും അല്ല...ആ ചെരുപ്പ് തുന്നുന്ന തിരക്കില്‍.. പെട്ടെന്ന് ഡബിള്‍ ബെല്ലടിച്ചു..ഞാന്‍ എന്റെ യാത്ര തുടര്‍ന്ന്..അവള്‍ അവളുടെ കളിയും...
..................

കൃത്യമായി സമയത്തു ഭക്ഷണം കൊടുത്തു, കളിപ്പാട്ടങ്ങള്‍ കൊടുത്തു, ഓമനിച്ചു വളര്‍ത്തുന്ന ജനുസ്സില്‍ പെടാത്ത ഒരു വിഭാഗം കുട്ടികള്‍ കൂടി നമ്മുടെ ചുറ്റുമുണ്ട്..നാം കണ്ടിട്ടും കാണാതെ നടിക്കുന്നവര്‍...മഴയത്തും വെയിലത്തും നീട്ടിയ കൈകളുമായി , ചളി പുരണ്ട മുഖങ്ങളുമായി , പനിയും മഞ്ഞപിത്തവും വന്നാലും വൈദ്യസേവനം കിട്ടാകനിയായ ഒരു വിഭാഗം...ഒരിത്തിരി വാല്‍സല്യം മുഖത്ത് പ്രതിഫലിപ്പിച്ച് (അഭിനയിപ്പിച്ചു )നമുക്കവരുടെ നേരെ നോക്കി ഒന്നു ചിരിച്ചുടെ? എങ്ങിനെ ചിരിക്കാനാ അല്ലെ? അവര്‍ക്ക് മതമില്ലല്ലോ? അവര്‍ ഒരു 'യാത്രകളിലും' അവര്‍ കൊടിപിടിക്കുകയില്ലല്ലോ... ഏത് പ്രോഗ്രാമിനാ അവര്‍ SMS അയക്കാ?

12 comments:

Bindhu Unny said...

ചുറ്റും നോക്കിയാല്‍ അങ്ങനുള്ള കുട്ടികളാണ് കൂടുതല്‍ എന്ന് തോന്നും. താങ്കള്‍ പറഞ്ഞത് ശരിയാണ്. ഒരു ചിരിയെങ്കിലും അവര്‍ക്കായി കൊടുക്കാം നമുക്ക്. :-)

Mithun said...

nanayittundu...

Anonymous said...

എടോ ഗോപാലക്രിഷ്ണാ അവര്‍ക്ക് വോട്ട് ബാങ്ക് ഉണ്ടോ ?.അവരോട് ചിരിച്ചാല്‍ ചെരുപ്പ്കുത്തികള്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമോ ? എങ്കില്‍ ഞാന്‍ ചിരിക്കാം വേണമെങ്കില്‍ ഒരു നല്ല നമസ്കാരവും പറയാം

Panicker said...

പലരും ഒരു പ്രാധാന്യവും കല്പിക്കാതെ തള്ളിക്കളയുന്ന ഒരു കൊച്ചു സംഭവം, ഹൃദയസ്പൃക്കായി എഴുതിയിരിക്കുന്നു... Keep it up :)

റാവുത്തര്‍ - अण्णाभैया said...

പ്രവീണ്‍... ആ വികാരം ഞാനും പങ്കു വക്കുന്നു.
ഈ വീഡിയോ കാണുക.
www.joyofgivingweek.org

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഏവര്‍ക്കും നന്ദി

Sreeji said...

superb .........I dont have words to explain what am feeling now........

കടലാസുപുലി said...

എവിടെയോ കൊളുത്തി വലിക്കുന്നുണ്ട്.....
മണ്ണിന്റെ മണമേറ്റ് മണ്ണില്‍ കളിച്ചു വളര്ന്നത്‌ കൊണ്ടാവും....

മത്താപ്പ് said...

:(

Vivek Konganoor said...

കൊച്ചു വാക്കുകള്‍ കൊണ്ടൊരു കുഞ്ഞു നൊമ്പരം... ശരിക്കും ഹൃദയസ്പര്‍ശിയായിട്ടുണ്ട്..

Vivek Konganoor said...

കൊച്ചു വാക്കുകള്‍ കൊണ്ടൊരു കുഞ്ഞു നൊമ്പരം... ശരിക്കും ഹൃദയസ്പര്‍ശിയായിട്ടുണ്ട്..

Vivek Konganoor said...

കൊച്ചു വാക്കുകള്‍ കൊണ്ടൊരു കുഞ്ഞു നൊമ്പരം... ശരിക്കും ഹൃദയസ്പര്‍ശിയായിട്ടുണ്ട്..