Sunday, October 16, 2011

പരിണാമം‌

പി എസ് എസി ലോവര്‍‌ ഡിവിഷന്‍‌ ക്ലര്‍ക്ക് തസ്തികയിലേക്ക് വിളിച്ചട്ടുണ്ട്, ഓണ്‍‌ലൈനിലാ അപേക്ഷ. അയക്കണ്ടേ..

രഘുവിന്റെ ചോദ്യം‌ ആദ്യം കേട്ടില്ലെന്ന് നടിച്ചു. കുളത്തില്‍ അരക്കൊപ്പം വെള്ളത്തില്‍‌ നിന്ന് പയ്യെ വെള്ളത്തില്‍ കയ്യോടിച്ച്, പായലുകളെ അകറ്റുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.അനവസരത്തില്‍ വന്ന് കയറി പെയ്തുപോയ മഴ കുളത്തിലെ വെള്ളം കലക്കിയിരിക്കുന്നു. അരക്കൊപ്പം വെള്ളത്തിലായതിനാല്‍ തോര്‍ത്തഴിച്ച് ഒന്നു പിഴിഞ്ഞു.ചെത്തിയും കയ്യുണ്ണിയുമിട്ട് കാച്ചിയ എണ്ണയുടേയും സോപ്പിന്റേയും ഒക്കെ മുഷിഞ്ഞ മണമുള്ള ആ തോര്‍ത്ത് ഉടുത്ത് കരയിലേക്ക് കയറി.

ഞാന്‍ നിന്നോട് പറഞ്ഞത് നീ കേട്ടില്ലാന്നുണ്ടോ? രഘുവിനു ക്ഷമ നശിച്ചെന്നു തോന്നുന്നു.

ഉം, കേട്ടു, നമുക്കയക്കാം. നാളെ ഇന്റര്‍നെറ്റ് കഫേയില്‍ പോവാം, പോരെ?

അയച്ചാല്‍ മാത്രം പോരാ ഹരി, നമുക്ക് കാര്യമായിത്തന്നെ പഠിക്കണം. കോച്ചിങ്ങിനൊക്കെ പോയാലോ എന്നാലോചിക്കാ. നമുക്കൊരുമിച്ച് പോവാം.

കഴിഞ്ഞ ഒരു നാലഞ്ച് വര്‍ഷങ്ങളായി കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കപ്പെടുന്ന സംഭാഷണശകലമായതുകൊണ്ട് റെഡിമെയ്ഡ് ഉത്തരം കയ്യിലുണ്ടായിരുന്നു.

പുതിയ ബാച്ച് എന്നാ തുടങ്ങണേന്നൊന്നന്വേഷിക്ക്. നമുക്ക് പോവാം

കുളത്തിനു അല്‍‌പ്പം മുകളിലായി ഉള്ള ക്ഷേത്രഗോപുരത്തെ നോക്കി ഒന്ന് തൊഴുതെന്ന് വരുത്തി വീട്ടിലേക്ക് നടന്നു, പയ്യെ സൈക്കിളും ഉന്തി രഘുവും .

ഹരി, ഒരു ഹോം റ്റ്യൂഷന്‍ കൂടി ഒത്ത് വന്നട്ടുണ്ട്, നീയറിയും ചിങ്കങ്കട്ടത്തെ ദാമോദരേട്ടന്റെ മകള്‍‌, ഏഴിലാണു. സി.ബി.എസ്.ഇ ആണു. 

രഘുവിന്റെ ഒരു ദിവസം രാവിലെ അഞ്ചിനു തുടങ്ങും. ഹോം റ്റ്യൂഷനുകള്‍ കൂടാതെ രണ്ട് പാരലല്‍ കോളേജിലും ക്ലാസ്സെടുക്കുന്നുണ്ട്. പിന്നെ അല്‍‌പ്പം രാഷ്ട്രീയവും.

നീ വീട്ടിലേക്ക് കയറിണില്ലല്ലോലേ? വീടെത്തിയപ്പോള്‍‌ രഘുവിനോട് ചോദിച്ചു. ഏയ്, വൈകീട്ട് ശാഖയുടെ ഒരു ബൈഠക് ഉണ്ട്. ഒന്ന് രണ്ട് പേരെ കാണണം.

കടന്നുപോയിക്കൊണ്ടിരിക്കുന്ന ദിവസങ്ങളെപ്പോലെ തുരുമ്പിച്ച ആ സൈക്കിളും ചവിട്ടി അവന്‍‌ അകന്നു പോവുന്നത് നോക്കി അല്പ്പനേരം നിന്നു. പിന്നെ വീട്ടിലേക്ക് നടന്നു. ചായകുടിച്ച് മുറിയില്‍‌ ചെന്ന് മേശപ്പുറത്ത് ചിതറിക്കിടന്നിരുന്ന വാരികകളും മാസികകളുമെല്ലാം അടക്കി വച്ച് മേശവലിപ്പില്‍ നിന്ന് എം.ടിയുടെ അസുരവിത്ത് എടുത്തു.

അതില്‍‌ നാലായി മടക്കിവച്ച ഒരു വെള്ളക്കടലാസ് എടുത്ത് നിവര്‍ത്തി, പലപ്പോഴായി എഴുതിത്തുടങ്ങിയ ഒരു കത്ത്.. ഒരു ആത്മഹത്യക്കുറിപ്പ് ..

"നീ പുറത്തേക്ക് പോവുന്നുണ്ടോ? " അമ്മ പിന്നില്‍ വന്ന് നിന്നതറിഞ്ഞില്ല. കടലാസ് പെട്ടെന്ന് മടക്കി അമ്മയെ ചോദ്യഭാവത്തില്‍ നോക്കി

"അമ്മാവന്‍ കൂട്ടുകാരന്‍ വഴി ഒരു ഗള്‍ഫ് കാര്യം പറഞ്ഞിരുന്നില്ലേ? പുള്ളി ലീവില്‍ വന്നട്ടുണ്ട്, നിന്നെയൊന്ന് കാണണംന്ന് പറഞ്ഞു. ഒന്നവിടെ വരെ ചെല്ലൂ"

എനിക്ക് വയ്യ എന്ന് പറയാനാണു തോന്നിയതാദ്യം‌. പിന്നെ കരച്ചില്‍‌, പിറുപിറുക്കല്‍‌.. പോവാം എന്നരീതിയില്‍ ഒന്ന് തലകുലുക്കിയപ്പോള്‍ അമ്മ അവിടെ നിന്ന് പോയി. വീണ്ടും കയ്യിലെ കടലാസിലേക്ക് ...

വിരസമായ ദിനങ്ങള്‍ നല്‍കിയ നിരാശകലര്‍ന്ന വാചകങ്ങള്‍‌.. കാലം‌ ജീവിതത്തിലേക്ക് കയറ്റിവിട്ട മൌനം ആറ്റിക്കുറുക്കിയ വാക്കുകള്‍‌..

നിശ്ശബ്ദതയെ ഭേദിച്ച് കൊണ്ട് രഘുവിന്റെ എസ്.എം.എസ് വന്നു. "നാളെ ഒരു മെഡിക്കല്‍‌ റെപ്പ് ഇന്റര്‍‌വ്യൂ ഉണ്ട്, വരുന്നോ? " മറുപടികൊടുക്കാതെ വീണ്ടും എഴുത്തിലേക്ക് തലപൂഴ്ത്തി.

ഒന്നു വായിച്ചപ്പോള്‍‌ ചെറിയ ചിരിവന്നു.. ജോലി, ശമ്പളം, പ്രാരാബ്ദം‌, പ്രണയം‌ ഇതൊക്കെ എപ്പൊഴാണു തന്റെ പ്രശ്നങ്ങളല്ലാതെ മാറിയത് എന്നൊരെത്തും പിടിയും കിട്ടുന്നില്ല. അതിനെക്കുറിച്ചൊന്നും ഈയിടെയായി ആലോചിക്കുന്നേ ഇല്ല എന്നതാണ് സത്യം‌. രഘുവും അമ്മയുമൊക്കെ പറയുന്നതിനു യാന്ത്രികമായി തലകുലുക്കുക എന്നത് ശീലത്തിന്റെ ഭാഗമാവുകയും ചെയ്തു.

പേനയെടുത്ത് എഴുതിയതൊക്കെ വെട്ടി...അവസാനം ഒരു വരി എഴുതിച്ചേര്‍ത്തു.

ഇപ്പൊഴുള്ള നിസ്സംഗതയേയും ഉള്ളിലുള്ള ശൂന്യതയേയും മടുക്കുന്നതിനുമുന്നെ എനിക്ക് പോകണം‌.

തന്നോട് ഐകദാര്‍ഡ്യം പ്രകടിപ്പിക്കാനെന്നവണ്ണം കരകരശബ്ദമുണ്ടാക്കിയ കതകിന്‍‌പാളികളെ ചേര്‍‌ത്തടച്ച് കിടക്കയിലേക്ക് മറിയുമ്പോള്‍‌, തന്റെ നിശ്വാസങ്ങളെ തണുപ്പിക്കാന്‍‌ ശ്രമം നടത്തിക്കൊണ്ട് മച്ചിലെ പഴകിയ ഫാന്‍‌ മൂളികറങ്ങുന്നുണ്ടായിരുന്നു..

11 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കാരണങ്ങളില്ലാത്ത, അഥവാ കാരണങ്ങളുണ്ടെങ്കില്‍‌ തന്നെ അതിനെക്കുറിച്ചുള്ള വേവലാതികളില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള ചിന്ത.. അത്രമാത്രം....

yousufpa said...

ആഹാ..അടിപൊളി..ഒരു സിമ്പിൾ സാധനം..കലക്കി മോനെ.
കുറച്ചൂസായി വീട്ടില്‌ ചടഞ്ഞ് കൂട്യേപ്പൊ തോന്നീതാവും ഇല്ല്യേ..?

ponmalakkaran | പൊന്മളക്കാരന്‍ said...

nannayirikkunnu katha aasamsakal

മൻസൂർ അബ്ദു ചെറുവാടി said...

നന്നായിട്ടുണ്ട് ട്ടോ .
ഇഷ്ടായി
ആശംസകള്‍

Manoraj said...

സംഭവമൊക്കെ എനിക്കും ഇഷ്ടമായി. ചിലയിടങ്ങളില്‍ ആത്മകഥാംശം ഏറെയുണ്ടല്ലേ:) പക്ഷെ ഇതിന്റെ പേരിനോട് എന്തോ പൊരുത്തപ്പെടാന്‍ പറ്റുന്നില്ല.

മത്താപ്പ് said...

ശരി അപ്പൊ,
എന്നത്തേക്കാ? :P

Admin said...

nannayittundu

Kalavallabhan said...

ശ്യാമം ശ്വേതം
പിന്നെയും...

Lipi Ranju said...

കഥ ഇഷ്ടായി, മനോരാജ് പറഞ്ഞപോലെ പേര് കഥയ്ക്ക്‌ എങ്ങനെ ചേരുമെന്ന് മാത്രം പിടികിട്ടിയില്ലാട്ടോ..

Chitra shalabham said...
This comment has been removed by the author.
ഒടിയന്‍/Odiyan said...

വെറുതെ മാനക്കേട്‌ ഉണ്ടാക്കാതെ നോക്കണം ."പഴയ ഫാന്‍ ആണ്."...,'നായകന്‍ സൂക്ഷിക്കണം' എന്നു പറയുകയായിരുന്നു.