വായനയുടെ ലോകത്ത് കൂടിയ്യുള്ള അലച്ചിലിൽ മനസ്സിനെ ഒരുപാട് പിടിച്ചു കുലുക്കിയ പുസ്തകങ്ങളുണ്ട്..ജീവിതത്തെ പാകപ്പെടുത്തിയെടുക്കാൻ എന്നെ സഹായിച്ച വ്യക്തിത്വങ്ങളുണ്ട്.. ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ചിന്താശകലങ്ങളുണ്ട്.. അത്തരത്തിൽ ഒരുപാട് സ്വാധീനിച്ച ഒരു പ്രസംഗം ഇവിടെ പങ്കുവക്കട്ടെ..മാക് ആർതറും, റൂസ് വെൽറ്റും അംബേദ്കറും മാർട്ടിൻ ലൂതർകിങ്ങുമടങ്ങുന്ന മഹാരഥന്മാരുടെ മുന്നിൽ അത്രയൊന്നും അറിയപ്പെടാത്ത ഒരു യൂജിൻ വി ഡെബ്സിന്റെ പ്രസംഗത്തിൽ എന്താണിത്ര പ്രത്യേകത എന്നു ചോദിച്ചാൽ, അറിഞ്ഞുകൂടാ.. പക്ഷെ ഓരോ വരികളും എന്നിലൊരുപാട് ഒരുപാട് ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്….
(ആദ്യമായി നടത്തുന്ന ഒരു വിവർത്തനശ്രമത്തിന്റേതായ എല്ലാപോരായ്മകളും ഇതിലുണ്ട്..ക്ഷമിക്കുക)
(യൂജിൻ വി ഡെബ്സ് - അമേരിക്കയിലെ തൊഴിലാളി നേതാവ് (1855-1920) അമേരിക്കൻ അപ്പീൽ എന്ന മാഗസിന്റെ എഡിറ്റർ, ലേഖകൻ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വാൾസ് ഏന്റ് ബാർസ് എന്ന പുസ്തകത്തിന്റെ രചയിതാവാണ്.)
ഒന്നാം ലോകമഹായുദ്ധത്തിനെ എതിർത്തതിനാൽ അറസ്റ്റ് വരിക്കപ്പെട്ടതിനെത്തുടർന്ന് 1918 സെപ്റ്റമ്പർ പതിനാലിന് ക്ലൈവ് ലാന്റ് കോടതിയിൽ നടത്തിയ പ്രസംഗം
ആദരണീയ നീതിപീഠമേ, എന്റെ സ്ഥാനം ഭൂമിയിലെ ഏറ്റവും അധസ്ഥിതരിൽ നിന്നും ഒരു വ്യത്യാസവുമില്ല എന്നു വർഷങ്ങൾക്കു മുൻപേ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അതു തന്നെ ഞാൻ വീണ്ടും പറയട്ടെ, കീഴാളവർഗം എന്നൊന്നീ ഭൂമുഖത്ത് ഉണ്ടെങ്കിൽ ഞാൻ അതിൽപ്പെടുന്നു. കുറ്റകരമായ ഒരു ഘടകം എന്നൊന്നിവിടെ ഉണ്ടെങ്കിൽ ഞാൻ ആ ഘടകത്തിന്റേതാണു. അടഞ്ഞുകിടക്കുന്ന കാരാഗൃഹത്തിൽ ബന്ധനസ്ഥനായി ഒരാത്മാവെങ്കിലും ഉണ്ടെങ്കിൽ ഞാൻ സ്വതന്ത്രനല്ല.
ഇവിടെ നിൽക്കുമ്പോൾ എനിക്കെന്റെ ബാല്യകാലമാണു ഓർമ്മ വരുന്നത്. ഭൂതകാലത്തിലെ കഷ്ടപ്പാടുകളും പരാധീനതകളും എന്റെ ഓർമ്മയിൽ നിറയുകയാണു.പതിനാലാം വയസ്സിൽ റെയിൽ റോഡ് പണിക്കാരനായും പതിനാറാം വയസ്സിൽ കൽക്കരി കത്തിക്കുന്ന ജോലിക്കാരനായും പണിയെടുത്തു. അന്നുമുതൽ ഇതാ ഈ നിമിഷം വരെ ഞാൻ അദ്ധ്വാനിക്കുന്ന തൊഴിലാളികളോടൊപ്പമാണു. കുറച്ചു കാലം മുന്നെ നിയമനിർമ്മാണ സഭയിൽ ഉണ്ടായിരുന്ന ഞാൻ ഇന്നു തടവിലാക്കപ്പെട്ടിരിക്കുകയാണ്.
എന്റെ ചിന്തകൾ വ്യവസായശാലകളിലും മറ്റു പണിശാലകളിലും ഖനികളിലും ഒക്കെ ഉള്ള മനുഷ്യരെക്കുറിച്ചാണ്. ഈ പുലരിയിൽ ഇവിടെ നിൽക്കുമ്പോൾ അന്നന്നത്തെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ നിസ്സാരമായ കൂലിക്കു പണിയെടുക്കേണ്ടി വരുന്ന സ്ത്രീകളെക്കുറിച്ചു ഞാൻ ചിന്തിക്കുകയാണ്. ഈ സാമൂഹികവ്യവസ്ഥിതികളാൽ നശിപ്പിക്കപ്പെട്ട ബാല്യവുമായി കാരുണ്യമില്ലാത്ത മുതലാളിത്വത്താൽ മരവിക്കപ്പെട്ട്,പണിശാലകളിലെ ഭീകരയന്ത്രങ്ങൾക്കു ഭക്ഷണമായി, സ്വന്തം ശരീരവും ആത്മാവും മരവിച്ചു മുന്നോട്ട് പോവുന്ന കുരുന്നുകളെപറ്റി ഞാൻ ചിന്തിക്കുകയാണ്.ഈ ഇരുപതാം നൂറ്റാണ്ടിലെ കൃസ്ത്യൻ നാഗരികതയുടെ ഉച്ചസ്ഥായിയിലും ചോരയേക്കാളും വിയർപ്പിനെക്കാളും പണത്തിനാണു പ്രാമുഖ്യം എന്ന യാഥാർത്ഥ്യം കൊണ്ടാണു ഈ കുഞ്ഞുങ്ങളുടെ ജീവിതം മുരടിച്ചു അവർ രോഗികളായിത്തീരുന്നതു എന്നു ഞാൻ മനസ്സിലാക്കുന്നു. ബന്ധങ്ങൾ എല്ലാം നിർദ്ദയമായ നിയമങ്ങളാൽ തകർത്തെറിയപ്പെട്ടിരിക്കുകയാണ്.
അസംസ്കൃതവസ്തുക്കളാൽ സമ്പന്നമായ ഈ രാജ്യത്ത് മെച്ചപ്പെട്ട സാമഗ്രികളും ഉത്പാദനക്ഷമതയുള്ള തൊഴിലാളികളും ഉണ്ട്. എന്നിട്ടും ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളും ഇന്നും പട്ടിണിയുടെ പിടിയിലാണെങ്കിൽ, അവരുടെ ജീവിതം മുഴുവൻ ദുരിതപൂർണമാണെങ്കിൽ, അവസാനം അവർക്ക് മരണത്തിൽ അഭയം പ്രാപിക്കേണ്ടിവരുന്നുവെങ്കിൽ, അവർക്ക് സ്വപ്നങ്ങളില്ലാത്ത ഉറക്കമേ വിധിക്കപ്പെടുന്നുവെങ്കിൽ, അതെല്ലാം സർവ്വേശ്വരന്റെ കുറ്റമല്ല. അങ്ങിനെ അതു പ്രകൃതിനിയമങ്ങളുൾക്കു വിട്ടുകൊടുക്കാനുമാവില്ല. തൊഴിലാളിതാല്പര്യങ്ങളെ മാത്രമല്ല, മാനവികമൂല്യങ്ങളെ മുഴുവൻ തുടച്ചുനീക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുന്ന യാഥാസ്ഥിതിക സാമൂഹ്യവ്യവസ്ഥിതി മാത്രമാണു ഈ ദുരവസ്ഥക്കു കാരണം.
ഈ രാജ്യത്തിനുള്ളിലെ വ്യവസായങ്ങളെ മുഴുവൻ സംരക്ഷിക്കേണ്ടതും നിയന്ത്രിക്കേണ്ടതും ഇവിടത്തെ ഭരണവ്യവസ്ഥ തന്നെയാണു എന്ന് തന്നെയാണു എന്റേയും അഭിപ്രായം. എല്ലാവർക്കും ആവശ്യമുള്ളതായ എല്ലാവസ്തുക്കളും അവകാശം എല്ലാവരിലും ഒരുപോലെ നിക്ഷിപ്തമാണ്.അതു ജനാധിപത്യപരമായി വിനിയോഗിക്കപ്പെടേണ്ടതാണു. അല്ലാതെ, ഒരു ന്യൂനപക്ഷം അതു സ്വകാര്യസ്വത്തായി ഉപയോഗിക്കുന്നതു തീർച്ചയായും തടയേണ്ടതാണ്.
ഒന്നുമില്ല്ലാത്ത ഒരുവനു കോടിക്കണക്കിനു ഡോളർ സമ്പാദിച്ച് ധനികനാവുന്നതിനോടൊപ്പം ആയിരക്കണക്കിനു വരുന്ന ജനങ്ങൾ അവരുടെ ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ചാലും ദുരിതപൂർണമായ ജീവിതം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുവാനും കളമൊരുക്കുന്ന ഇന്നത്തെ സാമുഹ്യക്രമത്തെ ഞാൻ നിരുപാധികം എതിർക്കുന്നു. എന്റെ പരിശ്രമങ്ങളുടെ ബലഹീനതകൾ ഞാൻ തിരിച്ചറിയുന്നതോടൊപ്പം ഈ വ്യവസ്ഥ എല്ലാക്കാലവും നിലനിൽക്കുകയില്ല എന്നും ഞാൻ ഓർമ്മിപ്പിക്കട്ടെ. ഞാൻ ഒറ്റക്കല്ല, ഈ ജനതക്കു സംസ്കാരസമ്പന്നമായ ജീവിതം ഒരുക്കിക്കൊടുക്കണമെങ്കിൽ കൂട്ടായ പരിശ്രമം വേണമെന്നു തിരിച്ചറിഞ്ഞ അനേകായിരം പേർ ഇന്നെന്റെയൊപ്പമുണ്ട്. ഒരു പൊതുവായ ലക്ഷ്യത്തിനു വേണ്ടി സമർപ്പണത്തോടെ പരിശ്രമിക്കുന്ന ആറുകോടിയിലേറെവരുന്ന സമത്വവാദികൾ ഇന്നുണ്ട്. പുതിയ സാമൂഹ്യവ്യവസ്ഥിതിയുടെ സന്ദേശം അവർ തളരാതെ പ്രചരിപ്പിക്കുന്നു.ന്യൂനപക്ഷമാണെങ്കിലും പകലും രാത്രിയും അവർ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. അനുഭവങ്ങളിലൂടെ ഈ അവസ്ഥയെ നേരിടേണ്ടതെങ്ങിനെ എന്നറിയാവുന്നവരാണവർ..അവർക്കറിയാം ഒരു ശുഭകരമായ പുതുയുഗത്തിന്റെ കാഹളം അടുത്തിരിക്കുകയാണെന്ന്. എല്ലാവിധത്തിലുള്ള പ്രതിബന്ധങ്ങളേയും തകർത്തെറിഞ്ഞുകൊണ്ട്, ഈ ക്രിയാത്മക ന്യൂനപക്ഷം ബഹുഭൂരിപക്ഷമായി മാറുമ്പോൾ, അധികാരശക്തിയായി പരിണാമം സംഭവിക്കുമ്പോൾ, അവിടെ എല്ലാതരത്തിലുമുള്ള മാറ്റത്തിന്റെ ചരിത്രം ഉദ്ഘാടനം ചെയ്യപ്പെടും. അന്നു ലോകം മുഴുവനുമുള്ള ഒരു പുതിയ ഉണർവ് സാധ്യമാവും. എല്ലാരാഷ്ട്രങ്ങളും സഹവർത്തിത്തോടെ പ്രവർത്തിക്കുന്ന പുതുയുഗം...
കോടതിയോട് ഒരുതരത്തിലുള്ള ദയാദാക്ഷിണ്യവും ഞാൻ ആവശ്യപ്പെടുന്നില്ല. മാപ്പ് നൽകാൻ യാചിക്കാനും തയ്യാറല്ല.സത്യം വിജയിക്കുമെന്ന ദൃഡവിശ്വാസമെനിക്കുണ്ട്. ഒരുഭാഗത്ത് ചൂഷകരും മറുഭാഗത്ത് വ്യവസായിക സ്വാതന്ത്ര്യത്തിനും സാമൂഹികനീതിക്കും വേണ്ടിയുള്ള ജനശക്തിയും ചേർന്നുള്ള ഈ പോരാട്ടം എനിക്കൂ വളരെ വ്യക്തമായി കാണാം. മാനവികതയിലൂന്നിയ ഒരു നല്ല നാളെ എനിക്കു കാണാം..ജനങ്ങൾ ഉണർന്നു പോരാടുകയാണ്. അവരുടെ നാളുകൾ വന്നെത്തുക തന്നെ ചെയ്യും
===========================================================
കൂടുതലറിയാൻ
http://en.wikipedia.org/wiki/Eugene_V._Debs
http://en.wikisource.org/wiki/Debs%27_Speech_of_Sedition
12 comments:
എന്നിട്ടും ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളും ഇന്നും പട്ടിണിയുടെ പിടിയിലാണെങ്കിൽ, അവരുടെ ജീവിതം മുഴുവൻ ദുരിതപൂർണമാണെങ്കിൽ, അവസാനം അവർക്ക് മരണത്തിൽ അഭയം പ്രാപിക്കേണ്ടിവരുന്നുവെങ്കിൽ, അവർക്ക് സ്വപ്നങ്ങളില്ലാത്ത ഉറക്കമേ വിധിക്കപ്പെടുന്നുവെങ്കിൽ, അതെല്ലാം സർവ്വേശ്വരന്റെ കുറ്റമല്ല. അങ്ങിനെ അതു പ്രകൃതിനിയമങ്ങളുൾക്കു വിട്ടുകൊടുക്കാനുമാവില്ല. തൊഴിലാളിതാല്പര്യങ്ങളെ മാത്രമല്ല, മാനവികമൂല്യങ്ങളെ മുഴുവൻ തുടച്ചുനീക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുന്ന യാഥാസ്ഥിതിക സാമൂഹ്യവ്യവസ്ഥിതി മാത്രമാണു ഈ ദുരവസ്ഥക്കു കാരണം.
സാമൂഹ്യ വ്യവസ്ഥിതി എന്ന് മാറാന്‍?
നല്ല കുറിപ്പ്
മാനവികതയിലൂന്നിയ ഒരു നല്ല നാളെ എനിക്കു കാണാം..ജനങ്ങൾ ഉണർന്നു പോരാടുകയാണ്. അവരുടെ നാളുകൾ വന്നെത്തുക തന്നെ ചെയ്യും
തീര്‍ച്ചയായും...
കാറല്‍ മാക്സിന്റെ ചില തിയറികള്‍ കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാനെന്നു തോന്നുന്നു ..മനുഷ്യന്‍ യന്ത്രങ്ങളുടെ ഒരു ഭാഗമായി മാറുന്നത് , അവന്റെ ജന്മാവകാശമായ സാമൂഹ്യ ജീവിതം കൈമോശം വന്നു ജീവിതത്തില്‍ നിന്നും ഒറ്റപ്പെടുന്നത് , മുതലാളിക്ക് വേണ്ട എഞ്ചിനീയറെയും , ഡോക്ടറെയും, ടെക്നീഷ്യന്‍സിനെയും എല്ലാം പട്ടിണി കിടന്നു, യാതനകളനുഭവിച്ചു കുടുംബം എന്ന ഫാക്ടറി ഉത്പാദിപ്പിച്ചു കൊടുക്കുന്നത് , ഓരോ കൊടിയ യാതനയിലും, അതനുഭവിച്ചു കൊണ്ട് ജോലി ചെയ്യാന്‍ മരണ ശേഷം സ്വര്‍ഗ്ഗമെന്ന മോഹിപ്പിക്കുന്ന സ്വപ്നം നല്‍ക്കുന്ന പ്രലോഭനം വിറ്റഴിക്കുന്ന മത സ്ഥാപനങ്ങളെക്കുറിച്ച് ... അങ്ങനെ എന്തൊക്കെയോ ..അല്ലെ ?
Thanks :)
ഇത്രയും കാലം കഴിഞ്ഞിട്ടും ഒരു നല്ല കാലം വന്നോ? ഇനി വരുമോ?
മാറ്റത്തിന്റെ ചരിത്രം വരികയോ വരാതിരിക്കട്ടെയൊ ചെയ്യട്ടെ.
നമ്മള്‍ക്കു നമ്മളാല്‍ കഴിയുന്നതു ചെയ്യാം.
മാറ്റത്തിനായി
പ്രാര്‍ഥിക്കാം..
പ്രവര്‍ത്തിക്കാം..
വിവര്‍ത്തനത്തിന്റെ
മുഴച്ചിരിപ്പില്ല.
ഭാവുകങ്ങള്‍...
വിവര്‍ത്തനം എന്ന് തോന്നാത്ത രീതിയില്‍ എഴുതിയിരിക്കുന്നു..ആശംസകള്‍
എന്തിര് പ്രവീണേ?
ഇത്ര സീരിയസ്സ് വിഷയങ്ങളാണൊ കൈകാര്യം ചെയ്യുന്നത്?
അത് വായിച്ചിട്ട് ഒന്നും തലയില്‍ കേറുന്നില്ല :(
മുന്നെ വായിക്കിരുന്നു.
വിവർത്തന ശ്രമം തരക്കെടില്ല
@ അരുൺ ,
തലയിൽ കിഡ്നി വേണം
കാറല്‍ മാര്‍ക്സിന്‍റെ ചിന്തകളുടെ ഒരു പകര്‍പ്പ് പോലെ തോന്നുന്നു യുജീന്‍ ചിന്തകളും.
മാര്‍ക്സ്,യുജീന്‍ ചിന്തകള്‍ കാലത്തിനു ഇപ്പുറത്തേക്ക് കടന്നു വരാന്‍ പറ്റാഞ്ഞത് എന്ത് കൊണ്ടാണെന്നും ചിന്തിക്കേണ്ടി ഇരിക്കുന്നു..!!
നല്ല പരിഭാഷ... ആശംസകള്‍.
Post a Comment