Friday, April 02, 2010

ദൈവനിഷേധി !!!

എനിക്ക് ഈയിടെയായി തീരെ ഭക്തി ഇല്ലത്രെ !!! ഭക്തി ഇല്ലാത്തതും പോരാ, ഞാൻ ഈശ്വരന്മാരെ നിന്ദിക്കുകയും ചെയ്യുന്നത്രെ!!! 

ഈ ‘ഫയങ്കര’ കണ്ടുപിടുത്തങ്ങൾ നടത്തിയത് എന്റെ അമ്മയാണു. കാരണം കേൾക്കണ്ടേ.. ഒരുദിവസം വീട്ടീലിരുന്ന് അമ്മ ടി.വി കണ്ടുകൊണ്ടിരിക്കുമ്പോൾ ‘ഭക്തസീരിയൽ‘ സമയത്ത് ഞാൻ ചാനലൊന്നു മാറ്റി. അതിന്റെ പ്രതികരണങ്ങളാണു മുകളിൽ കൊടുത്തവ.

ഈശ്വരന്മാരെ വിഡ്ഡിപ്പെട്ടിക്കുള്ളിലേക്കു ആവാഹിച്ചു മൊത്തമായും ചില്ലറയായും വിൽക്കുന്ന ചാനൽ ചേട്ടന്മാർ പണിതരുന്നത് എന്നെ പോലെ ആഴ്ചയിലൊരിക്കൽ വീട്ടിലെത്തുന്ന ‘മൈക്രോ പ്രവാസികൾക്കാണ് ’. ഒറിജിനൽ പ്രവാസികളേ നിങ്ങളോടെനിക്കു അസൂയ തോന്നുന്നു, കാരണം നിങ്ങൾ രഞ്ജിനി,ശാലുമേനാദി (മൂ)‘തേവി’കളാൽ ‘നിഷേധിപ്പട്ടം’ വാങ്ങേണ്ടി വരുന്നില്ലല്ലോ.. (പോയി പോയി അമ്പലത്തിലെ വിഗ്രഹത്തിനു സീരിയൽദൈവങ്ങളുടെ അത്ര ഗ്ലാമറില്ല എന്നു പറയുമോ എന്തോ)

ഈ ഈശ്വരന്മാർ എനിക്കു ഉണ്ടാക്കുന്ന നഷ്ടമൊരുപാടാണു. മുറ്റത്ത് നിൽക്കുന്ന പാരിജാതത്തെ തഴുകിയെത്തുന്ന ഇളം കാറ്റിന്റെ സുഗന്ധവുമാസ്വദിച്ചു കിഴക്കെ ഇറയത്ത് അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുള്ള പരദൂഷണ സദസ്സുകൾ..മഴക്കാലമാണെങ്കിൽ പറമ്പിലെ കുളത്തിലും അരികെയുള്ള പാടത്തിലുമായി പോക്രോം പോക്രോം ബഹളങ്ങളും ശ്രദ്ധിച്ചുള്ള ആ കിടപ്പിൽ നാട്ടിലെ ഒരാഴ്ച്ചത്തെ വിശേഷങ്ങൾ മുഴുവൻ അമ്മ പറയും.. തിരക്കുപിടിച്ച മറ്റുദിവസങ്ങളുടെ നീരാളിപ്പിടിയിൽ നിന്ന് ഈ സായഹ്നങ്ങൾ എനിക്ക് തന്നിരുന്ന ആശ്വാസം… അതൊക്കെ ഇന്നെനിക്ക് നഷ്ടമായി..എന്തായാലും പുസ്തകങ്ങളുടെ ലോകത്തേക്കൊരു മടക്കയാത്രയ്ക്ക് സീരിയലുകൾ വഴിയൊക്കി എന്നതാണൊരു മെച്ചം.

‘ഓ പെൺകുട്ടി സോഫീടത്ര പോരാ.‘ ഒരു കല്ല്യാണം കൂടി വന്ന അമ്മയുടെ ഒരു കമന്റാണു. ഈ ‘സോഫി’ ഒരു പ്രധാനസീരിയൽ കഥാപാത്രമാണു. പോയി പോയി ഇന്നു വീട്ടിൽ ഒരു ദിവസം കഴിച്ചു കൂട്ടണമെങ്കിൽ അത്യാവശ്യം ‘മാനസപുത്രിയിലേയും’ ‘പാരിജാതത്തിലേയും’ കഥാപാത്രങ്ങളെക്കുറിച്ച് അറിയണം എന്ന അവസ്ഥ. സോഫിയും (അതിന്റെ പേരറിഞ്ഞൂടാ) രഞ്ജിനിയും (അമ്മേ, ആ ഫോർവേർഡ് മെയിലെങ്ങനെ കാണിച്ചു തരും) ഒക്കെ ഒരു കുടുംബത്തിലെ വിഗ്രഹവൽക്കരിക്കപ്പെട്ട കഥാപാത്രങ്ങളാവുകയും ചെയ്യുമ്പോൾ, ധർമ്മസങ്കടത്തിലാവുന്നത് പാവം എന്നെപ്പോലുള്ളവരാണു.

എല്ലാവിധ സീരിയൽ ദൈവങ്ങളോടും ഉള്ള എന്റെ ശക്തമായ പ്രതിഷേധം കാരണം ഞാനൊരു പുസ്തകം വാങ്ങി..’നാസ്തികനായ ദൈവം’ (ശ്രീ സുശീൽകുമാർ ചേട്ടനാണു അതിനെ കുറിച്ചു പറഞ്ഞത്). ഇനി അതൊന്നു വായിക്കണം..അതിനു മുമ്പ് വായിച്ചു കൊണ്ടിരിക്കുന്ന ‘വേദാന്തപരിഭാഷ’ മുഴുവനാക്കണം…എന്നിട്ടൊന്നു വീട്ടിനു മുന്നിൽ ചെന്നു നിന്നു നാലു മുദ്രാവാക്യം വിളിക്കണം..ഹല്ല പിന്നെ, എന്റടുത്താ കളി..