യൂസഫ്പാ യെ ഒന്നു വിളിച്ചേക്കാം..പുള്ളി ഉണ്ടാവാൻ ചാൻസ് ഉണ്ട്
ബെല്ലടിക്കുന്നുണ്ട്…
ങ്ങാ പ്രവീ..എന്തൊക്കെയുണ്ട് വിശേഷംസ്..
അതെ ഇക്കാ, മാരത്തോൺ ഓട്ടത്തെ പറ്റി ഇക്കക്കെന്താ അഭിപ്രായം?
നല്ല അഭിപ്രായം. പ്രവിക്കറിയോ.. ഞാൻ ഗുരുവായൂരും ചാവക്കാടും നടന്നിരുന്ന മാരത്തോണുകളിലെ സ്ഥിരം വിന്നറായിരുന്നു.
(അപ്പൊ ആളായി..ജയ് യൂസഫിക്ക) അപ്പോ ഇക്കാ, ഞാൻ പറയാൻ വന്നതു..
പ്രവി ആരോടും പറയരുത്, ഉസൈൻ ബോൾട്ട് എന്ന് കേട്ടട്ടുണ്ടാ,,
(എന്നോട്, ഉസൈൻ ബോൾട്ട്..!!!) അതിക്കാ, കോമഡി സിനിമേലൊക്കെ ഉള്ള?
ന്റെ പ്രവ്യേ!!! ബല്യ ഓട്ടക്കാരനാ, നമ്മട പയ്യനാർന്നു..അവനെന്റെ കൂടെ ഓടി തോറ്റ്..തോറ്റ്.. ഒന്നും പറയണ്ട,,, പാവം..
ഇക്കാ, ഈ വരണ ഞായറാഴ്ച്ച കൊച്ചിൻ മാരത്തോൺ ഉണ്ട്.. ജസ്റ്റ് 21 കിമീ മാത്രം. ഇക്കയുടെ കഴിവു ഉസൈൻ ബോൾട്ട് മാത്രം അറിഞ്ഞാൽ പോരാ.. നമുക്ക് പേരു രജിസ്റ്റർ ചെയ്യാം?
ഹലോ….പ്രവീ…അവിടെ ഉണ്ടോ? ഹലോ.. ഹലോ..
ഇക്കാ, കേൾക്കുന്നില്ലേ…മാരത്തോൺ..ഓട്ടം..കൊച്ചി…21 കി.മി…ഇക്കാ..
ഹലോ..ഹലോ..ഈ ചെക്കന്റെ ഒരുകാര്യം..മുഴുവൻ പറയുമ്പോഴേക്കും ഫോൺ വച്ചുകളയും.
സുന്ദരനായ കഥാകൃത്തിന്റെ മോന്തയാണു പിന്നെ മനസ്സിൽ തെളിഞ്ഞത്. അവനുണ്ടാവും…
ഹലോ..മനോരാജേ, പ്രവീണാ…
ഞാൻ നിന്റെ വിളി പ്രതീക്ഷിച്ചിരിക്കായിരുന്നു.. പ്രവീണയുടെ ശബ്ദമെന്താ മാറിയിരിക്കുന്നെ? ജലദോഷം പിടിച്ചോ? അതോ എന്റെ കഥകൾ വായിച്ചു കരഞ്ഞു കരഞ്ഞു ശബ്ദം പോയതാണോ? ഗള്ളി..ഒരു പിച്ചു വച്ചു തരും ഞാൻ..
ഡാ കോപ്പേ, ഞാനാ അന്തിക്കാട്ടുകാരൻ പ്രവീൺ..
അയ്യേ, നീയോ?
മനോ, കൊച്ചി മാരത്തോണിൽ നമുക്ക് ഓട്യാലോ…
വക്കടാ ഫോൺ.
.ക്ടിങ്ങ്..പി..പീ..പീ…
നിരാശനായിരിക്കുമ്പോൾ ജിമെയിലിൽ സജിച്ചേട്ടൻ (നിസ്സഹായൻ) .. പുള്ളിയെ മുട്ടാം…
ചേട്ടോ…
എന്താ പ്രവീണേ…
നമുക്ക് ഓട്യാലോ…
ജീവിതം തന്നെ ഒരു ഓട്ടമല്ലേ.. പ്രവീണേ.. പ്രാരാബ്ദങ്ങളൂടെ തീക്ഷ്ണമായ കരാളഹസ്തങ്ങൾക്കിടയിലൂടെ കൊഴിഞ്ഞു വീഴുന്ന നിമിഷങ്ങളെ വാരിപ്പിടിച്ചു നമ്മളുടെ ഈ ജീവിതയാത്രയുടെ തിരശ്ശീല വീഴുന്ന നാൾ നമ്മളേ തെക്കോട്ടെടുക്കില്ലേ പ്രവീണേ
ചേട്ടാ..അതു…ഞാൻ…
എന്താ പ്രവീൺ പറയാൻ വന്നതു??
അതു ചേട്ടാ..അതായതു…പറ്റിച്ചേ..എനിക്ക് പറയാൻ ഒന്നുമില്ല്യാർന്നു… പറ്റിച്ചേ..
അവസാന പ്രതീക്ഷയായി ബ്ലോഗ് അക്കാദമി പ്രവർത്തകൻ സിജീഷിനെ വിളിച്ചേക്കാം..
ഹലോ..സിജീഷേ..
ന്താണ്ട്രാ? ഞാനങ്ങട് വിളിക്കാൻ നിക്കാർന്നു..മ്മക്കങ്ങട് ഓട്യാലാ?
ങ്ങേ!!!!
ഹാ, കൊച്ചിൻ മാരത്തോണിലേ..ഒരു ചാമ്പങ്ങട് ചാമ്പാടാ..
അപ്പോ ഓടാലേ?..
ദെന്തൂട്ടണ്ടണ്ടാത്ര ആലോചിക്കാൻ.. രാവിലെങ്ങട് പോരേ..
രാവിലെ അഞ്ചിനു അലാറം വച്ചെണീറ്റു, പാവങ്ങൾ മുണ്ടിനടിയിലിടുന്നതും ബൂർഷകൾ മുണ്ടുടുക്കാതെയിടുന്നതുമായ ഐറ്റംസ് ധരിച്ച് ബൈക്കിൽ സിജീഷിനേം പൊക്കി ഡർബാർ ഹാളിലോട്ട്..
ഓസിനു കിട്ടുന്ന ടീ-ഷർട്ട് വാങ്ങാനവിടെ ഒടുക്കത്തെ ഇടി..ക്യൂ…ഒരു വിധത്തിൽ അതു വാങ്ങി ഇട്ടു വന്നപ്പോഴേക്കും സുരേഷ് ഗോപി കൊടി വീശി ..
നഗരത്തിലെ സകലമാന കൊച്ചമ്മമ്മാരും കൊച്ചമ്മിണികളും ഓടിത്തുടങ്ങി..പിന്നാലെ ഞങ്ങളും.. ആദ്യം ഓടി എത്താൻ അവർക്ക് തിരക്കില്ലാത്തതുകൊണ്ട് ഞങ്ങളും (സിജീഷ് ആളു ഡീസന്റായോണ്ട് ദൈവം എനിക്കൊരുത്തനെ കൂട്ടിനു അവിടേക്ക് പറഞ്ഞയച്ചിട്ടുണ്ടായിരുന്നു..) സാവധാനത്തിലായിരുന്നു. (തെറ്റിദ്ധരിക്കരുതേ, ലേഡീസ് ഫസ്റ്റ് എന്നാണല്ലോ.)
.ഓരോ കിലോമീറ്ററിലും വെള്ളം പാക്കറ്റിലാക്കി സിംഹങ്ങൾ നിൽപ്പുണ്ടായിരുന്നു. അവരവിടെ കിടന്നു ‘അപ് അപ്’ എന്ന് കാറിവിളിക്കുന്നതു കേട്ടപ്പോൾ എനിക്കെന്തോ ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിയാണു ഓർമ്മ വന്നത്. അപ്പുപ്പന്മാർക്ക് ഓടുന്നവന്റെ മാനദണ്ഡമറിയില്ലല്ലോ (മാനദണ്ഡം = മനസ്സിന്റെ ദണ്ഡം . ക.ട് : മഹി എന്ന മായാവി).
പിന്നാലെ ഉണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറും അതിലെ അസിസ്റ്റന്റും ഓടിക്കൊണ്ടിരുന്ന എന്നെ ഒരുപാട് പ്രതീക്ഷയോടെ നോക്കി അടക്കം പറഞ്ഞു.. “ഇവനീ ആംബുലൻസിലേക്കൊരു വാഗ്ദാനമാണു മോനെ.. ഏതു ? “
കാറ്റ് അനുകൂലമായതു കൊണ്ടാണോ മുന്നിലെ ച്യാച്ചിമാർ ഓട്ടം നിർത്താതതുകൊണ്ടാണോ എന്നറിയില്ല., രണ്ടു കിലോമീറ്ററോളം വലിയ പ്രശ്നമില്ലാതെ ഓടി.. സിജീഷ് മാത്രം ഓട്ടം തുടർന്നു (ഞങ്ങളൂടെ ടീമിൽ).. ഒരു വിധത്തിൽ ഏന്തി വലിഞ്ഞു ഫിനിഷിങ്ങ് പോയന്റിൽ ചെന്നു തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ വിജനമായ പാതമാത്രം. മുന്നിൽ ലയൺസിന്റെ വളണ്ടിയേഴ്സ് അവിടത്തെ പന്തലൊക്കെ അഴിക്കുന്നു.. അവന്മാരൊരു ആശ്ചര്യം നിറഞ്ഞ നോട്ടം..ആരാ?
അതു ഞാൻ വെറുതെ.. ഈ വഴി… ചുമ്മാ ..നല്ല ചീര വിത്ത് കിട്ടുമെന്നു കേട്ടു....!!
![]() |
ഞാനും സുഹൃത്തുക്കളും |
![]() |
സിജീഷ് |
ലോക ഹൃദയദിന തിരിച്ചറിവ് : ആയ സമയത്ത് രാവിലെ എണീറ്റോട്യാൽ, വയസ്സാം കാലത്ത് നിക്കറിട്ടോടണ്ട.